Image

കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്‌എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍ രംഗത്ത്

Published on 05 January, 2019
കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്‌എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍ രംഗത്ത്

കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്‌എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍ രംഗത്ത്.

നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചെന്നാണ് പ്രീതി നടേശന്‍ പറയുന്നത്. ശബരിമല യുവതീപ്രവേശത്തിന് വേണ്ടിയുള്ള മതില്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും വനിതാമതിലിന് പോകില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രീതി നടേശന്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.

വനിത മതിലില്‍ പങ്കെടുക്കുമ്ബോഴും ശബരിമല യുവതീപ്രവേശനത്തിന് തങ്ങള്‍ എതിരായിരുന്നെന്നും യോഗത്തിലെ നിരവധി സ്ത്രീകള്‍ ഇതില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നെന്നും ജനറല്‍ സെക്രട്ടറി വിളിച്ചതു കൊണ്ട് മാത്രമാണ് അവര്‍ വനിതാ മതിലില്‍ പങ്കെടുത്തതെന്നും പ്രീതി വ്യക്തമാക്കി.

വനിത മതിലിനെത്തിയപ്പോള്‍ അവര്‍ തന്നോട് പ്രതിജ്ഞ വായിക്കുവാന്‍ ആവശ്യപ്പെട്ടു. താനാണ് വായിക്കുന്നതെന്ന കാര്യം മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നും അവിടെയെത്തിയപ്പോള്‍, സി.എസ്.സുജാത ഒരു പേപ്പര്‍ തന്റെ കൈയ്യില്‍ തരികയും വായിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നും യോജിക്കാന്‍ കഴിയാത്ത തരത്തില്‍ ഒന്നുമില്ലാത്തതു കൊണ്ടാണ് അത് വായിച്ചതെന്നും പ്രീതി പറഞ്ഞു.

വനിത മതില്‍ സംഘടിപ്പിച്ച്‌ തൊട്ടടുത്ത ദിവസമായിരുന്നു രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണയില്‍ ശബരിമലയില്‍ കയറിയത്. ഇതില്‍ താന്‍ വളരെ അസ്വസ്ഥയാണ്. ഇതില്‍ ഒരു തരത്തിലുമുള്ള നവോത്ഥാനവുമില്ല. എസ്‌എന്‍ഡിപി യോഗം വിശ്വാസികള്‍ക്കൊപ്പം തന്നെയാണ്. ക്ഷേത്ര ആചാരങ്ങള്‍ പിന്തുടരുന്ന ഒരു സംഘടനയാണ് തങ്ങളുടേത്. സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ തങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കൂടെയുള്ള യുവതികളാരും ശബരിമലയില്‍ പ്രവേശിക്കില്ലെന്നും പറഞ്ഞിരുന്നു. ചില ആക്ടിവിസ്റ്റുകള്‍ പോയേക്കാം. എന്നാല്‍ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരു യുവതിയും ശബരിമലയില്‍ പോകില്ല. ശബരിമലയെക്കുറിച്ചോ, യുവതീപ്രവേശത്തെ കുറിച്ചോ ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താന്‍ വനിതാ മതിലില്‍ പങ്കെടുക്കാതെ മടങ്ങുമായിരുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക