Image

ഗള്‍ഫില്‍ വിവാഹമോചന നിരക്ക്‌ കൂടുന്നതായി റിപ്പോര്‍ട്ട്‌

Published on 12 April, 2012
ഗള്‍ഫില്‍ വിവാഹമോചന നിരക്ക്‌ കൂടുന്നതായി റിപ്പോര്‍ട്ട്‌
ദോഹ: രാജ്യത്ത്‌ വിവാഹമോചന നിരക്ക്‌ കൂടിവരുന്നതായും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കിടയിലാണ്‌ വിവാഹമോചനം കൂടുതലായി നടക്കുന്നതെന്നും ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ നടക്കുന്ന വിവാഹങ്ങളെയും വിവാഹമോചനങ്ങളെയും സംബന്ധിച്ച 2010ലെ റിപ്പോര്‍ട്ട്‌ അതോറിറ്റിയുടെ പോപ്പുലഷേന്‍ ആന്‍റ്‌ സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌ കഴിഞ്ഞദിവസമാണ്‌ പുറത്തുവിട്ടത്‌.

2010ല്‍ രാജ്യത്ത്‌ നടന്ന വിവാഹമോചനങ്ങളുടെ 57.1 ശതമാനവും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കിടയിലായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കുട്ടി മാത്രമുള്ള 15.5 ശതമാനം ദമ്പതികളും രണ്ട്‌ കുട്ടികളുള്ള 10.2 ശതമാനം ദമ്പതികളും ഈ കാലയളവില്‍ വിവാഹമോചിതരായി. വിവാഹം കഴിഞ്ഞ്‌ നാല്‌ വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌ ഭൂരിഭാഗം ദമ്പതികളും പിരിയുന്നത്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പൊതു വിവാഹ നിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്‌.

സ്‌ത്രീകളുടെ ഉയര്‍ന്ന വിദ്യാഭ്യാസവും വിവാഹത്തിന്‍െറ വര്‍ധിച്ച ചെലവുമാണ്‌ ഇതിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. 93.9 ശതമാനം സ്വദേശികള്‍ക്കും ഒരു ഭാര്യ മാത്രമേയുള്ളൂ. 5.5 ശതമാനം പേര്‍ക്ക്‌ രണ്ട്‌ ഭാര്യമാരുണ്ട്‌. മൂന്ന്‌ ഭാര്യമാരുള്ള സ്വദേശികള്‍ 0.5 ശതമാനത്തില്‍ താഴെയാണ്‌.
2010 ല്‍ വിവാഹിതരായ സ്‌ത്രീകളില്‍ 14.4 ശതമാനം പേരുടേത്‌ പുനര്‍വിവാഹമായിരുന്നു. ഭര്‍ത്താവ്‌ മരിച്ച 0.5 ശതമാനം സ്‌ത്രീകള്‍ ഈ കാലളവില്‍ വിവാഹിതാരായി. വിവാഹിതരായ സ്വദേശി യുവാക്കളില്‍ 24.4 ശതമാനവും യുവതികളില്‍ 20 ശതമാനവും സര്‍വകലാശാല ബിരുദധാരികളായിരുന്നു.

രക്തബന്ധമുള്ളവര്‍ തമ്മിലെ വിവാഹത്തില്‍ ഇപ്പോഴും കുറവുവന്നിട്ടില്ലെന്നതാണ്‌ റിപ്പോര്‍ട്ടിലെ മറ്റൊരു വെളിപ്പെടുത്തല്‍. ഇത്തരം വിവാഹങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ച്‌ വ്യാപകമായി ബോധവത്‌കരണം നടക്കുന്നുണ്ടെങ്കിലും 2010ല്‍ നടന്ന വിവാഹങ്ങളില്‍ 47 ശതമാനവും രക്തബന്ധമുള്ളവര്‍ തമ്മിലായിരുന്നു. വിവാഹമോചിതരായ പുരുഷന്‍മാരില്‍ 39.2 ശതമാനവും 20നും 29നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 30നും 39നും ഇടയില്‍ പ്രായക്കാരായ 34.1 ശതമാനം പേര്‍ വിവാഹമോചിതരായി. അതേസമയം വിവാഹമോചിതരായ സ്‌ത്രീകളില്‍ 50.3 ശതമാനവും 20നും 29നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക