Image

അയ്യപ്പ സ്വാമി കീ ജയ്... ശരണമന്ത്രം മുദ്രാവാക്യമായി മാറുന്നത് വ്യക്തമായ അജണ്ട മുന്‍നിര്‍ത്തി

കലാകൃഷ്ണന്‍ Published on 21 January, 2019
അയ്യപ്പ സ്വാമി കീ ജയ്... ശരണമന്ത്രം മുദ്രാവാക്യമായി മാറുന്നത് വ്യക്തമായ അജണ്ട മുന്‍നിര്‍ത്തി

ശബരിമലയില്‍ ഒരു ഉത്തരേന്ത്യന്‍ മോഡല്‍ കളിക്കാനുള്ള, കൃത്യമായി പറഞ്ഞാല്‍ അയോധ്യാ മോഡല്‍ കളിക്കാനുള്ള തയാറെടുപ്പിലാണ് സംഘപരിവാര്‍. കഴിഞ്ഞ ദിവസം ഹിന്ദു സന്യാസിമാരെ രംഗത്തിറക്കി അതിനുള്ള ഒരു പരീക്ഷണം നടത്തുകയായിരുന്നു സംഘപരിവാര്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ന്യായമായും സംശയിക്കാം. 
ആദ്യമായി ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മാതാ അമൃതാനന്ദമയി, സ്വാമി ചിദാനന്ദപുരി, സ്വാമി പ്രകാശാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, ശാക്തശിലിംഗേശ്വര സ്വാമി, ഗോലോകാനന്ദ സ്വാമി, ബോധിതീര്‍ത്ഥസ്വാമി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമിനി ജ്ഞാനാഭനിഷ്ഠ എന്നിങ്ങനെ കേരളത്തിലെ പ്രമുഖമായ ഹൈന്ദവ സന്യാസ മഠങ്ങളിലെ അധ്യക്ഷന്‍മാരും ഗുരുക്കന്‍മാരും സന്യാസിമാരും തിരുവനന്തപുരത്ത് അയ്യപ്പകര്‍മ്മ സമിതിയുടെ സമ്മേളനത്തില്‍ പങ്കെടുത്തു. ആത്മീയ പ്രഭാഷണങ്ങളായിരുന്നില്ല മറിച്ച് കടുത്ത ഹൈന്ദവ രാഷ്ട്രീയ പ്രസംഗങ്ങളായിരുന്നു മിക്ക സന്യാസി വര്യന്‍മാരില്‍ നിന്നും ഉയര്‍ന്നത്. 
അതില്‍ മികച്ച് നിന്നത് ചിദാനന്ദപുരി സ്വാമികളായിരുന്നു. സിപിഎമ്മിനെ രാഷ്ട്രീയമായി കടന്നാക്രമിച്ചു കൊണ്ടായിരുന്നു ചിദാനന്ദപുരി സ്വാമിയുടെ പ്രസംഗം. മന്ത്രി ജി.സുധാകരനെ വ്യക്തിപരമായി പരിഹസിച്ചുകൊണ്ടും മറുപടികള്‍ നല്‍കിക്കൊണ്ടുമാണ് ചിദാനന്ദപുരി സ്വാമികള്‍ സമ്മേളനത്തെ കൈയ്യിലെടുത്തത്. 
എന്നാല്‍ അമൃതാനന്ദമയിയാവട്ടെ ഒരു പടി കൂടി കടന്ന് അയ്യപ്പ സ്വാമി കീ ജയ് എന്ന് മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചുകൊടുത്തു. അമ്മ വിളിച്ചു കൊടുക്കുന്ന മുദ്രാവാക്യമല്ല ശശികല ടീച്ചര്‍ മുതല്‍ സകലമാന പേരും സന്യാസിമാരും എല്ലാവരും അയ്യപ്പസ്വാമിക്ക് കീ ജയ് ഏറ്റുവിളിച്ചു. 
സ്വാമിയേ ശരണം അയ്യപ്പ, സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ എന്ന ശരണ മന്ത്രങ്ങളുടെ സ്ഥാനത്താണ് അയ്യപ്പസ്വാമി കീജയ് കടന്നു വന്നത്. ഉമ്മന്‍ചാണ്ടി കീ ജയ്, നരേന്ദ്രമോദി കീ ജയ്, പിണറായി വിജയന്‍ കി ജയ് എന്നിങ്ങനെ വിളിക്കുന്നത് പോലെ ഒരു മുദ്രാവാക്യം വിളി. അയ്യപ്പസ്വാമി എന്താ ഇലക്ഷനില്‍ മത്സരിക്കാന്‍ പോകുവാണോ എന്ന് ന്യായമായും സംശയിക്കാം. പതിവ് ശരണം വിളിയില്‍ ഒരു മാറ്റം കേട്ടപ്പോ അയ്യപ്പസ്വാമിക്ക് പക്ഷെ സംശയമൊന്നും തോന്നിക്കാണുന്നില്ല. തന്നെ രാഷ്ട്രീയവല്‍കരിക്കുന്നത് ദിവസം പ്രതി കണ്ടുകൊണ്ടിരിക്കുവല്ലേ സാക്ഷാല്‍ അയ്യപ്പസ്വാമി. 
എന്തായാലും സമ്മേളനം കഴിഞ്ഞതും സ്വാമി ചിദാനന്ദപുരിയുടെയും അമൃതാനന്ദമയിയുടെയും പഴയകാല വീഡിയോകളില്‍ ചിലത് ചിലര്‍ കുത്തിപ്പൊക്കി. 
അതായത് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നത് വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റുകളോ ആക്ടിവിസ്റ്റുകളോ ആയിരുന്നില്ല. സ്ത്രീപ്രവേശനം എന്ന ആവശ്യം കാലങ്ങളായി ഉന്നയിച്ചിരുന്നത് ആര്‍.എസ്.എസ് ആയിരുന്നു. ആര്‍.എസ്.എസ് കേരളാ ഘടകം മുതല്‍ കേന്ദ്രനേതൃത്വം വരെ ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന നിലപാടുകാരായിരുന്നു. ഓ.രാജഗോപാല്‍ തന്നെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ജന്മഭൂമിയില്‍ ലേഖനം എഴുതിയിട്ടുണ്ട്. 
ഇതേ സംഘപരിവാര്‍ ആവശ്യമായിരുന്നു മുമ്പ് ചിദാനന്ദപുരിക്കും. അതില്‍ അത്ഭുതമൊന്നുമില്ല. സ്ത്രീയിക്കും പുരുഷനും ഹൈന്ദവ ആരാധനാലയങ്ങലില്‍ തുല്യത വേണമെന്നതാണ് ആര്‍.എസ്.എസിന്‍റെ പ്രഖ്യാപിത നയം. ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങളിലെ എല്ലാ അനീതികളും ഒഴിവാക്കിയില്ലെങ്കില്‍ അത് മറ്റു മതങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകും എന്നതാണ് ഈ നീതി ആവശ്യത്തിന് പിന്നിലെ കാരണം. 
ചിദാനന്ദപുരി സ്വാമികള്‍ തന്നെ മുമ്പ് പറഞ്ഞത് ശബരിമലയില്‍ സ്ത്രീക്കും പുരുഷനും ഒരേ പോലെ പ്രവേശനം വേണമെന്നാണ്. അമൃതാനന്ദമയിയും ഇതേ തരത്തില്‍ മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സംഘപരിവാര്‍ കണ്ടെത്തിയ സുവര്‍ണ്ണാവസരം ആണല്ലോ ശബരിമല. ആ അവസരം വരുമ്പോള്‍ പഴയ നിലപാട് വിഴുങ്ങുകയല്ലാതെ മറ്റ് വഴിയില്ല. നേരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുക. അങ്ങനെ സംഘപരിവാറിനെ വളര്‍ത്തുക. ഇതാണ് ലക്ഷ്യം. 
സന്യാസിമാരെ ഇറക്കിയുള്ള സംഘപരിവാറിന്‍റെ കളി ഉത്തരേന്ത്യന്‍ മോഡലാണ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് മുമ്പ് ഒരു ലക്ഷം സന്യാസിമാര്‍ പങ്കെടുത്ത മഹാറാലി നടന്നിട്ടുണ്ട് ഡല്‍ഹിയില്‍ രാമരാജ്യം ആവശ്യപ്പെട്ട്. നാഗസന്യാസിമാര്‍ മുതല്‍ ആള്‍ദൈവങ്ങള്‍ വരെ ആ മഹാറാലിയില്‍ പങ്കൈടുത്തിട്ടുമുണ്ട്. അങ്ങനെ കളമൊരുക്കിയെടുത്തതാണ് ഉത്തരേന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം. ഇതേ രാഷ്ട്രീയക്കളിയാണ് ഇപ്പോള്‍ കേരളത്തിലേക്കും സംഘപരിവാര്‍ പ്രയോഗിക്കുന്നത്. 
അയ്യപ്പധര്‍മ്മസമിതിയില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിനെയും സന്യാസിമാരെയും മൈക്ക് ഏല്‍പ്പിച്ച് ബിജെപി സദസിലേക്ക് മാറിയിരുന്നത് ഗ്യാലറിയിലിരുന്ന് പന്ത് കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാനാണ്. അങ്ങനെ പുതിയൊരു രാഷ്ട്രീയ ധ്രൂവീകരണത്തിന് സാധ്യത തിരയുകയാണ്. അതിന്‍റെ ശംഖൊലിയാണ് അയ്യപ്പസ്വാമി കി ജയ് എന്ന മുദ്രാവാക്യം. അത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന് കേരളീയ പൊതുസമൂഹം മനസിലാക്കുക. 
Join WhatsApp News
ഉദരം എന്ന ഈശരന്‍ 2019-01-23 20:45:42

മതവും മന്ത്രവും

പഴയ മന്ത്രവാദിയെ ഓര്‍ക്കുന്നുവോ, അവന്‍ സര്‍വരോഗ സംഹാരകന്‍ കൂടി ആയിരുന്നു. മനുഷര്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെ അവന്‍റെ സക്തിയും കുറഞ്ഞു. അവന്‍റെ വയര്‍ നിറക്കാന്‍ അവന്‍ കണ്ട തന്ത്രം ആണ് മതം. അവന്‍ പല പേരില്‍, പല തരം തുണി ചുറ്റി എന്ത് തന്ത്രവും കാണിക്കും. ആവന് ഹോസാന പാടാന്‍ കുറെ വിഡ്ഢികള്‍ ഉള്ളടത്തോളം കാലം അവനു രാജകീയ ജീവിതം. ഭക്തര്‍ എന്നും കുചേലനും.-andrew

രാജേഷ് മുരളീധരൻ 2019-01-24 10:05:40
കൊട്ടാരക്കരയിൽ ഇന്നൊരമ്മ ആത്മഹത്യ ചെയ്തു ... രാജേഷ് മുരളീധരൻ , FB ------------------------------- ജാമ്യത്തിൽ ഇറങ്ങാൻ പറ്റാതെ ജയിലിൽ കിടക്കുന്ന മകനെ ഓർത്ത് മനം നൊന്താണ് ആ പാവം ആത്മഹത്യ ചെയ്തത് ... വീടുകളിൽ മാനം മര്യാദക്ക് ജീവിച്ചിരുന്ന അനേകം ചെറുപ്പക്കാരെ ആണ് സംഘപരിവാർ, നമാജപസമരം എന്ന പേരും പറഞ്ഞു വിളിച്ചിറക്കി അക്രമ പ്രവർത്തനങ്ങളിലേക്കു തള്ളിവിട്ടത് ... അറസ്റ്റിൽ ആയവരുടെ അവസ്ഥ വളരെ ദയനീയമാണ് ... സിവിലും ക്രിമിനലും ആയ ഒന്നിലേറെ കേസുകൾ ഓരോരുത്തരുടെയും പേരിൽ ഉണ്ടാകും , പിന്നെ ലക്ഷങ്ങൾ വരുന്ന ജാമ്യത്തുകയും ... ഇനി എങ്ങിയെങ്കിലും പണം അടച്ചു ജാമ്യത്തിൽ ഇറങ്ങിയാൽ തന്നെയോ, അവസാനമില്ലാതെ നീളുന്ന കേസുകൾ കാരണം ഭാവി ഏതാണ്ട് തീരുമാനമായി കിട്ടും ... ഇനി ഇതിനൊക്കെ വിളിച്ചു ഇറക്കിയവരോ ? ശബരിമല നട അടച്ചു, അവരുടെ സമരങ്ങളും അവസാനിച്ചു , ഇനി അവർക്ക് തത്ക്കാലം ചുടുചോർ വാരാനുള്ള കുട്ടികുരങ്ങന്മാരെ ആവശ്യമില്ല !! അതുകൊണ്ടു തന്നെ ജയിലിൽ ആയവരെ ആരും തിരിഞ്ഞു നോക്കാനും ഇല്ല ... ഇന്ന് ഈ അമ്മയുടെ ആത്മഹത്യ ഒരു ചാനലിലും ചർച്ച ആയി കണ്ടില്ല !!! ശബരിമല പ്രശ്നം കത്തി നിന്നിരുന്ന സമയത്തു നമ്മൾ ചാനൽ ചർച്ചകൾ കണ്ടതാണ് ... അന്ന് ചാനലുകാർ അതൊരു ആഘോഷമാക്കി !!! ഇന്ന് ഈ ഒരു ആത്മഹത്യയിൽ എന്തു ന്യൂസ് വാല്യു - അതുകൊണ്ടു തന്നെ ആരും അറിഞ്ഞ ഭാവം കാണിക്കുന്നില്ല ... ഇന്ത്യൻ നിയമവാഴ്ചയെ വെല്ലുവിളിച്ചു നാമജപ യാത്ര എന്ന പേരിൽ ആദ്യം തെരുവിൽ ഇറങ്ങിയ അമ്മമാർ , ആണ്മക്കൾക്കും ആയുധമെടുത്തു തെരുവിലിറങ്ങാൻ പ്രചോദനം ആയി എന്നു പറയാതെ വയ്യ !!! ബിജെപി വളരെ വ്യക്തമായി നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു ഞങ്ങൾ അല്ല പ്രക്ഷോഭണങ്ങൾക്ക് പിന്നിലെന്ന് ... അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി "അയ്യപ്പ ഭക്തർ" നടത്തുന്ന പ്രക്ഷോഭങ്ങൾ ആണ് എല്ലാം എന്നാണ് ബിജെപി പറഞ്ഞു വെച്ചത് !!! ആർ എസ് എസ്സും അതു തന്നെ ഏറ്റു പാടി ... ശബരിമല കർമ്മസമതി എന്ന പേരിൽ ഒരു അക്രമ കൂട്ടായ്‌മ സൃഷ്ടിച്ചു സംഘപരിവാർ അവരുടെ ലക്ഷ്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയും , ആവശ്യം കഴിഞ്ഞു അവരെ ഉപേക്ഷിക്കുകയും ചെയ്തു ... ഇതാണ് സംഘപരിവാർ രാഷ്ട്രീയം !!! തിരിഞ്ഞു നോക്കാൻ പോലും ആളില്ലാതെ ജയിലുകളിൽ പെട്ടു പോയവരുടെ വിധി ഇനി അവനവന്റെ മാത്രം ഉത്തരവാദിത്വം !!! ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത ശശികലെയെയും രാഹുലിനെയും പോലുള്ള തീവ്ര ഹിന്ദു വാദികളും , അമേരിക്കയിൽ ഇരുന്നു പോലും സാമൂഹ്യ മാധ്യമങ്ങൾ വഴി വിഷം വിതച്ചവരും ഇപ്പോളും സുരക്ഷിതരായി വിലസുന്നു ... ഇനിയും ഇന്ന് സംഭവിച്ച പോലുള്ള ദുരന്തങ്ങൾ ഉണ്ടാകും ... പല കുടുംബങ്ങളുടെയും അടിത്തറ പോലും ഇളകും ... എല്ലാം അയ്യപ്പന് വേണ്ടിയാണല്ലോ എന്നു കരുതി ആശ്വസിക്കുന്ന കുറച്ചു വിഡ്ഢികളും ഉണ്ടാകും ... പ്രക്ഷോഭങ്ങൾക്ക് ഇറങ്ങിയപ്പോൾ ഇവരൊക്കെ എന്താണ് ധരിച്ചിരുന്നത് ? കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി നേരിട്ടു ഇടപെട്ടു കേസില്ലാതാക്കി , പിണറായി സർക്കാരിനെയും പിരിച്ചു വിടും എന്നോ ??? സംഘപരിവാർ എന്നതൊരു ഭസ്മാസുരൻ ആണെന്ന് ഇനിയെങ്കിലും പൊതുജനം മനസ്സിലാക്കണം ... ആട്ടി പായിക്കണം ആ നികൃഷ്ട ജന്തുക്കളെ - രാജേഷ് മുരളീധരൻ (none@none.com)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക