Image

അവസാനം ബി.ജെ.പി നിരാഹാര സമരം അവസാനിപ്പിച്ചു

Published on 18 January, 2019
അവസാനം  ബി.ജെ.പി നിരാഹാര സമരം അവസാനിപ്പിച്ചു

ശബരിമലയിലെ സ്‌ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന്‌ ബിജെപി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. തിരുവനന്തപുരത്ത്‌ നടത്തിയിരുന്ന സമരം ജനശ്രദ്ധ നഷ്ടമായതിനെ തുടര്‍ന്ന്‌ അവസാനിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ പലവട്ടം ആലോചന നടത്തിയിരുന്നു.

പക്ഷേ പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ കാരണം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു സമരം തുടര്‍ന്നത്‌. മണ്ഡലകാലം അവസാനിക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാനാണ്‌ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്‌.

സമരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെ തുടര്‍ന്ന്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്‌ ശ്രദ്ധ ചെലത്തുന്നതിന്‌ പാര്‍ട്ടിക്ക്‌ സാധിച്ചില്ലെന്ന്‌ വിലയിരുത്തിലുമുണ്ട്‌.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതീ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ഡിസംബര്‍ മൂന്നു മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്‌.

സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തി വരുന്ന നിരാഹാര സമരം തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ നിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്‌ണനായിരുന്നു നിരാഹാര സമരം കിടക്കാനുള്ള ആദ്യ ചുമതല.

എന്നാല്‍, കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ഇക്കാര്യം മൈന്‍ഡ്‌ ചെയ്യാതായതോടെ രാധാകൃഷ്‌ണന്‍ സമരം അവസാനിപ്പിച്ചു.

പിന്നീട്‌ വന്ന ശോഭാ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസ്‌ വിവാദത്തില്‍ പെട്ട്‌ കുടുങ്ങിയതോടെ സമരം നിര്‍ത്തേണ്ടി വന്നു. ഇതിനിടയില്‍ സമരം ഏറ്റെടുക്കാനെത്തിയ സികെ പത്മനാഭനും പൊതുസമൂഹത്തില്‍ നിന്നും സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നു പോലും പിന്തുണ കുറവായതോടെ സമരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

നിലവില്‍ മോര്‍ച്ച അധ്യക്ഷ വിടി രമയാണ്‌ നിരാഹാരം കിടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക