Image

സ്വാതന്ത്ര്യലബ്ദിക്കുശേഷം (ഒരു പുനര്‍വായന 1985: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published on 14 January, 2019
സ്വാതന്ത്ര്യലബ്ദിക്കുശേഷം (ഒരു പുനര്‍വായന 1985: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം...! ശതാബ്ദങ്ങളായ് വിദേശീയാധിപത്യത്തിന്റെ നുകത്തിന്‍ കീഴില്‍ അമര്‍ന്നു, ആ നുകം ഇനിയും പേറാന്‍ മാനസീക ശാരീരിക ത്രാണിയില്ലാതെ കിടന്ന ജനം സടകുടഞ്ഞു ചാടിയെണീറ്റു. ലോകരെല്ലാവരും ഉറ്റുനോക്കുകയായി...! അതായത് ജംബുദ്വീപത്തില്‍ ഒരു ജനാധിപത്യം പിറക്കുന്നു.
വിദേശീയരുടെ പിന്മാറ്റത്തോടു കൂടി ഇന്ത്യയില്‍ ജനാധിപത്യം പിറക്കാന്‍ തുടങ്ങി. പലതും ‘ബ്രീച്ച് പ്രസന്റേഷനാ’യിട്ടാണു കലാശിച്ചത്. പല ‘ശിശുകങ്ങളും’ സൂര്യപ്രകാശം കാണുന്നതിനു മുമ്പേ അകാലമൃത്യുവിനടിമയായി, ചിലതു ചാപിള്ളയായി. സ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും ആവേശത്തില്‍ പാര്‍ട്ടികള്‍ ജനിച്ചു. ജന്തുശാസ്ത്രത്തില്‍ ‘ബൈനറി ഫിഷന്‍’ എന്ന പ്രക്രിയയിലൂടെ പ്രജനനം നടത്തുന്നപോലെ പാര്‍ട്ടികള്‍ വിഭജിച്ചു, വിഭജിച്ചു ഒരു പാര്‍ട്ടിക്ക് ഒരു നേതാവും ഒരു അണിയും എന്നപോലെയായ്.
ഇന്നിതെഴുതുമ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ എത്ര പാര്‍ട്ടികള്‍ ജനിച്ചു എന്നു ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? പാവങ്ങള്‍ക്കൊരു പാര്‍ട്ടി, പണക്കാര്‍ക്കൊരു പാര്‍ട്ടി അതിനകത്തു തന്നെ കാലുവാരല്‍ പാര്‍ട്ടി, കാലുമാറല്‍ പാര്‍ട്ടി, അച്ഛന്‍ പാര്‍ട്ടി, മകന്‍ പാര്‍ട്ടി... ശ്ശൊ, പിന്നെ വലതന്‍, ഇടതന്‍, കിഴക്കന്‍, പടിഞ്ഞാറന്‍, തെക്കന്‍, വടക്കന്‍... ഒറ്റ പാര്‍ട്ടിയില്‍ തന്നെ ഇംഗ്ലീഷിന്റെ അക്ഷരമാലയിലെ ‘ഏ’ മുതല്‍ ‘സെഡ്’ വരെ ഉള്ള വിഭാഗങ്ങള്‍!
ഈ പാര്‍ട്ടികളെല്ലാം തന്നെ ജനങ്ങളെ ഉദ്ധരിക്കാന്‍ എന്ന താല്‍പര്യത്തോടെ ജന്മം കൊണ്ടു. സായിപ് പൊടിയും തട്ടി പോയിട്ടു വര്‍ഷങ്ങളുമായി. എത്രനാളായി ഈ ‘നാടുനന്നാക്കല്‍’ പരിപാടി തുടങ്ങിയിട്ട്? പാവപ്പെട്ടവന് ഇന്നും പട്ടിണിതന്നെ ശരണം. സമ്പന്നന്റെ തീന്‍മേശയിലേക്കു ഭക്ഷണം ഉണ്ടാക്കേണ്ട കര്‍ഷകന്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുകയാണ്. ആദിവാസികള്‍ക്കുവേണ്ടി കേന്ദ്ര ഗവണ്‍മെന്റു അനുവദിച്ച കോടികള്‍ കൊണ്ടു നേതാക്കള്‍ ജന്മികളായി. ആദിവാസികള്‍ അനീമിയ ബാധിച്ചു മരിച്ചു, അവന്റെ കുഞ്ഞുങ്ങള്‍ സൂര്യപ്രകാശം പോലും കാണാതെ ഗ്രഹണിയും ശൂലയും പിടിച്ചു മരിച്ചു. ‘നമ്മള്‍ കൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്നു പാടിക്കൊടുത്തവര്‍ ഇന്നു ചില്ലുമേടകളില്‍ സുന്ദരസ്വപ്നം കണ്ടുറങ്ങുന്നു.
തൊഴിലാളി യൂണിയന്‍, പാര്‍ട്ടി യൂണിയന്‍ ഇവയെല്ലാം അര്‍ത്ഥത്തില്‍ ഒന്നാണെങ്കിലും പാവപ്പെട്ടവനെ തന്നെ ഞെക്കിപ്പിഴിഞ്ഞു നേതാക്കന്മാര്‍ കീശ വലുതാക്കി. പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നവരില്‍ നിന്നും രക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കി ധാരാളം നേതാക്കന്മാര്‍ മുമ്പോട്ടു വന്നു. അന്നും, ഇന്നും ചൂഷണം ചെയ്യപ്പെടുന്നവന്‍ പാവപ്പെട്ടവന്‍ തന്നെ!
വര്‍ഗ്ഗീയചൂഷണം, മതപരമായ ചൂഷണം, സാമുദായികപരമായ ചൂഷണം, പാര്‍ട്ടി ചൂഷണം... എല്ലാം ചൂഷണം, പക്ഷേ പലവിധം.
രാഷ്ട്രീയം സ്‌കൂളില്‍ തുടങ്ങി വളര്‍ന്നു, വളര്‍ന്നു ഹൈസ്‌ക്കൂളില്‍ കൊടുമ്പിരി കൊണ്ടു, ശക്തിയാര്‍ജ്ജിച്ചു കോളേജില്‍ എത്തുന്നു. എത്ര കഷ്ടപ്പെട്ടിട്ടാണ് പലരും കുട്ടികളെ കോളേജു വരെ എത്തിക്കുന്നത്? നാലക്ഷരം പഠിച്ചു കണ്ടിട്ടു, അവന്‍ ഒരു നല്ല ജോലി കരസ്ഥമാക്കി തങ്ങള്‍ക്കു പറ്റിയ പോലെ കഷ്ടപ്പെടാതെ ജീവിക്കുമല്ലോ എന്നുള്ള ആഗ്രഹം സാഫല്യമായി കണ്ടു കണ്ണടയ്ക്കുവാന്‍ ആഗ്രഹിച്ച എത്രയെത്ര മാതാപിതാക്കള്‍ക്കു ഹൃദയവേദന മാത്രം സമ്മാനിച്ച സംഭവങ്ങള്‍ക്കു പിന്നില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു നല്ലൊരു പങ്കുണ്ട്. വിദ്യാര്‍ത്ഥിരാഷ്ട്രീയം നിയമം വഴി നിര്‍ത്തലാക്കുക!
ഇന്നു കേരളത്തില്‍ എത്ര രാഷ്ട്രീയപാര്‍ട്ടികളുണ്ട്? ഇത് രാജ്യത്തെ നന്നാക്കലോ അതോ നേതാക്കന്മാരെ നന്നാക്കലോ? സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി സാധാരണ മനുഷ്യന്റെ മനഃശാസ്ത്രം മനസ്സിലാക്കി, മനുഷ്യമനസ്സുകളില്‍ ഭയത്തിന്റെ വിത്തുകള്‍ വിതറിക്കൊണ്ട്, അധികാരം കയ്യാളിക്കഴിയുമ്പോള്‍ ഈ അന്യോപജീവികള്‍ ചുവപ്പുനാടകളെ പഴിപറഞ്ഞുകൊണ്ട് തടി തപ്പുന്നു.
ഒരു കാലത്തു സ്വന്തമായി ഒന്നും, ഒരു ചില്ലിക്കാശു പോലും രാഷ്ട്രത്തെ സേവിക്കാനിറങ്ങിയതു നിമിത്തം, തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു സമ്പാദിക്കാനാവാതെ തങ്ങള്‍ സ്‌നേഹിച്ച ശ്ലാഘ്യഭൂമിയോടു വിടപറഞ്ഞവരാണു പലരും. ഇന്നത്തെ നേതാക്കള്‍ സ്വാര്‍ജ്ജിത നേട്ടം മാത്രം മുമ്പില്‍ കണ്ടുകൊണ്ടു രാഷ്ട്രീയത്തെ സ്വായത്തമാക്കിയവര്‍. ഒരുതുള്ളി വിയര്‍പ്പുപോലും പൊടിയാതെ ഇന്നു കോടികള്‍ കൊയ്യാന്‍ പറ്റിയ മൂന്നു വിഭാഗങ്ങളാണു രാഷ്ട്രീയവും, മതവും, സിനിമയും- മനഃസാക്ഷിയില്ലായ്മ എന്ന ഒരേയൊരു ഘടകം മാത്രം മതി.
കേരളത്തിലാവട്ടെ കോണ്‍ഗ്രസ് ഭരിച്ചാലും കമ്മ്യൂണിസ്റ്റ് ഭരിച്ചാലും, ബി.ജെ.പി. ഭരിച്ചാലും ഉദാത്തമായ ഒരു നേട്ടമോ വ്യത്യാസമോ കാണാന്‍ കഴിയില്ല.
അധികാരവര്‍ഗ്ഗങ്ങള്‍ എല്ലാം ഒരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ. പല പാര്‍ട്ടികള്‍ എന്ന മാദ്ധ്യമങ്ങളിലൂടെ ഉദ്ദിഷ്ടസ്ഥാനത്തു എത്തുന്നു എന്നുമാത്രം. ഇവരെല്ലാം പാവം ജനത്തെ ഇക്കിളിക്കൊള്ളിയ്ക്കാന്‍ പഠിച്ചവര്‍. ‘ഉള്ളവന്‍’ ഭരിച്ചാലും ‘ഇല്ലാത്തവന്‍’ ഭരിച്ചാലും ഭരണക്കസേരയിലിരിക്കുന്നവന് ജീവിതാര്‍ഭാടം ഒരേപോലെ. സ്ഥാനമോഹികളുടെ അധികാര വടംവലിയില്‍പ്പെട്ടു ഒരു നല്ല ദേശവും, അതിലെ കുറെ സാധുജനങ്ങളും കബളിക്കപ്പെടുകയാണ്. ഈ സര്‍ക്കാര്‍ അല്ലെങ്കില്‍ അടുത്ത സര്‍ക്കാരെങ്കിലും ദേശത്തിനു നന്മ ചെയ്യും എന്നുള്ള പ്രത്യാശയില്‍ കഴിയുന്ന ജനം മൃഗതൃഷ്ണ കണ്ടുകൊണ്ടു മുമ്പോട്ടു പോവുന്നു.
എന്റെ സ്‌നേഹിതന്‍ ഡോ. ഇമ്മാനുവേല്‍ തോമസിന്റെ ഭാവനയില്‍ വന്ന ചില വരികള്‍ ഞാനിവിടെ കടമെടുക്കുകയാണ്.
“........മുതലാളികളും തൊഴിലാളികളും
നിലയുള്ളവരുമതില്ലാത്തവരും
രാഷ്ട്രീയക്കാരവരും, പിന്നെ-
ചോരന്‍മാരും, പട്ടിണിയാളും
പലവിധ വിദ്യകളൊക്കെ കാട്ടി
പണിയും പഠനവുമൊക്കെ മുടക്കി
കേരളനാട്ടില്‍ ബഹളം കൂട്ടി
ഉയരാനൊരു തരമില്ലാതാക്കി
.................................................................
ന്യായം നീതിയുമൊച്ചപ്പാടും
കൊടിയും, നക്‌സലുമെല്ലാം കൂടി
ഭരണം പലതു കഴിഞ്ഞെന്നാലും
കേരളനാട്ടിന്നില്ലൊരു മോക്ഷം...”
ഈ ആയിരം പാര്‍ട്ടികളെ സന്തോഷിപ്പിച്ചു അവരവരുടെ ഇംഗിതത്തിനു വഴങ്ങി വരുമ്പോഴേക്കും ഒരു യുഗം കൂടി കഴിയുകയായി. ഇന്നു ഒരു പാര്‍ട്ടിപോലും ന്യായമായ ക്ഷേമങ്ങള്‍ അന്വേഷിച്ചു, പ്രശ്‌നങ്ങള്‍ പരിഹരിച്ചു ജനങ്ങളെ പ്രീതിപ്പെടുത്താന്‍ ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ ഇന്നു പ്രത്യേകിച്ചു യഥാര്‍ത്ഥ രാഷ്ട്രീയക്കാര്‍ ഇല്ല; പ്രത്യുത രാഷ്ട്രീയം കളിക്കുന്നവര്‍ മാത്രം. രാഷ്ട്രീയത്തിന്റെ മറവില്‍, സ്ഥാപിത സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മാത്രം ജനങ്ങളുടെ പണം നിര്‍ദ്ദാക്ഷിണ്യം ദുര്‍വിനിയോഗം ചെയ്യുന്നതില്‍ യാതൊരു സങ്കോചവുമില്ല. രാഷ്ട്രീയവും, മതവും, സിനിമയും ഇന്നു ഒരുവക കുടുംബസ്വത്തു പോലെയായി. റുമേനിയായിലെ ചച്ചാസ്‌ക്കോയെ ഇത്തരുണത്തില്‍ രാഷ്ട്രീയക്കാര്‍ ഒന്നോര്‍ക്കുന്നതു നന്നായിരിക്കും. ശ്രീമാന്‍ ഒ. വി. വിജയന്റെ വാക്കുകളില്‍ പറഞ്ഞാല്‍ “മനുഷ്യന്റെ അയുക്തിത സ്വഭാവത്തിന്റെ വേലിയേറ്റവും വേലിയിറക്കവുമായി രാഷ്ട്രീയം ഇന്നു നിലകൊള്ളുന്നു”. ഇന്ത്യന്‍ രാഷ്ട്രീയം ഒരു ‘കീമോതെറാപ്പി’ കൊണ്ടോ ഒരു ‘റേഡിയേഷന്‍ തെറാപ്പി’ കൊണ്ടോ ഭേദപ്പെടുത്താന്‍ മേലാത്ത ഒരുവക അര്‍ബുദ രോഗമായി മാറിയിരിക്കുന്നു. ഒരുകാലത്തെങ്കിലും ഈ രാഷ്ട്രീയകപടത മനസ്സിലാക്കിയ ജനം ഉണര്‍ന്നെണീറ്റു ജനരോഷത്തിന്റെ വിഷം നിറഞ്ഞ ഫണമുയര്‍ത്തി ആഞ്ഞുകൊത്തും.
രണ്ടോ മൂന്നോ പാര്‍ട്ടികള്‍ മാത്രം ആ രാജ്യത്തിനു മതി എന്ന് നിയമം മൂലം ഈ കലപില നിയന്ത്രിക്കാന്‍ ജനാധിപത്യത്തിന്റെ നിഘണ്ടുവില്‍ വല്ല പഴുതുകളുമുണ്ടോ? പുരോഗമനവാദികള്‍, മിതവാദികള്‍, ഭീകരവാദികള്‍, തീവ്രവാദികള്‍, വിമതവാദികള്‍, വിമുഖവാദികള്‍, തിരുത്തല്‍വാദികള്‍, പ്രചണ്ഡവാദികള്‍, വിതണ്ഡവാദികള്‍, പിന്നെ വളരുംതോറും പിളരുകയും, പിളരുംതോറും നാടു തളര്‍ത്തുകയും ചെയ്യുന്ന സ്പ്ലിന്റര്‍വാദികള്‍...! ഹൊ, ഇത്രമാത്രം വാദികള്‍ ആ കൊച്ചുകേരളത്തിനു താങ്ങാവുന്നതിലും അപ്പുറമാണ്. ഇവരെല്ലാം കൂടി വര്‍ഷങ്ങളോളം ആ രാജ്യത്തെ ഇട്ടു അമ്മാനമാടി. പരിണിതഫലമോ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ മുങ്ങിക്കുളിച്ചു. രാജ്യത്തിന്റെ നന്മയെ നിസ്സംഗതയോടെ നോക്കിക്കണ്ടു കിട്ടിയ തക്കം പാഴാക്കാതെ തങ്ങള്‍ക്കും, തങ്ങളുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്ന ഏക ഉദ്ദേശ്യത്തോടെ രാഷ്ട്രീയം കൈക്കലാക്കിയവര്‍.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയെന്നു ചിന്തിക്കുമ്പോള്‍ ബ്രിട്ടീഷുകാരില്‍ നിന്നും അഥവാ വിദേശീയരില്‍ നിന്നും മാത്രം സ്വാതന്ത്ര്യം കിട്ടി എന്നേ ആവുന്നുള്ളൂ. ചൂഷണക്കാരായ രാഷ്ട്ര നേതാക്കളുടെ കയ്യില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കാതെ അവരുടെ ‘ചിന്നംവിളി’ കേട്ട് പേടിച്ചു പാവം ജനം ഇന്നും ഒരുതരം അടിമത്വത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണ്.
ഇന്ത്യയെപ്പോലെ പ്രാചീന സംസ്‌ക്കാരങ്ങളുടെ കലവറ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിട്ടുള്ളതും, ധാരാളം മസ്തിഷ്‌ക മല്ലന്മാര്‍ക്കു ജന്മം നല്‍കിയതും, ധാരാളം പുണ്യാത്മാക്കളുടെ പാദസ്പര്‍ശനമേറ്റതുമായ ധന്യമായ വേറൊരു രാജ്യമുണ്ടോ എന്ന സംശയമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇന്ത്യയുമായ് താരതമ്യപ്പെടുത്തുമ്പോള്‍, തുലോം ചെറിയ രാജ്യമായ ജപ്പാന്റെ പുരോഗതി എത്രയോ അസൂയാര്‍ഹമാണ്? വര്‍ഷങ്ങളായുള്ള വിദേശീയ മേല്‍ക്കോയ്മയുടെ തിക്താനുഭവങ്ങളില്‍ നിന്നുള്ള നീരസം കൊണ്ടോ എന്തോ ഇന്ത്യ പാശ്ചാത്യരുടെ മനോമുകുരത്തില്‍ ജന്മം കൊണ്ട ക്രിയാത്മകവും, പ്രായോഗികവുമായ പദ്ധതികള്‍ പാടെ നിഷേധിച്ചു, ഓരോ പരീക്ഷണവും, പദ്ധതികളും പ്രയോഗിച്ചിട്ടും സ്വയം പര്യാപ്തത നേടാതെ ഇന്നും തേഡ് വേല്‍ഡിന്റെ പട്ടികയില്‍ തന്നെ കിടക്കുന്നു. ഒരിക്കല്‍ അന്തര്‍രാഷ്ട്ര നാണയനിധിക്ക് ഏറ്റവും വലിയ കടക്കാരന്‍ കൂടിയായിരുന്നു ഇന്ത്യ. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയാറില്‍ ഗിന്നസ് വേള്‍ഡു റെക്കാഡില്‍ സ്ഥാനം പിടിക്കത്തക്കവണ്ണം ഒരു വലിയ കടത്തുക കൈമാറ്റം ചെയ്തതു പ്രസ്തവ്യം ആണല്ലോ?
ബുദ്ധിജീവികള്‍ക്കെല്ലാം അവരവരുടെ പരീക്ഷായോഗ്യതകള്‍ക്കു അര്‍ഹമായ തൊഴില്‍ കൊടുക്കാന്‍ മാര്‍ഗ്ഗം ഇല്ല. ഫലമോ, നാട്ടില്‍ പിറന്ന ‘ക്രീം ഓഫ് ദ ക്രോപ്പ്’ ആയ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ കൂടുതല്‍ മെച്ചമായ മേച്ചില്‍പുറങ്ങള്‍ തേടി രാജ്യം വിടുകയാണ്. അങ്ങനെ രാജ്യത്തിനു ലഭ്യമാവേണ്ട വിലയേറിയ സംഭാവനകള്‍, സേവനങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ്.
ആഗോളവത്ക്കരണത്തിന്റെയോ, ഉദാരവത്ക്കരണത്തിന്റെയോ ഉപചയപൂര്‍ണ്ണമായ ചില മാറ്റങ്ങള്‍ ദൃശ്യമായി വരുന്നതു ആശാവഹമാണ്. സാമ്പത്തിക ഉദാരവത്ക്കരണം അമേരിക്കയുടെ ‘ജാരസന്തതി’യാണന്നുള്ള ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും മനോഭാവത്തില്‍ അല്പം മാറ്റം വന്നപോലെ. ഇന്ത്യ ഒരേ കുടക്കീഴില്‍ നിരക്കേണ്ട ആവശ്യം കഴിഞ്ഞകാലങ്ങളിലേക്കാളും അനിവാര്യമായിരിക്കുകയാണ് ഇന്ന്.
വിവിധ ഭാഷകളും, മതങ്ങളും, വംശങ്ങളും, പാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്ക് അവരവരുടെ ഭാഷയ്ക്കും, മതത്തിനും, വംശത്തിനും മാത്രം ഉതകുന്നതായ രീതിയില്‍ പാര്‍ട്ടികള്‍ പ്രായോഗികമല്ല. അങ്ങനെ വന്നാല്‍ കൊച്ചു കൊച്ചു രാജ്യങ്ങളായി വിഭാഗിച്ചുകിട്ടാന്‍ വാദിക്കില്ലെന്നാരു കണ്ടു. ഖാലിസ്ഥാന്‍ വാദം ഇന്നും കെട്ടണഞ്ഞിട്ടില്ല
ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍, രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ കീറിമുറിയ്ക്കാനുള്ള പ്രവണതയാണോ ഇന്നു കണ്ടുതുടങ്ങിയിരിക്കുന്നത്? ഛിദ്രവാസന മാത്രം മുതല്‍ക്കൂട്ടായി രാജ്യത്തിന്റെ നന്മയെ ദീര്‍ഘദൃഷ്ടിയോടെ കാണാതെയുള്ള നിസംഗപ്രതിലോമ പ്രവണതകള്‍ നിയമം മൂലം ഇല്ലാതാക്കേണ്ട സമയം അമ്പേ വൈകിയിരിക്കുന്നു. അതിനു തന്റേടമുള്ള, നട്ടെല്ലുള്ള ഒരു നേതൃത്വം മുമ്പോട്ടു വന്നിരുന്നെങ്കില്‍...?
***************

>>>കൂടുതല്‍ വായിക്കാന്‍ പിഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
Sudhir Panikkaveetil 2019-01-14 11:47:43
ശ്രീ വർഗീസ് സാർ നിങ്ങളുടെ ലേഖനം പതിവുപോലെ ശക്തവും 
ചിന്തനീയവും തന്നെ. നമ്മുടെ നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും 
കാരണം രാഷ്ട്രീയക്കാരല്ല മറിച്ച് പൊതുജനം കഴുത എന്ന് പറയുന്ന 
ആളുകൾ ആണ്.രാഷ്ട്രീയക്കാരന്റെ ചട്ടുകമായി നാട്ടിൽ അക്രമം വിതച്ച് 
നടക്കുന്നവരാണ്. ഒരു ഉദാഹരണം.. ശ്രീ അയ്യപ്പന്റെ അടുത്തുകൂടി 
സ്ത്രീകൾ പോയാൽ അങ്ങേരുടെ ചൈതന്യം നഷ്ടപ്പെടുമെന്ന് പറഞ്ഞു 
ജനങ്ങൾ ഉണ്ടാക്കിയ കോലാഹലങ്ങൾ കണ്ടില്ലേ? കെ എസ ആർ ടി സി ക്ക് 
 നാലുകോടി രൂപ നഷ്ടമുണ്ടായി. എന്തിനാണ് ജനം ഇമ്മാതിരി പ്രവർത്തി 
ചെയ്യാൻ പോകുന്നത്. ദൈവങ്ങളെ മനുഷ്യൻ രക്ഷിക്കേണ്ടതുണ്ടോ?രാഷ്ട്രീയക്കാരൻ അവന്റ ഗുണത്തിനുവേണ്ടി 
ജനങ്ങളുടെ ഉപയോഗിക്കുമ്പോൾ അതിനു നിന്ന് കൊടുത്തിട്ട് അവരെ 
കുറ്റം പറയരുത്. ഇയ്യിടെ വാട്സാപ്പിൽ ഒരു മെസ്സേജ് കണ്ട്. ബഹുമാനപ്പെട്ട 
പിണറായി വിജയനും കുടുംബവുമുള്ള പടം . രണ്ട് മക്കൾ നല്ല നിലയിൽ. മറിച്ച് രാഷ്ട്രീയക്കാർക്ക് വേണ്ടി പൊരുതി മരിച്ചവന്റെ കുടും ബം പട്ടിണി. .
റോഡിലിറങ്ങി പൊതു മുതൽ നശിപ്പിച്ച് ഹർത്താൽ നടത്തി ജന ജീവിതം 
ദുസ്സഹമാക്കുന്ന പൊതുജനം എന്ന കഴുതയാണ് ഭാരതത്തിന്റെ 
ശാപം. പഠിക്കാൻ പോകുന്ന പിള്ളേരും കൊച്ചു കഴുത കുട്ടികൾ ആയി 
തന്ത കഴുതകൾ ചെയ്യുന്നത് ചെയ്യുന്നു. ജനം അവനവന്റെ കാര്യം നോക്കി 
ജീവിക്കണം. പൊതുമുതൽ നശിപ്പിക്കാനും കൊല്ലാനും ജനം ഇറങ്ങുകയില്ലെന്നു 
തീരുമാനിക്കട്ടെ അപ്പോൾ കാണാം പുരോഗതി ഇറങ്ങി വരുന്നത്. 

നല്ല ലേഖനത്തിനു നന്ദി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക