Image

അയ്യപ്പഭക്തസംഗമം: ശ്രദ്ധേയമായി മഹിള വാഹന വിളംബര ജാഥ

പി ശ്രീകുമാര്‍ Published on 18 January, 2019
അയ്യപ്പഭക്തസംഗമം: ശ്രദ്ധേയമായി മഹിള വാഹന വിളംബര ജാഥ

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ മുന്നോടിയായി നഗരത്തില്‍ മഹിള വാഹന വിളംബര ജാഥ നടന്നു.

പാളയം ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച വാഹനജാഥ പട്ടം, കേശവദാസപുരം, പരുത്തിപ്പാറ, അമ്പലമുക്ക്‌, പേരൂര്‍ക്കട,വട്ടിയൂര്‍ക്കാവ്‌, ശാസ്‌തമംഗലം, വെള്ളയമ്പലം, പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ സമാപിച്ചു.

സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ അയ്യപ്പമണ്ഡപങ്ങള്‍ ഒരുക്കി. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വെച്ച്‌ പൂജയുണ്ടാകും.

ജനുവരി 20 നാലു മണിക്ക്‌്‌ പുത്തരികണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം മാതാ അമൃതാന്ദമയി ഉദ്‌ഘാടനം ചെയ്യും.

കെ.പി.ശശികല ടീച്ചര്‍ ആമുഖ പ്രസംഗം നടത്തും. വിവക്താനന്ദ സ്വാമി(ചിന്മയാമിഷന്‍ കേരള ഹെഡ്‌),സ്വാമിനി ജ്ഞാനഭനിഷ്‌ഠ - (ഋഷിജ്ഞാനസാധനാലയം,)കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമികള്‍ (തമിഴ്‌നാട്‌),ജസ്റ്റിസ്‌ എന്‍.കുമാര്‍ (ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍), ടി.പി.സെന്‍കുമാര്‍(കര്‍മ്മസമിതി ദേശീയ ഉപാധ്യക്ഷന്‍),പ്രീതിനടേശന്‍ (ശ്രീനാരായണധര്‍മ്മപരിപാലനയോഗം),സംഗീത്‌കുമാര്‍ (നായര്‍ സര്‍വീസ്‌ സൊസൈറ്റി ),ടി.വി.ബാബു (കെപിഎംഎസ്‌ ),ചെന്ത്‌ അലങ്കാര ചെമ്പക മന്നാര്‍ രാമാനുജന്‍, അഡ്വ. സതീഷ്‌ പത്മനാഭന്‍(കേരള വിശ്വ കര്‍മ്മ സഭ)ഡോ. പ്രദീപ്‌ ജ്യോതി (ആള്‍ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ ),സൂര്യന്‍ പരമേശ്വരന്‍ സൂര്യ കാലടി ഭട്ടതിരിപ്പാട്‌ (തന്ത്രിസമാജം ),മോഹന്‍ ത്രിവേണി (ആദിവാസി മഹാസഭ),കെ.കെ.രാധാകൃഷ്‌ണന്‍ (ധീവരസഭ), എസ്‌.ജെ.ആര്‍.കുമാര്‍ (കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍) ഇ.എസ്‌.ബിജു (കര്‍മ്മസമിതി സംസ്ഥാന കണ്‍വീനര്‍,),ശിവഗിരിമഠം,ശ്രീരാമകൃഷ്‌ണമഠം,ശാന്തിഗിരി ആശ്രമം എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

സംഗമത്തിന്റെ ഭാഗമായി 2 ലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളാണ്‌ പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക