Image

പാര്‍ട്ടി നിലപാടുകള്‍ പ്രേമചന്ദ്രന്‍ എംപി തിരുത്തേണ്ട`; ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് ഗുണം ചെയ്യുക ഇടത്പക്ഷത്തിനെന്നും ആര്‍എസ്‌പി

Published on 09 January, 2019
പാര്‍ട്ടി നിലപാടുകള്‍ പ്രേമചന്ദ്രന്‍ എംപി തിരുത്തേണ്ട`;  ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് ഗുണം ചെയ്യുക ഇടത്പക്ഷത്തിനെന്നും ആര്‍എസ്‌പി

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ നിലപാട് തള്ളി ആര്‍എസ്‌പി കേന്ദ്രനേതൃത്വം. ഭരണഘടനയെ അംഗീകരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ആര്‍എസ്‌പിക്ക് സുപ്രീംകോടതി വിധിയെയും ലിംഗനീതിയെയും അംഗീകരിക്കുന്ന നിലപാടാണുള്ളതെന്ന് ദേശീയ ജനറല്‍സെക്രട്ടറി ക്ഷിതി ഗോസ്വാമി പ്രതികരിച്ചു.

ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം. പൂജാദി കര്‍മങ്ങള്‍ക്ക് സാക്ഷിയാകാനും ആരാധന നടത്താനും അനുവദിക്കണം. ഈ വിഷയത്തിലുള്ള സുപ്രീംകോടതി വിധി മാനിക്കാന്‍ ഭരണഘടനയെ അംഗീകരിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ട്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടിന്റെ നേട്ടം വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ജനറല്‍സെക്രട്ടറി തയ്യാറായില്ല.

പാര്‍ട്ടി സംസ്ഥാനഘടകവും കേന്ദ്രനേതൃത്വവും തമ്മില്‍ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. അത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയില്‍ അടുത്തിടെ സമാപിച്ച ആര്‍എസ്‌പി ദേശീയ സമ്മേളനത്തിലും ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആര്‍എസ്‌പി കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായമെന്നും ക്ഷിതി ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക