Image

യൂറോപ്പില്‍ കനത്ത മഞ്ഞുവീഴ്ച; ആല്‍പ്‌സില്‍ അപായ മുന്നറിയിപ്പ്

Published on 06 January, 2019
യൂറോപ്പില്‍ കനത്ത മഞ്ഞുവീഴ്ച; ആല്‍പ്‌സില്‍ അപായ മുന്നറിയിപ്പ്


ബര്‍ലിന്‍: ആല്‍പ്‌സിന്റെ താഴ്‌വാരങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മുപ്പതു സെന്റിമീറ്റര്‍ വരെയാണ് മഞ്ഞു വീഴ്ച പ്രതീക്ഷിക്കുന്നത്. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രതാ മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ റോഡ്, റെയ്ല്‍ ഗതാഗതം തടസപ്പെടും. ജര്‍മനിയിലെ ബവേറിയ തെക്കന്‍ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഞ്ഞുറഞ്ഞ് ഭാരം കൂടുന്നതോടെ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴാനുള്ള സാധ്യതയും ഏറെയാണ്. ഇലക്ട്രിക് പോസ്റ്റുകളും അപകടഭീഷണിയില്‍. 

മഞ്ഞിടിച്ചിലിനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. സ്‌കീയിംഗ് എല്ലാടിയത്തും നിരോധിച്ചിട്ടുണ്ട്. ചെറിയ അനക്കം പോലും മഞ്ഞിടിച്ചിലിനു കാരണമാകാവുന്ന സാഹചര്യത്തിലാണിത്.

വാരാന്ത്യത്തില്‍ കനത്ത മഞ്ഞുവീഴ്ച കാരണം മ്യൂണിക്ക് എയര്‍പോര്‍ട്ടില്‍ 120 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. സര്‍വീസ് നടത്തിയ വിമാനങ്ങളാവട്ടെ മണിക്കൂറുകളുടെ കാലതാമസം നേരിട്ടതായും അധികൃതര്‍ അറിയിച്ചു. തെക്കന്‍ ജര്‍മനിയിലെ പാതകളില്‍ സ്ഥിരമായ മഞ്ഞുവീഴ്ച ഹൈവേകളുടെ യാത്രാസൗകര്യത്തെ തളര്‍ത്തി.

കൊടുങ്കാറ്റ്, കനത്ത മഴ, മഞ്ഞുവീഴ്ച എന്നിവ മൂലം ട്രാഫിക് അപകടങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. അന്തരീക്ഷ താപനില മൈനസ് പത്തിനു മുകളിലേയ്ക്ക് കയറുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ മഞ്ഞുവീഴ്ച തുടരുമെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റീറോളജി ആന്‍ഡ് ജിയോഡൈനാമിക്‌സ് പ്രവചിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക