Image

ആവശ്യങ്ങളൊന്നും നേടാതെ നിരാഹാരം അവസാനിപ്പിച്ച് ബിജെപി

Published on 20 January, 2019
ആവശ്യങ്ങളൊന്നും നേടാതെ നിരാഹാരം അവസാനിപ്പിച്ച് ബിജെപി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ച് ബിജെപി. കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാരം കിടന്നിരുന്നത് ദേശിയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസാണ്. ഗാന്ധിയന്‍ ഗോപിനാഥന്‍ നായരും അയ്യപ്പന്‍ പിള്ളയും ചേര്‍ന്ന് നാരാങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. 
49 ദിവസത്തിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇത്രയും ദിവസം കുടില് കെട്ടി പട്ടിണി കിടന്നിട്ട് എന്ത് നേടി എന്ന് ചോദിച്ചാല്‍ ഒന്നും നേടിയില്ല എന്ന മറുപടി മാത്രമേ ബിജെപി നേതൃത്വത്തിന് ഉത്തരമുള്ളു. എത്രവലിയ ബഹളം വെച്ചിട്ടും പിണറായി വിജയന്‍ തിരിഞ്ഞു നോക്കിയില്ല എന്ന് വരുമ്പോള്‍ സമരം നിര്‍ത്തുകയല്ലാതെ ഇനി എന്ത് ചെയ്യുമെന്നാണ് അണികളും ചോദിക്കുന്നത്. അണികള്‍ പോലും സമര പന്തലിനെ കൈയ്യൊഴിഞ്ഞതോടെ എങ്ങനെയെങ്കിലും സമരം നിര്‍ത്തിയാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു ബിജെപി. 
സമരത്തിന്‍റെ ഒരുഘട്ടത്തില്‍ പോലും ആരും സമരത്തെ കാര്യഗൗരവമായി കാണാത്തത് സമരത്തിന് വലിയ നാണക്കേട് തന്നെയായിരുന്നു. പലതവണ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ വിളിക്കുമെന്നും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായി എന്ന പേരില്‍ സമരം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നുമായിരുന്നു നേതൃത്വത്തിന്‍റെ വിശ്വാസം. എന്നാല്‍ ഒരിക്കല്‍ പോലും സമരത്തെ നോട്ടം കൊണ്ടു പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല എന്നിടത്താണ് പരാജയം നേരിട്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക