Image

സംഘപരിവാറിന്റെ ഹര്‍ത്താല്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ പോലീസ്‌ അറസ്റ്റു ചെയ്‌തു

Published on 14 January, 2019
 സംഘപരിവാറിന്റെ ഹര്‍ത്താല്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ പോലീസ്‌ അറസ്റ്റു ചെയ്‌തു
കാസര്‍ഗോഡ്‌: ശബരിമല യുവതീ പ്രവേശനത്തിനു ശേഷം ജനുവരി മൂന്നിന്‌ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ പോലീസ്‌ അറസ്റ്റു ചെയ്‌തു. ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജശ്രീ (25)യെയാണ്‌ കാസര്‍കോട്‌ ടൗണ്‍ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌.

മുഖ്യമന്ത്രിക്കു നേരെ തെറിവിളി നടത്തല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, റോഡ്‌ ഉപരോധിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ്‌ യുവതിയെ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌.

മുഖ്യമന്ത്രി പിണറായിയുടെ പേര്‌ പറഞ്ഞ്‌ രാജശ്രീ വളരെ മോശമായ ഭാഷയില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ നേരത്തേ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കാസര്‍ഗോഡ്‌ ഡി വൈ എഫ്‌ ഐ ബ്ലോക്ക്‌ സെക്രട്ടറി ശിവപ്രസാദ്‌ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ രാജശ്രീക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

ബി.ജെ.പിയുടെ കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തെറിവിളി. കാസര്‍ഗോഡ്‌ നഗരത്തിലെ കടകള്‍ക്കുനേരെ കല്ലേറ്‌ നടത്തിയതിന്റെയും സി.പി.ഐ.എം ന്റെ കൊടി നശിപ്പിച്ചതിന്റെയും കേസുകളിലും ഈ പെണ്‍കുട്ടി ഉള്‍പ്പെട്ടിരുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നേരത്തെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞ്‌ അധിക്ഷേപിച്ച ആറന്മുള സ്വദേശിനിയായ മണിയമ്മക്കെതിരെയും പൊലീസ്‌ കേസ്‌ റെജിസ്റ്റര്‍ ചെയ്‌തിരുന്നു. പിന്നീട്‌ മണിയമ്മ പരസ്യമായി മാപ്പ്‌ പറയുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക