Image

ഓര്‍മ്മയുടെ നടുമുറ്റത്ത് (കഥ: ജയശ്രീ രാജേഷ്)

Published on 17 January, 2019
ഓര്‍മ്മയുടെ നടുമുറ്റത്ത് (കഥ: ജയശ്രീ രാജേഷ്)
തുറന്നിട്ട കിഴക്കേജനല്‍പാളികള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന ഉദയസൂര്യന്റെ പൊന്‍കിരണങ്ങള്‍ വന്നു തൊട്ടുണര്‍ത്താന്‍ വെമ്പി നില്‍ക്കുന്നപ്പോലെ തത്തി കളിക്കുമ്പോള്‍...... പടിഞ്ഞാറ്റയിലെ തൊഴുത്തില്‍ വെളുമ്പിയുടെ അകിടില്‍ നിന്നും ചുരന്നു വീഴുന്ന പാല്‍ നൂലുകള്‍ അമ്മയുടെ കൈയ്യിലെ മൊന്തയിലേക്കു വീണു നുരഞ്ഞു പതഞ്ഞു പൊങ്ങി വരുന്നതു ഉപബോധമനസ്സില്‍ താളമിട്ടപ്പോള്‍.....
പാതിമയക്കത്തില്‍ ഇടതുകൈ കൊണ്ടു കിടക്കയില്‍ പുതപ്പിനടിയില്‍ തപ്പി അറിയാതെ......അമ്മിണിയെന്ത്യേ......ഇന്ന് വന്നില്ലേ.....!!!!! ഇളവെയില്‍ കവിളില്‍ മുത്തമിട്ടപ്പോള്‍ ആലസ്യം മിഴിയെ വിട്ടകന്ന് തന്റെ പ്രിയ അമ്മിണി പൂച്ചയുടെ കുറുകല്‍ ഒരു ഓര്‍മ്മയായിരുന്നു ന്നു തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു കിട്ടിയ ആ പ്രഭാതത്തില്‍ പഴയ ആ ശ്രീക്കുട്ടി ആകാന്‍ വെമ്പുന്ന മനസ്സോടെ കിടക്ക വിട്ടെഴുന്നേറ്റു അവള്‍...

അടുക്കളയില്‍ നിന്നു
തനിക്കേറ്റം ഇഷ്ടമുള്ള ഇളം മധുരമുള്ള തേങ്ങാനിറച്ച പുട്ട് ആവിയില്‍ വേകുന്ന മണം......അമ്മ അടുക്കളയില്‍ പാത്രങ്ങളോട് സല്ലപിക്കുന്നു.....ശബ്ദമുണ്ടാക്കാതെ പിറകിലൂടെ ചെന്നു കൂട്ടിപ്പിടിച്ച് തോളില്‍ തല ചേര്‍ത്തു.....

"ശ്രീക്കുട്ട്യേ.....വടക്കോര്‍ത്തു കോലായില്‍ ഉമിക്കരി പാത്രം തൂക്കിയിട്ടുണ്ട്......പോയി പല്ലുതേക്ക് നന്നായി....ആകെ മഞ്ഞ നിറംആയിരിക്കുന്നു....ഹോസ്റ്റലില്‍ നിനക്കു പല്ലു തേക്കാനൊന്നും നേരം ല്ല്യേ....ഈര്‍ക്കിലികീറി വെച്ചിട്ടുണ്ട് തിണ്ണയില്‍ അതും എടുത്തോ..... വേഗാവട്ടെ....ഇന്ന് വിത്തു നനവെക്കാന്‍ കാളിയും ചക്കനും വരും...എപ്പോഴും തിരക്കും നിന്നെപ്പറ്റി രണ്ടാളും.....എത്ര കാലം കൂടിയിട്ട അവര് നിന്നെ കാണുന്നെ...

ഉമിക്കരിയും കൈയ്യിലെടുത്തു പടിഞ്ഞാറെ മുറ്റത്തൂടെ നടന്നു...തൊഴുത്തില്‍ വെളുമ്പി പശു നിന്നു താളത്തില്‍ ആടിയാടി വൈക്കോല്‍ ചവക്കുന്നു.... പുല്ലൂട്ടിയില്‍ കുഞ്ഞനെന്ന അമ്മയുടെ പ്രിയ മൂരിക്കുട്ടി കറന്നെടുത്തു അവശേഷിപ്പിച്ച പാല് മുട്ടി മുട്ടി കുടിച്ച് വയറുനിറഞ്ഞ മയക്കത്തില്‍ തല നീട്ടി കിടക്കുന്നു വൈക്കോലിനിടയില്‍...

വരാന്തയില്‍ വെച്ചിരുന്ന മരത്തിന്റെ താറാവ്കൂട് വെറുതെ ഒന്ന് തുറന്നു നോക്കി.....കേള്‍ക്കുന്നോ തന്റെ ചിണ്ടന്‍ താറാവിന്റെയും സുന്ദരി കൂട്ടുകാരികളുടെയും കലപിലശബ്ദം....താറാവ്കുളത്തില്‍ വളര്‍ത്തിയിരുന്ന ആമ്പല്‍ നശിച്ചു പോയോ ആവോ....

പടിഞ്ഞാറെ മുറ്റം ചുറ്റി ഉമ്മറമുറ്റത്തെക്കു നടക്കുന്നതിനിടെ അമ്മയുടെ പ്രിയ നിശാഗന്ധി തന്റെ നീണ്ട ഇലകളാല്‍ അവളെ ഒന്നു തൊട്ടു......സൂര്യനെ കാണുമ്പോള്‍ നാണത്താല്‍ മിഴി കൂമ്പി തല കുനിച്ചു നില്‍ക്കുന്നൊരാ പൂക്കള്‍ക്ക് അപ്പോഴും എന്തൊരു ഭംഗി...എന്തിനോ അവളുടെകവിളിണകള്‍ ഒന്നു ചുവന്നു....

തെക്കേ മുറ്റത്തെ മുട്ടികുടിയന്‍ മാവിന്റെ തുഞ്ചത്തെക്കു അറിയാതെ കണ്ണൊന്നു പോയി.....പഴുത്ത മുട്ടികുടിയന്‍ മാങ്ങയുടെ കൊതിയൂറും സ്വാദ് ഒരു നിമിഷം വായിലൂറിയത് അവളില്‍ ഒരു പുഞ്ചിരി ആയി തിളങ്ങി....ഒരണ്ണാറകണ്ണന്‍ മാവിന്റെ ചാഞ്ഞു നില്‍ക്കുന്ന ചില്ലയില്‍ നിന്ന് അവളെ നോക്കി താളമിട്ടു....

അടുക്കള കിണറിന്റെ ഓരത്തു പടര്‍ന്നു നിന്നിരുന്നു പിച്ചകം.... ഒരു പൂ പോലും കാണുന്നില്ല.......ഇരുട്ടില്‍ നക്ഷത്രങ്ങള്‍ പൂത്തുനില്‍ക്കുന്ന പോലെ പിച്ചകപ്പൂക്കള്‍ നിറഞ്ഞുനിന്നിരുന്നു എന്നും.....

ഉമിക്കരി ഉപ്പുംകൂട്ടി പല്ലു തേക്കുമ്പോള്‍ എന്തുരസം.....അറിയാതെ ആ ഉപ്പ് രസം ആസ്വദിച്ചു നില്‍ക്കുമ്പോള്‍ വടക്കോര്‍ത്തു നിന്നും"അംബ്രാളെ........" ന്നു നീട്ടി വിളി.... കാളിയമ്മയും ചക്കനും എത്തി.....മുറ്റത്തെ മൂലക്കു ഉള്ള പൈപ്പില്‍ നിന്നു വായ കഴുകി മുഖം തുടച്ചു തിരിഞ്ഞപ്പോഴേക്കും കാളിയമ്മ മുന്നില്‍"കുട്ട്യേ...എപ്പോ എത്തി.....ക്ഷീണിച്ചുപോയിട്ട.....ആടെ ഒന്നും തിന്നുന്നൊന്നുംഇല്ലേ....എന്തു നല്ല മുടിയായിരുന്നു....എന്താ ഈ കാണിച്ചേ...മുറിച്ചു കളഞ്ഞോ എല്ലാം.....കഷ്ടം" ....ന്നു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.....

കാളിക്ക് ഒരു മാറ്റവും ഇല്ല.....പഴയ പോലെ ചുവന്നൊരു ബ്ലൗസും ഉടുത്ത ലുങ്കിയുടെ ഒരു തല വലിച്ചു തിരുകി,മടിക്കുത്തില്‍ ഭംഗിയായി പൊതിഞ്ഞു വെച്ച മുറുക്കാന്‍പൊതി....തോളില്‍ ഒരു തോര്‍ത്ത്......

കാളിയമ്മ ക്കാ ക്ഷീണം..."എന്താ ചക്കപ്പന്‍ നോക്കുന്നില്ലേ" ന്നു ചോദിച്ചു ചിരിച്ചു....മറുപടിയായി ഒരു മൂളലോടെ വെറ്റിലകറ പിടിച്ച പല്ല് കാട്ടി ഒരു ചിരി......

" ഇന്ന് വിത്തു നനവെക്കണം .....അതാ നേരെത്തെ വന്നത്... വെയില് ചൂട്പിടിക്കുംമ്പോഴേക്കും പാടത്തേക്കെത്തണം..."അതും പറഞ്ഞു വിത്തുചാക്കും കൊട്ടയും മറ്റും എടുക്കാനായി കാളി കയ്യാലയിലേക്കു നടന്നു....

ആ പോക്ക് നോക്കി നിന്നു ശ്രീക്കുട്ടി....ഒരു പ്രത്യേക താളത്തില്‍ ആയിരുന്നു ആ നടത്തം.....പാടത്തു ഞാറു പറിക്കുന്നവരിലും നടുന്നവരിലും കൊയ്യുന്നവരിലും കറ്റ കെട്ടിവരുന്നവരിലും കാണുന്ന ഒരു പ്രത്യേകതാളം....ഇഷ്ടമുള്ള ഒരു താളം.....

മുഷിഞ്ഞൊരു ലുങ്കിയും തലയില്‍ ഒരു മുഷിഞ്ഞ തോര്‍ത്തു കൊണ്ടൊരു തലേക്കെട്ടും ആണ് ചക്കന്റെ വേഷംഎപ്പോഴും..മടിക്കുത്തില്‍ ബീഡിപൊതിയുണ്ടാകും...കൈയ്യില്‍ എപ്പോഴും ഒരു വാക്കത്തിയും..അതു പണി സഹായി ആണെന്നാണ് പറയുക....

വിത്തു നന വെക്കുന്നത് നന്മയുള്ള പൂര്‍ണ്ണമായ ഒരു മനസ്സോടെ ആണെങ്കില്‍ മാത്രമേ മുഴുവന്‍ വിത്തുകള്‍ക്കും മുള പൊട്ടു എന്ന വിശ്വാസം അവര്‍ക്കിടയില്‍ഉണ്ടായിരുന്നു...... വട്ട ചെമ്പിലെ വെള്ളത്തിലേക്കിട്ട പൊന്മണിപോലെ തിളങ്ങുന്ന നെല്‍ വിത്തുകള്‍ രണ്ടു കൈകൊണ്ടു വാരിവാരി അരി തിണ്ടില്‍ താത്ക്കാലിക മായി വാഴ ത്തടയും കഴുങ്ങിന്റെ അലകുകളും കൂടി ഉണ്ടാക്കിയ പെട്ടിക്കുള്ളില്‍ നിറച്ചു രണ്ടുപേരും മാറി മാറി....കണ്ടു കൊണ്ടു നിന്ന ശ്രീകുട്ടിക്കു ചെറുപ്പത്തില്‍ നനച്ച നെല്ലു വാരി വെച്ചത് ഓര്‍മ്മ വന്നു....."കുട്ടിയും ഇട്ടോളു "ന്നു കാളിയമ്മ പറഞ്ഞപ്പോള്‍ അറിയാതെ വാരിയിട്ടു പെട്ടിയിലേക്കു ഇത്തിരി.......നാല് ദിവസം കഴിഞ്ഞാല്‍ മുളപൊട്ടിയ വിത്തുകള്‍ പുറത്തേക്കെടുത്തു കുടഞ്ഞു വേര്‍പെടുത്തി കഴിയുമ്പോള്‍ തുടങ്ങുകയായി ആ കൊച്ചുജീവന്റെ തുടിപ്പുകളുടെ പ്രയാണം... കണ്ടം പൂട്ടി ഒരുക്കിയിട്ടിരിക്കുന്ന പാടത്തേക്ക്....ഒരു പാട് വയറുകളുടെ വിശപ്പ് തീര്‍ക്കാന്‍......ഓര്‍മകള്‍ക്കൊരു നന വെച്ച പ്രതീതി യായിരുന്നു ശ്രീക്കുട്ടി ക്ക്...

ഉഴുതു മറിച്ച കണ്ടങ്ങളില്‍ മുളപ്പിച്ച ഞാറുകള്‍ വിതറി കൊച്ചു കുഞ്ഞിനെന്നപോലെ കാവലിരിക്കുന്ന ചക്കനും കാളിയമ്മയും....സൂര്യനുദിക്കും മുന്നേ ഇടവഴികള്‍ താണ്ടി തോട്ടുവരമ്പിലൂടെ പുല്ലാനിപ്പൊന്തകള്‍ വകഞ്ഞു മാറ്റി അവര്‍ കായല്‍ക്കരയിലുള്ള വയല്‍വരമ്പത്തെത്തും..... കിളികള്‍കൊത്തി പുറത്തേക്കിട്ട മുളപൊട്ടിയ വിത്തുകള്‍ വിരലുകൊണ്ട് മണ്ണിലേക്ക് ഊഴ്ന്നിറക്കും അവയ്ക്ക് നോവാതെ.....ശ്രീക്കുട്ടിയുടെ ഓര്‍മ്മകളിലേക്ക് കായല്‍പ്പരപ്പിലെ ആമ്പല്‍പൂവിന്റെ ഗന്ധം ഒരു ഇളംകാറ്റായി ഒഴുകി.....


വീടിനു താഴെ സമൃദ്ധമായൊഴുകുന്ന കായല്‍....... നേരം പുലര്‍ന്നാല്‍ കായല്‍ക്കര സജീവം......അതില്‍ കൃഷിക്കാരുണ്ടാകും, കായലില്‍ ചൂണ്ടയിടാന്‍ എത്തിയവരുണ്ടാകും, ആളുത എന്ന് നാടന്‍പേരില്‍ വിളിക്കുന്ന ആമ്പലിന്റെ കിഴങ്ങ് പറിക്കാന്‍ എത്തിയവരുണ്ടാകും....കായലില്‍ ചാടിതിമിര്‍ക്കാന്‍ എത്തിയ കുട്ടികളുണ്ടാകും....കായലിലേക്ക് ഇറങ്ങാന്‍ വീട്ടില്‍ നിന്നും അനുവാദമില്ല....അമ്മക്ക് പേടിയായിരുന്നു എന്നും.....അതിനാല്‍ ശ്രീകുട്ടിതോട്ടു വക്കത്തെ ഇലഞ്ഞി മരത്തില്‍ ചാരിദൂരക്കാഴ്ചകള്‍ കണ്ടുകൊണ്ടു നില്‍ക്കും.... "ഈ പെണ്ണിനെന്താ,നേരം വെളിച്ചായാല്‍ ആ തോട്ടുവക്കത്താ"അമ്മയുടെ പതിവ് പല്ലവികളെ പക്ഷെ ഗൗനിക്കാറില്ല....ധനു മാസത്തിലെ തിരുവാതിര കാലം പോലെ കുളിരുള്ള ആ കാറ്റിന്റെ ഗന്ധത്തിന് നിര്‍വചനാതീതമായൊരു അനുഭൂതിയുണ്ടായിരുന്നു....

രാത്രി തെക്കാറയിലെ സിമന്റുപാകിയ നിലത്ത് കണ്ണടച്ച് കിടക്കുമ്പോള്‍ കാതോര്‍ത്തത് താഴെ കായലിന്റെ സംഗീതമായിരുന്നു...... ജനാലപ്പാളികള്‍ക്കിടയിലൂടെ നോക്കിയാല്‍ കാണാം,നിലാവെളിച്ചത്തില്‍ സുമംഗലിയായി നില്‍ക്കുന്ന കായല്‍പ്പരപ്പ്....ഇടയ്ക്കിടെ മിന്നി മറയുന്ന പെട്രോള്‍ മാക്‌സിന്റെ വെളിച്ചം...മീന്‍പിടുത്തക്കാരാണ്....ചൂണ്ടയില്‍ കൊരുത്ത ഇരയുമായി അവര്‍ നേരം പുലരുവോളം കായല്‍ക്കരയില്‍ ഇരിക്കും... വലിച്ചുതീര്‍ക്കുന്ന ബീഡികുറ്റികള്‍ അവര്‍ക്ക് അന്തികൂട്ടുനല്‍കും.... പിന്നെ രാത്രിയുടെ രണ്ടാം യാമത്തിലെ ഒരു അവിചാരിത മയക്കത്തില്‍ ചൂണ്ടയില്‍ കൊത്തിവലിക്കുന്ന ഏതോ ഹതഭാഗ്യനായ പരല്‍മീന്‍ ......ആ കാഴ്ചകളൊന്നുംകാലമിത്ര കഴിഞ്ഞിട്ടും ശ്രീക്കുട്ടിയുടെ മനസ്സില്‍നിന്നും മാഞ്ഞിട്ടില്ല....

മഹാനഗരത്തിന്റെ ഊഷരതയില്‍നിന്നും മലയും തോടും കായലും പുല്ലാനിക്കാടും ഒക്കെയുള്ള തന്റെ ഗ്രാമത്തിന്റെ മധുരം നുണഞ്ഞു കൊണ്ടങ്ങിനെ നില്‍ക്കുമ്പോള്‍......“ശ്രീക്കുട്ടി.......ചോലയില്‍ വെള്ളം ഉണ്ട്.....നമുക്ക് കുളിക്കാന്‍ പോയാലോ"....ന്നുവേലിക്കല്‍ നിന്നു ചോദിച്ച കളികൂട്ടുകാരി മീനുട്ടിയുടെ ശബ്ദം കേട്ടു ചിരിച്ചു കൊണ്ട് ഓര്‍ക്കാനെന്നും ആഗ്രഹിക്കുന്ന കുഞ്ഞുകുഞ്ഞു സന്തോഷങ്ങളിലേക്കു പട്ടുപാവാടയുടെ തുമ്പുയര്‍ത്തിപിടിച്ച് വേലിപടര്‍പ്പിനരികിലേക്കു ഒരു ചെറുപുഞ്ചിരിയോടെ അവള്‍ നടന്നു.....തിരിച്ചുകിട്ടുന്ന കുട്ടിക്കാലം കൈയ്യെത്തി പിടിക്കാന്‍എന്നോണം.......
Join WhatsApp News
Rajan Kinattinkara 2019-01-17 14:19:45
Nostalgic.  It takes me to the old good days of childhood .  And you narrated it very well.
Sudhir Panikkaveetil 2019-01-17 17:23:34
എന്ത് സുഖമാണീ ഓർമ്മകൾ 
എന്ത് രസമാണിത്    വായിക്കാൻ 

ഒരുവട്ടം കൂടി .. 2019-01-17 21:37:04
ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (൨)




തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨)


♪ ♫ ♪ ♫ ♪ ♫ ♪ ♫
അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം

തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
ഇതിന്‍റെ  ഒരു പാരടി എന്ന് തോന്നുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക