Image

ശബരിമലയില്‍ ഇനി സുപ്രീംകോടതിയുടെ ഇടപെടല്‍ എന്താവും?

കലാകൃഷ്ണന്‍ Published on 18 January, 2019
ശബരിമലയില്‍ ഇനി സുപ്രീംകോടതിയുടെ ഇടപെടല്‍ എന്താവും?

'എല്ലാം സുപ്രീം കോടതിക്ക് ബോധ്യമുണ്ട്' എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റില്‍ ഇന്ന് ശബരിമല വിഷയം സംബന്ധിച്ച ഒരു ഹര്‍ജിയില്‍ വാദം കേള്‍ക്കെ അഭിപ്രായപ്പെട്ടിരിക്കുന്നു. എല്ലാം കോടതിക്ക് ബോധ്യമുണ്ട് എന്ന് വെച്ചാല്‍ കേരളത്തില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരമോന്നത നീതി പീഠം മനസിലാക്കുന്നു എന്നു തന്നെ. 
ശബരിമലയില്‍ കയറി ദര്‍ശനം നടത്തിയെന്ന് പരസ്യപ്പെടുത്തിയ ബിന്ദുവും കനകദുര്‍ഗയും തങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഹര്‍ജി നല്‍കിയപ്പോഴാണ് കോടതി ഈ വിധം നിരീക്ഷണം നടത്തിയിരിക്കുന്നു. അനുബന്ധമായി മറ്റൊരു  സുപ്രധാന സംഭവം കൂടി കോടതിയില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായി. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും മാത്രമല്ല ഇതുവരേക്കും 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തുകയുണ്ടായി. ശബരിമലയിലേക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ വെച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വിശദാശങ്ങള്‍ തെറ്റാണെന്നും യുവതികളുടേത് എന്ന നിലയില്‍ നല്‍കിയ വിവരങ്ങള്‍ മിക്കവയും വ്യാജമാണെന്നും വന്നതോടെ വലിയൊരു ആശയക്കുഴപ്പം നിലനില്‍ക്കുകയും ചെയ്യുന്നു. 
ഏതായാലും പിണറായി സര്‍ക്കാരിന്‍റെയും എല്‍ഡിഎഫിന്‍റെ നിലപാട് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണം എന്നത് തന്നെയാണെന്നതില്‍ സംശയമില്ല. സാവകാശ ഹര്‍ജി നല്‍കിയെന്നതൊക്കെ ശരി തന്നെ. പക്ഷെ സുപ്രീംകോടതി വിധി നടപ്പിലാകണം എന്ന് തന്നെ ആഗ്രഹിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഇന്നത്തെ സുപ്രീംകോടതിയിലെ നിലപാട് ബോധ്യപ്പെടുത്തുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ പുനപരിശോധനാ ഹര്‍ജി പരിഗണിക്കനിരിക്കെ സര്‍ക്കാരിന്‍റെ നിലപാട് കോടതിയില്‍ സ്ത്രീപ്രവേശനം വേണമെന്ന് വാദിക്കുന്നവര്‍ക്ക് ശക്തി പകരും. 
ഇവിടെ വാദമുഖങ്ങള്‍ ഇങ്ങനെയാണ് : 
ബിന്ദുവും കനകദുര്‍ഗയും തുടങ്ങി സര്‍ക്കാര്‍ കണക്ക് പ്രകാരമുള്ള 51 യുവതികളും ശബരിമല ദര്‍ശനം നടത്തിയുണ്ടായി. 51 എന്ന കണക്കില്‍ പിശകുണ്ടെങ്കിലും കുറച്ചുപേര്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് തീര്‍ച്ചയായും വ്യക്തമാണ്. എന്നാല്‍ ഈ യുവതി ദര്‍ശനം സംഭവിച്ചതുകൊണ്ട് ഒരു ആരാധനാലയം എന്ന നിലയില്‍ ശബരിമലയില്‍ യാതൊരു അപാകതകളും സംഭവിച്ചിട്ടില്ല എന്നതാണ് ഇനി സുപ്രീംകോടതിയില്‍ ഉയരാന്‍ പോകുന്ന ഒരു വാദം.
ബിന്ദുവും കനകദുര്‍ഗയും അതുപോലെയുള്ള യുവതികളും കയറിയപ്പോള്‍ സാധാരണ ഭക്തകര്‍ പ്രതികരിച്ചില്ല എന്നതും പ്രതിഷേധം ഉയരുന്നത് ഒരു തീവ്രവിശ്വാസത്തിന്‍റെയും രാഷ്ട്രീയക്കളിയുടെയും ഭാഗമായിട്ടാണെന്നും മറ്റൊരു വാദം ഉയരും. 
തീവ്രവിശ്വാസത്തിന് സമൂഹത്തെ വിട്ടുകൊടുക്കാതെ അതില്‍ നിന്ന് മോചനം നേടുകയാണ് പുരോഗമന സമൂഹത്തില്‍ ആവശ്യം. മാത്രമല്ല ലിംഗസമത്വം ഉറപ്പുവരുത്തേണ്ടത് ഭരണഘടനാ ബാധ്യതയുമാകുന്നു എന്ന വാദവും പ്രസക്തമാകും. 
ഇവിടെ യുവതി പ്രവേശത്തെയും അതുവഴി ലിംഗസമത്വത്തെയും സ്വാഗതം ചെയ്യുന്നവരുടെ വാദത്തിന് ബലം നല്‍കുകയാണ് നിലവിലെ സര്‍ക്കാര്‍ നിലപാട്. നിയമ വിദഗ്ധരുടെ കാഴ്ചപ്പാടില്‍ ഈ സര്‍ക്കാര്‍ നീക്കത്തോടെ പുനപരിശോധനാ ഹര്‍ജി പൂര്‍ണ്ണമായും തഴയപ്പെടാനുള്ള സാധ്യതയാണ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നത്. 
ഏറ്റവും നല്ല സുരക്ഷ തന്നെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും നല്‍കണം എന്ന് സുപ്രീംകോടതി നിര്‍ദേശിക്കാന്‍ കാരണം തന്നെ ഈ യുവതികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയില്‍ നൂറുശതമാനം കഴമ്പുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിനാലാണ്. ദൈവത്തെ കണ്ടതിന് അക്രമിക്കപ്പെടുന്ന നാട് എന്നത് തീര്‍ച്ചയായും ഒരു ബാര്‍ബേറിയന്‍ സംസ്കാരത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. താലിബാന്‍ ഭരണത്തില്‍ മാത്രം സംഭവിക്കുന്ന തരത്തിലൊരു കാര്യം. ഇത്തരം പ്രതിസന്ധികളെ എന്ത് വിലകൊടുത്തും എല്ലാ സംവിധാനങ്ങള്‍ ഉപയോഗിച്ചും മറികടക്കുക എന്നതാണ് ഒരു ജനാധിപത്യരാജ്യത്തെ നിയമസംവിധാനത്തിന്‍റെ ശരിയായ യുക്തി. 
തീര്‍ച്ചയായും അത് തന്നെയാവും സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജിയുടെ പരിശോധനാ വേളയിലും സംഭവിക്കുക. അതിക്രമങ്ങളെ അടിച്ചമര്‍ത്തി ബാര്‍ബേറിയന്‍ സംസ്കാരത്തില്‍ നിന്ന് ജനതയെ മോചിപ്പിക്കുക. അതിനായി പ്രവര്‍ത്തിക്കുക. അങ്ങനെ വരുമ്പോള്‍ യുവതി പ്രവേശന വിരുദ്ധരുടെ അഥവാ ആര്‍ത്തവ ലഹളക്കാരുടെ ഹര്‍ജി തള്ളിപ്പോകാനാണ് നൂറുശതമാനവും സാധ്യത. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക