Image

മമ്മൂട്ടി താങ്കളാണ് യഥാര്‍ഥ കലാകാരന്‍; ഒരു കാലത്തെ ഒരു വാചകത്തില്‍ അടയാളപ്പെടുത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

കലാകൃഷ്ണന്‍ Published on 09 January, 2019
മമ്മൂട്ടി താങ്കളാണ് യഥാര്‍ഥ കലാകാരന്‍; ഒരു കാലത്തെ ഒരു വാചകത്തില്‍ അടയാളപ്പെടുത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

മുമ്പ് ഞാന്‍ നിന്‍റെ വീട്ടില്‍ വന്ന് അത് സൗഹൃദം. ഇപ്പോ വന്നാല്‍ മതസൗഹാര്‍ദ്ദം, അല്ലേടാ... ഒരു സിനിമാ ലൊക്കേഷനില്‍ നടന്‍ മമ്മൂട്ടി കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ചോദിച്ച കാര്യമാണിത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് സുഹൃത്തുക്കളോട് പങ്കുവെച്ച ഇക്കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഏറ്റെടുക്കുകയും ചെയ്തു. കേവലും ഏഴോ എട്ടോ വാക്കുകള്‍ മാത്രമുള്ള ഈ ഒറ്റവാചകത്തിന് എന്തുകൊണ്ട് ഇത്രയും മാധ്യമ ശ്രദ്ധ കിട്ടിയെന്ന് ആലോചിക്കേണ്ടതുണ്ട്. സൂപ്പര്‍താരം മമ്മൂട്ടി പറഞ്ഞതുകൊണ്ടല്ല ഈ ശ്രദ്ധ. ഈ വാക്കുകള്‍ വര്‍ത്തമാന കേരളത്തിന്‍റെ യഥാര്‍ഥ അവസ്ഥയെ വരിച്ചിടുത്തുന്നുണ്ട്. ഇന്നത്തെ കേരളത്തെ കഴുത്തിന് പിടിച്ച് വിമര്‍ശിക്കുന്നുമുണ്ട്. 
കാരണം മതമായി വിഭജിച്ചു നിര്‍ത്താന്‍ ഈ കെട്ടകാലത്ത് മൃദുസമീപനത്തിന്‍െ മുഖംമൂടി അണിഞ്ഞു വരുന്ന തീവ്രവാദികള്‍ ജനങ്ങളിലേക്ക് കടത്തി വിടുന്ന ആശയമാണ് മതസൗഹാര്‍ദം. മതേതരം അല്ല നമുക്ക് വേണ്ടത് മതസൗഹാര്‍ദമാണ് നമുക്ക് വേണ്ടത് എന്ന് ലളിതമായി പറഞ്ഞു പഠിപ്പിക്കുന്നു. കേള്‍ക്കുമ്പോള്‍ വലിയ കുഴപ്പമൊന്നും തോന്നുന്നില്ല. മതസൗഹാര്‍ദം നല്ലതല്ലേ എന്ന് തോന്നും. എന്നാല്‍ മതമെന്ന അസ്തിത്വത്തില്‍ മാത്രം കുടുങ്ങി നില്‍ക്കാനാണ് ഈ മതസൗഹാര്‍ദമെന്ന പരിപാടികൊണ്ട് ആത്യന്തികമായി അവര്‍ ലക്ഷ്യം വെക്കുന്നത്. 
നബിദിനത്തിന് മുസ്ലിം മതവിശ്വാസകളുടെ റാലിയില്‍ അതില്‍ പങ്കെടുക്കാത്തവര്‍ മധുരപലഹാരം നല്‍കിയാല്‍ ഉടനെ അത് ഹിന്ദുക്കളാണെന്ന് കണ്ടെത്തി മുസ്ലിംങ്ങള്‍ക്ക് ഹിന്ദുക്കളുടെ മധുരപലഹാര വിതരണം എന്ന അടിക്കുറുപ്പുമായി മതസൗഹാര്‍ദം കൊട്ടിഘോഷിക്കും. അവിടെയും ഹിന്ദു മുസ്ലിം സ്വത്വങ്ങളെ നിലനിര്‍ത്തുകയാണ് ചെയ്യുക. എന്നാല്‍ ഒരു നാട്ടിലെ ഒരു കൂട്ടായ്മയിലേക്ക് അവരുടെ സുഹൃത്തുക്കള്‍ മധുരപലഹാരം വിതരണം ചെയ്തു എന്ന നിലയില്‍ ഇതിനെ കാണുവാന്‍ നമ്മുടെ സമൂഹം വളരേണ്ടതുണ്ട്. പോകെ പോകെ ഈ മുസ്ലിം ഹിന്ദു മധുരപലഹാര വിതരണം ഒരു മതസൗഹാര്‍ദ്ദ ഫാഷനായി മാറുകയും ചെയ്യുന്നു. സൗഹാര്‍ദ്ദത്തില്‍ പോലും മതം വരുമ്പോള്‍ പിണക്കത്തിലും ദേഷ്യത്തിലും മതം അതിവേഗം കടന്നു വരുന്നു. 
കാഞ്ഞിരപ്പള്ളിക്കാരന്‍ തോമസിന് തൊട്ടടുത്ത നാട്ടുകാരനായ നാരായണന്‍ വൃക്ക ദാനം ചെയ്താല്‍ രണ്ട് മനുഷ്യര്‍ക്കിടയില്‍ അവയവമാറ്റം നടത്തിയെന്നല്ല ക്രിസ്ത്യാനിക്ക് ഹിന്ദു വൃക്ക ദാനം ചെയ്തു എന്ന് വരുന്നു. അവിടെയും മതസൗഹാര്‍ദ്ദം കടന്നു വരുന്നു. തീര്‍ത്തും ലളിതമല്ല ഇക്കാര്യം. ഇങ്ങനെ മതസൗഹാര്‍ദം കൊട്ടിഘോഷിച്ചാലേ മനുഷ്യന് ജീവിക്കാന്‍ സാധിക്കു എന്ന് ആരാണ് കണ്ടുപിടിച്ചത്. വന്ന് വന്ന് ഒരേക്ലാസില്‍ പഠിക്കുന്ന മുഹമ്മദിന്‍റെ വീട്ടിലേക്ക് മഹേഷോ, റോയിയോ കളിക്കാന്‍ പോകുന്നത് പോലും മതസൗഹാര്‍ദ്ദമായി മാറുന്നു. കൂട്ടുകാര്‍ ഒരുമിച്ച് കളിക്കുന്നതായി കാണാന്‍ കഴിയാത്ത വിധം മതം നിറയ്ക്കുകയാണ് സമൂഹത്തില്‍. 
നിമിഷം കൊണ്ട് മതവാദികളായി മതവര്‍ഗീയവാദികളായി മനുഷ്യനെ മാറ്റിയെടുക്കാനുള്ള ശേഷിയുണ്ട് ഇത്തരം വേര്‍തിരിവുകള്‍ക്ക്. 
ഈ അവസ്ഥയെയാണ് മമ്മൂട്ടി ചുരുക്കം വാക്കുകളില്‍ വരച്ചിട്ടത്. 
മതേതരത്വം മതസൗഹാര്‍ദ്ദം എന്നീ വാക്കുകള്‍ക്ക് ഈ കെട്ടകാലത്ത് വലിയ അന്തരമുണ്ട് എന്ന് തന്നെ നാം മനസിലാക്കണം. ഓരോ പൗരനും അവന്‍റെ ആത്മീയ കാര്യങ്ങളില്‍ അവന്‍റെ മതം ആചരിക്കുകയും എന്നാല്‍ അവന്‍ ഇടപെടുന്ന മറ്റു മണ്ഡലങ്ങളിലെല്ലാം അവന്‍ ഒരു മനുഷ്യനും ഒരു പൗരനുമായി നിലനില്‍ക്കുക എന്നതാണ് മതേതരത്വം എന്നതുകൊണ്ട് തീര്‍ച്ചയായും ഈ കാലത്ത് കരുതപ്പെടേണ്ടത്. അവനവന്‍റെ ആത്മീയതയ്ക്കപ്പുറം മതത്തെ മാറ്റിനിര്‍ത്തി പൗരബോധത്തോടെ ചിന്തിക്കാന്‍ മനുഷ്യന് കഴിയണം. മുഹമ്മദം നാരായണനും തമ്മിലുള്ള സൗഹൃദം മനുഷ്യന്‍റെ സൗഹൃദമായി കാണാന്‍ കഴിയണം. തീര്‍ച്ചയായും അത് മതസൗഹാര്‍ദ്ദമായി അടയാളപ്പെടുത്തേണ്ടതില്ല. 
ഇനി ആരാണ് മതസൗഹാര്‍ദ്ദത്തിലേക്ക് നമ്മെ ആനയിക്കുന്നത്. സമീപദിവസങ്ങളില്‍ ഈ മതസൗഹാര്‍ദ്ദം ഏറ്റവും കൂടുതല്‍ കേട്ടത് ചാനല്‍ ചര്‍ച്ചകളില്‍ ശ്രീമാന്‍ രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വവാദിയില്‍ നിന്നാണ്. ഞാനൊരു മതേതരനല്ല. നെഹ്റുവിയന്‍ മതേതരമല്ല നമുക്ക് വേണ്ടത് നമുക്ക് വേണ്ടത് മതസൗഹാര്‍ദ്ദമാണ് എന്നൊക്കെ ഏത് ചര്‍ച്ചയിലും പുട്ടന് പീര പോലെ രാഹുല്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു. കൂട്ടത്തില്‍ മഹാത്മാ ഗാന്ധി നമ്മെ പഠിപ്പിച്ചതും മതസൗഹാര്‍ദ്ദമാണ് എന്നൊക്കെ തട്ടിവിടും. കേള്‍ക്കുമ്പോള്‍ ശരിയെന്ന് തോന്നും. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മതസൗഹാര്‍ദം പറഞ്ഞുകൊടുത്ത് പൗരന്‍മാരെ തമ്മില്‍തല്ലാതെ നോക്കിയ ഒരു കാലത്ത് നിന്നും നാം പുരോഗമിക്കരുത് എന്നതാണ് ഇന്ന് ഈ മതസൗഹാര്‍ദ്ദം കൊണ്ട് ഉദ്ദേശിക്കുന്നത്. 
രാഹുല്‍ ഈശ്വര്‍ മതസൗഹാര്‍ദ്ദമെന്ന് പറയുമ്പോള്‍, ഇത് ഹിന്ദുഭൂരപക്ഷ രാജ്യമാണ് ഇവിടെ മൃദുഹിന്ദുത്വമേ നടക്കു എന്ന് പറയുമ്പോള്‍  തങ്ങളോട് സൗഹാര്‍ദ്ദത്തോടെ നിന്നില്ലെങ്കില്‍ നാളെ നീ എതിര്‍ക്കപ്പെടുമെന്ന തീവ്രഹിന്ദുത്വത്തിന്‍റെ ഭീഷിണി ഉള്ളടങ്ങിയിരിക്കുന്നു എന്ന് പൊതു സമൂഹം മനസിലാക്കേണ്ടതുണ്ട്. 
അങ്ങനെ ഒരുപാട് രാഷ്ട്രീയ വായനകള്‍ക്ക് സാഹചര്യം ഒരുക്കുന്നതാണ് മമ്മൂട്ടിയുടെ വാക്കുകള്‍. ഒരാള്‍ ജീനിയസാകുന്നത് ഇത്രമേല്‍ പൊളിറ്റിക്കലായി കാര്യങ്ങളെ വിശകലനം ചെയ്യുമ്പോഴാണ്. മമ്മൂട്ടിക്ക് അങ്ങനെയൊരു ജീനിയസാകാന്‍ കഴിഞ്ഞത് അയാള്‍ കലാകാരന്‍ ആയതുകൊണ്ടാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഒരു കാര്യം അവതരിപ്പിക്കാന്‍ പതിനായിരം വാക്കുകളോ വാചാടോപങ്ങളോ വേണ്ട എന്ന് ഇന്നത്തെ കാലത്തെ ബുദ്ധിജീവികളായ ദീപാ നിശാന്തും, ശ്രീചിത്തിരനും മമ്മൂട്ടിയെ കണ്ടുപഠിക്കേണ്ടതുണ്ട്. അതിനാല്‍ മമ്മൂട്ടി ഈ വാക്കുകള്‍ക്ക് ഇന്ന് കേരളീയ സമൂഹം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക