Image

ഫോമാ നവകേരള ഗ്രാമത്തിന് തിരുവല്ലയില്‍ തുടക്കമാകുന്നു

അനില്‍ പെണ്ണുക്കര Published on 12 January, 2019
ഫോമാ നവകേരള ഗ്രാമത്തിന് തിരുവല്ലയില്‍ തുടക്കമാകുന്നു
നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ തിരുവല്ലയില്‍ ഒരുക്കുന്ന ഭവന നിര്‍മ്മാണ പ്രോജക്ടിന് ഞായറാഴ്ച തുടക്കമാകുന്നു .പദ്ധതിപ്രദേശമായ തിരുവല്ല കടപ്ര ട്രാവന്‍കൂര്‍ ഷുഗര്‍ കമ്പനിക്ക് സമീപം ഫോമാ വില്ലേജ് പ്രോജക്ടിനായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സ്ഥലത്ത് കേരളം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും .

മധ്യ തിരുവിതാംകൂറില്‍ ഏറെ നാശനഷ്ടമുണ്ടാക്കിയ പ്രളയത്തിന്റെ കെടുതികള്‍ ഇപ്പോഴും അനുഭവിക്കുന്ന മേഖലയാണ് പത്തനം തിട്ട ജില്ലയിലെ നിരണം, തലവടി, കടപ്ര, മാന്നാര്‍ എന്നെ സ്ഥലങ്ങള്‍ .ഇവിടെ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഫോമയുടെ തിരുവല്ല വില്ലേജ് പ്രോജക്ടില്‍ വീടുകള്‍ ലഭിക്കും.തുടക്കത്തില്‍ ഇരുപതു വീടുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും ഏതാണ്ട് മുപ്പത്തിയഞ്ചു വീടുകളെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് നല്‍കാനാണ് ഫോമാ നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം .വീടുകള്‍ കൂടാതെ വായനശാല ,കമ്യൂണിറ്റി ഹാളും നിര്‍മ്മിക്കും. അങ്ങനെ മധ്യതിരുവിതാം കൂറില്‍ ഫോമയുടെ ഒരു സാംസ്കാരിക ഗ്രാമത്തിനു തുടക്കമിടുകയാണ് ഫോമാ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ലക്ഷ്യം .

പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായ സമയത്ത് നാട്ടിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ ഫിലിപ്പ് ചാമത്തില്‍ ,അസോ .ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ ,ജോയിന്റ് സെക്രട്ടറി സജു ജോസഫ് ,ഫോമാ സ്ഥാപക യൂത്ത് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കളും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു .

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയാല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമ തയ്യാറാണെന്ന് അറിയിച്ചതിന്റെ ഫലമായാണ് ഫോമാ വില്ലേജിനായി വീടുകള്‍ വയ്ക്കാനുള്ള സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മതം ഫോമയ്ക്ക് ലഭിക്കുന്നത് .

എല്ലാം കൊണ്ടും വളരെ സൗകര്യ പ്രദമായ സ്ഥലമാണിത്. തിരുവല്ല ,ചെങ്ങന്നൂര്‍, മാന്നാര്‍ ,മാവേലിക്കര ഭൗങ്ങളില്‍ നിന്നും അരമണിക്കൂര്‍ യാത്രയ്ക്കുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലമാണിത്. അതു കൊണ്ടു തന്നെ വീടുകള്‍ ലഭിക്കുന്നവര്‍ക്ക് താമസത്തിനോ മറ്റ് സൗകര്യങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തിരുവല്ല പ്രോജക്ട് പൂര്‍ത്തീകരിക്കുക. ഫോമയുടെയും ,മെമ്പര്‍ അസ്സോസിയേഷനുകളുടേയും സഹായം ,അമേരിക്കന്‍ മലയാളികളുടെ സഹായം, നാട്ടില്‍ നിന്ന് ഈ പ്രോജക്ടുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ തുടങ്ങിയവരെയെല്ലാം ഈ നന്മ നിറഞ്ഞ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു .ഫോമയുടെ പല റീജിയനുകളും നവകേരള ഗ്രാമം ഒരുക്കുന്നതിനായി നിരവധി വീടുകള്‍ ഓഫര്‍ ചെയ്തുകഴിഞ്ഞു .

ഫോമാ ഫണ്ട് റേസിങ്ങ് ചെയര്‍മാന്‍ ശ്രീ.അനിയന്‍ ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ തുടങ്ങിയവരാണ് ഫോമാ വില്ലേജ് പ്രോജക്ടിന്റിന് നേതൃത്വം നല്‍കുന്നത് .തിരുവല്ല പ്രോജക്ടിന്റെ ചെയര്‍മാനായി ഉണ്ണിക്കൃഷ്ണനെയും ഫോമാ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട് .

പത്തനംതിട്ട ജില്ലയില്‍ ദുരന്തത്തില്‍ അകപ്പെട്ട, വീടുകള്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീടുകള്‍ നല്‍കണമെന്നാണ് ഫോമയുടെ ആഗ്രഹം. വളരെ ചെറിയ ബജറ്റില്‍ മനോഹരമായ കെട്ടുറപ്പുള്ള ഒരു വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ അമേരിക്കന്‍ മലയാളികളുടെ ഇന്നത്തെ സാഹചര്യത്തിന് കഴിയും. മനസുണ്ടായാല്‍ മാത്രം മതി. അമേരിക്കന്‍ മലയാളി സമൂഹം ചാരിറ്റിയുടെ കാര്യത്തില്‍, അത് നടപ്പിലാക്കുന്ന കാര്യത്തില്‍ കാണിക്കുന്ന കൃത്യതയും,അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിക്കുന്നതിലും എന്നും മുന്‍ പന്തിയിലാണ്.അതുകൊണ്ട് എത്ര വീടുകള്‍ നിര്‍മ്മിക്കുവാനുമുള്ള സഹായ സഹകരണം സംഘടനാ തലത്തിലും, വ്യക്തിപരമായും ഫോമയ്ക്ക് ലഭിക്കും. എന്തു ചെറിയ സഹായം വേണമെങ്കിലും ഇതിനായി നല്‍കാം. കേരളത്തിന്റെ നവസൃഷ്ടിക്ക് ഒപ്പം കൂടുന്നു എന്ന സന്തോഷം ഒപ്പം കൂട്ടിയാല്‍ മാത്രം മതി.

ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയും സഹകരണവും ലഭിക്കുന്നതിന് വേണ്ടി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍,ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്,ജോ;സെക്രട്ടറി സജു ജോസഫ്,ജോ;ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത് .

ഞായറാഴ്ച രാവിലെ ഒന്‍പത് മുപ്പതിന് കടപ്രയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ആന്റോ ആന്റണി എം പി,എം എല്‍ എ മാരായ മാത്യു ടി തോമസ് ,രാജു ഏബ്രഹാം,വീണാ ജോര്‍ജ്,സജി ചെറിയാന്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുള്ള പ്രഗത്ഭര്‍ പങ്കെടുക്കും
ഫോമാ നവകേരള ഗ്രാമത്തിന് തിരുവല്ലയില്‍ തുടക്കമാകുന്നു ഫോമാ നവകേരള ഗ്രാമത്തിന് തിരുവല്ലയില്‍ തുടക്കമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക