Image

സൂപ്പര്‍ പ്രൈമറി വരെയെത്താന്‍ പ്രചാരണ ചെലവ് 40 മുതല്‍ 60 മില്യന്‍ ഡോളര്‍ വരെ: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 21 January, 2019
സൂപ്പര്‍ പ്രൈമറി വരെയെത്താന്‍ പ്രചാരണ ചെലവ് 40 മുതല്‍ 60 മില്യന്‍ ഡോളര്‍ വരെ: ഏബ്രഹാം തോമസ്
വാഷിങ്ടന്‍: ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ വലിയ ഉത്സാഹത്തിലാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപ്രതീ കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ട്രംപിനെതിരെ മത്സരിക്കുവാന്‍ കഴിഞ്ഞാല്‍ വിജയ സാധ്യത കൂടുതലാണെന്ന് അവര്‍ കണക്ക് കൂട്ടുന്നു. ദേശീയതലത്തില്‍ അറിയപ്പെടുന്നവരും  അല്ലാത്തവരുമായ നേതാക്കള്‍ വൈ നോട്ട് മീ? എന്ന ചോദ്യം ചോദിച്ച് സ്വയം ഉത്തരം നല്‍കി മത്സരിക്കുവാനുള്ള തയാറെടുപ്പിലാണ്.

ഡമോക്രാറ്റിക് പാര്‍ട്ടി പ്രൈമറികളുടെ കലണ്ടര്‍ പുനഃക്രമീകരിച്ചു. ഡെലിഗേറ്റുകള്‍ ധാരാളം ഉള്ള കലിഫോര്‍ണിയയിലെയും ടെക്‌സസിലെയും മറ്റ് ചില സംസ്ഥാനങ്ങളിലെയും വളരെ നേരത്തെ- 2020 മാര്‍ച്ച് ആദ്യവാരം തന്നെ പ്രൈമറികള്‍ നടത്തുകയാണ്. പ്രൈമറി സ്ഥാനാര്‍ഥികള്‍ ഏറെ വ്യത്യസ്ത പശ്ചാത്തലമുള്ള വോട്ടര്‍മാരെ ആദ്യം തന്നെ സമീപിച്ച് പ്രചരണം നടത്തേണ്ട അവസ്ഥയിലാണ്. 

പ്രസിഡന്റ് ട്രംപ് തന്റെ ഓവല്‍ ഓഫീസില്‍ ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം ടിവിക്ക് മുമ്പിലും ട്വിറ്ററിലുമാണ് ചെലവഴിക്കുന്നത് ആരോപണമുണ്ട്. എതിര്‍പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥികളെയെല്ലാം കടന്നാക്രമിക്കുകയും ഓരോരുത്തര്‍ക്കും ഓമനപ്പേര് നല്‍കുകയും ചെയ്യും. സ്ഥാനാര്‍ഥികളെ പാര്‍ട്ടിക്കോ അവര്‍ക്കോ പരിചയപ്പെടുത്തേണ്ടി വരില്ല. അതിനുമുന്‍പേ അവരെ ട്രംപ് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ടാവും. അവര്‍ പരാജയപ്പെടുത്തുവാന്‍ പണിപ്പെടുന്ന നേതാവ് തന്നെ അവരെ പരിചയപ്പെടുത്തിയിട്ടുണ്ടാവും എന്ന വിരോധാഭാസത്തിന് നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.

സ്ഥാനാര്‍ഥികള്‍ അമേരിക്ക അങ്ങോളം ഇങ്ങോളം പല തവണ സഞ്ചരിക്കേണ്ടി വരും. കൂടുതല്‍ ശ്രദ്ധ കലിഫോര്‍ണിയയ്ക്കും ടെക്‌സസിനും നല്‍കേണ്ടതുണ്ട്. സ്ഥാനാര്‍ഥികളുടെ യാത്രകളും ചെലവുകളും പ്ലാന്‍ ചെയ്യുന്ന ഡമോക്രാറ്റിക് പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രാരംഭ ചെലവുകളുടെ കണക്കനുസരിച്ച് ഓരോ സ്ഥാനാര്‍ഥിയും ആദ്യ പ്രധാന പ്രൈമറികള്‍ നടക്കുന്ന സൂപ്പര്‍ ട്യൂസ്‌ഡേ വരെയെത്തണമെങ്കില്‍ 40 മുതല്‍ 60 മില്യന്‍ ഡോളര്‍ വരെ ചെലവഴിക്കണം. പ്രചരണം മുന്നോട്ട് നീങ്ങുമ്പോള്‍ കൂടുതല്‍ പണം ഒഴുക്കണം. വളരെ വൈകാതെ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പ്രചാരണ ഫണ്ടില്‍ ധനം ശേഷിച്ചിട്ടില്ല എന്ന് തിരിച്ചറിയും. 

ഇതുവരെ ഒരു പ്രൈമറിയിലും ഒരു സ്ത്രീ സ്ഥാനാര്‍ഥിയോ ഒരു കറുത്ത വര്‍ഗക്കാരനായ സ്ഥാനാര്‍ഥിയോ ഇടതുപക്ഷ ചിന്താഗതിക്കാരനായ സ്ഥാനാര്‍ഥിയോ മത്സരിക്കാതെ ഇരുന്നിട്ടില്ല. ഇത്തവണ ഈ വിഭാഗത്തില്‍ ഓരോന്നിലും ഒന്നിലധികം സ്ഥാനാര്‍ഥികള്‍ .

കോറി ബുക്കറെയും കമലാ ഹാരിസിനെയും (ഇരുവരും സെനറ്റര്‍മാരാണ്) കറുത്ത വര്‍ഗക്കാരായാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് കറുത്ത വര്‍ഗക്കാരുടെ പിന്തുണ ഉണ്ടായേക്കും. സെനറ്റര്‍മാരായ എലിസബെത്ത് വാറനും ബേണി സാന്‍ഡേഴ്‌സിനും ന്യൂഹാംപ് ഷെയറിലും ന്യൂ ഇംഗ്ലണ്ടിലും പിന്തുണ ഉണ്ടാവും. 

ആദ്യമായാണ് ഭരണത്തിലിരിക്കുന്ന പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2000 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കാലാവധി കഴിയുമ്പോള്‍ നടന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ക്ലിന്റണെ ഇംപീച്ച് ചെയ്യുവാനുള്ള ആവശ്യം ശക്തമായിരുന്നത്. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ രണ്ടാം ഊഴത്തിലേയ്ക്ക്  കടന്നതിനുശേഷമാണ് ഇംപീച്ച്‌മെന്റ് തീരുമാനം ഗൗരവമായി പരിഗണനയില്‍ എടുത്തത്.

പ്രൈമറി ഡിബേറ്റുകള്‍ ആറെണ്ണം ഈ വര്‍ഷവും ആറെണ്ണം അടുത്ത വര്‍ഷവും എന്നാണ് ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. ആദ്യ രണ്ട് ഡിബേറ്റുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കും. 

മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ നയങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. അഫോഡബിള്‍ കെയര്‍ ആക്ടും ഡിഫേര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സും പ്രധാന ഡിബേറ്റ് വിഷയങ്ങള്‍ ആയിരിക്കും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടും. നെവര്‍ട്രംപേഴ്‌സ് ഹാഡ് ഇനഫ് ട്രംപേഴ്‌സ്, ദെയറീസ് ഗോട്ട് സംതിങ് അദര്‍ ദാന്‍ ട്രംപേഴ്‌സും ആണ് പ്രധാന മൂന്നു വിഭാഗങ്ങള്‍. ട്രംപിനെ എതിര്‍ക്കുന്നവരെ ഒന്നിപ്പിച്ച് അവര്‍ക്കെല്ലാവര്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയെ ട്രംപിനെതിരെ മത്സരിപ്പിക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതുവരെ ഇവര്‍ക്ക് തമ്മില്‍ യോജിപ്പിലെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോഴുണ്ടായിരിക്കുന്ന ഭരണസ്തംഭനത്തില്‍ സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കുന്ന നിലപാട് ചര്‍ച്ച ചെയ്യപ്പെടും. അന്യോന്യം പഴി ചാരുമ്പോള്‍ ആരുടെ വാദത്തിനാണ് വിശ്വാസ്യത എന്ന് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കുവാനുള്ള അവസരമായും പ്രൈമറികളും പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പും മാറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക