Image

മോഹന്‍ലാല്‍, സുരേഷ് ഗോപി, സെന്‍കുമാര്‍... കേരളം പിടിക്കാന്‍ താരത്തിളക്കവുമായി അമിത് ഷാ

കലാകൃഷ്ണന്‍ Published on 14 January, 2019
മോഹന്‍ലാല്‍, സുരേഷ് ഗോപി, സെന്‍കുമാര്‍... കേരളം പിടിക്കാന്‍ താരത്തിളക്കവുമായി അമിത് ഷാ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ താരത്തിളക്കത്തിന്‍റെ തന്ത്രങ്ങളുമായി എത്തുകയാണ് അമിത് ഷാ. മോഹന്‍ലാല്‍, സുരേഷ് ഗോപി, നമ്പി നാരായണന്‍, സെന്‍കുമാര്‍ എന്നിവരാണ്  അമിത് ഷായുടെ പരിഗണനയിലുള്ളത് എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ശബരിമല വിഷയം കേരളത്തിലെ ബിജെപിക്ക് നല്ല സാഹചര്യം ഒരുക്കിയെങ്കിലും കേരളത്തിലെ നേതൃത്വം അത് വേണ്ടവിധം ഉപയോഗിച്ചില്ലെന്ന അഭിപ്രായമാണ് അമിത് ഷായിക്കുള്ളത്. അതുകൊണ്ടു തന്നെ പതിവ് രാഷ്ട്രീയ നേതൃത്വത്തെ ഇറക്കി സാധ്യതയുള്ള മണ്ഡലങ്ങളില്‍ പോരാട്ടത്തിനിറങ്ങുന്നത് ഗുണകരമാകില്ല എന്ന് ബിജെപി കേന്ദ്രനേതൃത്വം ചിന്തിക്കുന്നു. 
മോഹന്‍ലാല്‍, സുരേഷ് ഗോപി, മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍, നമ്പി നരായണന്‍ എന്നിവരാണ് അമിത് ഷായുടെ പട്ടികയിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് മണ്ഡലങ്ങലാണ് ബിജെപി സാധ്യത കല്‍പിക്കുന്ന മണ്ഡലങ്ങള്‍. നിലവില്‍ തിരുവനന്തപുരത്ത് ശശി തരൂരും, പത്തനംതിട്ടയില്‍ യുഡിഎഫ് പ്രതിനിധി ആന്‍റോ ആന്‍റണിയുമാണ് വിജയിച്ചിരിക്കുന്നത്. കാസര്‍ഗോഡ് സിപിഎമ്മാണ് നേടിയത്. ഇതില്‍ കാസര്‍ഗോഡ് ഇത്തവണയും കെ.സുരേന്ദ്രനെ തന്നെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ ലോക്സഭയിലും നിയമസഭയിലും മിന്നുന്ന പ്രകടനമാണ് കെ.സുരേന്ദ്രന്‍ നടത്തിപ്പയത്. കാസര്‍ഗോഡ് ചെറുപ്പക്കാരുടെ ഇടയില്‍ സുരേന്ദ്രന് ശക്തമായ സ്വാധീനമാണുള്ളത്. ശബരിമല വിഷയത്തിലെ ജയില്‍വാസവും സുരേന്ദ്രന്‍റെ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. 
എന്നാല്‍ തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങളില്‍ പതിവ് രാഷ്ട്രീയ സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന നിലപാടിലാണ് അമിത് ഷാ. ശബരിമല വിഷയം പോലും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തെ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഏല്‍പ്പിച്ചാല്‍ കളഞ്ഞു കുളിക്കുമെന്ന് ആര്‍.എസ്.എസും കരുതുന്നു. അതോടെയാണ് തിരുവനന്തപുരത്തും പത്തനംതിട്ടയിലും താരപോരാട്ടത്തിന് വഴിയൊരുങ്ങുന്നത്. 
ശബരിമല വിഷയം നേരിട്ട് ഏറ്റെടുത്ത ജില്ലയാണ് പത്തനംതിട്ട. പത്തനംതിട്ട കഴിഞ്ഞാല്‍ ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്ന ജില്ല തിരുവനന്തപുരമാണ്. നേരത്തെ തന്നെ തിരുവനന്തപുരത്ത് ബിജെപിക്ക് നല്ല വോട്ട് ശതമാനമുണ്ട്. ബിജെപിക്ക് ആദ്യമായി എം.എല്‍.എയെ സമ്മാനിച്ച ജില്ലയുമാണ്. കഴിഞ്ഞ ലോക്സഭയിലും ശശിതരൂരിനോട് മികച്ച മത്സരം കാഴ്ചവെക്കാന്‍ അന്ന് ബിജെപി സ്ഥാനാര്‍ഥിയായ രാജഗോപാലിന് കഴിഞ്ഞിരുന്നു. 
എന്നാല്‍ പൊതുവില്‍ യുഡിഎഫ് ചായ്വ് എന്നും നിലനിര്‍ത്തിയിരുന്ന പത്തനംതിട്ട ജില്ലയില്‍ ശബരിമല വിഷയം വലിയ സാമുദായിക ധ്രൂവീകരണത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ആര്‍.എസ്.എസിന് വലിയ ശക്തിയുള്ള പത്തനംതിട്ടയില്‍ ബിജെപിക്ക് ഇക്കുറി വലിയ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. 
തിരുവനന്തപുരത്തേക്ക് മോഹന്‍ലാലിനെയാണ് നരേന്ദ്രമോദിയും അമിത് ഷായും ലക്ഷ്യം വെക്കുന്നത്. പൊതുവില്‍ വലതുപക്ഷ ചായ്വും മോദി ഭക്തിയുമൊക്കെയുണ്ടെങ്കിലും ബിജെപിയോട് അനുകൂല നിലപാട് മോഹന്‍ലാലിന് ഇല്ല. എന്നാല്‍ അടുത്തിടെ മോദിയുമായി ലാല്‍ നടത്തിയ കൂടികാഴ്ചയും മോദിയെ സ്തുതിച്ച് എഴുതിയ ബ്ലോഗുകളും വലിയ ശ്രദ്ധ നേടിയിരുന്നു. മോദി നേരിട്ട് ആവശ്യപ്പെട്ടാല്‍ ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായേക്കുമെന്ന കരുതലിലാണ് ബിജെപി. ലാലിന്‍റെ സിനിമയിലെയും വ്യക്തിജീവിതത്തിലെയും ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കള്‍ ഫലത്തില്‍ ബിജെപിക്കാരുമാണ്. പ്രീയദര്‍ശനും, നിര്‍മ്മാതാവ് സുരേഷ്കുമാറും. പ്രീയദര്‍ശന്‍ സാധ്യമായ എല്ലാ അവസരങ്ങളിലും പരസ്യമായി ബിജെപിക്കൂറ് തെളിയിക്കുന്ന സംവിധായകനാണ്. ഇവരുടെ സമര്‍ദ്ദങ്ങളും ലാലിലുണ്ടാകും. ലാല്‍ വഴങ്ങിയാല്‍ പത്തനംതിട്ടയില്‍ സുരേഷ്ഗോപിക്കാണ് സാധ്യത. 
മോഹന്‍ലാല്‍ മത്സരത്തിനില്ലെങ്കില്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപിയാകും സ്ഥാനാര്‍ഥി. ഇനി മൂന്ന് വര്‍ഷം കൂടി രാജ്യസഭയില്‍ സുരേഷ്ഗോപിക്കുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമുള്ള സുരേഷ്ഗോപിക്ക് ജില്ലയിലെ ക്രിസ്ത്യന്‍ സഭകളോടും വലിയ അടുപ്പമാണുള്ളത്. ഇത് ഇലക്ഷനില്‍ ഗുണം ചെയ്യുമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിലവില്‍ ബിജെപിയോട് വളരെ അനുഭാവം പുലര്‍ത്തുന്ന സെന്‍കുമാറിനും തിരുവനന്തപുരത്ത് സാധ്യത കല്‍പ്പിക്കുന്നുണ്ട്. സുരേഷ്ഗോപിയായലും സെന്‍കുമാറായാലും ശശി തരൂരിന് ഒത്ത എതിരാളി തന്നെയെന്ന് കേരളാ ഘടകവും പ്രതീക്ഷിക്കുന്നു. നമ്പി നാരായണനാണ് അമിത് ഷായുടെ മറ്റൊരു തുറുപ്പുചീട്ട്. നിലവില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നമ്പി നാരായണനോടുള്ള സഹതാപ മനോഭാവം വോട്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ രാഷ്ട്രീയത്തോട് നമ്പിനാരായണന്‍ ഇതുവരെയും പച്ചക്കൊടി കാട്ടിയിട്ടില്ല. 
Join WhatsApp News
Tom abraham 2019-01-14 08:05:04
What s the BJP production movie name ? Story by Amit Shaw , guest Comedian Moodi ? 
truth and justice 2019-01-14 11:06:06
Only three months left for the election and Modi traveled all over the world and spend tons of Indian rupees unnecessarily and that money should have been spent for so many humanitarian aide in the country.I think it is a total waste of this party BJP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക