Image

അകാലത്തില്‍ പൊലിഞ്ഞ അഭിനയ പ്രതിഭ- റാണി ചന്ദ്ര (റജി നന്തികാട്ട്)

Published on 13 January, 2019
അകാലത്തില്‍ പൊലിഞ്ഞ അഭിനയ പ്രതിഭ- റാണി ചന്ദ്ര (റജി നന്തികാട്ട്)
റാണിചന്ദ്ര ഓര്‍മ്മയായിട്ട് നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും മലയാള ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു ആ അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകത. മലയാള സിനിമയുടെ നിത്യദുരന്തങ്ങളില്‍ ഒന്നാണ് റാണിചന്ദ്ര. കെ. ജി. ജോര്‍ജ്ജിന്റെ 'സ്വപ്നാടനം', രാജീവ്‌നാഥിന്റെ 'തണല്‍' ഐ. വി. ശശിയുടെ 'ഉത്സവം' എന്നീ ചിത്രങ്ങള്‍ മാത്രം മതി റാണിചന്ദ്രയെ മലയാള സിനിമ എന്നും ഓര്‍ക്കാന്‍. കെ. ജി. ജോര്‍ജ്ജിന്റെ 'സ്വപ്നാടനം' കണ്ടവരുടെ മനസ്സില്‍ എന്നും ഓര്‍മ്മയായിരിക്കും സ്വപ്നം മയങ്ങുന്ന ആ നീണ്ട മിഴികള്‍.

1949 ല്‍ ആലപ്പുഴയില്‍ പ്രമുഖ കപ്പല്‍ ഏജന്റ് ആയിരുന്ന ചന്ദ്രന്റെയും കാന്തിമതിയുടെയും അഞ്ചു മക്കളില്‍ രണ്ടാമതായി റാണിചന്ദ്ര ജനിച്ചു. നാല് സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളും അടങ്ങുന്നതായായിരുന്നു റാണിയുടെ കുടുംബം. സാമ്പത്തീകമായി ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന റാണിചന്ദ്ര െ്രെപമറി വിദ്യാഭാസ കാലം മുതല്‍ നൃത്തം പരിശീലിച്ചിരുന്നു. സ്കൂള്‍ നാടകങ്ങളിലും അഭിനയിച്ചിരുന്നു.

ആ സമയത്ത് ചന്ദ്രനും കുടുംബവും ഫോര്‍ട്ട് കൊച്ചിയിലേക്ക് താമസം മാറ്റി. ഫോര്‍ട്ട് കൊച്ചിയിലെ ഫാത്തിമ ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാഭാസം തുടര്‍ന്നു. ഈ സമയത്തും നൃത്തത്തില്‍ പരിശീലനം തുടര്‍ന്ന റാണിചന്ദ്ര ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ നൃത്ത രൂപങ്ങളില്‍ പ്രാവീണ്യം നേടി. എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഈ സമയത്തു് സ്വന്തമായി ഒരു ഡാന്‍സ് ട്രൂപ്പ് നടത്തിയിരുന്നു

1965 ല്‍ തൃശൂരില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ റാണിചന്ദ്ര പങ്കെടുക്കുകയും ' മിസ്സ് കേരള' ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ മത്സരം സംഘടിപ്പിച്ചത് തന്നെ മലയാളത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ നായികയെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു എന്നുള്ള പ്രചാരണം ഉണ്ടായിരുന്നു. എന്തായാലും വിജയിയെത്തേടി ' ദൈവത്തിന്റെ മരണം ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം എത്തി. എന്നാല്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങി. എന്നാല്‍ തനിക്ക് കിട്ടിയ ' മിസ്സ് കേരള' പദവി മലയാള സിനിമക്ക് ഒരു പുതിയ നായികയെ ലഭിച്ചിരിക്കുന്നു എന്നുള്ള രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതിനും പല പ്രസിദ്ധീകരങ്ങളിലും റാണിയുടെ പടങ്ങള്‍ അടിച്ചു വരുന്നതിനും കാരണമായി . അത് റാണിചന്ദ്രക്ക് ഒരു സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുത്തു. ഇതോടെ റാണിചന്ദ്രയുടെ മനസ്സില്‍ സിനിമാനടി ആകണമെന്നുള്ള മോഹം ഉടലെടുത്തു. പിതാവായ ചന്ദ്രനും തന്റെ മകള്‍ സിനിമയില്‍ നടിയായി അറിയപ്പെടണമെന്ന് അതിയായി ആഗ്രഹിച്ചു.

റാണിയുടെ സിനിമാ മോഹം പൂവണിയാന്‍ കൂടുതല്‍ കാലം കാത്ത് നില്‍ക്കേണ്ടി വന്നില്ല. 1967 ല്‍ പി. എ. തോമസ് സംവിധാനം ചെയ്ത 'പാവപ്പെട്ടവള്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. സത്യന്‍, കമലാദേവി, അടൂര്‍ ഭാസി, സുകുമാരി എന്നിവരയായിരുന്നുപ്രധാന അഭിനേതാക്കള്‍. ചിത്രം സാമ്പത്തീകമായി പരാജയമായിരുന്നു. ഈ ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തോളം മറ്റു പടങ്ങള്‍ ലഭിച്ചില്ല. മകളെ അഭിനയിപ്പിക്കാനായി സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാവുകയായിരുന്നു അച്ഛന്‍ ചന്ദ്രന്‍. സോണി പിക്‌ചേര്‍സിന്റെ അഞ്ചു സുന്ദരികളില്‍ ഒരു സുന്ദരിയായ് റാണിയെ ഉള്‍പ്പെടുത്തി. 1968 ല്‍ റിലീസ് ചെയ്ത ' അഞ്ചു സുന്ദരികള്‍' സംവിധാനം ചെയ്തത് എം. കൃഷ്ണന്‍ നായര്‍ ആയിരുന്നു. പ്രേം നസീര്‍, ജയഭാരതി, അടൂര്‍ ഭാസി. ജി. കെ. പിള്ള, പറവൂര്‍ ഭരതന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും സാമ്പത്തീകമായി പരാജയമായിരുന്നു.

ഈ സമയം സൗത്തിന്ത്യന്‍ സിനിമയുടെ തലസ്ഥാനം ആയിരുന്ന മദ്രാസിലേക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് റാണിയും കുടുംബവും താമസം മാറ്റിയിരുന്നു. എന്നാല്‍ ആദ്യ രണ്ടു സിനിമകളുടെ സാമ്പത്തീകമായി പരാജയം അന്ധവിശ്വാസങ്ങള്‍ കൊടി കുത്തി വാണിരുന്ന മലയാള സിനിമയില്‍ രാശിയില്ലാത്ത നടിയെന്ന് അറിയപ്പെടുവാന്‍ കാരണമാകുകയും നായികയായി പരിഗണിക്കാതെ ചെറിയ വേഷങ്ങള്‍ നല്‍കി റാണിയെ ഒതുക്കി കളഞ്ഞു. ഈ കാലത്തും താന്‍ നടത്തിയിരുന്ന 'മിസ്സ് കേരള ആന്‍ഡ് പാര്‍ട്ടി' എന്ന ഡാന്‍സ് ട്രൂപ്പ് ആയിരുന്നു ഏക ആശ്വാസം. ഡാന്‍സ് പ്രോഗ്രാമുകളുമായി ഇന്ത്യക്കകത്തും വിദേശത്തും അവര്‍ തിരക്കിലായിരുന്നു. ഇതിനിടയിലും ചെറിയ വേഷങ്ങള്‍ മലയാള സിനിമയില്‍ ചെയ്തുകൊണ്ടിരുന്നു. ഈ കാലത്ത് രാമു കാര്യാട്ടിന്റ ' നെല്ല് ' എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തത് അവരുടെ ജീവിത്തില്‍ വഴിത്തിരിവായി. രാമു കാര്യാട്ടിന്റ സംവിധാന സഹായി ആയിരുന്ന കെ. ജി. ജോര്‍ജ്ജ് തന്റെ 'സ്വപ്നാടനം' എന്ന ചിത്രത്തില്‍ നായികയായി റാണിചന്ദ്രയെ തീരുമാനിച്ചു. എന്നാല്‍ രാശിയില്ലാത്ത നടിയാണ് എന്ന് പറഞ്ഞു പലരും കെ. ജി. ജോര്‍ജ്ജിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റാണിചന്ദ്രയുടെ കണ്ണില്‍ തന്റെ നായികയെ കണ്ട കെ. ജി. ജോര്‍ജ്ജ് തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. 'സ്വപ്നാടനം' ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍ നേടി. റാണി ചന്ദ്രയെ തേടി നിരവധി അവസരങ്ങള്‍ വന്നു.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ കെ. എസ്. സേതുമാധവന്‍. പി. എന്‍. മേനോന്‍ തുടങ്ങായവര്‍ റാണിക്ക് മികച്ച വേഷങ്ങള്‍ നല്‍കി കൊണ്ടിരുന്നു. ' ലഷ്മിവിജയം', ' രണ്ടു പെണ്‍കുട്ടികള്‍', 'ചെമ്പരത്തി', 'മുച്ചീട്ടു കളിക്കാരന്റെ മകള്‍', 'അയോദ്ധ്യ', 'ആലിംഗനം', 'ദേവി ', ' സ്വപ്നം', 'ജീസസ്' തുടങ്ങി നിരവധി സിനിമകളിലൂടെ റാണിചന്ദ്ര മലയാള സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളായി മാറി. ഇതിനിടയില്‍ കമലഹാസന്റെ നായികയായി 1975 ല്‍ 'തേന്‍ ചിന്തിതേ വാനം' എന്ന ചിത്രത്തിലും അഭിനയിച്ചു.

തന്റെ തിരക്ക് പിടിച്ച സിനിമാ ജീവിതത്തിലും റാണിചന്ദ്ര നൃത്തത്തെ കൈവിട്ടിരുന്നില്ല. അഭിനയവും നൃത്തവും ഒരുമിച്ച് കൊണ്ട് നടന്ന റാണി തമിഴില്‍ 'ഭദ്രകാളി' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടരിക്കുമ്പോള്‍ ദുബായിയില്‍ ഒരു നൃത്ത പരിപാടിക്ക് റാണിയും മൂന്നു സഹോദരിമാരും അമ്മയും അടങ്ങുന്ന സംഘം പുറപ്പെട്ടു. ഒരാഴ്ചത്തെ പ്രോഗ്രാമുകള്‍ക്ക് ശേഷം ബോംബയില്‍ മടങ്ങിയെത്തി. മദ്രാസിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റിന് കാത്തു നില്‍ക്കുമ്പോള്‍ തന്നെ അപശകുനങ്ങള്‍ കണ്ട് തുടങ്ങിയിരുന്നു. രണ്ടു ഫ്‌ലൈറ്റുകളും
തകരാറായതിനാല്‍ മൂന്നാമത് വന്ന ഫ്‌ലൈറ്റിലാണ് 95 യാത്രക്കാരോടൊപ്പം റാണിചന്ദ്രയും കുടുംബവും നൃത്തട്രൂപ്പിലെ മറ്റു അംഗങ്ങളും മദ്രാസിലേക്ക് പുറപ്പെട്ടത്. പറന്ന് പൊങ്ങിയ കാരവന്‍ ഫ്‌ലൈറ്റ് ആകാശത്ത് കത്തി ചാമ്പലായത് നിമിഷങ്ങള്‍ക്കുള്ളിലാണ്.1976 ഒക്ടോബര്‍  12 മലയാള സിനിമ വിറങ്ങലിച്ചു പോയ ദിവസം ആയിരുന്നു.

മദ്രാസിലെ ത്യാഗരാജ നഗറിലെ വീടിന് മുന്നില്‍ നിരത്തി വച്ച അഞ്ചു ശവമഞ്ചങ്ങള്‍ കണ്ട് കലാകേരളം വിങ്ങിപ്പൊട്ടി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ഫക്കറുദീന്‍ അലി അഹമ്മദും അനുശോചന സന്ദേശങ്ങള്‍ അയച്ചു. റാണിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കൊച്ചിയിലെ ഒരു ചെമ്മീന്‍ എക്‌സ്‌പോര്‍ട്ടര്‍ സമ്മാനിച്ച സ്വര്‍ണ്ണമാലയുടെ ലോക്കറ്റില്‍ ഇരുവരുടെയും ഫോട്ടോകള്‍ പതിച്ചിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് ഈ ലോക്കറ്റ് ആയിരുന്നു. റാണിചന്ദ്രയുടെ മരണം മലയാള സിനിമയുടെ വലിയ നഷ്ടമായി ഇന്നും കരുതുന്നു. അവസാനം അഭിനയിച്ച തമിഴ് സിനിമ 'ഭദ്രകാളി' റാണിയുടെ മുഖ സാമ്യമുള്ള പെണ്‍കുട്ടിയെ വച്ച് പൂര്‍ത്തിയാക്കി. ഈ സിനിമ ഗംഭീര വിജയമായിരുന്നു. ഒരു പക്ഷെ മരണം സമ്മാനിച്ച വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക