Image

2019 സാങ്കേതിക വിദ്യ എങ്ങോട്ട്? (പൊന്നോലി)

Published on 13 January, 2019
2019 സാങ്കേതിക വിദ്യ എങ്ങോട്ട്? (പൊന്നോലി)
2019 ന്റെ വാതില്‍പ്പടിക്കല്‍ നിന്നുകൊണ്ട് ടെക്‌നോളജിയുടെ കുതിച്ചു കയറ്റം വിസ്മയത്തോടു കൂടി മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കാഴ്ചപ്പാടില്‍ ലോകം ഇന്ന് നാലാം വ്യാവസായിക യുഗത്തിലാണ്. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇങ്ങോട്ടു ആവിയന്ത്രം, വൈദ്യുതി, ഇലക്ട്രോണിക്‌സ്, എന്നീ സാങ്കേതിക വിദ്യകളെ ആസ്പദമാക്കി ആവിര്‍ഭവിച്ച വ്യാവസായിക വിപ്ലവങ്ങള്‍ മനുഷ്യ പുരോഗതിക്ക് നിദാനമായി. ഈ മൂന്നു വിപ്ലവങ്ങളെയും കവച്ചു വച്ചുകൊണ്ട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആവിര്ഭാവത്തില്‍ കൃത്രിമബുദ്ധി, ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എന്‍ജിനീയറിങ്ങും അല്ലെങ്കില്‍ റോബോട്ടിക്‌സ് മനുഷ്യ ജീവിതത്തിന്റെയും വ്യവഹാരങ്ങളുടെയും എല്ലാ മേഖലകളെയും സ്വാധീനിച്ചു കൊണ്ട് അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റ് മനുഷ്യ ജീവിതത്തെയും ലോകം മുഴുവനെയും പരസ്പരം ബന്ധിപ്പിക്കുന്നു. നമ്മള്‍ ഇന്ന് വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു ഗ്ലോബല്‍ സാമ്പത്തിക സമ്പ്രദായത്തിന്റെ ഉപഭോക്താക്കള്‍ ആണ്.

2018 ല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട ഒരു സംഭവ വികാസമായിരുന്നു ചൈനയില്‍ ഒരു ഗവേഷകന്‍ മനുഷ്യ കോശങ്ങളിലെ ജീനോമുകള്‍ രൂപാന്തരപ്പെടുത്തി ഇരട്ട പെണ്‍കുട്ടികളെ ജനിപ്പിച്ച സംഭവം. ഈ കുട്ടികള്‍ക്ക് എയിഡ്‌സ് രോഗത്തിനെതിരെ പ്രതിരോധ ശക്തി ഉണ്ടായിരിക്കും. ക്രിസ്പ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യ കോശങ്ങളിലെ ജീനുകളെ തിരുത്തുന്നതില്‍ അദ്ദേഹം വിജയിച്ചതായി അവകാശപ്പെട്ടു.

സാങ്കേതിക വിദ്യ എങ്ങോട്ട് എന്ന ചോദ്യം ഉത്തരം മുട്ടിനില്‍ക്കുന്നു.

ങകഠ ടെക്‌നോളജി റിവ്യൂ 2018 ലെ ടെക്‌നോളജി മുന്നേറ്റ പട്ടികയില്‍ പെടുത്തിയ സാങ്കേതിക വിദ്യകള്‍ ഇവയാണ്:

1. നിര്‍മ്മാണ മേഖലയില്‍ 3ഉ പ്രിന്റിങ് പ്ലാസ്റ്റിക്കുകളില്‍ നിന്നും ലോഹങ്ങള്‍ക്കും വ്യാപിക്കുക.

2. ജീവശാസ്ത്ര മേഖലയില്‍ പുരുഷബീജം അണ്ഡം ബീജസംയോഗം മറികടന്ന് മൂല കോശങ്ങളില്‍ നിന്നും (അതായത് സ്‌റ്റെമ് സെല്ലുകളില്‍ നിന്നും) കൃത്രിമമായ ഭ്രൂണം (ആര്‍ട്ടിഫിഷ്യല്‍ embryo) നിര്‍മ്മിക്കുക.

3. സെന്‍സര്‍ ഉപകരണങ്ങളും വിദ്യയും വിപുലീകരിച്ചു സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക. ടൊറോന്റോ, സാന്‍ ഡിയേഗോ, സിങ്കപ്പൂര്‍ ഇവ ഉദാഹരങ്ങള്‍.

4. കഌഡ് കമ്പ്യൂട്ടിങ് അഥവാ പൊതുപയോഗ കമ്പ്യൂട്ടര്‍ സേവന വ്യവസ്ഥക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി ) / മെഷീന്‍ ലേര്‍ണിംഗ് (മെഷീന്‍ പഠനം) / ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്നിവ ഉപയോഗിച്ച് സേവനങ്ങള്‍

ഗൂഗിള്‍. ഐബിഎം, ആമസോണ്‍, മൈക്രോസോഫ്ട് എന്നീ കമ്പനികള്‍ ഇപ്പോള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

5. സര്‍ഗ്ഗശക്തി. ഭാവന ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്പ്രദായത്തില്‍ ഏര്‍പ്പെടുത്തുക. കമ്പ്യൂട്ടര്‍ ആര്ട്ട്. പെയിന്റിംഗ്, സാഹിത്ര്യ സൃഷ്ടികള്‍ എന്നീ രംഗങ്ങളില്‍ മെഷീന്‍ ലേര്‍ണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യ ഉപയോഗിക്കുക.

6. തത്ക്ഷണം തര്‍ജ്ജിമ ചെയ്യുന്ന ചെവിയില്‍ ഘടിപ്പിക്കുന്ന ബാബേല്‍ ഇയര്‍ ഫോണുകള്‍ സൃഷ്ടിക്കുക.

7. പ്രകൃതി വാതകത്തില്‍ നിന്നും ശുദ്ധമായ ഊര്‍ജം ഉത്പാദിപ്പിക്കുക.

8. ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക, വ്യക്തിത്വ മോഷണം, തട്ടിപ്പു എന്നിവ തടയുക.

9. ജനിതക ശാസ്ത്രം ഉപഗോഗിച്ചു വ്യക്തികളുടെ ആരോഗ്യത്തിന്റെ ഭാവി, വ്യക്തികളുടെ ബുദ്ധി, കഴിവ് എന്നിവ പ്രവചിക്കുക. .

10. ക്വാണ്ടീ കംപ്യൂട്ടേഴ്‌സ് ഉപഗോഗിച്ചു ഒരു ചെറിയ തന്മാത്രയുടെ മോഡല്‍ സൃഷ്ടിക്കുക. അവയെ രൂപാന്തരപ്പെടുത്തി പുതിയ വസ്തുക്കളെ സൃഷ്ടിക്കുക. .

ഇവിടെ ചൂണ്ടിക്കാണിച്ച മേഖലകളിലെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലും ഗവേഷണവും വികസനവും വളരെ അധികം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ക്വാന്റും കംപ്യൂട്ടേഴ്‌സ് ഇന്നുള്ള ഡിജിറ്റല്‍ കംപ്യൂട്ടര്‍കളുടെ പ്രവര്‍ത്തന ശേഷി ആയിരവും പതിനായിരവും മടങ്ങു വര്‍ദ്ധിപ്പിക്കും. ദാരിദ്യം, രോഗങ്ങള്‍ ഇവ ലോകത്തില്‍ നിന്നും ഉന്‍മൂലനം ചെയ്യാന്‍ ഈ കമ്പ്യൂട്ടറുകള്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം. ബിഗ് ഡാറ്റ അനാലിസിസ് വഴി എല്ലാ മേഖലകളിലും ഉള്ള നമ്മുടെ അറിവിന്റെ സീമകള്‍ വിസ്തൃതമാക്കാനും ഇവ സഹായിക്കും എന്നതില്‍ സംശയമില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) ഉപയോഗിച്ച് ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എന്‍ജിനീയറിങ്ങും ഇപ്പോള്‍ മനുഷ്യന് പ്രാപ്യമാണ്. ബുദ്ധിയുള്ള യന്ത്രങ്ങള്‍ റോബോട്ടുകള്‍ യന്ത്ര ശാലകളില്‍ നിന്നും, പ്രവര്‍ത്തി മേഖലകളിലേക്കും വ്യാപിക്കുന്നു. റോബോട്ട് നേഴ്‌സ് , ഡിജിറ്റല്‍ അസിസ്റ്റന്റ്, എന്തിന് ഡോക്ടര്‍, വക്കീല്‍, മാനേജ്മന്റ് അഡ്വൈസര്‍ എന്നീ നിലകളിലും റോബോട്ടകള്‍ പ്രവര്‍ത്തിക്കുന്ന കാലം വിദൂരമല്ല.

ഇന്റര്‍നെറ്റിന്റെ ആവിര്ഭാവത്തില്‍ ഓണ്‍ ലൈന്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ ബാങ്കിങ് രംഗത്തെ വലിയ നേട്ടമാണ്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ക്രിപ്‌റ്റോ കറന്‍സി എന്നിവ ബാങ്കിങ്, ഗവണ്മെന്റ് സര്‍വീസ് മേഖലകളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്.

നിര്‍മ്മാണ രംഗത്ത് 3 ഡി പ്രിന്റിംഗ് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിട നിര്‍മ്മാണം, മനുഷ്യ അവയവങ്ങളുടെ ഉത്പാദനം ഇവ ചില ഉദാഹരണങ്ങള്‍ മാത്രം.

കഌഡ് കമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (ഐ. ഓ. ടി), 5G മൊബൈല്‍ കമ്പ്യൂട്ടിങ്, വെര്‍ച്ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ബ്രെയിന്‍ കമ്പ്യൂട്ടിങ്, സ്വയം ഓടിക്കുന്ന വാഹനങ്ങള്‍, സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് സിറ്റി അങ്ങനെ പുതിയ പുതിയ മേഖലകള്‍ ടെക്‌നോളജി കാരണം ആവിര്ഭവിക്കുകകയാണ്.

പുതുതായി ആവിര്ഭവിക്കുന്ന നിലവിലുള്ള വ്യവസ്ഥകളെ ഭഞ്ജിപ്പിക്കുന്ന ഡിജിറ്റല്‍ ടെക്‌നോളോജികളെക്കുറിച്ചു ‘ഗേറ്റ് വേ ടു ദി ക്വാന്‍റ്റും ഏജ് ( ക്വാന്‍റ്റും യുഗത്തിന്റെ വാതില്‍പ്പടി ) എന്ന എന്റെ പുസ്തകത്തില്‍ ഞാന്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.

ആശങ്കകള്‍

കൂടുതല്‍ ജീവിത സൗകര്യങ്ങള്‍, അഭൂത പൂര്‍വമായ സാമ്പത്തിക വളര്‍ച്ച, ഇവയ്‌ക്കെല്ലാം കമ്പ്യൂട്ടര്‍ ടെക്‌നോളോജിക്കും വിവര സാങ്കേതിക വിദ്യക്കും വളരെ വലിയ സംഭാവന ഉണ്ട് എന്ന് സമ്മതിച്ചേ തീരൂ. ടെക്‌നോളജിയുടെ കുതിപ്പില്‍ വളരെ അധികം സാമ്പത്തിക പുരോഗതിയും നേട്ടങ്ങളും ഉണ്ട് എന്ന് സമ്മതിക്കുമ്പോഴും സൈബര്‍ രംഗത്ത് കുറ്റ കൃത്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുത നമുക്ക് തള്ളികളയാന്‍ സാധിക്കുകയില്ല.

കമ്പ്യൂട്ടര്‍ ഗെയിമുകളിലുള്ള ആസക്തി ഇന്നീ കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഒരു ശാപം ആണ്. പല യുവതീ യുവാക്കളും ‘ബ്ലൂ വെയില്‍’ പോലുള്ള ഗെയിമു കള്‍ക്കു അടിമയായി അവയുടെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്ത പല കേസുകളും ഇന്ത്യയിലും ലോകം എമ്പാടും ഉണ്ടായിട്ടുണ്ട്. സൈബര്‍ തട്ടിപ്പ്, വഞ്ചന, കവര്‍ച്ച, പിടിച്ചു പറി, വ്യക്തിവിവര മോഷണം (ഐഡന്റിറ്റി തെഫ്ട്) ഇവ സൈബര്‍ ലോകത്തു സാധാരണമായിരിക്കുകയാണ്.

പലരും റാന്‍സംവെയര്‍ മാല്‍വെയര്‍ എന്നിങ്ങനെ കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ വഴി തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. എ ടി എം തട്ടിപ്പുകള്‍ ഇപ്പോള്‍ സര്‍വ സാധാരണമാണ്.

ഡാര്‍ക്ക് നെറ്റ് എന്ന സൈബര്‍ അധോലോകത്തിന്റെ സ്പര്‍ശശൃംഗം ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഡാര്‍ക്ക് നെറ്റിന്റെ ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ പരപ്പ് ഭയാജനകമാണ്. കംപ്യുട്ടറുകളില്‍ മാല്‍വെയര്‍ (വൈറസ്) കടത്തി വിട്ടു, അണു ബാധിതമായ കംപ്യൂട്ടര്‍കള്‍ കോര്‍ത്തിണക്കി ബോട്ട്‌നെറ്റ് ഉണ്ടാക്കി ഏതു സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും നേര്‍ക്ക് ഈ ബോട്ട്‌നെറ്റ് തൊടുത്തു വിട്ട്, സൈബര്‍ ആക്രമണം വലിയ തോതില്‍ നടത്താന്‍ ഇന്ന് അനായാസമാണ്. ഹാക്കര്‍ ലോകം ഫിഷിംഗ് ആക്രമണം സ്ഥിരമായി നടത്തി പലരെയും ഇരകളാക്കി തട്ടിപ്പു നടത്തുന്നു. സൈബര്‍ ഭീഷണിക്കു ഇരയായി പലരും ആത്!മഹത്യ ചെയ്തിട്ടുണ്ട്.

വ്യാജ ന്യൂസ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു പൊതുജനാഭിപ്രായം വളച്ചൊടിക്കാന്‍ തത്പര കക്ഷികള്‍ക്ക് സാധിക്കുന്നു.

ഇന്റര്‍നെറ്റില്‍ സൈബര്‍ പോണിന്റെ അതിപ്രസരം പ്രത്യേകിച്ച് കുട്ടികളേയും യുവാക്കളേയും വഴി തെറ്റിക്കുന്നുണ്ട്.

സൈബര്‍ ആക്രമണങ്ങള്‍ ഇന്ന് സൈബര്‍ യുദ്ധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. പല സൈബര്‍ ആക്രമണങ്ങളും ഇന്ന് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. സൗത്ത് കൊറിയയില്‍ 2018 ഫെബ്രുവരിയില്‍ നടന്ന വിന്റര്‍ ഒളിംപിക്‌സില്‍ ഉണ്ടായ സൈബര്‍ ആക്രമണം നോര്‍ത്ത് കൊറിയയും റഷ്യയും നടത്തിയതാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

നവീന ടെക്‌നോളജികളുടെ ആവിര്ഭാവത്തില്‍ മനുഷ്യനും മെഷീനും തമ്മിലുള്ള അന്തരം കുറഞ്ഞുകൊണ്ടു വരുകയാണ് എന്നതാണ് സത്യം. റോബോട്ടുകളുടെ ലോകത്തിലേക്ക് കാലു വയ്ക്കുന്ന മനുഷ്യന് മനുഷ്യത്വം നഷ്ടപ്പെടുകയാണോ എന്ന ചോദ്യം ഉദിക്കുന്നു.

വിജ്ഞാനവും ബുദ്ധി ശേഷിയും ഭൗതീക സൗകര്യങ്ങളും കൂടുമ്പോള്‍, മാനവികതയും സഹാനുഭൂതിയും നഷ്ടപ്പെടുന്ന മനുഷ്യവര്‍ഗം മാനവിക സംസ്കാരത്തിന് തന്നെ ഒരു വെല്ലുവിളിയായി തീരുന്നു. ടെക്‌നോളജിയുടെ ദുരുപയോഗം നമ്മുടെ ലോകം തന്നെ ഇല്ലാതാക്കുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ടെക്‌നോളജിയുടെ മനുഷ്യത്വവല്‍ക്കരണം തന്നെയാണ് ഇതിനു ഒരു പ്രതിവിധി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്, (STEM) എന്നിവയില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഒരു തലമുറയെ കല, സംഗീതം, സ്‌പോര്‍ട്‌സ്, സാഹിത്യം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, മനഃശാസ്ത്രം, ഫിലോസഫി, എന്നിങ്ങനെയുള്ള വിഷയങ്ങളിലും തത്പരതരാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യ എങ്ങോട്ട് ?

ചൈന, ജപ്പാന്‍, അമേരിക്ക, ജര്‍മ്മനി, യു. കെ. ഫ്രാന്‍സ്, സിങ്കപ്പൂര്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ സാങ്കേതിക വിദ്യാ രംഗത്ത് അതിവേഗം മുന്നേറുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍, സൗത്ത് ആഫ്രിക്ക, അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ തൊട്ടു പിന്നിലാണ്. ലോകം ശാസ്ത്ര സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് അതിവേഗം മുന്നോട്ടു കുതിക്കുമ്പോള്‍, ഇന്ത്യ പുറകോട്ട് പൊയ്‌ക്കോണ്ടിരിക്കുകയാണ് . നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ പോലും അന്ധവിശ്വാസങ്ങളുടെയും മിഥ്യാബോധങ്ങളുടെയും മറവില്‍ കഴിയുന്നു. വിപ്ലവകരമായ ഒരു രാഷ്ട്രീയ ദര്‍ശനവും നേതൃത്വവും ഇന്ത്യയെ ഈ ചങ്ങലകളില്‍ നിന്നും താമസിയാതെ മോചിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.

Join WhatsApp News
George Puthenkurish 2019-01-13 23:22:58
സാങ്കേതിക വിദ്യ മനുഷ്യ പുരോഗതിയെ മുന്നോട്ട് കുതിപ്പിക്കുമ്പോൾ അതിന്റ തിരിച്ചടികൾ എങ്ങനെ അതിനെ പിന്നോക്കം പിടിച്ചു വലിക്കുന്നു,  അതിന്റെ ഭവിഷത്തുകൾ എന്തൊക്കയാണ്, അതിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണ് എന്നൊക്ക വളരെ സ്പഷ്ടമായി വരച്ചു കാട്ടുന്ന ഒരു ലേഖനം .  "സയൻസ് , ടെക്നോളജി, എൻജിനീയറിങ്, മാറ്റമാറ്റിക്സ് എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്ന ഒരു തലമുറയെ കല, സംഗീതം, സ്പോർട്സ്, സാഹിത്യം ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യം ശാസ്ത്രം, മനഃശാസ്ത്രം, ഫിലോസഫി  എന്നുള്ള വിഷയങ്ങളിലും തത്പരരാക്കേണ്ടിയിരിക്കുന്നു " എന്നുള്ള നിർദേശം, റെയിൽപ്പാളങ്ങൾ ചൂടിന്റെ ആധിക്ക്യത്താൽ വികസിച്ചു കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അതിന്റെ ഇടക്ക് അൽപ്പം അകലം ഇട്ടെടുക്കുന്ന  മുൻകരുതൽ പോലെ അനിവാര്യമാണ് . 

നല്ലൊരു ലേഖനത്തിന് അഭിനന്ദനം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക