Image

മേഘാലയ ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Published on 17 January, 2019
മേഘാലയ  ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേനയുടെ മുങ്ങല്‍ വിദഗ്‌ധര്‍ നടത്തിയ തിരച്ചിലിലാണ്‌ ഒരു മൃതദേഹം കണ്ടെത്തിയത്‌.

നാവിക സേന തന്നെയാണ്‌ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌. 210 അടിയോളം താഴെ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്‌ രക്ഷാപ്രവര്‍ത്തകര്‍. കൂടുതല്‍പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്‌.

2018 ഡിസംബര്‍ 13 ന്‌ ഈസ്റ്റ്‌ ജയന്തിയ ഹില്‍സ്‌ ഡിസ്‌ട്രിക്ടിലെ അനധികൃത ഖനിയിലായിരുന്നു അപകടം നടന്നത്‌. 15 തൊഴിലാളികളായിരുന്നു ഖനിയില്‍ കുടുങ്ങിപ്പോയത്‌. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായാണ്‌ തിരച്ചില്‍ നടത്തുന്നത്‌.

വെള്ളത്തിനടിയിലുള്ള വസ്‌തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ്‌ വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ്‌ ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന്‌ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്‌.

അപകടം നടന്ന്‌ 12 ദിവസത്തിനു ശേഷമാണ്‌ സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌. രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടിട്ടും വേണ്ടത്ര സംവിധാനങ്ങള്‍ കേന്ദ്രം ഒരുക്കിയില്ലെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്‌.

അതേസമയം, ശക്തിയേറിയ പമ്പുസെറ്റുകള്‍ ഉപയോഗിച്ച്‌ ലക്ഷക്കണക്കിന്‌ ലിറ്റര്‍ വെള്ളം പമ്പ്‌ ചെയ്‌തു കളഞ്ഞെങ്കിലും ഖനിക്കുള്ളിലെ ജലനിരപ്പ്‌ ഇപ്പോഴും 350 അടിയായി തുടരുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക