Image

ജെല്ലിക്കെട്ട്‌: കാളക്കൂറ്റന്മാരുടെ കുത്തേറ്റ്‌ നൂറിലേറെ പേര്‍ക്ക്‌ പരിക്ക്‌; 20 പേരുടെ നില അതീവ ഗുരുതരം

Published on 17 January, 2019
ജെല്ലിക്കെട്ട്‌: കാളക്കൂറ്റന്മാരുടെ കുത്തേറ്റ്‌  നൂറിലേറെ പേര്‍ക്ക്‌ പരിക്ക്‌; 20 പേരുടെ നില അതീവ ഗുരുതരം

തമിഴ്‌ നാട്ടില്‍ തൈപൊങ്കലിനോട്‌ അനുബന്ധിച്ച്‌ നടന്ന ജെല്ലിക്കെട്ടില്‍ കാളക്കൂറ്റന്മാരുടെ കുത്തേറ്റ്‌ കാണികളടക്കം നൂറിലേറെ പേര്‍ക്ക്‌ പരിക്ക്‌. ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ്‌ കാളകളുടെ കുത്തേറ്റ്‌ നിരവധി പേര്‍ ചികിത്സ തേടിയത്‌. ഇവരില്‍ ഇരുപത്‌ പേരുടെ നില ഗുരുതരമാണ്‌

തിരുച്ചിറപ്പള്ളിക്കു സമീപം പെരിയ സുരിയൂറില്‍ നടന്ന ജെല്ലിക്കെട്ടിലാണ്‌ അപകടം. അഴിച്ചു വിട്ട കാളകൂറ്റന്മാരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇവര്‍ക്ക്‌ കുത്തേറ്റത്‌.

മെഡിക്കല്‍ ക്യാമ്പില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ഇവരെ ഉടന്‍ തന്നെ അടുത്തുള്ള മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൃഗഡോക്ടര്‍മാര്‍ അടങ്ങിയ സംഘത്തിന്റെ വിശദമായ പരിശോധനയ്‌ക്ക്‌ ശേഷം 506 കാളക്കൂറ്റന്മാരാണ്‌ ഒന്നിനു പുറകെ ഒന്നായി ഇറങ്ങിയത്‌. 509 കാളകളെയായിരുന്നു രജിസ്റ്റര്‍ ചെയ്‌തിരുന്നത്‌.

എന്നാല്‍ ആരോഗ്യനില തൃപ്‌തികരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി മൂന്നെണ്ണത്തിന്റെ അനുമതി മെഡിക്കല്‍ സംഘം നിഷേധിച്ചു.

തിരുച്ചി, പുതുക്കോട്ടൈ, തഞ്ചാവൂര്‍, അരിയലൂര്‍, പെരമ്പാലൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നാണ്‌ കാളകളെ എത്തിച്ചത്‌. 260 ആളുകളാണ്‌ കാളകളെ കീഴടക്കാനായി ഇറങ്ങിയത്‌. ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക്‌ ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്‌ സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക