Image

മുനമ്‌ബം മനുഷ്യക്കടത്ത്‌: സംഘം പോയത്‌ ഓസ്‌ട്രേലിയയിലെ ക്രിസ്‌തുമസ്‌ ദ്വീപിലേക്ക്‌

Published on 15 January, 2019
മുനമ്‌ബം മനുഷ്യക്കടത്ത്‌: സംഘം പോയത്‌ ഓസ്‌ട്രേലിയയിലെ ക്രിസ്‌തുമസ്‌ ദ്വീപിലേക്ക്‌
കൊച്ചി: മുനമ്‌ബം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തിന്‍റെ  വിവരങ്ങള്‍ പുറത്ത്‌ വരുന്നു. രണ്ട്‌ ദിവസം മുമ്പാണ്‌ 42 പേരടങ്ങുന്ന സംഘം മുനമ്പം തീരത്തുനിന്നും മത്സ്യബന്ധന ബോട്ടില്‍ പുറപ്പെട്ടത്‌.
ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്‌തുമസ്‌ ദ്വീപിലേക്കാണ്‌ ഇവര്‍ പുറപ്പെട്ടതെന്നാണ്‌ വിവരം.

കൊച്ചി വഴി മുമ്‌ബും മനുഷ്യക്കടത്ത്‌ നടത്തിയവര്‍ തന്നെയാണ്‌ ഇപ്പോഴത്തെ ഈ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന്‌ പിന്നിലുമെന്നാണ്‌ വിവരം ലഭിച്ചിരിക്കുന്നത്‌.

  സംഘം പുറപ്പെട്ട ബോട്ട്‌ തിരുവനന്തപുരം കോവളം സ്വദേശി അനില്‍ കുമാറില്‍നിന്നാണ്‌ കുളച്ചല്‍ സ്വദേശികളായ ശ്രീകാന്തന്‍, സെല്‍വം എന്നിവര്‍ വാങ്ങിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഒരുകോടി രണ്ട്‌ ലക്ഷം രൂപക്കാണ്‌ ബോട്ട്‌ വാങ്ങിയത്‌.

അതേ സമയം മനുഷ്യക്കടത്ത്‌ സംഘം ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ വാങ്ങിയതായും സംശയമുണ്ട്‌.

മുനമ്പത്തും കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ്‌ മനുഷ്യക്കടത്തിനെക്കുറിച്ച്‌ സൂചന നല്‍കിയത്‌. ഓസ്‌ട്രേലിയയില്‍നിന്നും 1538 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ സംഘം ലക്ഷ്യംവെക്കുന്ന ക്രിസ്‌തുമസ്‌ ദ്വീപുള്ളത്‌. 

ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ്‌ ഈ ദ്വീപ്‌.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാപുകളില്‍ കഴിയുന്നവരാണ്‌ ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും ഒരു സംശയമുണ്ട്‌. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേര്‍ മുമ്‌ബും കൊച്ചി വഴി സമാനരീതിയില്‍ ഓസ്‌ട്രേലിയയിലേക്ക്‌ പോയതാണ്‌ ഇത്തരമൊരു സംശയത്തിന്‌ കാരണം.

ഇതിനിടെ കൊച്ചിയില്‍ നിന്ന്‌ പുറപ്പെട്ട 42 പേരെക്കുറിച്ച്‌ പൊലീസ്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.

നെടുമ്‌ബാശേരി വിമാനത്താവളം വഴി ചിലര്‍ എത്തിയതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌. സംഘത്തില്‍ ഒരു ഗര്‍ഭിണിയുണ്ടെന്നും ഇവര്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിയിരുന്നതായും പൊലീസ്‌ സംശയിക്കുന്നു.

പുറപ്പെട്ട 42 പേരും മുനമ്‌ബത്തുനിന്നല്ല ബോട്ടില്‍ കയറിയതെന്നാണ്‌ കരുതുന്നത്‌. പ്രദേശവാസികള്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ സമീപത്തെ വിവിധ തീരങ്ങളിലേക്ക്‌ ബോട്ട്‌ അടുപ്പിക്കുകയായിരുന്നു.

12000 ലിറ്റര്‍ ഡീസലും അഞ്ച്‌ ടാങ്ക്‌ കുടിവെള്ളവും നിറച്ച്‌ ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ്‌ സംഘം പുറപ്പെട്ടിരിക്കുന്നത്‌.

15 കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ സംഘത്തിലുള്ളതെന്ന്‌ കരുതുന്നു. ഒരുമാസത്തേക്ക്‌ മരുന്നുശേഖരിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ലഭിച്ചു. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം താമസിച്ചത്‌ ചെറായിയിലെ ലോഡ്‌ജുകളിലാണ്‌.

അഭയാര്‍ത്ഥികളായി മാറി പിന്നീട്‌ രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ്‌ ഇവര്‍ ലക്ഷ്യം വെക്കുന്നത്‌. അതേ സമയം ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ്‌ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ചാം തീയതി നാല്‌പതംഗ സംഘം ഡല്‍ഹിയില്‍ നിന്ന്‌ ട്രെയിന്‍ മാര്‍ഗവുംഎട്ടാം തീയതി മറ്റ്‌ മൂന്ന്‌ പേര്‍ വിമാന മാര്‍ഗവും രണ്ട്‌ സംഘങ്ങളായാണ്‌ കൊച്ചിയിലെത്തിയത്‌.

ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക