Image

സദാചാരം പറഞ്ഞ് തേര്‍വാഴ്ച വേണ്ട

Published on 12 April, 2012
സദാചാരം പറഞ്ഞ് തേര്‍വാഴ്ച വേണ്ട
                                               
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരുമിച്ചു ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതും യാത്രചെയ്യുന്നതും മഹാപാപമാണെന്നു കരുതുന്നവര്‍ ഒരുപക്ഷേ, കേരളത്തില്‍ മാത്രമേ ഉണ്ടാകൂ. കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തിന്റെ ഭാഗമായുള്ള സദാചാരപാഠം സ്‌കൂളിലും വീട്ടിലും നിന്നാണു പഠിക്കേണ്ടത്. അതല്ലാതെ അതു നടപ്പാക്കാന്‍ ഒരു ബാഹ്യസംഘം ഇടപെടുന്നത് അനുവദിച്ചുകൂടാ. അതായതു സദാചാര പൊലീസ് ചമഞ്ഞായാലും, മറ്റെന്തു പേരിലായാലും ആര്‍ക്കും ഇതിനു നിയമപരമായി അവകാശമോ അധികാരമോ ഇല്ല.

ഇക്കഴിഞ്ഞ ദിവസം കാസര്‍കോട്ടു ഹൊസങ്കടി ടൗണില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തി അവര്‍ ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയെടുത്ത് രണ്ടുലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച സംഭവം സദാചാരത്തിന്റെ പേരില്‍ എഴുതിത്തള്ളാവുന്നതല്ല. ഇതു പച്ചയായ തട്ടിപ്പാണ്. പെണ്‍കുട്ടിയുടെ പിതാവിനോടൊപ്പം പര്‍ദ ധരിച്ചെത്തിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തന്ത്രപൂര്‍വം സംഘത്തിലെ ഒരാളെ പിടികൂടുകയായിരുന്നു.

ആരോഗ്യകരമായ സാമൂഹിക സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമായി നാം എപ്പോഴും കൊട്ടിഘോഷിക്കാറുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന മാനസിക വികാസത്തിന്റെ ഫലം കൂടിയാണ് ഇതെന്നു പറയാം. എന്നാല്‍, ഈ മാനസികാവസ്ഥ കൈവരിക്കാത്തവരും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണു പലയിടത്തെയും വ്യാജ സദാചാരഭടന്മാര്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

കാസര്‍കോട്ട് ഉണ്ടായതു പച്ചയായ തട്ടിപ്പും പിടിച്ചുപറി ശ്രമവുമാണെങ്കില്‍ തട്ടിപ്പിന്റെ മേമ്പൊടിയില്ലാത്ത പൊലീസ് ചമയല്‍ വേറെയും ഉണ്ടാകുന്നുണ്ട്. സ്ത്രീകള്‍ മാത്രമുള്ള വീടിനടുത്തു രാത്രി അസമയത്തു കണ്ടുവെന്നാരോപിച്ചാണു കോഴിക്കോടിനടുത്തു മുക്കത്ത് യുവാവിനെ കെട്ടിയിട്ടു മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റു രണ്ടു മണിക്കൂര്‍ വഴിയില്‍ കിടന്ന യുവാവിനെ സഹായിക്കാന്‍ ആരെയും അനുവദിച്ചതുമില്ല. ഒടുവില്‍ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊച്ചി നഗരത്തില്‍ രാത്രി ഡ്യൂട്ടിക്ക് ഐടി അനുബന്ധ സ്ഥാപനത്തിലേക്കു സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ പോയ യുവതിയെ വ്യാജ സദാചാരഭടന്മാര്‍ ആക്രമിച്ചത് ഏതാനും മാസം മുന്‍പായിരുന്നു. ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന ഒരു മേഖലയായ ഐടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഐടി കേന്ദ്രങ്ങളിലെല്ലാം രാത്രിയില്‍ സ്ത്രീകളും പുരുഷന്മാരും ഡ്യൂട്ടിക്കു പോകുന്നതും മടങ്ങുന്നതും സാധാരണമാണ്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കു പോലും വ്യാജ സദാചാര പൊലീസിന്റെ കടന്നാക്രമണം നേരിടേണ്ടിവന്ന നാടാണിത്. സഹോദരിയെ കൂട്ടിക്കൊണ്ടുപോകാന്‍ ബസ് സ്റ്റാന്‍ഡിലെത്തിയ എസ്‌ഐ മഫ്തിയിലായിരുന്നതിനാല്‍ അക്രമികള്‍ക്കു ധൈര്യമേറുകയും ചെയ്തു. കോട്ടയം നഗരത്തില്‍ പട്ടാപ്പകല്‍ ഒരു അഭിഭാഷകനെയും ഭാര്യയെയും വ്യാജ സദാചാരസംഘം വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയുണ്ടായി.

സാമൂഹിക തിന്മകള്‍ ഉന്മൂലനം ചെയ്യാന്‍ നമുക്കിവിടെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. സദാചാരവിരുദ്ധമായ നീക്കങ്ങളും അതില്‍ തന്നെ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാന്‍ പൊലീസ് സംവിധാനവുമുണ്ട്. അവരുടെ ചുമതല സ്വന്തം നിലയില്‍ വ്യാജമായി ഏറ്റെടുക്കാന്‍ ആരെയും അനുവദിച്ചുകൂടാത്തതാണ്.

സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട മേഖലകള്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. പരിഷ്‌കൃത സമൂഹത്തില്‍ വ്യക്തികള്‍ക്കു പരസ്പരം കാണാന്‍ അവകാശമുണ്ട്. വ്യക്തികളുടെ സ്വകാര്യതയില്‍ അന്യര്‍ കൈകടത്തേണ്ടതില്ല. ഇതിനെ സദാചാരപ്രശ്‌നമായി കണ്ടു നാട്ടുകാര്‍ ഇടപെട്ടു തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇതിന് ഒരുമ്പെട്ടിരിക്കുന്നതു സംഘങ്ങളാകുമ്പോള്‍ അക്രമത്തില്‍ കലാശിക്കുകയും ചെയ്യാം. ഇതു നിയമവാഴ്ചയ്‌ക്കെതിരായ നടപടിയാണ്; ജനാധിപത്യം ഉറപ്പാക്കുന്ന പൗരാവകാശത്തെ ഹനിക്കുകയുമാണ്. ആരോഗ്യകരമായ സഹവര്‍ത്തിത്വത്തിന്റെ വഴികള്‍ തുറന്നുവയ്ക്കുന്നതിനു പകരം സദാചാരത്തിന്റെ കപടവക്താക്കളായി ആരെങ്കിലും രംഗത്തുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത്തരം നീക്കങ്ങള്‍ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.

സാമൂഹിക - സാംസ്‌കാരിക സമദര്‍ശനവും സഹിഷ്ണുതയും ദശാബ്ദങ്ങളായി കേരളത്തിന്റെ മുഖമുദ്രകളാണ്. പ്രസാദാത്മകമായ ഈ മുഖത്തു കരിവാരിത്തേക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ഇത് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഗവണ്‍മെന്റും ക്രമസമാധാന സംവിധാനങ്ങളും എല്ലാവരെയും ബോധ്യപ്പെടുത്തേണ്ടതുമാണ്.

(മലയാള മനോരമ മുഖപ്രസംഗം)
സദാചാരം പറഞ്ഞ് തേര്‍വാഴ്ച വേണ്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക