Image

വിവാദം കത്തുന്നു: കോടതികയറി ' ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ '

Published on 09 January, 2019
വിവാദം കത്തുന്നു: കോടതികയറി ' ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ '

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ' ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' കോടതി കയറുന്നു. വെള്ളിയാഴ്ച റിലീസിന് തയ്യാറെടുക്കവേയാണ് സിനിമയെ സംബന്ധിക്കുന്ന വിവാദം കത്തുന്നത്. റിലീസ് തടയണമെന്നുള്ള ഹര്‍ജികളില്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതികള്‍ വാദം കേള്‍ക്കും. പ്രധാനനടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ പതിന്നാലു പേര്‍ക്കെതിരെ കേസെടുക്കാന്‍ ബീഹാര്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണിത്.

നവാഗതനായ അജയ് ഗട്ടെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതു മുതല്‍ എതിര്‍പ്പ് തുടങ്ങിയിരുന്നു. രാഷ്ട്ട്രീയ അജണ്ടയാണ് സിനിമയ്ക്ക് പിന്നിലെന്ന ആരോപണം ആദ്യം ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്. ഒടുവില്‍, കേസെടുക്കാനുള്ള കോടതി ഉത്തരവിലേക്ക് എത്തിയത് മന്‍മോഹന്‍ സിങ്ങ്, സോണിയാ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവരെ സിനിമയില്‍ തെറ്റായി ചിത്രീകരിക്കുന്നതായുള്ള ആരോപണമാണ്. അനുപം ഖേറടക്കം പതിന്നാലുപേരെ പ്രതിയാക്കാന്‍ ബീഹാര്‍ മുസാഫര്‍പൂരിലെ കോടതി നിര്‍ദ്ദേശം നല്‍കി.

റിലീസ് തടയണമെന്നുള്ള അടിയന്തിര ഹര്‍ജികള്‍ സിനിമ പുറത്തിറങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ പഞ്ചാബ് - ഹരിയാന ഹൈക്കോടതികള്‍ ഫയലില്‍ സ്വീകരിച്ചു. സിനിമക്കെതിരായ മറ്റൊരു ഹര്‍ജി ബോംബെ ഹൈക്കോടതിയിലും പരിഗണിച്ചേക്കും.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ്ബാരുവിന്റെ പുസ്തകത്തെ അധികരിച്ചാണ് ' ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ഒരുക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക