Image

വോട്ടിന്റെ സംവരണരാഷ്ട്രീയം-ഇപ്രാവശ്യം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി( ഡല്‍ഹികത്ത് - പി.വി.തോമസ് )

പി.വി.തോമസ് Published on 14 January, 2019
വോട്ടിന്റെ സംവരണരാഷ്ട്രീയം-ഇപ്രാവശ്യം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി( ഡല്‍ഹികത്ത് - പി.വി.തോമസ് )
സ്വതന്ത്രാനന്തര ഇന്‍ഡ്യയുടെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രം സംവരണത്തിനു വേണ്ടിയും സംവരണത്തിന് എതിരെയും ഉള്ള സമരം കൊണ്ട് കലുഷിതവും ചിലപ്പോള്‍ രക്തപങ്കിലവും ആയിരുന്നു.

ഈ പശ്ചാത്തലത്തില്‍ ആണ് പുതിയ ഒരു സംവരണവും ആയി കേന്ദ്രഗവണ്‍മെന്റ് രംഗപ്രവേശം ചെയ്തത്. പുതിയ സംവരണം മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് വേണ്ടി ഉള്ളതാണ്. ഉപരിവര്‍ഗ്ഗത്തിലെ സാമ്പത്തീക പിന്നോക്കക്കാര്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം നല്‍കിക്കൊണ്ടു ഭരണഘടനഭേദഗതി ബില്ല് ക്ഷണനേരത്തിലാണഅ ലോകസഭയും രാജ്യസഭയും പാസാക്കിയതും രാഷ്ട്രപതി അതിന് അനുമതി നല്‍കിയതും. ലോകസഭ തെരഞ്ഞെടുപ്പ് അടുക്കുകയല്ലേ? ഭരണകക്ഷിക്ക് ഇത് വളരെ ആവശ്യം ആണ്. എതിര്‍ക്കുവാന്‍ പ്രതിപക്ഷകളില്‍ പലര്‍ക്കും രാ്ഷ്ട്രീയമായി സാധിക്കുകയും ഇല്ല. കാരണം ഇരുകൂട്ടര്‍ക്കും ഉപരിവര്‍ഗ്ഗത്തിന്റെ വോട്ട് വേണം തെരഞ്ഞെടുപ്പില്‍.

ശ്രേഷ്ഠ വര്‍ഗ്ഗങ്ങളില്‍ നിന്നും ഉള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികാര്‍ക്കും ഉപരിവര്‍ഗ്ഗ വിദ്യാഭ്യാസത്തിനും സംവരണം വേണമെന്ന അവകാശവാദം വളരെ നേരത്തെ തന്നെ ഉള്ളതാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പിലാക്കലോടെ അത് ബലമായി എന്ന് മാത്രം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ജോലിയിലും വിദ്യാഭ്യാസത്തിലും 27 ശതമാനം സംവരണം ആണ് പിന്നോക്കവിഭാഗത്തിന് നല്‍കിയതെങ്കില്‍ കേന്ദ്രഗവണ്‍മെന്റ് 10 ശതമാനം ആണ് മുന്നോക്കക്കാര്‍ക്ക് നല്‍കിയത്.

ഇങ്ങനെ ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കുകയില്ല. തെരഞ്ഞെടുപ്പും വോട്ട് ബാങ്ക് രാഷ്ട്രീയവും അവിടെ ഇരിക്കട്ടെ. ഇത് വളരെ നേരത്തെ നടപ്പില്‍ ആക്കേണ്ടത് ആയിരുന്നു. മണ്ഡലിന് ഒപ്പം തന്നെ. മണ്ഡലിനു ശേഷം കേരള ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍- അച്ചുതാനന്ദന്‍, മായാവതി, അശോക് ഗെലോട്ട്- മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് ആയിട്ടുള്ള  സംവരണത്തിനായി ശ്രമം നടത്തിയിട്ടുണ്ട്. അതെല്ലാം നിയമതടസത്തില്‍ കുടങ്ങുകയും ചെയ്തു. ഇതുപോലെതന്നെ ആവശ്യം ആണ് സംവരണം ലഭിക്കുന്ന പിന്നോക്ക വിഭാഗത്തിലെ വെണ്ണപ്പാളിക്ക്-ക്രീമിലെയര്‍- ഈ സൗജന്യം നല്‍കരുതെന്നതും.

 ഈ വിഷയങ്ങളില്‍ എല്ലാം അതിശക്തമായ കക്ഷിരാഷ്ട്രീയം കലര്‍ന്നിട്ടുണ്ട്. പക്ഷേ അതുകൊണ്ട് അതിന്റെ മെരിറ്റഅ ഇല്ലാതാകുന്നതും ഇല്ല. ഉദാഹരണം ആയി മോഡി ഗവണ്‍മെന്റിന്റെ ഈ ഉപരിവര്‍ഗ്ഗ സംവരണം തന്നെ എടുക്കുക. ഇതിനെ ദേശീയ മാധ്യമങ്ങള്‍ തികച്ചും രാഷ്ട്രീയമായ ഒരു നീക്കം ആയിട്ടാണ് വീക്ഷിച്ചത്. ഒരു ദേശീയ മാധ്യമം- ദ ടൈംസ് ഓഫ് ഇന്‍ഡ്യ-ബാനര്‍ ഹെഡ് ലൈനിലൂടെ അതിനെ വിശേഷിപ്പിച്ചത് ബി.ജെ.പി. ലോഞ്ചസ് പ്രീ-പ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ്. കാലാവധി തീരുന്നതിന് തൊട്ടുമുമ്പ്, ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍, മോഡി നടത്തിയ ഒരു രാഷ്ട്രീയ നീക്കം ആയിട്ട് മാത്രമാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഉദ്ദേശശുദ്ധിയെക്കാള്‍ ഉപരി രാ്ഷ്ട്രീയ ലാക്കായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. എന്തുകൊണ്ട് ഈ അഞ്ച് വര്‍ഷത്തിന്റെ ആരംഭത്തിലോ മദ്ധ്യത്തിലോ മോഡി ഇത് നടപ്പാക്കിയില്ല എന്ന ചോദ്യവും ഉയരുന്നു. ഇത് ഇപ്പോള്‍ പ്രഖ്യാപിക്കുവാനുള്ള കാരണങ്ങളിലേക്ക് വഴിയെ വരാം.

ആദ്യം ഭരണഘടന ഭേദഗതിബില്ല്. ഈ നിയമപ്രകാരം ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അവരുടെ വാര്‍ഷീകവരുമാനം എട്ട് ലക്ഷം രൂപയില്‍ കുറവും അവരുടെ കൃഷിഭൂമി അഞ്ച് ഏക്കറില്‍കുറവും, അവരുടെ വീട് 1,000 ചതുരശ്ര അടിയില്‍ കുറവും ആണെങ്കില്‍ അവര്‍ സംവരണത്തില്‍ അര്‍ഹര്‍ ആണ്. ഇത് പ്രകാരം ഭൂരിഭാഗം ഉപരിവര്‍ഗ്ഗക്കാരും സംവരണത്തിന് അര്‍ഹര്‍ ആണ്. എവിടെ ജോലി, എവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സീറ്റുകളും എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒപ്പം നിയമപ്രതിബന്ധങ്ങളും. ഉദാഹരണം ആയി സുപ്രീം കോടതിയുടെ  ഉയര്‍ന്ന പരിധി ആയ 50 ശതമാനം എന്ന സംവരണ നിരക്ക്. ഇതോടെ സംവരണ ശതമാനം 50ലും ഏറെ ആയിരിക്കുന്നു. മറ്റൊന്ന് സംസ്ഥാന നിയമസഭയുടെ അനുമതി. അതുംപ്രശ്‌നം ആണ്.
 മോഡി ഗവണ്‍മെന്റ് ഇങ്ങനെ ഒരു സാഹസത്തിന് ഇപ്പോള്‍ മുതിര്‍ന്നത് മുന്നോക്കവര്‍ഗ്ഗത്തിലെ പിന്നോക്കക്കാരോടുള്ള സ്‌നേഹം കൊണ്ട് ഒന്നും അല്ല. മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഘട്ടിലെയും നിയമസഭ തെരഞ്ഞെടുപ്പുകള്‍ തെളിയച്ചകാര്യം ബ്രാഫ്മിണരും ജാട്ടുകളും ബനിയമാരും, മാറാഠകളും ബി.ജെ.പി.ക്ക് എതിര് ആണെന്നത് ആണ്. ഇവര്‍ ബി.ജെ.പി.യുടെ പരമ്പരാഗത വോട്ട് ബാങ്ക് ആണ്. അവരെ തിരിച്ച് പിടിക്കുവാനുള്ള ഒരു അവസാന നിമിഷശ്രമം ആണ് ഈ പുതിയ നിയമം. ഉപരിവര്‍ഗ്ഗം, കര്‍ഷകരെപ്പോലെയും ദളിതരെപ്പോലെയും, മോഡി ഗവണ്‍മെന്റിന് എതിരെ തിരിയുവാന്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പട്ടികജാതി-വര്‍ഗ്ഗ ആക്രമണ പ്രതിരോധബില്ലില്‍ സുപ്രീംകോടതി ഏര്‍പ്പെടുത്തിയ അയവ് തിരുത്തുവാനായി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഓര്‍ഡിനന്‍സ്. മോഡി ഗവണ്‍മെന്റ് ആദ്യം ഇതിനുനേരെ കണ്ണടച്ചെങ്കിലും പിന്നോക്ക വിഭാഗത്തിന്റെ പ്രതിഷേധം അതിരൂക്ഷം ആയപ്പോള്‍ കോടതിവിധിയെ മറികടക്കുവാന്‍ നിയമനിര്‍മ്മാണം നടത്തി. അത് ഉപരിവര്‍ഗ്ഗത്തെ പ്രതിഷേധത്തില്‍ ആക്കി. പുതിയ സംവരണ നിയമം മുന്നോക്ക വര്‍ഗ്ഗത്തെ വീണ്ടും മോഡിയുടെ വോട്ട് ബാങ്ക് ആക്കുമോ എന്നത് ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ അറിയുവാന്‍ സാധിക്കുകയുള്ളൂ. ജനം കൗശലങ്ങള്‍- ജൂംല-മണത്തറിയുവാന്‍ കഴിയുന്നവര്‍ ആണ്. പുതിയ നിയമം എന്ന്, എങ്ങനെ മോഡി ഗവണ്‍മെന്റ് നടപ്പിലാക്കും? മൂന്നുമാസം കൊണ്ട് അത് നടപ്പിലാക്കി ഫലവത്താക്കുവാന്‍ മോഡിക്ക് സാധിക്കുമോ? സംശയം ആണ്. അപ്പോള്‍ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രം ആണെന്ന് വെളിപ്പെടുന്നു.

സംവരണത്തിന്റെ രാഷ്ട്രീയം വിചിത്രം ആണ് ഇന്‍ഡ്യയില്‍. പിന്നോക്ക വിഭാഗത്തിന്റെ സംവരണത്തിനായി 1953-ല്‍ ആണ് നെഹ്‌റു കാക്കകേല്‍ക്കര്‍ കമ്മീഷനെ നിയമിക്കുന്നത്. കമ്മീഷന്‍ 1955-ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 2,399 ജാതി വിഭാഗങ്ങളെ സാമൂഹ്യ-സാമ്പത്തീക- വിദ്യാഭ്യാസ പിന്നോക്കക്കാരായി കണ്ടെത്തിയെങ്കിലും ഗവണ്‍മെന്റ് അത് അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം കേല്‍ക്കര്‍ തന്നെ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി ജാതി അടിസ്ഥാനത്തിലുള്ള സംവരണം അഭികാമ്യം അല്ലെന്ന്. ഇതെതുടര്‍ന്ന് ആണ് പിന്നോക്ക സംവരണത്തിനായിട്ടുള്ള മണ്ഡല്‍ കമ്മീഷന്‍ 1979-ല്‍ നിയമിക്കപ്പെടുന്നത്. 1980-ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും(ജനതപാര്‍ട്ടിയുടെ ഭരണകാലം)ഫലം ഒന്നും ഉണ്ടായില്ല. ഇതിനിടെ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായി. ഇന്ദിരാഗാന്ധി വന്നു. പോയി. രാജീവ് ഗാന്ധി വന്നു. പോയി. പിന്നീട് വി.പി.സിംങ്ങ് പ്രധാനമന്ത്രി ആയി. 1990 ഓഗസ്ത് 13-ന് അദ്ദേഹം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. രാജ്യം അപ്പോള്‍ രാഷ്ട്രീയമായി കലുഷിതം ആയിരുന്നു. സിംങ്ങ് ഉപപ്രധാനമന്ത്രി ദേവിലാലില്‍ നിന്നും എതിര്‍പ്പ് നേരിടുകയായിരുന്നു. ബി.ജെ.പി. നേതാവ് അദ്വാനി അയോദ്ധ്യ രാമക്ഷേത്രത്തിനായി സോമനാഥ് മുതല്‍ അയോദ്ധ്യ വരെ രഥയാത്ര പ്രഖ്യാപിച്ചു. അങ്ങനെ ഇത് മണ്ഡല്‍ വേഴ്‌സസ് കമണ്ഡല്‍ (അയോദ്ധ്യ) യുദ്ധം ആയി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പിലാക്കല്‍ രാജ്യത്തെ കലാപഭൂമിയാക്കിയതും മറ്റും ചരിത്രം. പിന്നീട് നരസിംഹറാവുവും ഇതിനായി ശ്രമിച്ച് പരാജയപ്പെട്ടു.-ഉപരിവര്‍ഗ്ഗ സംവരണത്തിനായി. പിന്നോക്ക വര്‍ഗ്ഗത്തിനായി ശ്രേഷ്ഠവിദ്യാലയങ്ങളില്‍ സംവരണത്തിനായി നടത്തിയ ഒരു ശ്രമവും രക്തരൂക്ഷിതം ആയി.

സംവരണത്തിന് ഒരു സാമൂഹ്യതത്വശാസ്ത്രം ഉണ്ട്. അതാണ് ഒരു പക്ഷേ രാഷ്ട്രീയ പ്രേരിതമായ പെട്ടെന്നുള്ള തീരുമാനങ്ങളാല്‍ ഭരണാധികാരികള്‍ മറക്കുന്നത്. ഭരണഘടനയുടെ പിതാവായ അബേദ്ക്കറും സംവരണത്തെ ഒരു ശാശ്വതപരിഹാരം ആയി കണ്ടിരുന്നില്ല. അതുകൊണ്ട് പിന്നോക്കസംവരണത്തെ പത്ത് വര്‍ഷത്തേക്കായി ഉദ്ദേശിച്ചുകൊണ്ട് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തത്. പക്ഷേ, ഓരോ 10 വര്‍ഷം കഴിയുമ്പോഴേക്കും നീട്ടിക്കൊണ്ടിരുന്നു. ഇരിക്കുന്നു. അതിന്റെ വ്യാപ്തിയും വര്‍ദ്ധിക്കുന്നു രാഷ്ട്രീയകാരണങ്ങളാല്‍. സാമൂഹ്യവും സാമ്പത്തീകവും ആയ ചൂഷണത്തിന് നൂറ്റാണ്ടുകളായി ഇരയായിരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് ഇത് ഭരണഘടനയില്‍ എഴുതിചേര്‍ത്തത്. ഇന്ന് അത് ഉന്നതവര്‍ഗ്ഗത്തിലേക്കും വ്യാപിക്കേണ്ടതായി വന്നിരിക്കുന്നുവെന്നത് ഭരണാധികാരികളുടെ പരാജയത്തിന്റെ മകുടോദാഹരണം ആണ്. മോഡി ഉള്‍പ്പെടെ.

വോട്ടിന്റെ സംവരണരാഷ്ട്രീയം-ഇപ്രാവശ്യം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി( ഡല്‍ഹികത്ത് - പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക