Image

ഉമിക്കരിയുടെ ഒരു ഗ്ലാമറേ...!- (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 19 January, 2019
ഉമിക്കരിയുടെ ഒരു ഗ്ലാമറേ...!- (ജോര്‍ജ് തുമ്പയില്‍)
ഇക്കഴിഞ്ഞയാഴ്ച കോസ്‌കോ ഹോള്‍സെയില്‍ കടയില്‍ പോയപ്പോള്‍ ചാര്‍ക്കോള്‍ ടൂത്ത്‌പേസ്റ്റ് എന്ന സൈനില്‍ കണ്ണുടക്കി.  നല്ലതുപോലെ ഒന്നുകൂടെ അതിലേക്ക് നോക്കി. നല്ല ഫൈവ് സ്റ്റാര്‍ ഗമയോടെ മനോഹരമായൊരു പാക്കറ്റില്‍  ഇരിക്കുന്ന പേസ്റ്റ്  വിശ്വാസം വരാതെ ഞാന്‍ വീണ്ടും വീണ്ടും എടുത്ത് നോക്കി, ഇത് നമ്മുടെ പഴയ ഉമിക്കരി തന്നെ, ഞാനുറപ്പിച്ചു. പരിഷ്‌കാരമൊക്കെ ആയതോടെ നമ്മള്‍ പണ്ട് അവഗണനയോടെ വേണ്ടെന്നുവച്ച നമ്മുടെ പഴയ ഉമിക്കരി ഇപ്പോള്‍ ഗ്ലാമറോടെ തിരിച്ചുവന്നിരിക്കുന്നത് കണ്ട്  അതിശയിച്ചുപോയി. 

പല നിറങ്ങളിലും രുചികളിലുമുള്ള ടൂത്ത്‌പേസ്റ്റുകള്‍ വിപണി കീഴടക്കും മുമ്പ്, അതായത്  ഒരു പത്ത് മുപ്പത് വര്‍ഷം മുമ്പൊക്കെ ഈ ഉമിക്കരികൊണ്ടായിരുന്നല്ലോ ഒരു സാദാ മലയാളിയുടെ ദിവസം തുടങ്ങിയിരുന്നത് എന്നത് എങ്ങനെ മറക്കാനാണ്. 
നെല്ല് കുത്തുമ്പോള്‍ കിട്ടുന്ന ഉമി നീറ്റി അതില്‍ ഉപ്പും കുരുമുളകും ഗ്രാമ്പുവുമൊക്കെ പൊടിച്ചുചേര്‍ത്ത് നല്ല പൊടിയാക്കി ഉപയോഗിച്ചാല്‍ പല്ല് നല്ല മുല്ലപ്പൂപോലെ വെളുക്കുന്ന ഒരു കാലമുണ്ടായിരുന്നു. കാര്‍ബണ്‍ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുമെന്നതു കൊണ്ട് വായ്‌നാറ്റവും ഇല്ലാതാകുമായിരുന്നു.  ഉമിക്കരി അക്കാലത്തൊക്കെ എല്ലാ കേരളീയഭവനങ്ങളിലുമുണ്ടായിരുന്നു. അക്കാലത്തൊന്നും ആളുകളുടെ പല്ലുകള്‍ക്ക് ഇത്ര കേടുപാടുകളുമില്ലായിരുന്നു. 

ജീവിതരീതിയൊക്കെ മാറി ആധുനികസ്റ്റൈലിനൊപ്പം മലയാളി ഉമിക്കരിയെ അവഗണിച്ചുതുടങ്ങിയതോടെയാണ് ടൂത്ത് പേസ്റ്റ് നിര്‍മ്മാതാക്കള്‍ ഈ വിപണിയുടെ സാദ്ധ്യത മനസിലാക്കി രംഗത്തിറങ്ങിയത്.  കോള്‍ഗേറ്റ്,  ക്‌ളോസപ്പ്, പെപ്‌സഡന്റ് തുടങ്ങിയ പേരുകളില്‍ ടൂത്ത് പേസ്റ്റുകള്‍ വിപണിയില്‍ നിരന്നു.  പല്ലിന്റെ  ഇനാമലിനെ നശിപ്പിക്കും എന്ന് തുടങ്ങി ഇക്കാലത്ത് ഉമിക്കരിക്കെതിരെ ആരോപണങ്ങളേറെയുണ്ടായി.  

എന്തായാലും വമ്പന്‍ പരസ്യങ്ങളുമായെത്തിയ ടൂത്ത് പേസ്റ്റുകളുടെ ഗ്ലാമറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പാവം നമ്മുടെ ഉമിക്കരി രംഗംവിട്ടു.  ഫലമോ ദന്ത രോഗങ്ങളുടെ ഘോഷയാത്രയാണ് പിന്നാലെയെത്തിയത്. എല്ലാവരും ഗ്ലാമര്‍ തേടി  ബ്രാന്റഡ് ടൂത്ത്‌പേസ്റ്റുകളുടെ പിന്നാലെ പോയെങ്കിലും പല്ലുകളുടെ മഞ്ഞനിറവും പോടുകളുമൊക്കെ കൂടികൂടി വന്നതേയുള്ളൂ. പുഴുപ്പല്ലും പല്ലിലെ പോടുകളുമൊക്കെ പണ്ടും ഉണ്ടായിരുന്നു, പക്ഷേ ഇത്രയുമില്ലായിരുന്നു എന്നുമാത്രം. ഇന്നിപ്പോള്‍ ഡെന്റിസ്റ്റിന്റെ  അടുക്കല്‍ ചെന്നാല്‍ നാല് വയസുകാരനും റൂട്ട് കനാല്‍ ചെയ്യേണ്ട സ്ഥിതിയാണ്. 

ഇതിനിടെ ആയുര്‍വേദ ടൂത്ത് പേസ്റ്റുകളും രംഗത്തെത്തിയെങ്കിലും പല്ലുകളുടെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരുന്നു. ദന്താശുപത്രികളില്‍ മലയാളി  സ്ഥിരം സന്ദര്‍ശകരായി. 

പല്ലിലെ പുളിപ്പും വേദനയും കാരണം ചൂടുള്ളതോ തണുത്തതോ കഴിക്കാന്‍ പറ്റാതായി. പേസ്റ്റില്‍ മരശേ്മലേറ രവമൃരീമഹ അഥവാ കരി ചേര്‍ത്തും മറ്റും പ്രശ്‌നപരിഹാര  മാര്‍ഗങ്ങളുമായി കമ്പനികള്‍ എത്തുന്നുണ്ടെങ്കിലും നമ്മുടെ ഉമിക്കരി ഉണ്ടായിരുന്ന കാലത്തേതുപോലെ സുന്ദരമായ പല്ലുകളെകുറിച്ച് ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഇനിയിപ്പോള്‍  പഴയ ഉമിക്കരിയിലേക്ക് തിരികെ പോകാമെന്ന് വച്ചാലും രക്ഷയില്ലാത്ത അവസ്ഥയാണ്.  ഉമി കിട്ടാനില്ലല്ലോ. 100കിലോഗ്രാം നെല്ല് കുത്തുമ്പോള്‍ ലഭിക്കുക 22.8 കിലോഗ്രാം ഉമിയാണ്. അതിനാണെങ്കില്‍ ആവശ്യങ്ങളേറെയും. 
പല വഴികളും ശ്രമിച്ചശേഷമാണ് പഴമയിലേക്ക് തന്നെ തിരിച്ചുപോകാമെന്ന ബുദ്ധി തോന്നിയതെന്ന് തോന്നുന്നു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നല്ലേ പറയാറ്. മേല്‍പറഞ്ഞ ചാര്‍ക്കോള്‍ ടൂത്ത്‌പേസ്റ്റിന്റെയൊക്കെ രംഗപ്രവേശം ഇങ്ങനെ വൈകിയെത്തിയ വിവേകമാണന്ന് തോന്നുന്നു. 
 
പഴയ ഗീര്‍വാണമൊക്കെ ഉപേക്ഷിച്ച് ഇപ്പോള്‍ പലരും  പറയുന്നുണ്ട്   കരി ചേര്‍ന്ന പേസ്റ്റ് കൂടുതല്‍ ഗുണംതരുമെന്ന്.  

യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ നിഗമനങ്ങള്‍ പ്രകാരം ആക്ടിവേറ്റഡ് ചാര്‍ക്കോളിന്  വിഷാംശമുള്ള കെമിക്കലുകളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. 
പഴയകാലത്ത് റോമാക്കാര്‍ ചാര്‍ക്കോളും മരത്തിന്റെ തൊലിയുമൊക്കെ പല്ല് വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങളോടെ, ശ്വാസം ശുദ്ധിയാക്കുന്ന  ചാര്‍ക്കോള്‍ ബേസ്ഡ് ടൂത്ത് പേസ്റ്റുകളെകുറിച്ച്  അമേരിക്കന്‍ഡെന്റല്‍ അസോസിയേഷന്റെ ലേഖനങ്ങളില്‍ പറയുന്നുണ്ട്. കരിയുടെ ആഗിരണം ചെയ്യാനുള്ള കഴിവ് കറകളും പാടുകളും തുടച്ചുനീക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ന്  നിരവധിപേര്‍ ചാര്‍ക്കോള്‍ ഉപയോഗിക്കുന്നു. ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചുപയോഗിക്കണമെന്ന് മാത്രം. കറുപ്പ് നിറം വായിലും നാക്കിലുമൊക്കെ പടരുെമങ്കിലും ക്രമേണ നല്ല സുന്ദരമായ പല്ലുകള്‍ ലഭിക്കും. എന്തായാലും ടൂത്ത്‌പേസ്റ്റുകളെ വെല്ലുന്ന, ഔഷധഗുണമുള്ള ദന്തധാവന ചൂര്‍ണമെന്ന നിലയില്‍ ഉമിക്കരി  ഗതകാല പ്രതാപം തിരിച്ചുപിടിക്കുന്ന കാലം വിദൂരമല്ല. അതുകൊണ്ട് ഇനി ഉമിക്കരി കലര്‍ന്ന പേസ്റ്റ് കണ്ടാല്‍ കണ്ണുമടച്ച് വാങ്ങിക്കോളൂ.

ഉമിക്കരിയുടെ ഒരു ഗ്ലാമറേ...!- (ജോര്‍ജ് തുമ്പയില്‍)ഉമിക്കരിയുടെ ഒരു ഗ്ലാമറേ...!- (ജോര്‍ജ് തുമ്പയില്‍)ഉമിക്കരിയുടെ ഒരു ഗ്ലാമറേ...!- (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക