ചിരിയുടെ അച്ചന്‍ ജോസഫ് പുത്തന്‍പുരക്കല്‍, അവലോകനം- (ജോസഫ് പടന്നമാക്കല്‍)
EMALAYALEE SPECIAL
16-Jan-2019

ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ധ്യാനഗുരുക്കന്മാരുടെ പ്രവാഹം കേരളത്തില്‍ വന്‍തോതിലാരംഭിച്ചതെന്നു തോന്നുന്നു. നിരവധി കരിഷ്മാറ്റിക്ക്' കേന്ദ്രങ്ങള്‍ കേരളം മുഴുവനായി ഉയര്‍ന്നുവന്നിട്ടുണ്ട്. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രം 1977ല്‍ ആരംഭിച്ചു. മിക്ക ധ്യാനകേന്ദ്രങ്ങളിലും ആദ്ധ്യാത്മിക വിഷയങ്ങളായ പ്രസംഗങ്ങളും പ്രാര്‍ത്ഥനകളും അത്ഭുത രോഗശാന്തികളും പതിവാണ്. ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിനേയും അറിയപ്പെടുന്നത് ഒരു ധ്യാന ഗുരുവായിട്ടാണ്. എന്നാല്‍ അദ്ദേഹം അത്ഭുതങ്ങളോ രോഗശാന്തികളോ നടത്താറില്ല. മറ്റു ധ്യാനഗുരുക്കന്മാരില്‍നിന്നും വ്യത്യസ്തമായി ആയിരങ്ങളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും പ്രഭാഷണങ്ങള്‍ നടത്തുന്ന ഒരു വൈദികനാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍. കൊട്ടും സംഗീതവും അടങ്ങിയ ധ്യാന പ്രസംഗങ്ങള്‍ അദ്ദേഹം സംഘടിപ്പിക്കാറില്ല. വഴിയോരങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതില്‍ അച്ചന്‍ അനുകൂലിയല്ല. ദൈനംദിന ജീവിതത്തില്‍ ട്രാഫിക്ക് തടസപ്പെടുത്തുന്ന കേരളത്തിലെ പബ്ലിക്ക് റോഡുകളിലുള്ള കുരിശുകളും പള്ളികളും പൊളിച്ചു മാറ്റണമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും അടുത്ത കാലത്ത് വിവാദങ്ങളുണ്ടാക്കിയിരുന്നു.
ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലച്ചനും പ്രസിദ്ധ ജേര്‍ണലിസ്റ്റായ ജോണ്‍ ബ്രിട്ടാസുമായുള്ള സുദീര്‍ഘമായ ഒരു അഭിമുഖ സംഭാഷണം യൂട്യൂബില്‍ ശ്രവിക്കാനിടയായി. അച്ചന്റെ ചാനല്‍ ചര്‍ച്ചകളും ബ്രിട്ടാസിന്റെ ചോദ്യങ്ങളും അച്ചന്റെ ഉത്തരങ്ങളും ഈ ലേഖനത്തിനു സഹായകമായിട്ടുണ്ട്. അതില്‍ കടപ്പാടുമുണ്ട്. സുപ്രസിദ്ധ ധ്യാനഗുരുവായി അച്ചന്‍ വളരുവാനുള്ള സാഹചര്യങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ വിവരിക്കുന്നുണ്ട്. ദൈവഭക്തിയും തീവ്ര മതസ്‌നേഹവുമുണ്ടായിരുന്ന അമ്മയാണ് ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്നു അച്ചന്‍ പറയുന്നു. അച്ചന്റെ അമ്മ വഴി ഞാനും അച്ചനും ഒരേ കുടുംബത്തില്‍പ്പെട്ടവരെന്നതിലും അഭിമാനം തോന്നി. അച്ചന്റെ 'അമ്മ അന്നമ്മ (അച്ചാമ്മ) വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയിരുന്നു.
ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'കാപ്പിപ്പൊടിയച്ചന്‍' എന്നറിയപ്പെടുന്ന 'ഫാദര്‍ ജോസഫ് പുത്തന്‍പുരയുടെ സരസവും ഇമ്പവുമേറിയ പ്രസംഗങ്ങള്‍ യൂട്യൂബില്‍ കേള്‍ക്കാം. ചിരിയുടെ തിരുമേനിയെന്നറിയപ്പെടുന്ന മാര്‍ത്തോമ്മ സഭയുടെ അധിപനായിരുന്ന ക്രിസ്‌റ്റൊസം തിരുമേനിയാണ് ഇദ്ദേഹത്തെ ആദ്യം കാപ്പിപ്പൊടിയച്ചന്‍ എന്ന് വിളിച്ചത്. ഒരു പക്ഷെ പൗരാഹിത്യ ലോകത്ത് ഇത്രമാത്രം ജനശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു പുരോഹിതന്‍ മലയാളക്കരയില്‍ ഉണ്ടാവുകയില്ല. അദ്ദേഹത്തിന്റെ നര്‍മ്മ മധുരമായ പ്രഭാഷണങ്ങള്‍ ജാതിമത ഭേദമെന്യെ എല്ലാ ജനങ്ങളും ശ്രവിക്കാറുണ്ട്. കുടുംബബന്ധങ്ങളെ ചേര്‍ത്തിണക്കി കൊച്ചുകൊച്ചു വര്‍ത്തമാനങ്ങളായി ബന്ധപ്പിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ യുട്യൂബില്‍ പ്രസിദ്ധങ്ങളായത്. നര്‍മ്മങ്ങളില്‍ക്കൂടി അവതരിപ്പിക്കുന്ന ഓരോ പ്രസംഗങ്ങളിലും ഉപകഥകളും കാണും. ഇടുക്കിയും സ്വന്തം ജീവിത ചുറ്റുപാടുകളും ജീവിച്ചിരുന്ന മാതാപിതാക്കളും എല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ മുഴങ്ങാറുണ്ട്. അമ്പതില്‍പ്പരം രാജ്യങ്ങളില്‍ ധ്യാന പ്രഭാഷണങ്ങളുമായി കറങ്ങിയിട്ടുണ്ട്. അത്രമാത്രം അച്ചന്റെ ആരാധകര്‍ ലോകം മുഴുവന്‍ ഇന്ന് വ്യാപിച്ചുകിടക്കുന്നു.
നിരവധി പേരുകളിലാണ് അദ്ദേഹത്തെ ജനം അറിയുന്നത്. കഥ പറയുന്ന അച്ചന്‍, രസികന്‍, നര്‍മ്മ പ്രഭാഷകന്‍, ചിരിയുടെ അച്ചന്‍, കാപ്പിപ്പൊടിയച്ചന്‍ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. അദ്ദേഹത്തിന് നിയമ ബിരുദമുള്ളതുകൊണ്ട് തമാശു രൂപത്തില്‍ 'ഫീസില്ലാത്ത വക്കീല്‍' എന്നും വിളിക്കാറുണ്ട്. ചിലര്‍ അമ്മായി അപ്പന്‍ എന്നും (ഫാദര്‍ ഇന്‍ ലോ) വിളിക്കുന്നു.' ഹാസ്യരൂപേണയുള്ള അത്തരം വിളികളില്‍ അച്ചന്‍ സന്തോഷിക്കാറുമുണ്ട്. 'ആദ്യകാലങ്ങളില്‍ അദ്ദേഹത്തെ റെവറന്റ് ഫാദര്‍ എന്നു സംബോധന ചെയ്തിരുന്നുവെന്നും കാലം കഴിഞ്ഞപ്പോള്‍ അത് വൈറല്‍ ഫാദറെന്നായിയെന്നും അച്ചന്‍ പറയാറുണ്ട്.
ഞാനുള്‍പ്പെടുന്ന ഞങ്ങളുടെ കുടുംബ സംഘടനയുടെ രക്ഷാധികാരിയെന്ന നിലയില്‍ അച്ചനെ എനിക്ക് വളരെ വര്‍ഷങ്ങളായി അറിയാം. കുടുംബ യോഗങ്ങളില്‍ അദ്ദേഹത്തോടൊപ്പം സംബന്ധിച്ചിട്ടുമുണ്ട്.
ഇടുക്കി ജില്ലയില്‍ വലിയ തോവാളയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലച്ചന്‍ ജനിച്ചത്. അച്ചനെക്കൂടാതെ 'തൊമ്മച്ചന്‍' എന്ന ഒരു സഹോദരനും അദ്ദേഹത്തിനുണ്ട്. ആയുര്‍വേദവും കൃഷിയുമായി സഹോദരന്‍ കഴിയുന്നു. ചെറുപ്പകാലം മുതല്‍ ഒരു വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ കൂടികൊണ്ടിരുന്നു. പള്ളിയില്‍ അള്‍ത്താര ബാലനായി പുരോഹിതരെ സഹായിച്ചിരുന്നു. സോഡാലിറ്റിയിലും മിഷ്യന്‍ ലീഗിലും സജീവ പ്രവര്‍ത്തകനായിരുന്നു. ഫലിതത്തോടുള്ള താല്‍പ്പര്യവും കഴിവും കുട്ടിക്കാലം മുതലുള്ള പരിശീലനത്തില്‍ നിന്നും ലഭിച്ചതെന്ന് പുത്തന്‍ പുരക്കല്‍ അച്ചന്‍ പറയാറുണ്ട്. കുട്ടിക്കാലത്ത് ഫലിതം നിറഞ്ഞ സിനിമകളും നാടകങ്ങളും കാണുവാന്‍ പോവുകയും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. അന്നത്തെ നടന്മാരായ ബഹദുറിന്റെയും അടൂര്‍ ഭാസിയുടെയും ശ്രീനിവാസന്റെയും സിനിമകള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു.
പഠിക്കുന്ന കാലങ്ങളില്‍ നാടുമുഴുവന്‍ കഥാപ്രസംഗം കേള്‍ക്കാന്‍ പോവുമായിരുന്നു. പ്രസിദ്ധരായ കൈമാപ്പറമ്പന്റെയും സാമ്പശിവന്റേയും കഥാ പ്രസംഗങ്ങളിലെ നര്‍മ്മങ്ങള്‍ അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. സ്‌കൂളിലെ കലാവേദികളില്‍ കഥാപ്രസംഗങ്ങള്‍ അച്ചനും അവതരിപ്പിക്കുമായിരുന്നു. നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. അങ്ങനെ 'നര്‍മ്മരസം' എന്ന കല കുഞ്ഞുന്നാള്‍ മുതല്‍ വളര്‍ത്തിയെടുത്തിരുന്നു. പ്രസംഗകലയിലും നര്‍മ്മരസങ്ങള്‍ കലര്‍ത്തി സദസ്യരെ കീഴടക്കാനുള്ള കഴിവ് സ്വയം വികസിപ്പിച്ചെടുക്കുകയും ചെയ്തു.
പത്താം ക്ലാസിലെ പഠനത്തിനുശേഷം പുരോഹിതനാകണമെന്നുള്ള ആഗ്രഹങ്ങള്‍ സ്വന്തം കുടുംബത്തില്‍ അവതരിപ്പിച്ചപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ക്കുകയാണുണ്ടായത്. രണ്ടു മക്കള്‍ മാത്രമുള്ള ആ കുടുംബത്തില്‍ ഒരാള്‍ പുരോഹിതനാകുന്നത് അവര്‍ താല്പര്യപ്പെട്ടിരുന്നില്ല. അക്കാലത്ത് നല്ലവരായ വൈദികരെ പരിചയപ്പെടുവാനും അവരുമായി ഇടപെഴുകാനും അവസരങ്ങള്‍ ലഭിച്ചിരുന്നു. അവരുടെ പ്രോത്സാഹനവും പില്‍ക്കാലത്ത് ഒരു പുരോഹിതനാകാനുള്ള ആവേശം വര്‍ദ്ധിക്കാനും കാരണമായി. വൈദിക വൃത്തിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയമായി ഉയരാനുള്ള അവസരങ്ങള്‍ കാരണം പുരോഹിതനാകണമെന്നുള്ള ആഗ്രഹത്തിനു മങ്ങലേറ്റിരുന്നു.
ഹൈറേഞ്ചില്‍ നരിയാംപാറയിലുള്ള ദേവസ്വം ബോര്‍ഡ് കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. ബിഎ ഡിഗ്രി കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്നും മൂന്നാം റാങ്കോടെ പാസ്സായി. തിരുവനന്തപുരം ലോ കോളേജില്‍ നിയമം പഠിച്ച് എല്‍ എല്‍ ബി ഡിഗ്രിയും നേടിയിട്ടുണ്ട്. പാവങ്ങള്‍ക്കും സൗജന്യമായി തന്റെ സേവനം പ്രയോജനപ്പെടുമെന്ന ചിന്ത തിരുവനന്തപുരം ലോകോളേജില്‍ നിയമം പഠിക്കാന്‍ പ്രേരിപ്പിച്ചു. വിദ്യാഭ്യാസ കാലത്താണ് രാഷ്ട്രീയത്തില്‍ ശക്തമായി പ്രവര്‍ത്തനമാരംഭിച്ചത്. കോളേജ് പഠനകാലത്ത് പേരുകേട്ട ഒരു പ്രാസംഗികനായിരുന്നു. കേരളാകോണ്‍ഗ്രസ്, മാണി ഗ്രൂപ്പെന്നും ജോസഫ് ഗ്രൂപ്പെന്നും രണ്ടായി പിളര്‍ന്നപ്പോള്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തോടുള്ള മതിപ്പു പോയി. പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടിയില്‍ തന്നെ സജീവമായി തുടരുമായിരുന്നു. 'അദ്ദേഹത്തെ പ്രസംഗകല പരിശീലിപ്പിച്ചത് മിഷ്യന്‍ ലീഗാണെങ്കിലും രാഷ്ട്രീയത്തില്‍ വന്നുചേര്‍ന്നതുകൊണ്ടാണ് ഏതു സമൂഹത്തിനെയും അഭിമുഖീകരിക്കാനുള്ള കഴിവുണ്ടായതെന്ന്' അച്ചന്‍ പറയുന്നു. രാഷ്ട്രീയം പിളര്‍ന്നു കഴിഞ്ഞപ്പോള്‍ യുവാവായ പുത്തന്‍പുരക്കല്‍ നിരാശനായി തീര്‍ന്നിരുന്നു. ജീവിതത്തില്‍ ഉയരുവാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും അദ്ദേഹത്തിനു തോന്നി. കുറച്ചുകാലം ഗുജറാത്തില്‍ പോയി താമസിച്ചു. അവിടെ പുരോഹിതരുമായുള്ള സംസര്‍ഗം വീണ്ടുമുണ്ടായി. രാഷ്ട്രീയം ഉപേക്ഷിച്ച് പുരോഹിതനാകണമെന്നുള്ള ചിന്തകള്‍ അദ്ദേഹത്തില്‍ വീണ്ടും മൊട്ടിട്ടു.
കപ്പൂച്ചിയന്‍ സഭയില്‍ ചേര്‍ന്നാല്‍ തന്റെ ജന്മസിദ്ധമായ പ്രസംഗ കലയെ പരിപോഷിപ്പിക്കാമെന്നും അച്ചന്‍ കരുതി. അങ്ങനെയുള്ള തീക്ഷ്ണമായ ആഗ്രഹത്തിന്റെ വെളിച്ചത്തിലായിരുന്നു അദ്ദേഹം കപ്പൂച്ചിയന്‍ വൈദിക വൃദ്ധി സ്വീകരിക്കാന്‍ ഒരുമ്പെട്ടത്. വൈദികനായതില്‍ നിരാശയുണ്ടോയെന്ന് ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം മറുപടി പറയുന്നുണ്ട്. 'വൈദികനായതില്‍ താന്‍ അഭിമാനിക്കുന്നു. കഴിവിനുപരിയായി 'ഞാനായ' വ്യക്തിത്വത്തെ തന്മൂലം വളര്‍ത്താന്‍ സാധിച്ചു. പുറകോട്ടു നോക്കുമ്പോള്‍ നിരാശയൊന്നുമില്ല. ലോകമാകമാനമുള്ള മലയാളികള്‍ ഇന്ന് തന്റെ വാക്കുകളെ ശ്രവിക്കുന്നു. നൂറുകണക്കിന് കുടുംബബന്ധങ്ങളെ യോജിപ്പിക്കാന്‍ സാധിച്ചു. ഒരു പക്ഷെ താന്‍ രാഷ്ട്രീയത്തിലായിരുന്നെങ്കില്‍ ഇത്രമാത്രം മുന്നേറുവാന്‍ സാധിക്കുമായിരുന്നുവെന്ന് കരുതുന്നില്ല.'
ജോസഫ് പുത്തന്‍പുരയ്ക്കലച്ചനെന്ന ധ്യാനഗുരുവിന്റെ പ്രസംഗ ശൈലികള്‍ മറ്റു ധ്യാന ഗുരുക്കളില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ആദ്ധ്യാത്മികതയുടെ പേരില്‍ കാണിക്കുന്ന കപട ഭക്തികളെ പരിഹസിക്കുന്ന, തെറ്റുകള്‍ ഹാസ്യരൂപേണ ചൂണ്ടിക്കാണിക്കുന്ന ഒരു ഗുരുവാണ് അദ്ദേഹം. ഓരോ പ്രസംഗത്തിലും നൂറുകൂട്ടം നര്‍മ്മരസങ്ങള്‍ നിറഞ്ഞിരിക്കും. ശ്രോതാക്കളുടെ മനസിലേക്ക് അഗാധമായി കയറി ചെല്ലുകയും ചെയ്യും. ഭക്തിയുടെ ശരിയായ വഴികള്‍ ലളിതമായ വാക്കുകളില്‍ക്കൂടി ചൂണ്ടിക്കാണിക്കുന്നു. ഏതു സംഗതികളും നര്‍മ്മ ഭാവനകളോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അവര്‍ണ്ണനീയമാണ്. അതുമൂലം ആയിരക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമുള്ളത്. സരസമായ വാക്കുകളില്‍ക്കൂടി മനുഷ്യ മനസുകളെ കീഴടക്കുകയെന്നതാണ് അച്ചന്റെ നയം. പറയുന്ന എല്ലാ വാക്കുകളും അര്‍ത്ഥ ഗാംഭീര്യം നിറഞ്ഞതാണ്. നര്‍മ്മരസം നിറഞ്ഞ കഥകള്‍കൊണ്ട് ഈ കപ്പൂച്ചിയന്‍ അച്ചന്‍ ജനമനസുകളെ കീഴടക്കുന്നു. അച്ചന്റെ പ്രസംഗത്തിന് പ്രത്യേകമായ ഒരു ശൈലിയുണ്ട്. കൊച്ചുകുട്ടികള്‍ പോലും നിശബ്ദതയോടെ ചിരിച്ചും ആസ്വദിച്ചും പ്രസംഗങ്ങള്‍ ശ്രദ്ധയോടെ ശ്രവിക്കും. അെ്രെകസ്തവര്‍പോലും അച്ചന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നു. ഹൈന്ദവ മുസ്ലിം പരിപാടികളിലും പ്രസംഗം ചെയ്യാന്‍ ക്ഷണിക്കുന്ന വേളകളില്‍ സംബന്ധിക്കാറുണ്ട്.
അച്ചന്റെ പ്രസംഗങ്ങളില്‍ കൂടുതലും കുടുംബവും ഭാര്യ ഭര്‍ത്താക്കന്മാരും മക്കളും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയാണ്. ഏതു പ്രസംഗത്തിലും കുടുംബ ജീവിതത്തെപ്പറ്റി ഫലിതമായി പ്രസംഗങ്ങള്‍ അവതരിപ്പിക്കും. കുടുംബത്തിനുള്ളിലെ അന്തച്ഛിദ്രങ്ങളെ ഇത്രമാത്രം മനസ്സിലാക്കിയിട്ടുള്ള മറ്റൊരാള്‍ മലയാളക്കരയില്‍ വിരളമായിരിക്കും. ദാമ്പത്യജീവിതം സന്തോഷമാക്കാന്‍ അച്ചന്‍ ഉപമകളില്‍ക്കൂടിയും നര്‍മ്മ രസങ്ങളടങ്ങിയ കഥകളില്‍ക്കൂടിയും പ്രസംഗങ്ങള്‍ സദസ്സില്‍ അവതരിപ്പിക്കുന്നു. 'പകല്‍ മുഴുവന്‍ ജോലിയും ജോലി സ്ഥലത്തു നിന്ന് കിട്ടുന്ന ടെന്‍ഷനുമായി വീട്ടില്‍ വന്നെത്തുന്ന ഭര്‍ത്താവിന് ഭാര്യ ഹൃദയം നിറഞ്ഞ പുഞ്ചിരി അര്‍പ്പിച്ചാല്‍ അത് ഏതു ഭര്‍ത്താവിനേയും ലോല ഹൃദയനാക്കുമെന്ന്' അച്ചന്‍ പറയുന്നു. ഭാര്യയുടെ ഹൃദയം നിറഞ്ഞ ചിരിയുടെ മുമ്പില്‍ കീഴടങ്ങാത്ത ഭര്‍ത്താക്കന്മാരില്ലെന്നാണ് അച്ചന്റെ അഭിപ്രായം. ഭാര്യ ഭര്‍തൃ ബന്ധത്തെ സ്പര്‍ശിച്ചുകൊണ്ട് 'ഇണയും തുണയും' എന്ന പുസ്തകവും അച്ചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിന്റെ അടിസ്ഥാന കാരണം പരസ്പ്പര വിശ്വാസമാണെന്ന് അച്ചന്‍ പറയുന്നു. നിശബ്ദമായി കിടപ്പറയില്‍ കിടന്നുറങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. പകലിന്റെ അരിശം മുഴുവന്‍ തീര്‍ക്കാന്‍ ഉറങ്ങി കിടക്കുന്ന ഭര്‍ത്താവിനെ രാത്രിയില്‍ ചെരവയ്ക്കടിച്ച് ഒരു ഭാര്യക്ക് ഇല്ലാതാക്കാം. സ്വച്ഛമായും സമാധാനമായും ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് കിടന്നുറങ്ങുന്നതുപോലും ഒരു വിശ്വാസത്തിന്റെ പുറത്താണ്. പരസ്പ്പര വിശ്വാസമുള്ള ഒരു പങ്കാളിയാണ് ജീവിത വിജയത്തിനാവശ്യമെന്ന ചിന്തകള്‍ തന്മയത്വമായി അവതരിപ്പിക്കാനുള്ള കഴിവുകള്‍ പുത്തന്‍പുരക്കലച്ചനു മാത്രമേയുള്ളൂ.
വിവാഹം കഴിക്കാത്ത ഒരു പുരോഹിതന്‍ കുടുംബകാര്യങ്ങള്‍ ഇത്രമാത്രം മനസിലാക്കിയത് എങ്ങനെയെന്നും ചോദ്യങ്ങളുയരാറുണ്ട്. അതിനും അച്ചന് മറുപടിയുണ്ട്. 'ഒരു പന്തയ കുതിരയോട്ടത്തില്‍, ഒരു ഫുട്ബാള്‍, അല്ലെങ്കില്‍ വോളിബാള്‍ കോര്‍ട്ടില്‍ 'റഫറീ' കളിക്കാറില്ല. പക്ഷെ കളിക്കാരേക്കാള്‍ നിയമങ്ങള്‍ അറിയാവുന്നത് റഫറീക്കായിരിക്കും. അതുപോലെ മാനുഷികമൂല്യങ്ങള്‍ വിലമതിക്കുന്ന ഒരു വൈദികനും ജീവിതമാകുന്ന കോര്‍ട്ടിലെ കളികള്‍ വായനയില്‍ക്കൂടി, മറ്റുള്ളവരില്‍ നിന്നും മനസിലാക്കി അറിവുകള്‍ സമ്പാദിച്ചിരിക്കും. ഒരു ധ്യാന ഗുരുവെന്ന നിലയില്‍ കുടുബപ്രശ്‌നങ്ങളുമായി നൂറു കണക്കിന് ജനം അച്ചനെ സമീപിക്കാറുണ്ട്. ഓരോരുത്തര്‍ക്കും കുടുംബ ജീവിതത്തെപ്പറ്റി നിരവധി ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും. അച്ചന്‍ പറയുന്നു, 'ഇങ്ങനെ നിരവധിയാളുകളുടെ ദൈനംദിന ജീവിതത്തിലുള്ള പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ആധികാരികമായി വിലയിരുത്താനും കഴിവുണ്ടാകും. വിവാഹിതരായവരെക്കാളും വൈവാവിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു പുരോഹിതനെന്ന നിലയില്‍ പ്രത്യേകമായ കഴിവുമുണ്ടാകും.' പ്രായോഗിക പരിജ്ഞാനം അങ്ങനെ ലഭിക്കുന്നതിന്റെ വെളിച്ചത്തില്‍ തന്റെ പ്രസംഗങ്ങള്‍ വികസിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ഹൈന്ദവ കുടുംബങ്ങളില്‍ നിന്നും മറ്റു കുടുംബങ്ങളില്‍ നിന്നും പ്രശ്‌നങ്ങളുമായി വരുന്നവരുമായി മണിക്കൂറോളം അച്ചന്‍ സമയം ചെലവഴിച്ചിട്ടുണ്ട്. 'പിരിയാന്‍ പോവുന്ന പലരും അതുമൂലം പിന്നീട് സന്തോഷമായി കഴിയുന്നതില്‍ സംതൃപ്തിയുണ്ടാകാറുണ്ടെന്നും' അച്ചന്‍ പറയുന്നു. അച്ചന്‍ സ്ത്രീ പുരുഷ മനഃശാസ്ത്രം ധാരാളം വായിക്കാറുണ്ടെന്നും അവകാശപ്പെടുന്നു. വനിതയിലും മറ്റും എഴുതാറുണ്ട്. അങ്ങനെ എഴുതാന്‍ വേണ്ടി മനഃശാസ്ത്രത്തെപ്പറ്റി പഠനം നടത്താറുണ്ട്. അത്തരം കേട്ടും വായിച്ചുമുള്ള അറിവുകളാണ് അദ്ദേഹത്തെ മനഃശാസ്ത്രപരമായ ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടുപിടിക്കാന്‍ സഹായിക്കുന്നത്.
ഭാര്യാ ഭര്‍തൃ ബന്ധത്തിന്റെ ഉലച്ചിലിനു കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും അച്ചന്‍ മിക്ക പ്രഭാഷണങ്ങളിലും ഓര്‍മ്മിപ്പിക്കാറുണ്ട്. 'ഭാര്യയും ഭര്‍ത്താവും പരസ്പ്പരം ബഹുമാനമില്ലാതുള്ള സ്ഥിതിവിശേഷങ്ങള്‍ വരുമ്പോഴാണ് പൊട്ടിത്തെറികള്‍ ആരംഭിക്കുന്നത്. പണ്ടുകാലങ്ങളില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ വരുമാനം കൊണ്ട് കഴിഞ്ഞിരുന്നു. എന്നാല്‍ ന്യുകഌയര്‍ കുടുംബങ്ങളുടെ ആരംഭത്തോടെ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നു. സ്വയം പര്യാപ്തയായ ഭാര്യക്ക് ഭര്‍ത്താവിനോട് ബഹുമാനക്കുറവുമുണ്ടാകാം. അത് പിന്നീട് കുടുംബ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയിക്കുന്നു. പരസ്പ്പരം ബഹുമാനമില്ലാതെ ഭാര്യയോട് സംസാരിക്കുക അതുപോലെ ബഹുമാനമില്ലാതെ ഭര്‍ത്താവിനോട് സംസാരിക്കുക എന്നുള്ളത് ഇന്ന് കുടുംബജീവിതത്തില്‍ കയ്‌പ്പേറിയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. പുരുഷന്‍ വളരുന്നതും സാഹചര്യങ്ങളും ആണുങ്ങള്‍ മേല്‍ക്കോയ്മയുള്ള ഒരു കുടുംബത്തില്‍ നിന്നായിരിക്കും. അവിടെ ഈഗോ പ്രശ്‌നമായി വരുന്നു. ഒരുമിച്ച് ഇരിക്കുകയോ വര്‍ത്തമാനം പറയുകയോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്ന പതിവും കുടുംബങ്ങളില്‍ കുറവാണ്. പടിഞ്ഞാറന്‍ ചിന്തകള്‍, സീരിയല്‍ കാണല്‍, രണ്ടു പേരും ജോലിചെയുന്നതുകൊണ്ടുള്ള സമയക്കുറവ്, ജോലി മൂലം മാനസികമായും ശാരീരികമായുമുള്ള ക്ഷീണം എന്നീ കാര്യങ്ങളെല്ലാം കുടുംബ ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നു.' പുരുഷന്റെ തലയും സ്ത്രീയുടെ ഹൃദയവുമാണ് കുടുംബ സമാധാനത്തിന് ഏറ്റവും അനുയോജ്യമെന്നും അച്ചന്‍ വിശ്വസിക്കുന്നു.
പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗങ്ങള്‍ എല്ലാം ഫലിതരൂപത്തില്‍ അവതരിപ്പിക്കാറുള്ളത്. 'ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഭര്‍ത്താവ് പെട്ടെന്ന് മറക്കും. എന്നാല്‍ ഭാര്യ ക്ഷമിക്കും. മറക്കില്ല. ക്ഷമ താല്‍ക്കാലികമായിരിക്കും. അതേ പ്രശ്‌നങ്ങള്‍ തന്നെ വീണ്ടും വീണ്ടും ഒരു പക്ഷെ നീണ്ട വര്‍ഷങ്ങളോളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും' അദ്ദേഹം പറയുന്നു.
താത്ത്വികമായ ഈ അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ ഒരു മാത്യുസാറിന്റെ ഉദാഹരണം അച്ചന്‍ കഥയുടെ രൂപത്തില്‍ പറയാറുണ്ട്. മാത്യസാര്‍ സ്‌കൂളിലെ അറിയപ്പെടുന്ന പ്രമുഖനായ ഒരു മാതൃകാധ്യാപകനാണ്. എല്ലാവരാലും സമ്മതനായ ഒരു വ്യക്തി. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ മാത്രം അത് അംഗീകരിക്കാറില്ല. മാത്യു സാറിന്റെ വാക്കുകളിലും പ്രവര്‍ത്തിയിലും അവര്‍ക്ക് എന്നും സംശയരോഗം. ഒരിക്കല്‍ അത്താഴം കഴിക്കുന്നതിനിടെ മാതു സാര്‍ സ്‌കൂളിലെ ഒരു വിശേഷം ഭാര്യയോട് പറഞ്ഞു. 'എടീ സ്‌കൂളില്‍ ഇന്ന് സുന്ദരിയായ ഒരു സിസിലി ടീച്ചര്‍ വന്നിട്ടുണ്ട്. എല്ലാവരുടെയും കണ്ണുകള്‍ ടീച്ചറിന്റെ മുഖത്തേക്കാണ്. അവളുടെ മുഖത്ത് മീശയുണ്ടെന്നുള്ള ഒരു കുറവ് മാത്രമേയുള്ളൂ.' ഒരു സ്ത്രീ മറ്റൊരു സ്ത്രീ സുന്ദരിയാണെന്ന് പറയുന്നത് സാധാരണയുള്ള സ്ത്രീകള്‍ സഹിക്കാറില്ല. എന്നാല്‍ മാത്യു സാറിന്റെ ഭാര്യ കുറച്ചുകൂടി പാകതയുള്ള സ്ത്രീയായിരുന്നു. അവര്‍ മാത്യുസാര്‍ പറഞ്ഞ കഥ കേട്ട് ചിരിച്ചു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്യു സാര്‍ വീട്ടിലില്ലാതിരുന്ന സമയത്ത് വീടിന്റെ മുറ്റത്ത് ഒരു കുളിമുറി പണിയാനായി ഇഷ്ടിക നിരത്തിയിരുന്നു. അന്ന് രാത്രിയോടെ വീട്ടില്‍ വന്നെത്തിയ മാത്യ സാര്‍ വീടിന്റെ മുറ്റത്ത് ഇഷ്ടിക നിരത്തിയിട്ടുണ്ടെന്ന് മനസിലാക്കാതെ അതില്‍ തട്ടി മുറ്റത്തു വീണു. അതില്‍ ഭാര്യയോട് ക്ഷുപിതനായ മാത്യുസാറിനോട് ഭാര്യ പറഞ്ഞത് 'എവിടെയായിരുന്നു മനുഷ്യാ നിങ്ങളുടെ കണ്ണ്! നിങ്ങള്‍ക്ക് സിസിലി ടീച്ചറിന്റെ മീശ കാണാന്‍ കണ്ണുണ്ടായിരുന്നു. ഇഷ്ടിക മുമ്പില്‍ കണ്ടപ്പോള്‍ നിങ്ങളുടെ കണ്ണെവിടെ പോയി?' ഇങ്ങനെ സ്ത്രീയുടെയും പുരുഷന്റെയും മനഃശാസ്ത്രം നല്ലവണ്ണം പഠിച്ചിട്ടാണ് സരസ രൂപത്തില്‍ അദ്ദേഹം ഓരോ പ്രസംഗവും അവതരിപ്പിക്കാറുള്ളത്,' ചില സ്ത്രീകള്‍ക്ക് കള്ളുകുടിക്കുന്ന ഭര്‍ത്താക്കന്മാരെ ഇഷ്ടം. കാരണം കള്ളുകുടിയന്‍ ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും പണം എടുത്താല്‍ അയാള്‍ അറിയില്ലായിരുന്നു. ചില ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ അടി കിട്ടിയില്ലെങ്കില്‍ സമാധാനം വരില്ല.' ഇങ്ങനെ പോവുന്നു അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുത്തിയിട്ടുള്ള സരസകഥകള്‍.
അച്ചന്‍ ആദ്ധ്യാത്മിക പ്രഭാഷണം മാത്രമല്ല സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളെ സംബന്ധിച്ചും സംസാരിക്കാറുണ്ട്. 'രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ നശിപ്പിച്ചുകൊണ്ട് വിദ്യാര്‍ത്ഥി പ്രസ്ഥാനമായി പോവുമ്പോഴാണ് അവര്‍ സ്വയം നശിക്കുന്നത്. ഒരു പക്ഷെ കേരളാകോണ്‍ഗ്രസ് പിളര്‍ന്നില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് രാഷ്ട്രീയത്തിലെ ഉന്നത വ്യക്തിയാവുമായിരുന്നുവെന്നും അച്ചന്‍ വിചാരിക്കുന്നു. രാഷ്ട്രീയം കൊണ്ട് ഉയര്‍ന്നവരുണ്ട്. അതേസമയം രാഷ്ട്രീയം കൊണ്ട് തകര്‍ന്നവരുമുണ്ട്. നല്ല രീതിയില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ അത് സൗഹാര്‍ദപരവും ജനനന്മയും പ്രദാനം ചെയ്യും. സമരവും കോലാഹലവും തല്ലുമായുള്ള രാഷ്ട്രീയം ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുകയേയുള്ളൂ. ലോകത്തില്‍ ഏതു പ്രസ്ഥാനങ്ങളിലും നന്മകളും തിന്മകളുമുണ്ട്. അതില്‍ നന്മയെ വളര്‍ത്താന്‍ പ്രയോജനപ്പെടുമെങ്കില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പിന്താങ്ങുന്നുവെന്നായിരുന്നു' അച്ചന്റെ അഭിപ്രായം. സ്‌കൂളിലെ പഠനകാര്യങ്ങളില്‍ ശ്രദ്ധാലുവാണെങ്കില്‍ സ്വന്തം വ്യക്തിത്വത്തെ വളര്‍ത്താന്‍ വിദ്യാര്‍ഥി പ്രസ്ഥാനം സഹായിക്കുമെന്ന് അച്ചന്‍ വിശ്വസിക്കുന്നു.
അച്ചന്! മനഃശാസ്ത്ര ഡിഗ്രിയോ ഫിലോസഫി ഡിഗ്രിയോ ഇല്ലാതെ ജനങ്ങളുടെ ഹൃദയം മനസിലാക്കി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനും അച്ചന് ഉത്തരമുണ്ടായിരുന്നു. 'തട്ടുകടയില്‍ പോവുമ്പോഴും ബാര്‍ബര്‍ ഷോപ്പില്‍ പോവുമ്പോഴും മനുഷ്യബന്ധങ്ങളെപ്പറ്റി ഗഹനമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഡോക്ടറുടെ ചീകത്സയേക്കാളും ഒരു കമ്പോണ്ടറുടെ ചികത്സയോ ഒരു നേഴ്‌സിന്റെ തലോടലോ ചിലപ്പോള്‍ പ്രയോജനപ്പെട്ടേക്കാം'. അച്ചന്‍ പറയുന്നത് ചിലര്‍ക്ക് അശ്‌ളീലങ്ങളെന്നും തോന്നാം. 'എന്തും മൂടിക്കെട്ടി സംസാരിക്കുമ്പോഴാണ് മനുഷ്യന്റെ നിരവധി വൈകാരിക ചിന്തകള്‍ മനസിലാകാതെ പോവുന്നത്. തുറന്ന സംസാരങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിത തുടിപ്പുകളറിയാനും ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപകാരപ്പെടും'. അത്തരം ഒരു മനഃശാസ്ത്രം അച്ചന്‍ സ്വയം വികസിപ്പിച്ചെടുത്തതെന്നും അവകാശപ്പെടുന്നു. അച്ചന്‍ തുടര്‍ന്നും പറയുന്നു, ' ഒരു മനഃശാസ്ത്രഞന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ആരും കേള്‍ക്കണമെന്നില്ല. എന്നാല്‍ ഒരു പുരോഹിതന്‍ അല്ലെങ്കില്‍ ഒരു ആചാര്യന്‍ പറഞ്ഞാല്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവര്‍ കേട്ടെന്നിരിക്കും.' അങ്ങനെയൊരു ഉറപ്പിന്മേലാണ് പലപ്പോഴും അദ്ദേഹം മനഃശാസ്ത്രപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്.
പുതിയ തലമുറകളുടെ ജീവിത സാഹചര്യങ്ങളെയും കാലത്തിന്റെ മാറ്റങ്ങളെയും അച്ചന്‍ വിലയിരുത്താറുണ്ട്. അന്യജാതി മതസ്ഥരുമായുള്ള വിവാഹത്തെപ്പറ്റിയും അച്ചന് പ്രത്യേകമായ ഒരു കാഴ്ചപ്പാടാണുള്ളത്. 'ഇന്നുള്ള യുവ തലമുറകള്‍ വൈവാഹിക ജീവിതത്തില്‍ ഹൃദയം കൊണ്ടല്ല സ്‌നേഹിക്കുന്നത്. പലപ്പോഴും യാന്ത്രികമായ സ്‌നേഹമാണ് പരസ്പ്പരം പ്രകടിപ്പിക്കുന്നത്. ഭാര്യയും ഭര്‍ത്താവും രണ്ടു മതങ്ങളെങ്കില്‍ മതം അവരുടെ മുമ്പില്‍ പ്രശ്‌നമായിരിക്കും. സ്‌നേഹത്തേക്കാള്‍ ഇരുവരുടെയും മുമ്പില്‍ ഈഗോ പൊന്തി നില്‍ക്കുകയും ചെയ്യും. ഈശ്വരനെ തന്നെ പങ്കുവെച്ചുകൊണ്ടുള്ള വര്‍ത്തമാനങ്ങളും അവരുടെയിടയില്‍ കലഹത്തിന് കാരണമാകും.'
ഫ്രാന്‍സീസ് മാര്‍പാപ്പായോട് അച്ചന്‍ അതിയായ ബഹുമാനം പ്രകടിപ്പിക്കുന്നത് കാണാം. കപ്പൂച്ചിയന്‍ സഭാസ്ഥാപകനായ അസ്സീസിയുടെ പേരാണ് ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയോടാണ് ഫ്രാന്‍സീസ് മാര്‍പാപ്പാ പൊരുതുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലകൊണ്ടിരുന്ന സഭയുടെ പല ചിന്തകളും കാലഹരണപ്പെട്ടുപോയി. അതുകൊണ്ടു നിലവിലുള്ള ഒരു വ്യവസ്ഥിതിക്ക് മാറ്റങ്ങള്‍ ആവശ്യമുണ്ടെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ ചിന്തിക്കുന്നു. സന്യാസം എന്ന് പറഞ്ഞാല്‍ കൂടുതല്‍ എളിമയുള്ളവരാകണമെന്നും ഓര്‍മ്മിപ്പിക്കുന്നു. അതാണ് ക്രിസ്തീയ സഭയുടെ ലക്ഷ്യവും. ധനിക കുടുംബത്തില്‍ ജനിച്ച ഫ്രാന്‍സീസ് അസീസി ഒരു ദരിദ്രനെപ്പോലെ ജീവിച്ചു. അതുപോലെ ഉത്തമമായ ഒരു സന്യാസ ജീവിതത്തെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പയും സ്വപ്നം കാണുന്നത്. 'ഫ്രാന്‍സീസ് അസ്സീസിയുടെ ആദ്ധ്യാത്മിക ചൈതന്യമുള്‍ക്കൊള്ളുന്ന കപ്പുച്ചിയന്‍ സഭയില്‍ സേവനം ചെയ്യാന്‍ കഴിയുന്നതും സഭയുടെ പ്രൊവിന്‍ഷ്യല്‍ വരെ തനിക്കുയരാന്‍ സാധിച്ചതും' ഒരു നേട്ടം തന്നെയാണെന്നും' അച്ചന്‍ പറയുന്നു.







Comments.
Anthappan
2019-01-16 19:06:45
I don't have any problem for people using laughter in their talk, conversation or presentation. Laughter has extraordinary ability to prevent sickness. This priest is much better than many priest abusing the people who trust them .
7 Health Benefits of Laughter
Lowers blood pressure. People who lower their blood pressure, even those who start at normal levels, will reduce their risk of stroke and heart attack. ...
Reduces stress hormone levels. ...
Works your abs. ...
Improves cardiac health. ...
Boosts T-cells. ...
Triggers the release of endorphins. ...
Produces a general sense of well-being
കാപ്പിപൊടി
2019-01-16 16:46:11
മനോരോഗങ്ങള്‍ പലവിധം, തെറി പറയുക, അശ്ലീലം പറയുക; പ്രതേകിച്ചും ചില കിളവന്മ്മാര്‍ പെണ്ണുങ്ങളെ രസിപ്പിക്കാന്‍ സെക്സ് കലര്‍ത്തി തമാശ പറഞ്ഞു ശ്രദ്ദ പിടിച്ചു മേടിക്കുക, പക്ഷെ ഇതിനു കൂട്ട് നില്‍ക്കുന്നതും താണ നിലവാരത്തില്‍ ഉള്ള കുറെ പെണ്ണുങ്ങളും, പിന്നെ എന്തിനും വായി നോക്കുന്ന കുറെ തറ ആണുങ്ങളും. സഭ ഇതിനെ തടയുകയും ഇല്ല കാരണം വിശ്വാസിയെ സഭയില്‍ പിടിച്ചു നിര്‍ത്താന്‍ എന്തു തറ പണി വേണമെങ്കിലും സഭ സപ്പോര്‍ട്ട് ചെയ്യും.
Valipachan
2019-01-16 10:27:06
This fellow has his religious freedom of speech. We the rest husbands and wives have professionally qualified Counsellors and rights to fight or go to jail. Why he crucifies Jesus everyday ?
Philip
2019-01-16 08:39:43
അച്ഛനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു പറയട്ടെ ഇദ്ദേഹം ഒരു സുവിശേഷ പ്രാസംഗികൻ അല്ല. വേദപുസ്തകം വച്ച് പ്രസംഗിക്കാറുമില്ല. Achan is an entertainer . കൃസ്ത്യാനികളുടെ അടിസ്ഥാന നിയമ പുസ്തകം ആയ സത്യ വേദപുസ്തകത്തിൽ ഒരിടത്തും ചിരിപ്പിക്കുന്ന ഒരു വാചകം കേട്ടിട്ടുണ്ടോ ? ദൈവവചനം പാപബോധം നൽകുന്നതും ഇരുവായ്ത്തല ഉള്ള ഏതു വാളി നെകാളും മൂർച്ച ഉള്ളതും ആണ്. അശ്ളീല തമാശുകൾ പറഞ്ഞു ജനങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു രസികൻ ആണ് അച്ഛൻ.
മറ്റൊരു തട്ടിപ്പ്
2019-01-16 08:05:09
വിശ്വാസികള്‍ കൂട്ടമായി കത്തോലിക്കാ സഭ വിട്ടു പോകുന്നു. അതിനെ തടയുവാന്‍ വിരുതന്‍ പുരോഹിതര്‍ പല രൂപത്തില്‍ ഭാവത്തില്‍ വേഷത്തില്‍ ഒക്കെ പല തട്ടിപ്പുകളും ആയി വരും. കരിസ്മാടിക്, അഭിഷേക ആക്നി, പെന്തക്കോസ്തുകാരെ അനുകരിക്കുക, ചിരി, വളിപ്പ് അങ്ങനെ പല തന്ത്രങ്ങള്‍.
പെണ്ണാട്, മുട്ടാട് ഇവയെ ഒക്കെ പിടിച്ചു നിര്‍ത്താന്‍ വേറെയും തന്ത്രങ്ങള്‍
andrew
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments