Image

ചോറൂണ് മുതല്‍ ആര്‍ത്തവം വരെ (ജയ് പിള്ള)

Published on 17 January, 2019
ചോറൂണ് മുതല്‍ ആര്‍ത്തവം വരെ (ജയ് പിള്ള)
ഒരു മണ്ഡലമാസം കൂടി കടന്നു പോയി. വിശുദ്ധിയുടെയും , പ്രാര്‍ത്ഥനയുടെയും, സാഹോദര്യത്തിന്റെയും, മത നിരപേക്ഷതയുടെയും നിലപാടുകള്‍ ആണ് മണ്ഡല വ്രതവും, ശബരിമല അയ്യപ്പ വിശ്വാസവും, ദര്‍ശനവും . ജാതിയ്ക്കും, മതത്തിനും, ഭാഷയ്ക്കും വേര്‍തിരിവുകള്‍ കല്‍പ്പിയ്ക്കാത്ത അയ്യപ്പ ദര്‍ശനവും, പുണ്യ മലകയറ്റവും, ഇത് ലോകത്തിനു തന്നെ മാതൃക ആണ്.

എന്നാല്‍ ഈ കഴിഞ്ഞ മണ്ഡലകാലം ചരിത്രത്തിലെ കറുത്ത താളുകളില്‍ കുറിയ്ക്കേണ്ട ഒന്നായി മാറിയിരിയ്ക്കുന്നു. എന്തുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്? ഒരു കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിവേകവും, വീണ്ടുവിചാരവും ഇല്ലാത്ത സര്‍ക്കാരിന്റെ പിടിപ്പുകേട് , ലിംഗസമത്വം ഞങ്ങളുടെ മാത്രം കുത്തക എന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയുടെ കടും പിടുത്തവും ആണോ ഇതിനു കാരണം? അതോ ഇവ രണ്ടിന്റെയും പേരില്‍ മറയ്ക്കപ്പെടുവാനും, പല രീതിയില്‍ ഉള്ള ലാഭക്കൊയ്ത്തിന്റെ ചക്കരക്കുടം ലക്ഷ്യം വച്ചുള്ളതാണോ ഈ സര്‍ക്കാരിന്റെ നീക്കം?

ഒരു ധൃതഗതിയിലുള്ള നടപടിയിലൂടെ ശരവര്‍ഷം നടത്തി വെട്ടിപ്പിടിയ്ക്കാനും, വെട്ടി നിരത്താനും മുതിര്‍ന്ന സര്‍ക്കാര്‍ / ഇടത് മുന്നണി ലക്ഷ്യം വച്ചതു എന്തെല്ലാം ആണ്.?

കേരളത്തിലെ സമുന്നതരായ വോട്ടര്‍മാരും , സാധാരണകാരനും ആയ മനുഷ്യര്‍ക്കിടയിലേയ്ക്ക് നടത്തിയ മുന്നേറ്റത്തിന്റെ അകംപൊരുള്‍ അനാവരണം ചെയ്യപ്പെടുകയാണെങ്കില്‍ ഒരു പക്ഷെ അയ്യപ്പ വിശ്വാസികള്‍ മാത്രമല്ല കേരള ജനത മുഴുവനായും മൂക്കത്തു വിരല്‍ വച്ച് പോകും.

വിധിയും, വീണ്ടുവിചാരവും :

ശബരിമലയില്‍ നിശ്ചിത പ്രായ പരിധിയില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ കേരളത്തിലെ എല്ലാ പ്രമുഖ പാര്‍ട്ടികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലം ഇല്ലാതെ, പല രാഷ്ട്രീയ വിശ്വാസികളായ ദൈവ വിശ്വാസികള്‍ ഒന്ന് ചേര്‍ന്ന് നടത്തിയ പ്രതിക്ഷേധം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുതല്‍ ഹൈന്ദവ മുന്‍തൂക്കം ഉള്ള പാര്‍ട്ടികളെ വരെ അമ്പരപ്പിക്കുകഉണ്ടായി. അവരെ തെല്ലു ഭയപ്പെടുത്തുക കൂടി ചെയ്തു . മുന്‍പെങ്ങും ഒരു രണ്ടുവരി വാര്‍ത്തകളില്‍ പോലും കേള്‍ക്കാത്ത പല ഹൈന്ദവ കൂട്ടായ്മകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നടപടിയ്ക്കും, കോടതി വിധിയോടുള്ള പ്രതിക്ഷേധം എന്ന രീതിയിലും രംഗത്ത് വന്നു.

ആദ്യം വനിതാ പ്രവേശന വിധിയെ കേന്ദ്ര നയത്തോട് തുലനം ചെയ്തു സ്വാഗതം ചെയ്ത ബി ജെ പി നാമജപക്കാര്‍ക്കും, അയ്യപ്പ സേവാ സംഘത്തിനും ആചാര സംരക്ഷണം എന്ന പേരില്‍, കേരളത്തിലെ എല്ലാ ദൈവ വിശ്വാസികള്‍ക്കും ആയി ശബരി മല സ്ത്രീ പ്രവേശത്തെ എതിര്‍ത്തു. കോണ്‍ഗ്രസിന്റെ നടപടിയും തികച്ചും വ്യത്യസ്തമല്ലാത്ത രീതിയില്‍ ആയിരുന്നു.

എന്നാല്‍ അകമേ എരിയുന്ന ചെറുതും, വലുതുമായ പര്‍വ്വദങ്ങളേയും , ദേവസ്വം ബോര്‍ഡുകളെയും, അവയിലെ വിശ്വാസികള്‍ ആയ ഇടതു മെമ്പര്‍മാരെയും തണുപ്പിക്കുവാന്‍ ഇടതു മുന്നണി ഇന്നും പണിപ്പെടുന്നു. ദേവസ്വം പ്രസിഡന്റും, മന്ത്രിയും പലപ്പോഴും പാര്‍ട്ടിയുടെ മൂക്ക് ചരടില്‍ തൂങ്ങിയാടി.

വാവിട്ട വാക്കും, കൈവിട്ട ആയുധവും പോലെ ആയി പിണറായിയുടെ പ്രസ്താവന. ചുരുക്കി പറഞ്ഞാല്‍ കുരങ്ങിന്റെ വാല് പോലെ ആയി. മുന്നണിയിലെ പാര്‍ട്ടി നേതാക്കന്മാര്‍, മന്ത്രിമാര്‍ അടക്കം ഉള്ളവര്‍ സ്ത്രീ പീഡനത്തില്‍, ഫോണ്‍ കുഴമ്പിലും ഒക്കെ ആയി തെന്നി വീണു നില്‍ക്കുന്ന സമയത്താണ് മുഖ്യനും കൂട്ടര്‍ക്കും സ്വന്തം അണികളിലെ വനിതകളെ എങ്കിലും സമാധാനിപ്പിക്കാന്‍ ആയി ഈ ഒരു കോടതി വിധി വീണു കിട്ടിയത്. അത് ശരിയ്ക്കും വിനിയോഗിയ്ക്കുന്നതിലൂടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും, ഇടതു മുന്നണിയും, ലക്ഷ്യം വച്ചതു പലതാണ് .

പാര്‍ട്ടിയുടെ വളര്‍ച്ച, പ്രതിശ്ചായ മിനുക്കല്‍, ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച്ച മറയ്ക്കല്‍, മുന്‍നേതാവ് നായനാരുടെ അനുചരനെ സംരക്ഷിക്കുന്നതിന് പാര്‍ട്ടി അണികള്‍ക്ക് കൊടുത്ത മനുഷ്യ മാംസം മണക്കുന്ന എല്ലിന്‍ കഷ്ണം എന്ന വനിതാ പ്രവേശനം, നവോഥാന പ്രസ്ഥാന കാലത്തു പ്രത്യേകിച്ച് പങ്കൊന്നും വഹിക്കാതെ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞു വീണു കിട്ടിയ നേതാക്കളുടെ പിന്തലമുറക്കാര്‍ ആണ് ഞങ്ങള്‍ എന്ന് സ്വയം വാഴ്ത്തല്‍, ഭരിയ്ക്കുന്ന പാര്‍ട്ടിയ്ക്ക് കേരളത്തിലെ രക്തം തിളയ്ക്കുന്ന യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകരെ തെരുവിലേയ്ക്ക് ഇറക്കി അടുത്ത തെരഞ്ഞെടുപ്പിന് ഊര്‍ജ്ജം നല്‍കുവാന്‍ ഉള്ള അവസരം.അങ്ങിനെ നീളുന്ന പരസ്യമായ പട്ടികയില്‍ പെടാത്ത ചില അണിയറ അജണ്ടകള്‍ ഉണ്ട്. 

കേരളത്തിലെ പൊതുജനങ്ങളെ വിഡ്ഢികള്‍ ആക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല വനിതാ പ്രവേശനത്തിലൂടെ മാര്‍ക്സിസ്റ്റു പാര്‍ട്ടി നേതൃത്വം വഹിക്കുന്ന ഇടതു മുന്നണി പണിയുന്ന ' മതില്‍ ' എന്തായിരിയ്ക്കും ?! ഈ ആര്‍പ്പോ ആര്‍ത്തവം ആര്‍ക്കു വേണ്ടിയാണ്?!.വനിതാ പ്രവേശനം എന്ന പിണറായിയുടെ /കോടിയേരിയുടെ ശരവര്‍ഷം എന്തിനെ ലക്ഷ്യം വച്ചുകൊണ്ടാണ് . നവോഥാനത്തിന്റെ തലക്കെട്ടില്‍ ശരശയ്യ തീര്‍ക്കുമ്പോള്‍ മലയാളിയ്ക്ക് എന്നെന്നേക്കും ആയി നഷ്ടപ്പെടുന്നത് എന്തായിരിക്കും ?! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക