Image

ശബരിമലയിലേക്ക് വരും; എന്നാല്‍ അത് ഇപ്പോഴില്ലെന്ന് തൃപ്തി ദേശായി

Published on 12 January, 2019
ശബരിമലയിലേക്ക് വരും; എന്നാല്‍ അത് ഇപ്പോഴില്ലെന്ന് തൃപ്തി ദേശായി
ശബരിമലയിലേയ്ക്ക് താന്‍ വീണ്ടും വരുന്നു എന്നുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി രംഗത്ത്. ശബരിമലയിലേയ്ക്ക് താന്‍ വീണ്ടും വരുന്നു എന്നുള്ള പ്രചാരണങ്ങള്‍ തെറ്റെന്ന് പറഞ്ഞ തൃപ്തി 'ഈ സീസണില്‍ മലചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തനിക്കെതിരെയുള്ള ഇത്തരം പ്രചാരണങ്ങള്‍ ഗൂഢ ഉദ്ദേശത്തോടെ'യാണെന്നും വ്യക്തമാക്കി. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് യുവതീ പ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം ആ സ്ത്രീകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും തൃപ്തി ദേശായി പറഞ്ഞു. ഈ സീസണില്‍ തന്നെ തൃപ്തി സന്നിധാനത്ത് എത്തുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് തൃപ്തി രംഗത്തെത്തിയത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണിയും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും ഇക്കഴിഞ്ഞ ജനുവരി രണ്ടിന് സന്നിധാനത്ത് എത്തിയിരുന്നു. പോലീസ് സംരക്ഷണത്തിലാണ് ദള്‍ശനം നടത്തിയതെന്ന് ഇരുവരും പറഞ്ഞിരുന്നു. പമ്ബയിലെത്തി പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പമ്ബയില്‍നിന്ന് സന്നിധാനം വരെയുള്ള യാത്രയില്‍ ഏതാനും ഭക്തര്‍ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമുണ്ടായില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, പോലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി നേരത്തെ അറിയിച്ചിരുന്നു. ഏഴ് സ്ത്രീകളും ദര്‍ശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും തങ്ങളുടെ യാത്രയുടെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, തൃപ്തി വരുന്ന വിവരം നേരത്തെ അറിഞ്ഞ പ്രതിഷേധക്കാര്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ തുടരേണ്ടതായി വന്നു. പ്രതിഷേധം കനത്തതോടെ യാത്ര ഉപേക്ഷിച്ച്‌ തൃപ്തിയും സംഘവും മടങ്ങി. എന്നാല്‍, ഉടനെ തിരിച്ച്‌ വരുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃപ്തി അന്ന് മടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക