Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ല്: ജോര്‍ജി വര്‍ഗീസ്

അനില്‍ പെണ്ണുക്കര Published on 19 January, 2019
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ല്: ജോര്‍ജി വര്‍ഗീസ്

ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്‍വന്‍ഷനുകളുടെ ചരിത്രത്തിലെ നാഴികക്കല്ല് ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട് . സുവര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കുന്ന കണ്‍വന്‍ഷനും,നവകേരള നിര്‍മ്മിതിക്ക് ഫൊക്കാനയുടെ സമര്‍പ്പണവും കൂടി ആയിരിക്കുമ്പോള്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്താളുകളില്‍ കുറിക്കപ്പെടും .

ഫൊക്കാനയുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ ഏറ്റവും ശ്രദ്ധേയവുമായ കണ്‍വന്‍ഷനാകും മാധവന്‍ നായര്‍, ടോമി കൊക്കാട്, സജിമോന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ .കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാസങ്ങളായി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പരിസമാപ്തിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

കേരളാ ഗവര്‍ണര്‍ പി.സദാശിവം ,മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം.എല്‍. എ.മാര്‍ ,സാഹിത്യ സാംസ്‌കാരിക ,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും.

ഫൊക്കാനയുടെ എക്കാലത്തെയും പ്രസ്റ്റീജ് പ്രോഗ്രാം ആണ് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം .ഇത്തവണ ഫൊക്കാന കണ്‍വെന്‍ഷനോടൊപ്പം ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് വിതരണവും,അതിനു ശേഷം സാഹിത്യ സമ്മേളനവും നടക്കുന്നു .അമേരിക്കന്‍ മലയാളികളുടെ മലയാളത്തിനുള്ള കാണിക്കയാണ് ഭാഷയ്‌ക്കൊരു ഡോളര്‍ .കേരളാ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ മികച്ച പി എച് ഡി പ്രബന്ധകര്‍ത്താവിന് അന്‍പതിനായിരം രൂപയും പ്രശംസാ പത്രവും നല്‍കുന്ന അമൂല്യമായ പുരസ്‌കാരം എഴുത്തച്ഛന്‍ പുരസ്‌കാരത്തോളം വിലമതിക്കുന്നതാണ് .ഫൊക്കാനയുടേയുടെയും കേരളാ യുണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ അവാര്‍ഡ് ജേതാവിനെ കണ്ടെത്തുന്ന ഉത്തരവാദിത്വം കേരളാ യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തുന്ന വിദഗ്ധ കമ്മിറ്റിക്കാണ് . വൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, പി.ആര്‍.ഒ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃത്യമായ സംഘാടനത്തോടെയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങിന് ശേഷം ഫൊക്കാനയുടെ സാഹിത്യ സമ്മേളനം നടക്കും .സാഹിത്യകാരനും, ഗാനരചയിതാവുമായ ശ്രീ.കെ. ജയകുമാര്‍ ഐ.എ. എസ്, ജോര്‍ജ് ഓണക്കൂര്‍,കവി മധുസൂദനന്‍ നായര്‍,പ്രൊഫ .പി ജെ ഫിലിപ്പ് എന്നിവര്‍ സാഹിത്യ സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

നവകേരള നിര്‍മ്മാണത്തിനൊപ്പം കേരളാ ഗവണ്‍മെന്റിനൊപ്പം കൂടിയാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഓരോ മലയാളി പൗരന്മാര്‍ക്കും കടമയുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെ ഫൊക്കാനാ പ്രളയമേഖലകളില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൃഹത്തായ ഒരു പദ്ധതിക്കാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ തുടക്കമിടുന്നത്. മണ്ണും വീടും പ്രളയത്തില്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ റവന്യു അധികാരികളുടെ സഹായത്തോടെ കണ്ടെത്തും ഇതിനോടകം തന്നെ നിരവധി വീടുകള്‍ക്കായി സഹായങ്ങള്‍ ലഭിച്ചു തുടങ്ങി .തുടര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സമയബന്ധിതമായി ഭവനം പദ്ധതി പൂര്‍ത്തീകരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം.

ഈ കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേകത കരുണയുടെ ഹസ്തങ്ങളെ ആദരിക്കുന്ന ഒരു ചടങ്ങാണ്. നിപ വൈറസ് ബാധയില്‍ കേരളം ഉരുകിയപ്പോള്‍ നമുക്ക് സുരക്ഷയൊരുക്കിയത് കേരളത്തിന്റെ മാലാഖമാരായ നേഴ്‌സുമാരാണ്. ചരിത്രത്തിലാദ്യമായി നേഴ്‌സുമാര്‍ക്ക് സമ്പൂര്‍ണ്ണ ആദരവ് നല്‍കുന്ന ചടങ്ങുകൂടിയാവും ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍.ആദ്യ 'നൈറ്റിംഗ് ഗേല്‍ അവാര്‍ഡ്.'

ഐ.ടി. മേഖലയിലെ ചുണക്കുട്ടന്‍മാരെയും നവ സംരംഭകരേയും ലോകത്തെ മികച്ച ഐടി കമ്പിനികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ആഞ്ചല്‍ കണക്ട് എന്നൊരു പരിപാടി ഈ കണ്‍വന്‍ഷനില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു.കൂടാതെ വിമന്‍സ് ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സിന്റെ നേതൃത്വത്തില്‍ വനിതാ സെമിനാര്‍ മാധ്യമ സെമിനാര്‍ ,സാഹിത്യ സമ്മേളനം, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍,സണ്ണി മറ്റമന എന്നിവരുടെ നേതൃത്വത്തില്‍ എച് ഐ വി ബാധിതര്‍ക്കുള്ള സഹായ പദ്ധതിയുടെ ഉത്ഘാടനവും കേരളാ കണ്‍വന്‍ഷനു മാറ്റുകൂട്ടും. ഫൊക്കാനാ എക്‌സികുട്ടീവും,ജനറല്‍ ബോഡിയും ,ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെയും ഒത്തൊരുമയോടെ, ഒരേ മനസോടെ പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി ,കേരളാ കണ്‍വന്‍ഷന്‍ രക്ഷാധികാരി പോള്‍ കറുകപ്പിള്ളില്‍ ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി. ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനു വേണ്ട വേണ്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന നിമിഷത്തിലേക്ക് കടക്കുകയാണ്.

നാട്ടിലെത്തുന്ന അമേരിക്കന്‍ മലയാളികളും ഫൊക്കാനയുടെ അഭ്യുദയ കാംക്ഷികളും സുഹൃത്തുക്കളും കണ്‍വന്‍ഷന്റെ വിജയത്തിനായി എത്തിച്ചേരുകയും വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും നവകേരള നിര്‍മ്മാണത്തില്‍ പങ്കാളികളാവുകയും ചെയ്യണമെന്ന് കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്തിലെ നാഴികക്കല്ല്: ജോര്‍ജി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക