Image

വിവാദങ്ങള്‍ നിറഞ്ഞ തീര്‍ത്ഥാടനകാലത്തിന് അവസാനമായി

Published on 20 January, 2019
വിവാദങ്ങള്‍ നിറഞ്ഞ തീര്‍ത്ഥാടനകാലത്തിന് അവസാനമായി

 സുപ്രീം കോടതി യുവതീപ്രവേശ വിധിയെത്തുടര്‍ന്ന് ആശങ്കാഭരിതവും പ്രക്ഷുബ്ധവുമായ മണ്ഡല മകരവിളക്കു തീര്‍ഥാടനകാലത്തിനു സമാപനമായി. ഇന്നലെ തീര്‍ഥാടകരുടെ ദര്‍ശനം പൂര്‍ത്തിയായെങ്കിലും ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്.

ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് സന്നിധാനവും പമ്ബയും ഉള്‍പ്പെടെ തീര്‍ഥാടകര്‍ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങള്‍ നിരോധനാജ്ഞയുടെ കവചത്തിലായത്. അതും വൃശ്ചികം 1 മുതല്‍ മകരവിളക്കു ദിവസം വരെ. നാമജപ പ്രതിഷേധങ്ങള്‍ക്കും പൊലീസ് നടപടികള്‍ക്കും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.

യുവതീപ്രവേശം അനുവദിച്ച്‌ സെപ്റ്റംബര്‍ 28ന് ആണ് സുപ്രീംകോടതി ഉത്തരവായത്. അതിനു ശേഷം നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ സംസ്ഥാനത്ത് മണ്ഡല കാലത്ത് 433, മകരവിളക്കിന് 1260 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. മൊത്തം 55,650 പ്രതികളാണുള്ളത്. അതില്‍ 8132 പേരെയാണ് തിരിച്ചറിഞ്ഞത്. പ്രശ്‌നം സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെത്തന്നെ പിടിച്ചുലച്ചു.

പ്രതിഷേധങ്ങള്‍ കാരണം ഭക്തരും വരുമാനവും കുറഞ്ഞത് ദേവസ്വം ബോര്‍ഡിനെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലുമാക്കി. യുവതീപ്രവേശത്തിന്റെ പേരില്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ അച്ചടക്ക നടപടിയുടെ വാളോങ്ങി സര്‍ക്കാരും ദേവസ്വം ബോര്‍ഡും നില്‍ക്കുന്നു.

ഞായറാഴ്ച രാവിലെ ക്ഷേത്രനട അടച്ച്‌ തിരുവാഭരണവുമായി രാജപ്രതിനിധിയും ഭക്തരും മലയിറങ്ങുമെങ്കിലും സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ എന്തു തീരുമാനം ഉണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേസ് 22ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ കേസ് പരിഗണിക്കുന്നതു നീളുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവും ശക്തമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക