Image

അലോക് വര്‍മയെ മാറ്റിയത് സി.വിസി, സുപ്രീംകോടതിയുടേത് സന്തുലിതമായ വിധി: അരുണ്‍ ജയ്‌റ്റ്‌‌‌ലി

Published on 08 January, 2019
അലോക് വര്‍മയെ മാറ്റിയത് സി.വിസി, സുപ്രീംകോടതിയുടേത് സന്തുലിതമായ വിധി: അരുണ്‍ ജയ്‌റ്റ്‌‌‌ലി

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ പുറത്താക്കിയ നടപടി റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി സന്തുലിതമായതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. വിധി നടപ്പാക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വിജിലന്‍സ് കമീഷന്‍ (സി.വി.സി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അലോക് വര്‍മയെ സര്‍ക്കാര്‍ നീക്കിയത്. സി.വി.സി റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയില്‍ വെക്കും. ഒരാഴ്‌ചക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം ചേരുമെന്നും ജെയ്റ്റ്ലി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്‌ത കേന്ദ്രസര്‍ക്കാറിനുള്ള തിരിച്ചടിയാണ് വിധിയെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. പദവികള്‍ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയ അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമിച്ചുള്ള സുപ്രധാന വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്.

അലോക് വര്‍മയെ സി.ബി.ഐ ഡയറക്‌ടര്‍ സ്ഥാനത്ത് പുനര്‍ നിയമിച്ച കോടതി കേന്ദ്രസര്‍ക്കാരിന്റെ നീക്കം തെറ്റാണെന്നും ചൂണ്ടിക്കാട്ടി. തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്കെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, അലോക് വര്‍മയ്‌ക്ക് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി പ്രധാനമന്ത്രി,​ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ അടങ്ങിയ സെലക്‌ട് കമ്മിറ്റിക്ക് മാത്രമേ സി.ബി.ഐ ഡയറക്‌ടറെ മാറ്റാന്‍ അധികാരമുള്ളൂ എന്ന് വ്യക്തമാക്കുകയായിരുന്നു.

സര്‍ക്കാരിന് ഏകപക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റാഫേല്‍ അഴിമതിക്കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് അലോക് വര്‍മയെ മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. ഇതിനോടകം തന്നെ റാഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതാണ് വിധിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക