Image

ബാല്യം (കവിത: രേഖാ ഷാജി)

Published on 05 January, 2019
ബാല്യം (കവിത: രേഖാ ഷാജി)
അതിരുകളില്ലാത്ത ആകാശവീഥിയില്‍
പാറിപ്പറന്നൊരാപ്പട്ടമാണെന്റെ ബാല്യം
സൗഹൃദപ്പൂക്കളും ഇടവഴിയിലെ
ചെമ്പകപ്പൂവിന്‍ സുഗന്ധമാണെന്റെ ബാല്യം

പിണങ്ങിയിരിക്കുവാന്‍ നേരമില്ല
വീണ്ടും കൂട്ടുകൂടിപ്പാട്ടുപാടി
പ്പറയുന്ന പരിഭവങ്ങളാണെന്റെ ബാല്യം.

മുത്തശ്ശി കഥകള്‍ തന്‍ കാണാപ്പുറങ്ങളിലെ
കൗതുകമേകും ചെറുവിസ്മയങ്ങളാണെന്റെ ബാല്യം

മതിലുകളില്ലാത്ത മനസ്സിന്റെ
മലര്‍വാടിയില്‍ വിരിയുന്ന
സുന്ദരസൂനമാണെന്റെ ബാല്യം.

കണ്ണാരംപൊത്തും കണ്ണുകളില്‍ നിറയും
കനിവിന്റെ കതിര്‍മഴയാണെന്റെ ബാല്യം
ഒരു കൊച്ചു തുമ്പിയുടെ ചിറകില്‍ പിടിക്കാന്‍
അണയുന്ന പാദത്തിന്‍ മൃദുസ്വനമാണെന്റെ ബാല്യം
കുയില്‍പ്പാടും പാട്ടിനെതിര്‍പ്പാട്ടു പാടുന്ന
ഒരു കൊച്ചു കുസൃതിയാണെന്റെ ബാല്യം

പുസ്തകത്താളില്‍ മയങ്ങുന്ന
ആര്‍ദ്രതന്‍ മയില്‍പ്പീലിയാണെന്റെ ബാല്യം

അറിയാതെ പെയ്യുന്ന ചാറ്റല്‍ മഴകളെ
തഴുകുന്ന കുളിരോര്‍മ്മയാണെന്റെ ബാല്യം
ഉമ്മറത്തെരിയുന്ന നിലവിളക്കിന്‍
ചൈതന്യം നിറയുന്ന നേത്രമാണെന്റെ ബാല്യം

നേരായ നന്മയുടെ കനിവാര്‍ന്ന
നിറമാണെന്റെ ബാല്യം

ഓര്‍ക്കുവാനെപ്പോഴും ഓര്‍മ്മിച്ചുന്നൊരീ
ഓണസ്മരണയാണെന്റെ ബാല്യം.
Join WhatsApp News
കാട്ടാക്കട 2019-01-05 21:24:13
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോർമ്മയാണെന്റെ  ബാല്യം
ചെളിമണ്ണിൽ  പാവാട ചായം തേയ്ക്കും
അതു കാണെ  കളിയാക്കും  ഇല നോമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
---മുരുകൻ കാട്ടാക്കട
വിദ്യാധരൻ 2019-01-05 22:23:06
ഇല്ല പ്രതിഗമിക്കില്ലാബാല്യമൊരിക്കലും 
എല്ലാം ഇനി വെറും ഓർമ്മ മാത്രം 
വിട്ടു പോയാ ജീവിതം എന്നേക്കുമായി 
പൊട്ടി കൈവിട്ടുപോയൊരു 'പട്ടം'പോലെ.
കൈവിട്ടുപോയതിനോടൊപ്പം നമ്മുടെ 
നിഷ്കളങ്കത്വവും നിർദോഷ ചിന്തയും
അന്നത്തെ കൂട്ടുകാർ  മഹമ്മദീയരും 
ഹൈന്ദവർ ക്രൈസ്തവർ ഈഴവന്മാരും
ഇന്നത്തെ ശത്രുക്കൾ കണ്ടാലുടൻ കൊല്ലും
ജാതിമതവർഗ്ഗ വർണ്ണങ്ങളാൽ നമ്മൾ 
തീർത്തതിർ വരമ്പുകൾ ചുറ്റിലും 
തോളത്തു കൈയിട്ടു നടന്നവരന്നിതാ 
ഗളഛേദത്തിനായി കച്ച കെട്ടീടുന്നു 
വന്നിടൂ ബാല്യമേ തിരികെ നീ ഒന്നൂടെ 
തന്നിടു ഞങ്ങൾക്കാ നിഷ്കളങ്കത്വത്തെ 

കവയിത്രിക്ക് അഭിനന്ദനം 
Jyothylakshmy Nambiar 2019-01-06 10:57:45
Beautiful lines. Congratulations
Rekha 2019-01-21 10:44:15
nandiyundu  valare kavitha vayichavarodu abhipraym ezhuthiyavarodu orupadorupadu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക