Image

ആന്‍ഡ്രൂ പാപ്പച്ചന്റെ നോവല്‍ `സോഫി'യുടെ പ്രകാശനം 21 ന്‌ തിരുവനന്തപുരത്ത്‌

Published on 06 January, 2019
ആന്‍ഡ്രൂ പാപ്പച്ചന്റെ നോവല്‍ `സോഫി'യുടെ പ്രകാശനം 21 ന്‌ തിരുവനന്തപുരത്ത്‌
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികള്‍ക്ക്‌ സുപരിചിതനായ ആന്‍ഡ്രൂ പാപ്പച്ചന്റെ അഞ്ചാമത്തെ മലയാള നോവല്‍ `സോഫി'യുടെ പ്രകാശനം ജനുവരി 21 ന്‌ വൈകുന്നേരം തിരുവനന്തപുരത്ത്‌ കവടിയാര്‍ ഹോട്ടലില്‍ വച്ച്‌ നടക്കുന്നു. പ്രഭാത്‌ ബുക്‌സാണ്‌ പ്രസാധകര്‍.

മലയോരമണ്ണിന്റെ പുത്രി, നേഴ്‌സ്‌ കൂടിയായ സോഫിയുടെ കഥ പ്രതിസന്ധികളോടുള്ള പോരാട്ടത്തിന്റെ കഥയാണ്‌. നാട്ടില്‍ നിന്നും അമേരിക്കയിലേക്ക്‌ പറിച്ചുനടപ്പെട്ട സോഫിയുടെ ജീവിതം അവിടെ സംഭവബഹുലമായ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ വീണ്ടും സുന്ദര നിമിഷങ്ങളിലേക്ക്‌ സോഫിയുടെ ജീവിതം കൂട്‌ കൂട്ടുമ്പോള്‍ വ്യത്യസ്‌ത വായനാനുഭവമായി മാറുന്നു സോഫി. ആന്‍ഡ്രൂ പാപ്പച്ചന്റെ `തലമുറകളേ തേടി', `തീര്‍ഥാടനത്തിന്റെ കഥ', `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌', `ശൂന്യതയില്‍ നിന്ന്‌ അനന്തതയിലേക്ക്‌' എന്നീ പുസ്‌തകങ്ങളും പ്രഭാത്‌ ബുക്ക്‌ ഹൗസാണ്‌ പ്രസിദ്ധീകരിച്ചത്‌.

നാല്‌ ഇംഗ്ലീഷ്‌ പുസ്‌തകങ്ങളും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 
നിരവധി പതിറ്റാണ്ടുകളിലെ സാമൂഹിക - രാഷ്‌ട്രീയ - സാമുദായിക പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ അമേരിക്കയിലെ മലയാളി, ഇന്ത്യന്‍, ഏഷ്യന്‍, അമേരിക്കന്‍ സമൂഹങ്ങള്‍ക്കിടയില്‍ സുപരിചിതനാണ്‌ ഇദ്ദേഹം.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ സ്ഥാപക നേതാവായ ആന്‍ഡ്രൂ പാപ്പച്ചന്‍ ഗ്ലോബല്‍ ചെയര്‍മാന്‍, ഗ്ലോബല്‍ പ്രസിഡന്റ്‌ പദവികളില്‍ നാലു വര്‍ഷം വീതം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

കേരള അസോസിയേഷന്‍ ന്യൂജേഴ്‌സി, കേരള സെന്റര്‍ ന്യൂയോര്‍ക്ക്‌, ഇന്ത്യാ ഡേ പരേഡ്‌ ന്യൂയോര്‍ക്ക്‌, കോഅലിഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്‍സ്‌ ന്യൂജേഴ്‌സി, ഏഷ്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ കോഅലിഷന്‍, ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ്‌ കൗണ്‍സില്‍ ഓഫ്‌ ന്യൂജേഴ്‌സി എന്നിവയുടെ സ്ഥാപകാംഗവുമാണ്‌.

ന്യൂജേഴ്‌സിയിലെ സിറ്റി ഓഫ്‌ നുവാര്‍ക്കില്‍ നിന്ന്‌ പബ്ലിക്‌ വര്‍ക്‌സ്‌ ഡയറക്‌ടറായി വിരമിച്ച ഇദ്ദേഹം നിലവില്‍ ട്രന്റണ്‍ സിറ്റിയുടെ എന്‍ജിനീയറിംഗ്‌ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്‍റായി സേവനം ചെയ്യുന്നു. താമസസ്ഥലമായ ന്യൂജേഴ്‌സി മോണ്ട്‌വിലെയിലെ എന്‍വയണ്‍മെന്റല്‍ കമ്മിഷണറായും സേവനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക