Image

കല കുവൈത്ത് നാല്പതാം വാര്‍ഷിക സമാപനം: പ്രകാശ് കാരാട്ട് മുഖ്യാതിഥി

Published on 07 January, 2019
കല കുവൈത്ത് നാല്പതാം വാര്‍ഷിക സമാപനം: പ്രകാശ് കാരാട്ട് മുഖ്യാതിഥി

അബാസിയ (കുവൈത്ത്): കല കുവൈത്ത് നാല്പതാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് മുഖ്യാതിഥിയാവും. 

ജനുവരി 11 ന് (വെള്ളി) വൈകീട്ട് നാലിന് അബാസിയ മറീന ഹാളിലാണ് പരിപാടി. നാലു മുതല്‍ കലാപരിപാടികളും അഞ്ചിന് പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ 40 മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. കുവൈത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടകഗാന സന്ധ്യയും കല കുവൈത്ത് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന കാവ്യശില്‍പവും അരങ്ങേറും. കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 40 പരിപാടികള്‍ എന്ന ലക്ഷ്യവുമായി നീങ്ങിയെങ്കിലും അതിനപ്പുറമുള്ള പരിപാടികള്‍ നടത്താന്‍ സാധിച്ചതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. പ്രളയദുരിതാശ്വാസ നിധിയിലേക്ക് 75 ലക്ഷം രൂപ നല്‍കി. നാല്പതാം വാര്‍ഷിക ഭാഗമായി 10 പേര്‍ക്ക് വീട് നല്‍കുന്ന കലാഗ്രാമം പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബഥനി ആശ്രമം സൗജന്യമായി നല്‍കിയ 50 സെന്റ് സ്ഥലത്താണ് നിര്‍മാണം. 

അബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടിലെ സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ക്ക് 50 വീല്‍ ചെയറുകള്‍ നല്‍കുന്ന പദ്ധതിയും അന്തിമ ഘട്ടത്തിലാണ്. കുവൈത്ത് കല ട്രസ്റ്റിന്റെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് ഇത്തവണ 40 പേര്‍ക്കാണ് നല്‍കിയത്. 

വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍. നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറര്‍ രമേശ് കണ്ണപുരം, വാര്‍ഷികാഘോഷ സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി. ഹിക്മത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജെ. സജി, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക