Image

പഠിക്കാന്‍ കഴിയാത്ത വിഷമം ഇന്നുമുണ്ട്: ഉര്‍വശി

(മീട്ടു റഹ്മത്ത് കലാം) Published on 16 January, 2019
പഠിക്കാന്‍ കഴിയാത്ത വിഷമം ഇന്നുമുണ്ട്: ഉര്‍വശി
അഞ്ച് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡും രണ്ട് തവണ തമിഴ്‌നാട് ഗവണ്മെന്റിന്റെ അവാര്‍ഡും സഹനടിക്കുള്ള ദേശീയ അവാര്‍ഡും നേടിയ ഒരേയൊരു നടിയാണ് ഉര്‍വശി. “എന്റെ ഉമ്മാന്റെ പേരി’ലെ ടൈറ്റില്‍ കഥാപാത്രത്തെക്കുറിച്ച് ഉര്‍വശി സംസാരിക്കുന്നു...

അച്ചുവിന്റെ അമ്മ, മമ്മി ആന്‍ഡ് മി, എന്റെ ഉമ്മാന്റെ പേര്. മൂന്ന് ചിത്രങ്ങളിലും ടൈറ്റിലിലെ അമ്മയാകുമ്പോള്‍ ?

അച്ചുവിന്റെ അമ്മയിലെ വനജയും മമ്മി ആന്‍ഡ് മി യിലെ €ാരയുമായി ഉമ്മാന്റെ പേരിലെ ഐഷുമ്മയെ താരതമ്യം ചെയ്യാനേ കഴിയില്ല. വെകിളിത്താത്ത എന്നാണവര്‍ പൊന്നാനിയില്‍ അറിയപ്പെടുന്നത്. ടോവിനോ അവതരിപ്പിക്കുന്ന ഹമീദ് എന്ന കഥാപാത്രത്തിന് വാപ്പ മരിക്കുന്നതോടെ താന്‍ അനാഥനല്ലെന്ന് സമൂഹത്തോട് വിളിച്ചുപറയാന്‍ ഉമ്മയെ കണ്ടെത്തേണ്ടി വരികയാണ്. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ക്രിപ്റ്റ് വായിക്കുമ്പോള്‍തന്നെ അതിതീക്ഷ്ണമായ സ്‌നേഹത്തിന്റെ എലമെന്റ് ഇതിലുണ്ടെന്ന് തോന്നിയിരുന്നു.
അമ്മയിലൂടെ ലോകത്തെ അറിയേണ്ട മകന്‍, അവരുടെ പേരുപോലുമറിയാതെ അന്വേഷിച്ചിറങ്ങുന്ന പ്രമേയം കേട്ട് ഞാന്‍ എക്‌സൈറ്റഡ് ആയതുകൊണ്ടാണ് റോള്‍ ഏറ്റെടുത്തത്. വളരെക്കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്. പെണ്ണുങ്ങളോട് ഇടപഴകാന്‍പോലും അറിയാത്ത ഹമീദിന്റെ ജീവിതത്തില്‍ ഐഷുമ്മയുടെ കടന്നുവരവോടെ വരുന്ന മാറ്റങ്ങള്‍ സംവിധായകന്‍ ജോസ് സെബാസ്റ്റിയന്‍ പ്രേക്ഷകര്‍ക്ക് രസിക്കുന്ന തരത്തില്‍ ഗംഭീരമായി എടുത്തിട്ടുണ്ട്. കുടുംബത്തിനും കുട്ടികള്‍ക്കും കാണാന്‍ കഴിയുന്ന ചിത്രങ്ങളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അത്തരത്തിലൊരു €ീന്‍ ഫിലിമാണ് എന്റെ ഉമ്മാന്റെ പേര്.

അഞ്ഞൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മുസ്‌ലിം കഥാപാത്രങ്ങള്‍ അധികം ചെയ്തിട്ടില്ല. ഐഷുമ്മയാകാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ വേണ്ടിവന്നിരുന്നോ?

മുസ്‌ലിം പശ്ചാത്തലത്തില്‍ കുറച്ച് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. നാല്‍ക്കവലയിലെ ആമിയും ഗര്‍ഷോമിലെ നൂര്‍ജയും ആയിട്ടുണ്ടെങ്കിലും ഐഷുമ്മയെപ്പോലെ വടക്കന്‍ കേരളത്തിലെ ടിപ്പിക്കല്‍ മുസ്ലിം ഭാഷ പറയുന്ന കഥാപാത്രം ആദ്യമായിട്ടാണ് ചെയ്യുന്നത്. തലശ്ശേരി ഭാഗത്തൊക്കെ ഒരുപാട് മുസ്ലിം സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് പ്രത്യേകിച്ചൊരു തയ്യാറെടുപ്പ് വേണ്ടിവന്നില്ല.

ഷൂട്ടിംഗിനിടയിലെ ചെറിയ പിഴവുകള്‍ സ്വയം ഡബ്ബ് ചെയ്താല്‍ തിരുത്താം എന്നുപറഞ്ഞിരുന്നല്ലോ?
ആദ്യകാലങ്ങളില്‍ എന്റെ ശബ്ദത്തിന് പക്വതയില്ലെന്ന് പറഞ്ഞ് സ്വന്തം ശബ്ദം നല്‍കാന്‍ സമ്മതിച്ചിരുന്നില്ല. തമിഴിലാണ് ആദ്യമായി സ്വയം ഡബ്ബ് ചെയ്തത്. അല്പം കുറുമ്പത്തരമുള്ള കഥാപാത്രങ്ങള്‍ക്ക് മലയാളത്തിലും സ്വന്തം ശബ്ദം നല്‍കി. ഗൗരവമുള്ള കാര്യങ്ങള്‍ ഭാഗ്യലക്ഷ്മി ചേച്ചിയോ ആനന്ദവല്ലി ആന്റിയോ ചെയ്താലേ ശരിയാകൂ എന്ന് എനിക്കും തോന്നിയിരുന്നു. ചാനലുകളുടെ വരവോടെ ടിവിയില്‍ നമ്മുടെ അഭിമുഖങ്ങളൊക്കെ കണ്ട് ഇതാണ് ഉര്‍വശിയുടെ ശബ്ദമെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങിയതോടെ എനിക്ക് ധൈര്യമായി. കലച്ചേച്ചിക്കു(കലാരഞ്ജിനി) വേണ്ടി നന്ദനത്തിലും മിനിച്ചേച്ചി(കല്പന)ക്കുവേണ്ടി തമിഴ് ചിത്രങ്ങളിലും ഞാന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. നല്ലൊരു നടിയില്‍ നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഉണ്ട്. തെലുങ്കില്‍ എനിക്കുവേണ്ടി സരിതയും രോഹിണിയുമൊക്കെ ഡബ്ബ് ചെയ്തിട്ടുണ്ട്. അവരൊക്കെ അതില്‍ എക്‌സ്‌പേര്‍ട്‌സ് ആണ്.

പുതിയകാലത്തെ സിനിമയുടെ ഭാഗമാകുമ്പോള്‍ തോന്നുന്ന വ്യത്യാസം?

പണ്ടൊക്കെ സെറ്റില്‍ സംവിധായകനെ കാണുന്നത് സ്കൂളില്‍ ഹെഡ്മാസ്റ്ററെ കാണുന്നതുപോലെയായിരുന്നു. ഇപ്പോള്‍ എല്ലാവരും ഫ്രണ്ട്‌ലി ആയി തമാശപറഞ്ഞും ചിരിച്ചും ഒക്കെയാണ് വര്‍ക്ക് ചെയ്യുന്നത്. എന്നാലും ക്യാരവാനില്‍ ഒതുങ്ങുന്ന പ്രവണതയും പുതുതലമുറയ്ക്കുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ക്യാരവാന്‍ ഉപയോഗിച്ച നടിയെന്ന നിലയില്‍ അതിന്റെ സൗകര്യങ്ങള്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും ചുറ്റുമുള്ള ലോകം കണ്ണുതുറന്ന് കണ്ടാലേ കലാരംഗത്തുള്ളവര്‍ക്ക് വളരാന്‍ കഴിയൂ എന്നാണെന്റെ വിശ്വാസം. മൊബൈലിലും ലാപ്‌ടോപ്പിലുമല്ല ജീവിതം. വിവാദങ്ങളെ പേടിച്ച് വളരെ സൂക്ഷിച്ച് പലതവണ ചിന്തിച്ചാണ് ഇപ്പോഴത്തെ കുട്ടികള്‍ തമാശപോലും പറയുന്നത്.

എണ്‍പതുകളിലെ അഭിനേതാക്കളുടെ ഗ്രൂപ്പ് നടത്തുന്ന ഗെറ്റ് ടുഗെതറുകളില്‍ സജീവമല്ലല്ലോ?
അന്നുമിന്നും ഞാനൊരു ഗ്രൂപ്പിന്റെയും ഭാഗമല്ല. കാണുമ്പോഴുള്ള സൗഹൃദത്തിനപ്പുറം ഒന്നിനും സമയം കിട്ടാറില്ല. കൂട്ടുകാരുടെ വീട്ടില്‍ പോകാനൊന്നും ചെറുപ്പം മുതല്‍ വീട്ടില്‍ അനുവദിക്കില്ലായിരുന്നു. ഷൂട്ടിനായാലും ഉദ്ഘാടനത്തിനായാലും എപ്പോഴും കൂടൊരാള്‍ കാണും. കൃത്യസമയത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വഴക്കുപറയും. അതൊക്കെ പിന്നീട് നമ്മുടെ ശീലമായി മാറി. അങ്ങനൊരു സ്വാതന്ത്ര്യം ആവശ്യമില്ലെന്ന് ഒരു സ്‌റ്റേജ് എത്തുമ്പോള്‍ സ്വയം തോന്നും. കൂടെയുള്ളവര്‍ ബുദ്ധിമുട്ട് കാണിക്കുമ്പോളാണ് തനിയേ പോയാലോ എന്ന ചിന്ത വരുന്നത്. അമ്മയായാലും ചേച്ചിമാരായാലും ശിവേട്ടനായാലും അങ്ങനൊരു മടി ഇതുവരെ കാണിച്ചിട്ടില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതാണ് എപ്പോഴുംസന്തോഷം.

വായനയിലും എഴുത്തിലും സജീവമാകാന്‍ സാധ്യതയുണ്ടോ?
ഇരുപത്തിനാല് മണിക്കൂറില്‍ ഇരുപത് മണിക്കൂറും ഷൂട്ടുള്ള സമയത്താണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ഉത്സവമേളം തുടങ്ങിയ ചിത്രങ്ങളുടെ കഥ മനസ്സില്‍ വരുന്നത്. അന്നൊക്കെ ധാരാളം വായിക്കുമായിരുന്നു. മകള്‍ കുഞ്ഞാറ്റ വളര്‍ന്നശേഷം തമിഴിലുംമലയാളത്തിലും ആനുകാലികങ്ങളില്‍ കഥകളും ഓര്‍മക്കുറിപ്പുകളും എഴുതിയിരുന്നു. ഇപ്പോള്‍ മകന്‍ ജനിച്ച ശേഷം എഴുത്ത് വീണ്ടും മാറ്റിവച്ചിരിക്കയാണ്. പേപ്പറും പേനയും കണ്ടാല്‍ അവന്‍ കുത്തിവരയ്ക്കും. മിനിച്ചേച്ചിയുടെ മകള്‍ ശ്രീമയിക്ക് എന്റേതുപോലെ ശാന്തപ്രകൃതമാണ്. എന്റെ രണ്ടുമക്കള്‍ക്കുമാണ് മിനിച്ചേച്ചിയുടെ കുസൃതികിട്ടിയിരിക്കുന്നതെന്ന് ഞാന്‍ പറയാറുണ്ട്. കുഞ്ഞാറ്റയാണ് മോന് ഇഷാന്‍ പ്രജാപതി എന്ന് പേരിട്ടത്. അവനിപ്പോള്‍ എല്‍.കെ.ജി യിലായി. കുഞ്ഞ് കുറച്ചുകൂടി വലുതാകുമ്പോള്‍ എഴുതാന്‍ കഴിയുമെന്ന് കരുതുന്നു.

മക്കള്‍ സിനിമയില്‍ വരുന്നതിനെ എങ്ങനെ കാണുന്നു?
കുഞ്ഞാറ്റയുടെ ഡബ്‌സ്മാഷ് കണ്ട് കോളജിലുള്ളവരൊക്കെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ശ്രീമയിക്കും ഓഫര്‍ വന്നിരുന്നു. പഠനം പൂര്‍ത്തിയാക്കിയിട്ട് മതി അഭിനയമെന്നാണ് വീട്ടിലെടുത്ത തീരുമാനം. എന്റെയും അഭിപ്രായം അതാണ്. ആഗ്രഹിച്ചത്രയും പഠിക്കാന്‍ കഴിയാത്ത വിഷമം ഇന്നുമുണ്ട്. കടപ്പാട്: മംഗളം  

പഠിക്കാന്‍ കഴിയാത്ത വിഷമം ഇന്നുമുണ്ട്: ഉര്‍വശി
Join WhatsApp News
മണി 2019-01-17 15:27:40
വൺ ടു ത്രീ ...... പഠിച്ചില്ലേലും മന്ത്രിയാകാം
കറന്റ് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എലിയാണ് കൊണ്ടുപോകുന്നത് എന്നറിഞ്ഞാൽ മതി 
അതായത് 'എലി കറണ്ടു'കൊണ്ടു പോയി  
മണി മന്ത്രി 2019-01-17 15:01:09
ഉര്‍വസിക്ക് തോന്നുന്നതുപോലെ നമ്മുടെ മന്ത്രി മണിക്ക് തോന്നുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക