Image

മൊബൈല്‍ സമ്മാന തട്ടിപ്പ്‌: 13 പാക്‌ സ്വദേശികള്‍ പിടിയില്‍

Published on 12 April, 2012
മൊബൈല്‍ സമ്മാന തട്ടിപ്പ്‌: 13 പാക്‌ സ്വദേശികള്‍ പിടിയില്‍
ദുബൈ: രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ കമ്പനികളായ ഇത്തിസാലാത്തിന്‍െറയും ഡുവിന്‍െറയും പേരില്‍ ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച്‌ പണം തട്ടിയ 13 അംഗ സംഘത്തെ ഷാര്‍ജ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഇവര്‍ പാക്‌ സ്വദേശികളാണ്‌.

അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ സമ്മാനമടിച്ചതായി വിശ്വസിപ്പിച്ച ശേഷം പ്രൊസസിങ്‌ ചാര്‍ജ്‌ എന്ന നിലയില്‍ മൊബൈല്‍ റീചാര്‍ജ്‌ വഴി പണം തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്‍െറ രീതി. അടുത്തിടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സജീവമായിരുന്ന ഈ തട്ടിപ്പില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക്‌ പണം നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ഷാര്‍ജയിലെ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിലെ മൂന്ന്‌ മുറികള്‍ കേന്ദ്രീകരിച്ച്‌ നിരവധി പേരില്‍ നിന്നായി മൊബൈല്‍ റീചാര്‍ജ്‌ കാര്‍ഡുകള്‍ വഴിയാണ്‌ സംഘം പണം തട്ടിയിരുന്നത്‌. അറബി ഉള്‍പ്പെടെ ഒട്ടേറെ ഭാഷകള്‍ അറിയാവുന്ന സംഘം മൊബൈല്‍ ഫോണ്‍ അറ്റന്‍റ്‌ ചെയ്യുന്നയാളുടെ ഭാഷയിലാണ്‌ സംസാരിക്കുക.

വന്‍ തുകയുടെ സമ്മാനം ലഭിച്ചതായി സംഘത്തിന്‍െറ ഫോണ്‍ ലഭിച്ച ഒരു സ്‌ത്രീയുടെ പരാതിയെ തുടര്‍ന്നാണ്‌ സംഘം പിടിയിലായത്‌. സമ്മാനം കൈപ്പറ്റാന്‍ നിശ്ചിത തുക റീചാര്‍ജ്‌ ചെയ്‌ത്‌ നല്‍കണമെന്നായിരുന്നു ആവശ്യം. പണം ലഭിക്കണമെങ്കില്‍ എത്രയും പെട്ടെന്ന്‌ റീചാര്‍ജ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ധൃതിയില്‍ സംശയം തോന്നി സ്‌ത്രീ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ താവളം പൊലീസ്‌ കണ്ടെത്തി. സംഘത്തിലെ ചിലരെ ഇവിടെ നിന്ന്‌ കസ്റ്റഡിയിലെടുത്തതോടെയാണ്‌ മറ്റുള്ളവരെക്കുറിച്ച്‌ സൂചന ലഭിച്ചത്‌. രാജ്യത്തിനകത്തും പുറത്തുമായി വന്‍ലോബി തട്ടിപ്പിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായിട്ടുണ്ട്‌.

സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരെയാണ്‌ പ്രധാനമായി തട്ടിപ്പിന്‌ ഉപയോഗപ്പെടുത്തിയിരുന്നത്‌. `മൊബൈല്‍ സമ്മാന പദ്ധതി' വഴി വന്‍ തുക സംഘടിപ്പിച്ച്‌ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇവര്‍ക്ക്‌ സംഘം താമസ സൗകര്യം നല്‍കുകയാണ്‌ പതിവ്‌. മൊബൈല്‍ ഫോണും സിം കാര്‍ഡുകളും ഇവര്‍ സൗജന്യമായി നല്‍കും. തട്ടിപ്പിനിരയായവരില്‍ നിന്ന്‌ റീചാര്‍ജ്‌ വഴി ലഭിച്ച തുക കുറഞ്ഞ നിരക്കില്‍ മറ്റുള്ളവര്‍ക്ക്‌ കൈമാറി പണമാക്കുകയാണ്‌ സംഘത്തിന്‍െറ രീതി. ഇവര്‍ ഉപയോഗിച്ച 22 മൊബൈല്‍ ഫോണുകളും നിരവധി സിം കാര്‍ഡുകളും പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. പ്രതികളെ പബ്‌ളിക്‌ പ്രോസിക്യൂഷന്‌ കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക