Image

ലോക ബാങ്ക്‌ പ്രസിഡന്റ്‌: പരിഗണന ലിസ്റ്റില്‍ ഇന്ദ്ര നൂയിയും

Published on 16 January, 2019
 ലോക ബാങ്ക്‌ പ്രസിഡന്റ്‌: പരിഗണന ലിസ്റ്റില്‍ ഇന്ദ്ര നൂയിയും
ലോക ബാങ്കിന്റെ പ്രസിഡന്റ്‌ പദവിയിലേക്ക്‌ ഇന്ത്യന്‍ വംശജ  എത്തുമോ ? ലോകത്തെ ഏറ്റവും ഉന്നത പദവികളില്‍ ഒന്നായ ഈ സ്ഥാനത്തേക്ക്‌ ട്രംപ്‌ ഭരണകൂടം പരിഗണിക്കുന്ന വ്യക്തികളുടെ പട്ടികയില്‍ ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന ഇന്ദ്ര നൂയിയും ഉള്‍പ്പെടുന്നു.

ന്യൂയോര്‍ക്ക്‌ ടൈംസാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ പെപ്‌സിയുടെ സി ഇ ഒ എന്ന സ്ഥാനത്ത്‌ നിന്നും 12 വര്‍ഷത്തെ സേവനത്തിനു ശേഷം ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ അവര്‍ വിരമിച്ചത്‌. ട്രംപിന്റെ ബിസിനസ്‌ കൗണ്‍സില്‍ അംഗമാണ്‌ 63 കാരിയായ ഇന്ദ്ര നൂയി.


പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ആണ്‌ ഈ സ്ഥാനത്ത്‌ ആരെ നിയമിക്കണമെന്ന്‌ അന്തിമമായി തീരുമാനിക്കുന്നത്‌. ബാങ്കിന്റെ ബോര്‍ഡ്‌ ഇതിനു അംഗീകാരം നല്‍കേണ്ടതുണ്ട്‌. എന്നാല്‍ ഇത്‌ കേവലം സാങ്കേതിക അംഗീകാരം മാത്രമാണ്‌.

ഈ തസ്‌തികയിലേക്ക്‌ വ്യക്തികളെ ഷോര്‍ട്‌ ലിസ്റ്റ്‌ ചെയ്യുന്നതില്‍ ഒരാള്‍ ട്രംപിന്റെ മൂത്ത മകള്‍ ഇവാങ്ക ട്രംപ്‌ ആണ്‌. ഇവാന്‍കയാണ്‌ ഇന്ദ്ര നൂയിയെ പരിഗണിക്കുന്ന കാര്യത്തെ കുറിച്ച്‌ സൂചന നല്‍കിയത്‌. വൈറ്റ്‌ ഹൌസ്‌ സീനിയര്‍ അഡൈ്വസറാണ്‌ ബിസിനസുകാരിയായ ഇവാങ്ക.


നിലവിലെ ലോക ബാങ്ക്‌ പ്രസിഡന്റായ ജിം യോംഗ്‌ കിം ഫെബ്രുവരിയില്‍ സ്ഥാനമൊഴിയുമെന്ന്‌ പ്രഖ്യാപിച്ചു. മൂന്ന്‌ വര്‍ഷം കൂടി ശേഷിക്കെയാണ്‌ അദ്ദേഹം ഒഴിയുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്‌.

അമേരിക്കന്‍ ട്രഷറി അണ്ടര്‍ സെക്രെട്ടറി ഡേവിഡ്‌ മാല്‍പാസ്‌, ഓവര്‍സീസ്‌ പ്രൈവറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പറേഷന്റെ പ്രസിഡന്റ്‌ റെയ്‌ വാഷ്‌ബേണ്‍ എന്നിവരും പരിഗണന ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക