Image

ഒരു പ്രതീക്ഷ- ജോണ്‍ വേറ്റം (ഭാഗം: 2- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 12 January, 2019
ഒരു പ്രതീക്ഷ- ജോണ്‍ വേറ്റം (ഭാഗം: 2- ജോണ്‍ വേറ്റം)
വേണ്ടവിധം തിന്നുംകുടിച്ചും വിശ്രമിച്ചും സന്തോഷത്തോടെ ജീവിക്കാതെ മക്കളെ പോറ്റിവളര്‍ത്തുന്ന മാതാപിതാക്കളെ, അവരുടെ വാര്‍ദ്ധക്യത്തില്‍, അവശരും അശരണരുമാക്കി പുറന്തള്ളുന്ന രീതി പൂര്‍വ്വാധികമായി. കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന മറ്റൊരു ദാരുണവര്‍ദ്ധനവ് വിവാഹമോചനത്തിന്റേതാണ്. അസംതൃപ്തിയും, അവിഹിതവേഴ്ചയും, അനാരോഗ്യവും, സാമ്പത്തികത്തകര്‍ച്ചയും ഇതിന് ദമ്പതികളെ പ്രേരിപ്പിക്കുന്നു. അവിവാഹിതസഹവാസം ഇഷ്ടപ്പെടുന്നവരുടെയും, ഏകാന്തജീവിതം നയിക്കുന്നവരുടെയും, സ്വവര്‍ഗ്ഗവിവാഹിതരുടെയും വികസനം പോയവര്‍ഷം കണ്ടു. കുടുംബജീവിതം സംവിധാനം ചെയ്യുന്ന ഉപദേശകസ്ഥാപനങ്ങളും ഉണ്ടായി. ആരോഗ്യസംരക്ഷണത്തിലും, ഭരണരീതിയിലും, വസ്ത്രധാരണത്തിലും വ്യക്തിജീവിതത്തിലും ശ്രദ്ധേയമായ മാറ്റം വന്നു. വാര്‍ത്താവിനിമയരംഗം മെച്ചപ്പെട്ടതോടെ, പുരോഗതിയുടെ പുതുപാതകളും തുറക്കപ്പെട്ടു!

ആത്മീയരംഗത്തുള്ള വേദങ്ങള്‍, സങ്കല്പങ്ങളിലധിഷ്ഠിതവും ജനതകളെ, നയിക്കാനും നിയന്ത്രിക്കുന്നതിനും വേണ്ടി മനുഷ്യന്‍ സൃഷ്ടിച്ചതാണെന്നും വിശ്വസിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. മരണാനന്തരജീവിതവും നരകവും സ്വര്‍ഗ്ഗവും ഉണ്ടെന്ന് തെളിയിക്കാതെ ഊഹങ്ങളില്‍ ഒതുക്കിവച്ചിട്ടുള്ള, ഭീതിപ്പെടുത്തുന്ന, തന്ത്രപരമായ പ്രമാണങ്ങളത്രേ. ഈശ്വര ശാസ്ത്രവും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ ഭിന്നിക്കുന്നു. പഴമക്കാരുടെ ആചാരാനുഷ്ഠാനങ്ങളോട് പൊരുത്തപ്പെടാന്‍ പുത്തന്‍ തലമുറക്ക് പ്രയാസം. ശാസ്ത്രസാങ്കേതിക വിദ്യപകരുന്ന പരിജ്ഞാനമാണ് അതിന്റെ പ്രധാനകാരണം. ഈശ്വരന്‍ സ്വയംഭൂവും പ്രപഞ്ചത്തിന്റെ സ്രഷ്ഠാവുമെന്ന് ബഹുജനം കരുതുമ്പോഴും, വിവിധമതങ്ങളിലുള്ള നല്ല നല്ല സിദ്ധാന്തങ്ങളെ മാനിച്ചും, വിഭാഗീയത വെടിഞ്ഞും, മതേതരമായ മനുഷ്യസ്‌നേഹത്തെ മുറുകെപിടിച്ചും മുന്നേറുന്ന ജനവിഭാഗമുണ്ട്. ഒരുമയും, പരസ്പരസഹകരണവും, സേവനം ഭാവിനന്മക്ക് ആവശ്യമെന്നു വിശ്വസിക്കുന്നവര്‍. ആത്മീയരംഗത്തുനിന്നും ക്രമേണ അകന്നുപോകുന്ന തലമുറയാണ് മുന്നിലുള്ളത്. യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കുന്നവര്‍. മതമണ്ഡലങ്ങളില്‍ പ്രകടമാകുന്ന അനാചാരം, അഴിമതി, കലഹം, ലൈംഗീകതതിന്മ, വിഭാഗീയത, വ്യവഹാരം എന്നിവ യുവജനങ്ങളെ നിരാശരാക്കുന്നു. അവര്‍, ആത്മീയതയെക്കാള്‍ ഏറെ ഇഷ്ടപ്പെടുന്നത് സ്വാതന്ത്ര്യവും കൗമാരപ്രണയവുമാണ്. മതാധിഷ്ഠിത നിയന്ത്രണം അവരെ അസ്വസ്ഥരാക്കുന്നു! എങ്കിലും, കാലാനുസൃതമായി ലോകത്തെ മെച്ചപ്പെടുത്തുവാന്‍ അവര്‍ക്ക് കഴിയുന്നു.

സുഖിദിതമായ ശാസ്ത്രനേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു 2018. പുതിയ ചികിത്സാരീതികളും രോഗനിവാരണമാര്‍ഗ്ഗങ്ങളും കണ്ടെത്തി. ബഹിരാകാശത്തും, ജനിതകമാറ്റത്തിലും, പര്യവേഷണത്തിലും, ആര്‍ജ്ജിച്ച നേട്ടങ്ങള്‍ ഭാവിനന്മയ്ക്കുസഹായിക്കും. എന്നാലും, അഴിമതിയും കൊള്ളയും കൊലപാതകവും മനുഷ്യജീവിതത്തിന്റെ സുഖവും സ്വസ്ഥതയും കെടുത്തുന്നു! ആത്മഹത്യയും, കടന്നാക്രമണവും, ഭവനഭേദനവും, നിയമത്തിനും മരണശിക്ഷക്കുപോലും ഈ ഭ്രമാത്മകസാഹചര്യത്തെ തടയുവാനോ തുടച്ചുനീക്കുവാനോ സാധിക്കുന്നില്ല. ജാതിചിന്തയോടുകൂടിയ ഭരണവും, ന്യൂനപക്ഷവിഭാഗങ്ങളുടെ വളര്‍ച്ചയെ മനഃപൂര്‍വ്വം നിയന്ത്രിക്കുന്ന ഭരണസമ്പ്രദായവും ഉണ്ടായി! പുരാതന ആചാരങ്ങളുടെ പുനര്‍ജനനവും, കുഞ്ഞുങ്ങളെ കഴുത്തറുത്തുകൊല്ലുന്ന ദുര്‍മ്മന്ത്രവാദങ്ങളും, ദ്വിലിംഗ ജനവിഭാഗത്തിന്റെ വികസനവും, കാട്ടുതീയുടെ ആക്രമണവും, ദുരഭിമാനക്കൊലപാതകവും, രാഷ്ട്രത്തലവന്മാരുടെ അപൂര്‍വ്വസമ്മേളനങ്ങളും പോയവര്‍ഷത്തിന്റെ ചരിത്രരേഖകളായി.

വിദേശമലയാളികള്‍ ലോകമെമ്പാടും ജീവിക്കുന്നുവെങ്കിലും, അവരുടെ ദേശാഭിമാനവും മലയാളഭാഷയോടുള്ള സ്‌നേഹവും പരസ്പരസമ്പര്‍ക്കവും വിച്ഛേദിക്കാവുന്നതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നാശംവിതച്ച പ്രളയവേളയില്‍, കണ്ണുനീര്‍ക്കയത്തിലും കഠിനകഷ്ടതയിലും വഴുതിവീണ സ്വദേശസഹോദരങ്ങളെ താങ്ങിനിര്‍ത്തുവാന്‍ സഹായിച്ച വിദേശമലയാളികളുടെ സമയോചിതപെരുമാറ്റം അവിസ്മരണീയവും അഭിനന്ദനാര്‍ഹവുമാണ്. എന്ന് വരികിലും, അമേരിക്കന്‍ മലയാളിസമൂഹത്തില്‍ ജാതിചിന്തയുടെ വേരുകള്‍ നീളുന്നുവെന്നത് യാഥാര്‍ത്ഥ്യമായി. ജാതിവ്യത്യാസവും, വിഭാഗീയതയും നിലനിര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയും ആവശ്യബോധവും അതിന് വളവും വെള്ളവുമാകുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന, ഐക്യവിരുദ്ധസംഘടനകളുടെ വക്താക്കളും പ്രചാരണവുമാണ് ഈ വിഭക്തതയുടെ പിന്തുണ. അമേരിക്കന്‍ മലയാളിയുടെ ഏകോപനത്തെ മുറിപ്പെടുത്തുവാന്‍ ഇതിന് കഴിയുമെന്ന ചിന്തയും ഉണ്ടായിട്ടുണ്ട്. ആകുലതപകരുന്ന ഈ സാഹചര്യത്തില്‍, പെരുമാറ്റത്തിലും പ്രവര്‍ത്തിയിലും സകലരേയും, സഹോദരങ്ങളായി കരുതുന്ന ഒരു ജീവിതശൈലി പങ്കിടുവാന്‍ അമേരിക്കന്‍ മലയാളിക്ക് കഴിയണം.

നോര്‍ത്തമേരിക്കയിലെ മലയാള സാഹിത്യരംഗത്തും പൂര്‍വ്വാധികം പുരോഗതി ഉണ്ടായി. അമേരിക്കയിലെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഇമലയാളി'യും, 'വിചാരവേദി,' 'ലാന' എന്നീ സാഹിത്യസംഘടനകളും, സാഹിത്യകാരന്മാര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കി. എന്നാലും മലയാളഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും, മാദ്ധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനും, പുസ്തകപ്രസാധകരും വിതരണസൗകര്യങ്ങളും ഉണ്ടാകുന്നതിനും വേണ്ടവഴികള്‍ തുറക്കേണ്ടതാണ്.

ഒരേ മനസ്സില്‍ ഉളവാക്കുന്നതാണ് നന്മതിന്മകള്‍. വികാര വിചാരങ്ങളുടെ ആര്‍ദ്രതയും സാന്ദ്രതയും ഉണ്ടാകുന്നതും മറ്റൊരിടത്തല്ല. ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ ശാസ്ത്രപുരോഗതിക്കും സാധിക്കുന്നില്ല. അവര്‍ണ്ണരും, ഈശ്വരവിശ്വാസികളും, തത്വചിന്തകരും, നാസ്തികരും, ബുദ്ധിജീവികളും, യുക്തിവാദികളും, വിദ്യാസമ്പന്നരും, വേദപണ്ഡിതന്മാരും, സവര്‍ണ്ണരും, സാമാന്യജനങ്ങളും ഉള്‍പ്പെട്ട, ലോകമെങ്ങുമുള്ള, സാഹിത്യപ്രവര്‍ത്തകസംഘം ഭാവിലോകത്തിന് എന്ത് നല്‍കും? സര്‍വ്വര്‍ക്കും സമത്വവും, സമാധാനവും സ്വാതന്ത്ര്യവും, സുരക്ഷയും നല്‍കുന്ന ഒരു ഭരണക്രമം ആവിഷ്‌കരിച്ചു പ്രാബല്യത്തില്‍ വരുത്തുവാന്‍ അവര്‍ക്ക് സാധിക്കുമോ? ഒരിക്കലും നിലയ്ക്കാത്ത പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നീളുന്ന നേരം നല്‍കുന്നത്, എന്തായിരിക്കുമെന്ന് നിശ്ചയിക്കാനും ഒരു പ്രഭവസ്ഥാനമില്ല. എന്നാലും, മനസ്സാക്ഷിപരമായി സ്വന്തതീരുമാനമെടുത്തു സ്വതന്ത്രമായി ജീവിക്കുന്ന ഭാവിതലമുറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അറിവും പരിശീലനവും സിദ്ധിച്ച, പ്രപഞ്ചത്തിന്റെ സകലതലങ്ങളെയും ജ്ഞാനംകൊണ്ട് ദര്‍ശിക്കുന്ന, ആര്‍ജ്ജിതശക്തിയുള്ള പുത്തന്‍തലമുറയില്‍ നിന്നും, പുതിയ സാഹിത്യകാരന്മാര്‍ ഉണര്‍വ്വും നന്മയുമായി ഉയര്‍ന്നുവരുമെന്ന് വിശ്വസിക്കാം. ജാതിമതരാഷ്ട്രീയ ശക്തികളുടെ സ്വാധീനത്തിനു വഴങ്ങാതെ ഏത് ഐക്യവിരുദ്ധശക്തികളെയും അതിജീവിക്കുന്ന സാഹിത്യകാരന്മാരും, അവരെ പ്രോത്സാഹിപ്പിക്കുന്ന മാദ്ധ്യമങ്ങളും, യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്ന വായനക്കാരും ചേര്‍ന്ന് ഈ ലോകത്ത് ഒരു പുതിയ ഭാവി പണിയുമെന്ന് പ്രത്യാശിക്കാം.
(അവസാനിച്ചു)

ഒരു പ്രതീക്ഷ- ജോണ്‍ വേറ്റം (ഭാഗം: 2- ജോണ്‍ വേറ്റം)
Join WhatsApp News
Life is not a Jolly ride 2019-01-12 06:23:35
Life is not always a jolly journey
you may get stranded in darkness in a deep forest of problems;
don't panic, stay cool & wait for the Dawn
And look up, you may find some shining Stars!!!!!!!!!!

andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക