Image

കാന്‍സര്‍ ചികിത്സയ്‌ക്കായി ജയ്‌റ്റ്‌ലി അമേരിക്കയില്‍ ; പീയുഷ്‌ ഗോയല്‍ ബജറ്റ്‌ അവതരിപ്പിച്ചേക്കും

Published on 17 January, 2019
 കാന്‍സര്‍  ചികിത്സയ്‌ക്കായി ജയ്‌റ്റ്‌ലി അമേരിക്കയില്‍ ; പീയുഷ്‌ ഗോയല്‍ ബജറ്റ്‌ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി:  അനാരോഗ്യത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം അമേരിക്കയില്‍ ചികിത്സയ്‌ക്ക്‌ പോയ ധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്ക്‌ അപൂര്‍വ ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചതായി ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അടുത്ത മാസം നടക്കേണ്ടിയിരുന്ന ഇടക്കാല ബഡ്‌ജറ്റ്‌ അവതരണത്തിന്‌ ജയ്‌റ്റ്‌ലിക്ക്‌ കഴിഞ്ഞേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പി നേതാക്കളോ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം അടിയന്തര ചികിത്സയ്‌ക്കു യുഎസിലേയ്‌ക്കു പോയ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി തിരിച്ചെത്താന്‍ വൈകിയാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്‌, റെയില്‍വേ മന്ത്രി പിയുഷ്‌ ഗോയല്‍ അവതരിപ്പിച്ചേക്കും.

കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വേണ്ടി ജയ്‌റ്റ്‌ലി നാലു മാസത്തോളം വിശ്രമത്തിലായപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതല പിയുഷ്‌ ഗോയലിനായിരുന്നു.

തെരഞ്ഞെടുപ്പു വര്‍ഷ ബജറ്റിനു തൊട്ടു മുന്‍പു ധനമന്ത്രി യു എസിലേക്ക്‌ ചികിത്സയ്‌ക്കു പോയതു രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്‌. ചികിത്സ ഏതാനും ആഴ്‌ച പോലും മാറ്റിവയ്‌ക്കാനാവില്ലെന്ന സൂചനയാണ്‌ അതു നല്‍കുന്നത്‌.

വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയുടെ തുടര്‍ ചികിത്സയ്‌ക്ക്‌ വേണ്ടി കഴിഞ്ഞ ഞായറാഴ്‌ച അമേരിക്കയിലേക്ക്‌ തിരിച്ച മന്ത്രിക്ക്‌ സോഫ്‌ട്‌ ടിഷ്യൂ സാര്‍ക്കോമ എന്ന അപൂര്‍വ ഇനം ക്യാന്‍സര്‍ ബാധയാണ്‌ സ്ഥിരീകരിച്ചത്‌. ചികിത്സ കഴിഞ്ഞ്‌ എന്ന്‌ ഇന്ത്യയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല.

അതേസമയം, ജയ്‌റ്റ്‌ലിയുടെ തിരിച്ച്‌ വരവിനായി രാഷ്ട്രീയ ഭേദമന്യേ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ജയ്‌റ്റ്‌ലി രോഗവിമുക്തനായി തിരിച്ചെത്തണമെന്ന്‌ ആശംസിച്ച്‌ രംഗത്തെത്തി.

ജനുവരി 19ന്‌ മന്ത്രി തിരിച്ചെത്തുമെന്ന്‌ ചില കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. ഫെബ്രുവരി ഒന്നിന്‌ ബഡ്‌ജറ്റ്‌ അവതരിപ്പിക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ്‌ അദ്ദേഹം അമേരിക്കയിലേക്ക്‌ തിരിച്ചത്‌.

കഴിഞ്ഞ മേയ്‌ 14ന്‌ വൃക്ക മാറ്റിവയ്‌ക്കലിനു ശേഷം അണുബാധയെക്കുറിച്ചു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നാണു ജെയ്‌റ്റ്‌ലി മാസങ്ങളോളം ഔദ്യോഗിക കൃത്യങ്ങളില്‍ നിന്നു വിട്ടുനിന്നത്‌. പിന്നീടു തിരിച്ചെത്തിയപ്പോഴും ജനസമ്‌ബര്‍ക്കം പരമാവധി കുറയ്‌ക്കണമെന്നു നിര്‍ദേശമുണ്ടായിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ജെയ്‌റ്റ്‌ലി, വീണ്ടും, പഴയതു പോലെ സജീവമായിരുന്നു

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരികെയെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ്‌ ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക