അമേരിക്കന്‍ മലയാള സാഹിത്യം വളരുന്നോ? തളരുന്നോ? (മാലിനി)
SAHITHYAM
19-Jan-2019

'അമേരിക്കന്‍ മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ച വരും തലമുറയുടെ കൈയ്യില്‍ ഭദ്രമായിരിക്കുമോ? ഇത് വരും തലമുറയാല്‍ അവഗണിക്കപ്പെട്ടു പോകുമോ'
ന്യായമായ സംശയം/ ചോദ്യം തന്നെ.
നമ്മുടെയൊക്കെ ഓര്‍മ്മയില്‍, യാത്രകളില്‍, അനുഭവങ്ങളില്‍ എത്രയെത്ര വീടുകള്‍, നാലുകെട്ടുകള്‍, അമ്പലങ്ങള്‍, പള്ളികള്‍, കൊട്ടാരങ്ങള്‍ എന്തിന് നമ്മളില്‍ പലരും ജനിച്ചു വളര്‍ന്ന വീടുപോലും ഇന്ന് അനാഥമായി കിടക്കുന്നത് കാണുന്നു.
കലഹിച്ചിട്ടു കാര്യമില്ലാത്ത അനിവാര്യതയുടെ, അനിവാര്യമായ മാറ്റങ്ങളുടെ ശിഷ്ടങ്ങളാണിവ!
ഇന്നത്തെ ചുറ്റുപാടുകള്‍, ജീവിത രീതി, ഭക്ഷണ രീതി- ഇവയിക്കൊക്കെ മാറ്റം വന്നതുപോലെ തന്നെ, നിശ്ചയമായും മാറ്റം സംഭവിക്കുന്ന ഒന്നാണ് സാഹിത്യവും.
നമുക്കൊരു സ്വഭാവമുണ്ട്- പാരമ്പര്യവും പഴമയും ഒക്കെ വേണം. എന്നാല്‍ ഞാന്‍ 'മോഡേണ്‍' ആയിരിക്കയും വേണം. 'പച്ചപ്പും പരിശുദ്ധിയും ഗ്രാമീണതയും' നഷ്ടമായ നാടിനെക്കുറിച്ച് ഓരോ അമേരിക്കന്‍ മലയാളിയും നെഞ്ച് പൊട്ടുന്ന വേദനയില്‍ സങ്കടപ്പെടാറുണ്ട്. പക്ഷെ നമ്മുടെയും നമ്മുടെ ബന്ധുക്കളുടേയും വയലുകള്‍ നിരന്നിട്ടുണ്ട്. പാറക്കൂട്ടങ്ങള്‍ ക്വാറികള്‍ ആയിട്ടുണ്ട്. കാല്‍നടക്കാരെ കാണാനേ ഇല്ല എന്ന് പരിഭവിക്കുമ്പോഴും, തൊട്ടാവാടിയും നാഞ്ഞൂല്‍ കുരുപ്പയും ഭയന്ന്/ അറച്ച് തൊട്ടടുത്ത വീട്ടിലേക്ക് കാറില്‍ പോകാറുണ്ട്. നാല് മണിയും നന്ത്യാര്‍വട്ടവും കാണാനേ ഇല്ല എന്ന് പറയുമ്പോഴും നമ്മുടെ വീട്ടുമുറ്റത്ത് കാണുന്നത് ആന്തൂറിയവും ഓര്‍ക്കിഡും.
പരിഭവിക്കേണ്ട ! കരയേണ്ട! ഇതൊക്കെ നേരിടേണ്ട, അംഗീകരിക്കേണ്ട മാറ്റങ്ങളാണ്.
എന്നാല്‍ ഈ മാറ്റങ്ങളില്‍പ്പെട്ട്, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി അറിയാതെ പോകരുത്. കാണുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാതിരിക്കരുത്. പഠിക്കുന്ന അകഷരങ്ങളുടെ അര്‍ഥം ഗ്രഹിക്കാതെ പോകരുത്. പാദങ്ങള്‍ പതിയുന്ന മണ്ണിന്റെ നനവും ചൂടും അറിയാതിരിക്കുത്.
ബോധത്തിന്റെയും മനസ്സിന്റേയും മൂടുപടം അണിയിക്കരുത്- അതിനെ തുറന്നിടുക.
ഇതുപോലെ തന്നെയാണ് അമേരിക്കന്‍ മലയാള സാഹിത്യവും. ആദ്യമേ തന്നെ അമേരിക്കന്‍ എന്ന വേലി എടുത്തു മാറ്റണം. മലയാള സാഹിത്യം- അതില്‍ അമേരിക്കനും, ആഫ്രിക്കനും, ഗള്‍ഫുകാരനും മലയാളിയും ഒക്കെ ഉണ്ടാകും. എഴുത്തുകാര്‍ക്ക് അവനവനെക്കുറിച്ച് ഒരു ബോധവും ബോധ്യവും ഉണ്ടായിരിക്കണം. വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്ല മനസ്സോടെ സ്വീകരിക്കണം. പരിഹാസങ്ങളും പാരയും അത് അര്‍ബിക്കുന്ന രീതിയില്‍ അവഗണിക്കണം. അമേരിക്കയിലെ മലയാളി എഴുത്തുകാരെ പരിഹാസത്തോടെ നോക്കുന്ന നാടന്‍ മലയാള എഴുത്തുകാരെ കണ്ണും പൂട്ടി, ചിരിച്ച് പാദം തൊട്ടുവണങ്ങി സായൂജ്യമടയുന്ന നമ്മുടെ സ്വഭാവത്തെ ഒരു വീണ്ടുവിചാരത്തിന് വിധേയമാക്കുക- അവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പഴും.
കടലിലേക്ക് അവര്‍ ഒരു പുഴ പോലെ ഒഴുകി എത്തുമ്പോള്‍, നമ്മള്‍ കുടിയേറ്റ, പ്രവാസ എഴുത്തുകാര്‍ ഒരു മഴത്തുള്ളി പോലെ പെയ്തു വീഴുന്നു!
എല്ലാം പതിക്കുന്നത് ഒരേ കടലില്‍.
നമുക്ക് ചെയ്യാവുന്നത് ചെയ്യേണ്ടത്- എന്ത് സംഭവിക്കും എന്ന് ആശങ്കപ്പെചാതെ മലയാള വായനയും എഴുത്തും തുടരുക. എഴുതുന്നത് അംഗീകാരവും പാരിതോഷികവും പ്രതീക്ഷിച്ചാകരുത്. നമ്മള്‍ പറയുന്നത്, എഴുതുന്നത് കേള്‍ക്കാന്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ എങ്കിലും നമുക്കിടയിലുണ്ട്. അവര്‍ക്കുവേണ്ടി, അവനവനുവേണ്ടി എഴുതുക, വായിക്കുക. അങ്ങനെയെങ്കില്‍ മലയാള സാഹിത്യം എന്ന അനന്തമായ സമുദ്രത്തില്‍ 'ശുദ്ധമായ ഒരു തുള്ളി' ആകാന്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്, എഴുത്തുകാരന് കഴിയും!
ശുദ്ധമായ ഒരു തുള്ളി!
അതിലേറെ എന്താണ് നമുക്ക് ആഗ്രഹിക്കാന്‍! അഭിമാനിക്കാന്‍!
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Valare Shariyanu...