Image

ഇന്ത്യന്‍ ഡോക്ടര്‍മാരുടെ തട്ടിപ്പ് കേസുകള്‍ ഇന്ത്യന്‍ സമൂഹത്തിനു നാണക്കേട്

Published on 17 January, 2019
ഇന്ത്യന്‍ ഡോക്ടര്‍മാരുടെ തട്ടിപ്പ് കേസുകള്‍ ഇന്ത്യന്‍ സമൂഹത്തിനു നാണക്കേട്
മിഷിഗന്‍: ആരോഗ്യ മേഖലയിലെ തട്ടിപ്പിലും ഓപ്പിയോഡ് പ്രതിസന്ധിയിലും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കൂടുതലായുണ്ടെന്നത് ഇന്ത്യന്‍ സമൂഹത്തിനു തനെ നാണക്കേടായി. ഇത്തരം കേസുകളില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വിവിധ സ്റ്റേറ്റുകളില്‍ അറസ്റ്റിലായിട്ടുണ്ട്.

മിഷിഗണിലെ പ്രശസ്തനായ ഡോക്ടര്‍ രാജേന്ദ്ര ബോത്രയ്ക്ക് എതിരെ 500 മില്യന്റെ തട്ടിപ്പിനാണു കേസ്. ഡിസംബര്‍ മുതല്‍ ജയിലുള്ള ബോത്രക്ക് അടുത്ത ദിവസം കോടതി ഏഴ് മില്യന്‍ ഡോളറിന്റെജാമ്യം അനുവദിച്ചു.

മെഡികെയര്‍ രംഗത്തെ വഞ്ചിച്ചും രോഗികള്‍ക്ക് ആവശ്യമില്ലാത്ത നിരോധിത ഇന്‍ജക്ഷനുകള്‍ നല്‍കിയും കോടികളുടെ സ്വത്തും ബാങ്ക് ബാലന്‍സും വാരിക്കൂട്ടിയ എഴുപത്തേഴുകാരനായ ഡോ. ബോത്രയ്ക്കൊപ്പം മറ്റ് അഞ്ച് ഡോക്ടര്‍മാരും കുറ്റാരോപിതരാണ്.

ആവശ്യമില്ലാത്ത മരുന്ന് വിതരണം ചെയ്യാനുദ്ദേശിച്ച് നടത്തിയ മനപൂര്‍വമായ ഗൂഢാലോചനയടക്കം പതിനേഴോളം കുറ്റങ്ങള്‍ ഉന്നതവൃത്തങ്ങളിലൊക്കെയും അറിയപ്പെട്ടിരുന്ന ഡോക്ടറുടെ പേരില്‍ ചുമത്തി.

അമേരിക്കയിലും ഇന്ത്യയിലും രാഷ്ട്രീയതലത്തിലും അല്ലാതെയും ഉന്നതബന്ധങ്ങളുള്ള ഡോ. ബോത്രയുടെകേസ് അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കാകെയും ഇന്ത്യന്‍ സമൂഹത്തിനും നാണക്കേടായി.

1999-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പദ്മശ്രീ നല്‍കി ആദരിച്ച ഡോ. ബോത്ര റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മികച്ച സപ്പോര്‍ട്ടറായാണ് അറിയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കും വേണ്ടി വിപുലമായ ഫണ്ട്റെയ്സിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുള്ള ബോത്ര ജി ഒ പി കണ്‍വന്‍ഷനുകളിലും പതിവായി പങ്കെടുത്തിരുന്നു.

2013ലാണ് തട്ടിപ്പുകളുടെ തുടക്കം. മിഷിഗനിലെ, ഡോ. ബോത്രയുടേ മൂന്ന് പെയ്ന്‍ ക്ലിനിക്കുകളില്‍ രോഗികള്‍ക്ക് വേദനാ സംഹാരികളായ ഓക്സികോണ്ടിന്‍, വിക്കോഡിന്‍, ഹൈഡ്രോകോഡോണ്‍, പെര്‍കോസെറ്റ് തുടങ്ങിയ മരുന്നുകള്‍ നിയമവിരുദ്ധമായി നല്‍കിയിരുന്നതായി കണ്ടെത്തി. 13 മില്യന്‍ ഡോസ് വേദനാ സംഹാരികള്‍ നല്കിയത്രെ.

അനാവശ്യ മരുന്നുകളുടെ വില്‍പന 20 വര്‍ഷത്തെ ജയില്‍ ശിക്ഷയും ആരോഗ്യപരമായ തട്ടിപ്പുകള്‍ പത്ത് വര്‍ഷത്തെ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ്.

മിഷിഗനിലെ ജോലിക്കിടെ വര്‍ഷത്തില്‍ എട്ടാഴ്ചയോളം അവധിയെടുത്ത് ഇന്ത്യയിലെത്തിയിരുന്ന ഡോ. ബോത്ര നാട്ടില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് എച്ച് ഐ വി/ എയ്ഡ്സ് ബോധവല്‍കരണവും ആല്‍ക്കഹോള്‍ അഡിക്ഷനെതിരായ ബോധവല്‍കരണപ്രവര്‍ത്തികളും നടത്തിയിരുന്നു.

ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന ലത്തൂരിലും മഹാരാഷ്ട്രയിലും ആശുപത്രികള്‍ പുനര്‍നിര്‍മിക്കുന്നതിലും സഹായം നല്‍കിയിരുന്നു. തന്റെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരെ ഇന്ത്യയിലെ നിര്‍ധനരും അവശരുമായ സമൂഹങ്ങളെ ബോധവല്‍കരിക്കുന്നതിനും അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം നല്‍കുന്നതിനും പ്രോത്സാഹിപ്പിച്ചിരുന്ന ഡോക്ടര്‍സമൂഹത്തിന് ഉപയോഗപ്രദമായ, പ്രതിഫലേഛയില്ലാതെയുള്ള പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ്.

എന്നാല്‍ 22 കൊമേര്‍ഷ്യല്‍, റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളടക്കം 35 മില്യണ്‍ ഡോളറിന്റ സ്വത്തുള്ള ഡോ. ബോത്ര അമേരിക്കന്‍ ആരോഗ്യമേഖലയെ വഞ്ചിച്ച് സ്വത്തുകള്‍ വാരിക്കൂട്ടുകയായിരുന്നുവെന്ന് യു എസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക