Image

ഒരു പ്രതീക്ഷ-( ലേഖനം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം) Published on 11 January, 2019
ഒരു പ്രതീക്ഷ-( ലേഖനം: ജോണ്‍ വേറ്റം)
ആദ്യവത്സരം എപ്പോള്‍ ആരംഭിച്ചുവെന്ന് കാലഗണനം തിട്ടപ്പെടുത്തിയിട്ടുണ്ടോ? പഞ്ചാംഗങ്ങള്‍ രചിച്ച ചരിത്രം വസ്തുതകളുമായി ഭിന്നിക്കുന്നു. അവ എന്തുതന്നെയായാലും പോയ വര്‍ഷത്തിന്റെ വര്‍ണ്ണഭാവങ്ങള്‍ മടങ്ങിവരില്ല! എങ്കിലും, അത് ഭൂമുഖത്ത് കൊത്തിവച്ച ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വിരുദ്ധരൂപങ്ങള്‍ അനുഭവങ്ങളുടെ അടയാളമായി അവശേഷിക്കുന്നു. ഭാവിലോകത്തിന്റെ ഭാഗധേയത്തിന് അവ സഹായിക്കും. ആണ്ടിന്റെ ആരംഭം മുതല്‍ അന്ത്യം വരെ, കേരളത്തിലും ലോകമെമ്പാടും ഉണ്ടായ സംഭവങ്ങള്‍ മനു്ഷ്യവികാരങ്ങളെ ആര്‍ദ്രമോ ആഗ്നേയമോ ആക്കിയ അത്ഭുതങ്ങളായിരുന്നു.

ഭൂകമ്പവും ജലപ്രളയവും പോലുള്ള വിപത്തുകള്‍ വിത്യക്കുന്ന പ്രതിഭാസങ്ങള്‍, ദൈവത്തിന്റെ പ്രവൃത്തിയാണെന്നു പ്രസംഗിക്കുന്നവരും അതിജീവനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും ഉണ്ട്. തിന്മയും ദുഷ്ടതയും ഭൂമിയില്‍ നിന്നും മാറ്റുവാന്‍ പരമാധികാരിയാം സ്രഷ്ടാവ് വരുത്തുന്ന വിനയാണ് പ്രകൃതിദുരന്തമെന്നും, അതു അന്ത്യനാളുകളുടെ ലക്ഷണമാണെന്നും മതസംഘടനകള്‍ പഠിപ്പിക്കുന്നു! ഭൂമികുലക്കവും, മഹാമാരിയും, സുനാമിയും പണ്ട് മുന്നറിയിപ്പില്ലാതെ വരുന്ന മുന്‍കൂട്ടികാണാന്‍ കഴിയാത്ത ഭയാനകസംഭവങ്ങളായിരുന്നു. ഇപ്പോള്‍, ഇവ സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പ് കാലാവസ്ഥാപഠനം നല്‍കുന്നു. സംഹാരകരമായ ജലപ്രളയവും, മണ്ണിടിച്ചിലും, മഹാമാരിയും കേരളത്തില്‍ നാശം വിതച്ചു! അത്, ദൈവപരീക്ഷണമോ ശിക്ഷയോ ആയിരുന്നുവെന്ന് കരുതാനാവില്ല. എന്നാല്‍, അന്നാട്ടില്‍ അധിവസിക്കുന്ന ജനത്തിന്റെ സ്വഭാവത്തില്‍, അല്പമെങ്കിലും മാറ്റം വരുത്തുവാന്‍ അതിന് സാധിച്ചു. സമ്പത്തിന്റെയും, സുഖത്തിന്റെയും, സൗഖ്യത്തിന്റെയും അസ്ഥിരതയെക്കുറിച്ച് ചിന്തിക്കുവാന്‍ അത് നിര്‍ബന്ധിച്ചും മനസ്സില്‍ കെട്ടിവെച്ച അഹന്തവെടിഞ്ഞ്, സഹാനുഭൂതിയോടും സ്‌നേഹത്തോടുംകൂടി അന്യോന്യം സഹായിക്കുവാന്‍ സന്നദ്ധരാക്കി. സമ്പന്നതയില്‍ നിന്നും, പരിശൂന്യതയിലും പരാശ്രയത്തിലും പാടേ നിപതിച്ചവരുടെ തിക്താനുഭവം ഗുണപാഠമായി. സമസൃഷ്ടിസ്‌നേഹവും, സഹാനുഭൂതിയും സഹതാപവും ഇല്ലാത്ത മനസ്സുകളില്‍, മാനസാനന്തരം ഉണ്ടാകുന്നതിനും സാഹചര്യം സഹായിച്ചു. കണ്ണീരോടെ, സഹായത്തിനുവേണ്ടി, ദൈവത്തെ വിളിച്ച നിരീശ്വരവാദികളും കുറവല്ല!

പ്രവാസിമലയാളികള്‍, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍, ജന്മദേശത്തെ ആകാംക്ഷയോടെ വീക്ഷിച്ചതും പെട്ടെന്ന് സഹായമെത്തിച്ചതും അഭിനന്ദനീയം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ സഹായസഹകരണങ്ങള്‍ സമയോചിതമായിരുന്നു. എന്നാലും, ആ നന്മക്ക് പിന്നാലെ, ഒരു തിന്മയുടെ അന്ധകാരം കേരളത്തെ കളങ്കപ്പെടുത്തി! സ്ത്രീകള്‍ക്ക്  സുപ്രീംകോടതിവിധി നല്‍കിയ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു! സ്ത്രീകളെ അവഗണിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന ആചാര ഭ്രമത്തോടെ, ദുഷ്ചിന്തയോടെ മതസംഘടനകളും രാഷ്ട്രീയകകഷികളും സ്ത്രീകളുടെ വഴിമുടക്കി. വര്‍ഗ്ഗവര്‍ണ്ണവ്യത്യാസം തലഉയര്‍ത്തി. മഹത്തായ മാതൃത്വത്തെ മറന്നു! ഭാര്യയും സഹോദരിയും സ്ത്രീയാണെന്ന ചിന്ത ഉണ്ടായില്ല. മാനിക്കപ്പെടേണ്ടത് സ്ത്രീകളല്ലെന്നും ആചാരമാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിച്ചു. ഇക്കാരണത്താലും, പോയവര്‍ഷം കേരളചരിത്രത്തില്‍ കോറിയിട്ടത് കലുഷിത കേരളത്തിന്റെ കോലമാണ്.

ഭാരതീയസ്ത്രീകളില്‍ അറിവും ഉദ്യോഗവും വിദ്യാഭ്യാസവും ഉള്ളവര്‍ വര്‍ദ്ധിക്കുന്നു. എന്നാലും, അസമത്വത്തിന്റെയും, അസ്വതന്ത്രതയുടെയും, പുരുഷാധിപത്യത്തിന്റെയും ഭാരം ചുമക്കുന്നവരാണ് ഭൂരിപക്ഷം. അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും അവരുടെ നിയമപരമായ അവകാശങ്ങളെ അംഗീകരിക്കുന്നില്ല. കാണാമറയത്ത് നാട്കടത്തപ്പെടുന്ന കച്ചവടച്ചരക്കുകളും മാംസത്തൊഴിലാളികളുമാക്കി മാറ്റപ്പെടുന്ന, പാവങ്ങളായ സ്ത്രീകളുടെ സംഖ്യ വര്‍ദ്ധിക്കുന്നു. വ്യഭിചാരം പരമ്പരാഗത ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുന്ന ഗ്രാമീണവനിതകളുമുണ്ടല്ലോ! സ്ത്രീസമത്വത്തിന്നെതിരേ പ്രതികരിക്കാന്‍ അഭ്യസ്തവിദ്യരായ സ്ത്രീകളെ വക്താക്കളാക്കുന്ന മതതന്ത്രവും പൊന്തിവന്നിട്ടുണ്ട്. ആചാരങ്ങളുടെ പേരില്‍ സ്ത്രീകളെ വക്താക്കളാക്കുന്ന മതതന്ത്രവും പൊന്തിവന്നിട്ടുണ്ട്. ആചാരങ്ങളുടെ പേരില്‍ സ്ത്രീജനത്തെ അടിമകളാക്കി ഉപയോഗിച്ച ഗതകാലചരിത്രം മാഞ്ഞിട്ടില്ല. 'സതി' എന്ന ദുരാചാരത്തിന്റെ ചിതയില്‍ സ്ത്രീകളെ കത്തികൊന്ന കൊടുക്രൂരത എന്നു ശപ്തസ്മരണയാണ്! ആചാരം നാമകരണം ചെയ്ത ദേവദാസികളുടെ കര്‍ത്തവ്യം എന്തായിരുന്നു? മാംസത്തൊഴിലാളികള്‍ പിന്നിട്ട വഴികളും ചെന്നുചേരുന്നത് അന്ധമായ ആചാരങ്ങളിലത്രേ. വേശ്യകള്‍ക്ക് കുളിക്കുവാന്‍ പ്രത്യേക കുളങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബൈബിള്‍(1.രാജാക്കന്മാര്‍ 22:38). വേശ്യയുടെ കൂലിയും നായയുടെ വിലയും ദേവാലയത്തില്‍ നേര്‍ച്ചയായി കൊടുക്കരുതെന്ന് വിലക്കുണ്ടായിരുന്നു(ബൈബിള്‍. ആവര്‍ത്തനപുസ്തകം 23:18). അവിവാഹിതരായ സ്ത്രീകള്‍ ബലാല്‍സംഗത്താല്‍ ഗര്‍ഭം ധരിച്ചാല്‍, അതു തെളിയിക്കാന്‍ കഴിയാത്തവരെ, കുഴിയില്‍ നിറുത്തി കറുത്ത തുണികൊണ്ട് തലമറച്ച് കല്ലെറിഞ്ഞ് കൊല്ലുമായിരുന്നത്രേ. ഇപ്പോഴും, സ്ത്രീകളെ അധഃസ്ഥിതരും നിസ്സഹായകരുമാക്കുന്ന അനീതി തുടരുന്നു!

അസമത്വങ്ങള്‍ നിറഞ്ഞ ഒരു ലോകത്താണ് മനുഷ്യന്‍ ജീവിക്കുന്നത്! ഇതിന് മാറ്റം വരുത്തണമെങ്കില്‍, സകലരും തുല്യരാണെന്ന വാസ്തവം മനസ്സിലാക്കണം. അതിന്, മനുഷ്യത്വവും സമഭാവനയും ആവശ്യമാണ്. സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുന്ന നിഷ്പക്ഷനിയമം നടപ്പാക്കണം.
തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക