Image

സിസ്റ്റര്‍ ലൂസി മാന്യതയുണ്ടെങ്കില്‍ സന്യാസവസ്‌ത്രം ഊരിവെച്ചു പുറത്തു വരിക; സിന്ധു ജോയി

Published on 11 January, 2019
സിസ്റ്റര്‍ ലൂസി മാന്യതയുണ്ടെങ്കില്‍ സന്യാസവസ്‌ത്രം ഊരിവെച്ചു പുറത്തു വരിക; സിന്ധു ജോയി
സിസ്റ്റര്‍ ലൂസി കളപ്പുരയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ സിന്ധു ജോയി രംഗത്ത്‌. മാന്യതയുണ്ടെങ്കില്‍ സന്യാസവസ്‌ത്രം ഊരിവെച്ചു സിസ്റ്റര്‍ ലൂസി കളപ്പുര പുറത്തു വരികയാണു വേണ്ടതെന്ന്‌ ഫെയ്‌സ്‌ബുക്കിലൂടെ സിന്ധു ജോയി വിമര്‍ശിച്ചു.

`അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം' എന്നീ മൂന്നു വ്രതങ്ങള്‍ അള്‍ത്താരയുടെ മുമ്പില്‍ വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞ ചൊല്ലിയാണ്‌ ഒരു സ്‌ത്രീ ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ്‌ കോണ്‍ഗ്രിഗേഷനില്‍ അംഗമാകുന്നതെന്ന്‌ സിന്ധു ജോയി പറഞ്ഞു.

ലൂസി കളപ്പുരയുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്‌. എന്നാല്‍, സന്യാസത്തിന്റെ ആവൃതിയില്‍ അതിനു പരിമിതികളുണ്ട്‌; അതാണ്‌ സന്യാസത്തിന്റെ കാതല്‍.

ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളിലും ഇപ്പോള്‍ സ്‌ത്രീകള്‍ക്ക്‌ കമ്മീഷന്‍ഡ്‌ ഓഫീസര്‍ റാങ്കില്‍ സേവനം ചെയ്യാം. അതിനുവേണ്ടി അവര്‍ ഒരു പരിശീലന പദ്ധതിയിലൂടെ കടന്നു പോകണം. സൈന്യത്തിന്റെ യൂണിഫോം ധരിക്കണം.

സേനയിലെ അച്ചടക്കം പാലിക്കണം. ഇങ്ങിനെ ചെയ്‌തില്ലെങ്കില്‍ ഉറപ്പായും അവര്‍ അച്ചടക്കനടപടിക്ക്‌ വിധേയമാകും. ഒടുവില്‍ പുറത്തു പോകും. കേരള പോലീസിലുമുണ്ട്‌ വനിതകള്‍. അവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണെന്നും സിന്ധു ജോയി ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

കുമാരി (സിസ്റ്റര്‍) ലൂസിയോട്‌ പറയാനുള്ളത്‌

ഇന്നലെ കേരളത്തിലെ വാര്‍ത്താ ചാനലുകളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ കണ്ടു.വയനാട്‌ ജില്ലയില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ്‌ കോണ്‍ഗ്രിഗേഷന്‍ അംഗം സിസ്റ്റര്‍ ലൂസി കളപ്പുരയെ മുഖ്യാതിഥിയാക്കിയ സായാഹ്ന ചര്‍ച്ചകള്‍.

സ്വാഭാവികമായും കത്തോലിക്കാ സഭയെ ആവോളം പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ആ വിചാരണ. സ്വന്തം മതവിശാസത്തിനുവേണ്ടി പലതും വിട്ടുപേക്ഷിച്ചു പോന്ന ഒരാളെന്ന നിലയില്‍ അതെന്നെ വല്ലാതെ നോവിച്ചുവെന്നു പറയാതെ വയ്യ!

വയനാട്‌ ദ്വാരക സേക്രഡ്‌ ഹാര്‍ട്ട്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്‌ കുമാരി (സിസ്റ്റര്‍) ലൂസി കളപ്പുര. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം കാറുള്ള അപൂര്‍വം കത്തോലിക്കാ സന്യാസിനികളില്‍ ഒരാള്‍!

കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി താന്‍ അംഗമായിരിക്കുന്ന സന്യാസിനീ സഭയില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരി.

കുമാരി (സിസ്റ്റര്‍) ലൂസിയോട്‌ പറയാനുള്ളത്‌ ഇവയാണ്‌. ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ്‌ കോണ്‍ഗ്രിഗേഷന്റെ അന്തഃസത്ത എന്താണെന്ന്‌ മനസിലാക്കേണ്ടിയിരുന്നു അവര്‍. ഇറ്റലിയിലെ അസ്സീസിയുടെ തെരുവുകളില്‍ ദാരിദ്ര്യത്തിന്റെ ചാക്കുവസ്‌ത്രമണിഞ്ഞു നടന്ന ഫ്രാന്‍സിസ്‌ എന്ന സന്യാസി; അവന്റെ ദാരിദ്ര്യത്തിന്റെ വിശുദ്ധിയെറിഞ്ഞു പ്രഭുമന്ദിരം വിട്ടിറങ്ങിയ ക്ലാര എന്ന പെണ്‍കുട്ടി.

ഈ ഫ്രാന്‍സിസിന്റെയും ക്‌ളാരയുടെയും സുകൃത പുണ്യങ്ങളാണ്‌ എഫ്‌ സി സി എന്ന സന്യാസിനീ സഭയുടെ ആന്തരിക സത്ത. `അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം' എന്നീ മൂന്നു വ്രതങ്ങള്‍ അള്‍ത്താരയുടെ മുന്നില്‍ വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞചൊല്ലിയാണ്‌ ഒരു സ്‌ത്രീ ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ്‌ കോണ്‍ഗ്രിഗേഷനില്‍ അംഗമാകുന്നത്‌.

നാലുവര്‍ഷത്തിലേറെ നീളുന്ന പരിശീലനപ്രക്രിയയുടെ അവസാനമാണ്‌ അത്‌. അതും കഴിഞ്ഞു ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതേ വ്രതങ്ങള്‍ ഏറ്റുചൊല്ലി വീണ്ടും `നിത്യവൃത വാഗ്‌ദാനം'. അപ്പോഴാണ്‌ കത്തോലിക്കാ സഭയില്‍ ഒരു ഒരു സ്‌ത്രീ പൂര്‍ണമായും സന്യാസിനി ആകുന്നത്‌. ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സന്യാസത്തില്‍ നിന്ന്‌ പുറത്തുവരാമെന്നു സാരം.

കുമാരി (സിസ്റ്റര്‍) ലൂസി കളപ്പുരയുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്‌. എന്നാല്‍, സന്യാസത്തിന്റെ ആവൃതിയില്‍ അതിനു പരിമിതികളുണ്ട്‌; അതാണ്‌ സന്യാസത്തിന്റെ കാതല്‍!

ഇന്ത്യയിലെ എല്ലാ സൈനിക വിഭാഗങ്ങളിലും ഇപ്പോള്‍ സ്‌ത്രീകള്‍ക്ക്‌ കമ്മീഷന്‍ഡ്‌ ഓഫീസര്‍ റാങ്കില്‍ സേവനം ചെയ്യാം. അതിനുവേണ്ടി അവര്‍ ഒരു പരിശീലന പദ്ധതിയിലൂടെ കടന്നുപോകണം. സൈന്യത്തിന്റെ യൂണിഫോം ധരിക്കണം. സേനയിലെ അച്ചടക്കം പാലിക്കണം. ഇങ്ങനെ ചെയ്‌തില്ലെങ്കില്‍ ഉറപ്പായും അവര്‍ അച്ചടക്കനടപടിക്ക്‌ വിധേയമാകും; ഒടുവില്‍ പുറത്തുപോകും.

കേരള പോലീസിലുമുണ്ട്‌ വനിതകള്‍. അവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്‌. എന്തിന്‌, ഒരു ആശുപത്രിയില്‍ ജോലിചെയ്യുന്ന നേഴ്‌സും ഡോക്ടറുമൊക്കെ ഇത്തരം നിയമങ്ങള്‍ പാലിച്ചേ ഒക്കൂ. ഇതാണ്‌, ഒരു സന്യാസ സഭയിലും നടക്കുന്നത്‌. ആ സമൂഹത്തിന്റെ നിയമങ്ങള്‍ അനുസരിച്ചേ മതിയാവൂ.

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവലില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്‌: `മുറിവേറ്റ മൃഗത്തെ സൂക്ഷിക്കണം; അതാണ്‌ ഏറ്റവും അപകടകാരി'.

ക്ഷതം രണ്ടു തരമുണ്ട്‌. ഉള്ളില്‍ ഉണങ്ങാതെ കിടന്ന്‌, വളര്‍ന്ന്‌, പിന്നെ ഉണങ്ങാത്ത മുറിവായി നീറിക്കിടക്കുന്ന, വിഷം വമിക്കുന്ന ക്ഷതം. മറ്റൊന്ന്‌ ക്രിസ്‌തുവിന്റെ മുറിവു പോലെ രക്ഷാകരമായ ക്ഷതം. അവര്‍ ചെയ്‌തത്‌ എന്തെന്ന്‌ അവര്‍ അറിയുന്നില്ല എന്ന്‌ മനസ്സിലാക്കി അവരുടെ വീഴ്‌ചകളോട്‌ ക്ഷമിക്കുന്ന യേശുവിന്റെ ക്ഷതം. അത്‌ ഉണങ്ങിപ്പോവുകയും ക്ഷമയുടെയും സൗഖ്യത്തിന്റെയും നീരുവ ആകുകയും ചെയ്യുന്നു.

ക്രിസ്‌തുവിന്റെ തിരുമുറിവുകളോട്‌ ചേര്‍ത്തു വയ്‌ക്കുന്ന എല്ലാ മുറിവുകളും സൗഖ്യം പകരുന്ന ക്ഷതങ്ങളായി മാറുന്നു!

കുമാരി ലൂസി കളപ്പുരയുടെ ആന്തരികക്ഷതങ്ങള്‍ അങ്ങനെ ഉണങ്ങിയിട്ടില്ലെന്നു സാരം. കൗമാരപ്രായത്തില്‍ ആരുടെയോ പ്രേരണക്ക്‌ വശംവദയായി സന്യാസത്തിന്റെ ആവൃതിയില്‍ അഭയം തേടിയ ലൂസിയുടെ വൃണങ്ങള്‍ ഇനിയും ഉണങ്ങിയിട്ടില്ലെന്നു വാസ്‌തവം.

കുമാരി ലൂസി കളപ്പുരയോട്‌ അപേക്ഷിക്കാനുള്ളത്‌ ഇതാണ്‌. മാന്യതയുണ്ടെങ്കില്‍ സന്യാസവസ്‌ത്രം ഊരിവച്ചു പുറത്തുവരിക, ഒരു സാധാരണ പൗരന്റെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആവോളം നുകരുക. അല്ലാതെ, സന്യാസിനീമഠത്തിന്റെ ആവൃതിക്കുള്ളില്‍ നിന്നുകൊണ്ട്‌ വിശ്വാസത്തിനുനേരെ കൊഞ്ഞനം കുത്തുന്നത്‌ അല്‌പത്തമാണ്‌!

see also
Join WhatsApp News
Thoams Vadakkel 2019-01-11 09:28:52
എന്താണ് സിസ്റ്റർ ലൂസി ചെയ്ത തെറ്റെന്ന് സഭയുടെ വക്താവിനെപ്പോലെ സംസാരിക്കുന്ന സിന്ധു ജോയിയുടെ എഴുത്തിൽനിന്നും യാതൊന്നും വ്യക്തമല്ല. ദാരിദ്ര വ്രതമെന്നു പറഞ്ഞാൽ ഉന്നതരായ ബിഷപ്പുമാരുടെയും പുരോഹിതരുടെയും അടിമ ജോലി ചെയ്തു ജീവിതകാലം മുഴുവൻ ജീവിക്കണമെന്നോ? ഇടയ്ക്ക് ഇഷ്ടമില്ലാതെ വന്നാൽ സന്യാസ വ്രതം ഉപേക്ഷിക്കണമെന്നും സിന്ധു പറയുന്നു. ജീവിതത്തിന്റെ ഏറിയ ഭാഗവും രക്തം ഊറ്റി കുടിച്ചു സമ്പാദിച്ചതെല്ലാം തട്ടിയെടുത്ത ശേഷം ഒരു സ്ത്രീ സന്യാസ വ്രതം ഉപേക്ഷിക്കാനുള്ള ഉപേദശം കൊടുക്കാൻ ഈ സിന്ധു ജോയ് ആര്? മദ്ധ്യവയസു കഴിഞ്ഞു സഭ വിട്ടു വരുന്ന ഒരു സ്ത്രീയുടെ ശിഷ്ടകാല ജീവിത ചെലവുകൾ ആര് വഹിക്കുമെന്ന് ഇവർ പറയുന്നില്ല. 

ഭരണഘടനയെക്കാളും പ്രാധാന്യമോ കന്യാസ്ത്രീകളുടെ മതിൽക്കെട്ടിനുള്ളിലെ ദാരിദ്ര വ്രതം? വനിതാ പോലീസുകാരും പട്ടാളക്കാരും യൂണിഫോം ഇടുന്നുണ്ടെങ്കിൽ അത് ഭരണഘടന അനുസരിച്ചാണ്. കന്യാസ്ത്രീയുടെ ദാരിദ്ര്യവ്രതം കാനോൻ നിയമം അനുസരിച്ചും. ഒരു ജനാധിപത്യ രാജ്യത്ത് മറ്റൊരു വിദേശ നിയമം വേണമോ? 

സിസ്റ്റർ ലൂസി പ്രസിദ്ധയായ കവിയായിരുന്ന സിസ്റ്റർ മേരി ബെനീഞ്ഞായുടെ അനന്തിരവൾ ആണ്. ഉള്ളൂർ മഹാകവി പോലും വാനോളം പുകഴ്ത്തിയിരുന്ന സിസ്റ്റർ ബെനീഞ്ഞാക്ക് അമ്പത് കൊല്ലം മുമ്പ് കവിതകൾ എഴുതാമായിരുന്നു. സിസ്റ്റർ ലൂസിക്ക് എഴുതാനും പാടില്ല. ഇത് എന്തു തരം കാനോൻ നിയമം? വിശ്വാസികളുടെ പണം കൊണ്ട് മേടിച്ച കാറിൽ മെത്രാന് ഒരു മില്യൺ രൂപായുടെ കാറിൽ സഞ്ചരിക്കാമെങ്കിൽ സ്വന്തമായി അദ്ധ്വാനിച്ചു മൂന്നു ലക്ഷം രൂപായ്ക്ക് മേടിച്ച കാറിൽ ഒരു കന്യാസ്ത്രി സഞ്ചരിക്കുന്നതിന് വിലക്കോ?

പാകതയില്ലാത്ത പ്രായത്തിൽ കുട്ടികളെ ചാക്കിട്ടു പിടിക്കാൻ മുതിർന്ന കന്യാസ്ത്രികൾ എല്ലാ സാധാരണ കുടുംബങ്ങളിലും വലിഞ്ഞു കയറി ചെല്ലും. കന്യാസ്ത്രിയാകാൻ ചാക്കിട്ടു പിടിക്കും. പെൺക്കുട്ടികളുടെ മാതാപിതാക്കളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു കൊണ്ട് ഒന്നുമറിയാത്ത ഈ കുട്ടികളെ കഴുതകളെപ്പോലെ ജോലി ചെയ്യിപ്പിക്കും. സിന്ധു ജോയിയെപ്പോലുള്ള ജേർണലിസ്റ്റുകൾ അവരോട് 'കടക്കൂ പുറത്തെന്ന്' പറഞ്ഞാൽ അവരുടെ ഭാവി ജീവിതത്തെ തന്നെ വെല്ലു വിളിക്കുകയാണെന്നുള്ളതും ഓർക്കണം. അതിനുള്ള നഷ്ടപരിഹാരം ആരു കൊടുക്കുമെന്നും ഇവർ പറയുന്നില്ല. 
Catholic 2019-01-11 09:51:26
ഇന്ത്യൻ നിയമ പ്രകാരം പ്രായപൂർത്തി ആയ പുരുഷനും സ്ത്രീക്കും ആരുടെ കുടെ  വേണമെങ്കിലും താമസിക്കാം. നാളെ ഒരു പുരുഷനുമായി എത്തി അതും സ്വാതന്ത്യമാണെന്നു പറഞ്ഞാൽ അംഗീകരിക്കാമോ? സന്യാസ നിയമം അനുസരിക്കാൻ പറ്റാത്തവർ ആ സമൂഹം വിട്ടു പോകണം.
മാർക്സിസ്റ് പാർട്ടിയിൽ പോരുത്തപ്പെടാതെ വന്നപ്പോൾ സിന്ധു ജോയി അന്തസായി രംഗം വിടുകയാണ് ചെയ്തത്
ഇനി കുമാരി ലൂസി സമ്പാദിച്ച് എന്ന് പറയുന്നു. എങ്ങനെ ജോലി കിട്ടി? ആര് പഠിപ്പിച്ചു? 
എങ്കിലും അവർ പിരിയുകയാണെങ്കിൽ ചെലവ് കഴിഞ്ഞുള്ള തുക നൽകാൻ സഭക്ക് ബാധ്യതയുണ്ട്. പക്ഷെ കന്യാസ്ത്രി എന്ന നിലയിൽ കിട്ടിയ  ജോലി തുടരണോ എന്ന് സഭക്ക് തീരുമാനിക്കാം.
സഭക്കുള്ളിൽ നിന്ന് സഭയെ പാര  വയ്ക്കുന്നവർ പുറത്തു പോകട്ടെ. 
Thomas Vadakkel 2019-01-11 21:54:16
"ഇന്ത്യൻ നിയമ പ്രകാരം പ്രായപൂർത്തി ആയ പുരുഷനും സ്ത്രീക്കും ആരുടെ കുടെ  വേണമെങ്കിലും താമസിക്കാം. നാളെ ഒരു പുരുഷനുമായി എത്തി അതും സ്വാതന്ത്യമാണെന്നു പറഞ്ഞാൽ അംഗീകരിക്കാമോ?" : 

കാനോൻ നിയമമനുസരിച്ച് ഒരു ബിഷപ്പ് കന്യാസ്ത്രി മഠത്തിൽ വ്യപിചരിച്ച ശേഷം ജയിൽ വാസം അനുഭവിച്ചാൽ ക്രിസ്തുതുല്യനാകുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ ഇടയലേഖനമിറക്കിയിരുന്നു. റോബിൻ അച്ചനെപ്പോലുള്ളവർക്ക് പതിനാലുകാരി പെണ്ണുങ്ങളെ പീഡിപ്പിച്ച് ഉണ്ടാകുന്ന കൊച്ചിന്റെ പിതൃത്വം പീഡിപ്പിച്ച പെണ്ണിന്റെ ചുമലിൽ വെക്കുകയും ചെയ്യാം. അഭയയെ കിണറ്റിൽ തള്ളിയിട്ടു കൊന്ന പുരോഹിതന് സഭാ തലത്തിൽ ഉന്നത സ്ഥാനങ്ങളും ലഭിച്ചു.  

"സന്യാസ നിയമം അനുസരിക്കാൻ പറ്റാത്തവർ ആ സമൂഹം വിട്ടു പോകണം.
മാർക്സിസ്റ് പാർട്ടിയിൽ പോരുത്തപ്പെടാതെ വന്നപ്പോൾ സിന്ധു ജോയി അന്തസായി രംഗം വിടുകയാണ് ചെയ്തത്".: 

സിന്ധു ജോയി കമ്മ്യുണിസം വിട്ടത് ഒരു കരിസ്മാറ്റിക്ക് ധ്യാന ഗുരുവിനെ വിവാഹം കഴിച്ചതുകൊണ്ടാണ്. അതുകൊണ്ടാണ് ഇത്രയും പൊട്ടത്തരങ്ങൾ അടങ്ങിയ ഒരു ലേഖനം അവർ പ്രസിദ്ധീകരിച്ചത്. 

"കുമാരി ലൂസി സമ്പാദിച്ച് എന്ന് പറയുന്നു. എങ്ങനെ ജോലി കിട്ടി? ആര് പഠിപ്പിച്ചു?" 

അവരുടെ പഠിക്കാനുള്ള കഴിവ് കൊണ്ട് അവർ പഠിച്ചു. പഠിച്ചത് മറ്റു പുരോഹിതന്റെയോ കന്യാസ്ത്രിയുടെയോ വീട്ടിൽ നിന്നും കൊണ്ടുവന്ന പണം കൊണ്ടല്ല. പൂർവിക പിതാക്കന്മാർ മുതൽ പള്ളിക്ക് നൽകിയ നേർച്ചപ്പണം കൊണ്ടാണ്. അതിന്റെ പത്തിരട്ടി അവർ ജോലിചെയ്ത പണം മുഴുവൻ മഠം തട്ടി എടുക്കുകയും ചെയ്തു.    

"എങ്കിലും അവർ പിരിയുകയാണെങ്കിൽ ചെലവ് കഴിഞ്ഞുള്ള തുക നൽകാൻ സഭക്ക് ബാധ്യതയുണ്ട്." 

ഇത് ഉടയവനെ പിടിച്ചു കെട്ടുന്ന കാലം. കന്യാസ്ത്രി അദ്ധ്വാനിച്ച പണം മുഴുവൻ തട്ടിയെടുത്തിട്ട് നക്കാപ്പിച്ച തുക നൽകാൻ സഭയ്ക്ക് ബാധ്യതയുണ്ടെന്നു പോലും. 'കത്തോലിക്' എന്ന വ്യക്തിയാണോ സഭയെന്നും തോന്നിപ്പോവും. 

"പക്ഷെ കന്യാസ്ത്രി എന്ന നിലയിൽ കിട്ടിയ  ജോലി തുടരണോ എന്ന് സഭക്ക് തീരുമാനിക്കാം.": 

സർക്കാരാണ് ശമ്പളം കൊടുക്കുന്നതെങ്കിൽ ജോലി തുടരണമോയെന്നു തീരുമാനിക്കുന്നത് സർക്കാരാണ്. അവർ ജോലി ചെയ്ത പണംകൂടി അപഹരിച്ചുകൊണ്ടാണ് വേലയും കൂലിയുമില്ലാത്ത ഫ്രാങ്കോയുടെ പെണ്ണുപിടി തുടർന്നുകൊണ്ടിരിക്കുന്നത്. 

"സഭക്കുള്ളിൽ നിന്ന് സഭയെ പാര  വയ്ക്കുന്നവർ പുറത്തു പോകട്ടെ":- 

സഭയ്ക്കിട്ടു പാര വെക്കുന്ന ബിഷപ്പ് അറയ്ക്കനേയും ഫ്രാങ്കോയെയും ഭൂമി തട്ടിപ്പുകാരെയും ഉടനടി സഭയിൽ നിന്ന് പുറത്താക്കേണ്ടിയിരിക്കുന്നു. അടിമകളായ സകല കന്യാസ്ത്രികളെയും മോചിപ്പിച്ച് കന്യാസ്ത്രി മഠം തന്നെ പൂട്ടേണ്ടിയിരിക്കുന്നു. 
Catholic 2019-01-11 22:39:30
എന്തിനാ വടക്കേല്‍ ചേട്ടാ എഴുതാപ്പുറം വായിക്കുന്നത്?ഒരു ഫ്രാങ്കോയോ കൊക്കനോ അല്ലല്ലൊ സഭ. അവര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. ആരു വേണ്ടെന്നു പറയുന്നു. അതേ സമയംതകര്‍ച്ചയില്‍ നില്‍ക്കുന്ന ഒരാളെ പാടെ തള്ളിക്കളയാത്തത് ക്രൈസ്തവ വിശ്വാസവുമാണ്. പാപികള്‍ക്കു വേണ്ടിയുള്ളതാണല്ലൊ സഭ.
പക്ഷെ അതൊരു ലൈസന്‍സ് ആയി സഭാ ചട്ടം ലംഘിക്കാനും വേലി ചാടാനും ഉപയോഗിക്കാമോ? ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ അതു നടക്കുമോ? അവിടടത്തെ നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ പിരിഞ്ഞു പോകണം. ഇല്ലെങ്കില്‍ പിരിച്ചു വിടണം.
സഭയെ ഉപയോഗിച്ചു പഠിച്ചു ജോലി കിട്ടി. ദാരിദ്ര്യ വ്രതം എടുത്ത വ്യക്തിയില്‍ നിന്നു തട്ടിയെടുത്ത് എന്നു പറയുന്നതില്‍ എന്തു ന്യായമുണ്ട്.? മഠത്തില്‍ ചേരാന്‍ ആരും നിര്‍ബന്ധിച്ചില്ലല്ലൊ.
കന്യാസ്ത്രി മഠം പൂട്ടണൊ എന്നു വിശ്വാസികള്‍ തീരുമാനിക്കും. പുറത്തുള്ളവര്‍ പറഞ്ഞു കൊണ്ടിരിക്കൂ. അതു നിങ്ങലുടെ അഭിപ്രായം
അമേരിക്കയില്‍ 40,000 കത്തോലിക്ക വൈദികരുണ്ട്. അതില്‍ 10 ശതമാനം പോലും ആരോപണ വിധേയരാകുന്നില്ല. അതാണു സത്യം. ക്രിസ്തു തെരെഞ്ഞെടുടുത്ത യൂദാസ് വരെ ഒറ്റുകാരനായി.
ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോല്‍ ഒരക്ഷരം മിണ്ടാത്തവരാണു സഭാ സ്വത്തിനെപറ്റിയൊക്കെ അഭിപ്രായം പറയുന്നത്
രക്ഷകന്‍ ഫ്രാങ്കോ 2019-01-12 12:01:54

ഫ്രാങ്കോ ദിവ്യന്‍ ആണ് എങ്കില്‍ ഇത്തരം കുറെ ദിവ്യന്മാരെ നമുക്ക് വേണം. ഇവര്‍ കന്യകമാരെ ബലാല്‍സംഗം ചെയുമ്പോള്‍ ഒരു വീര പുരുഷന്‍ എങ്കിലും ജനിക്കും. അവന്‍ ആയിരിക്കും നമ്മുടെ രഷകന്‍. ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ള അവതാരങ്ങള്‍ ഉണ്ടാകട്ടെ. മലയളിയും സഭയും രക്ഷ പെടാന്‍ മറ്റു മാര്‍ഗം ഒന്നും കാണുന്നില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക