Image

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിന് ഉജ്ജ്വല സമാപനം

Published on 21 January, 2019
അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിന് ഉജ്ജ്വല സമാപനം
 

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ ഫോറം സെന്ററില്‍ മലയാളികള്‍ ഇതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും വലിയ പരിപാടിയായി മാറിയ യുക്മ ഫാമിലി ഫെസ്റ്റിന്റെ സംഘാടക മികവിന് കാണികളില്‍ നിന്നും അഭിനന്ദന പ്രവാഹം. 

രഞ്ജിത്ത് ഗണേഷ്, ജിക്‌സി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ ഫാമിലി ഫെസ്റ്റ് ജനറല്‍ കണ്‍വീനററും യുക്മ ട്രഷററുമായ അലക്‌സ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ സെക്രട്ടറി റോജിമോന്‍ വറുഗീസ് സ്വാഗതം ആശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ സെക്രട്ടറി ഷീജോ വര്‍ഗീസ് നന്ദി പറഞ്ഞു. 

യുക്മ ദേശീയ റീജണല്‍ ഭാരവാഹികളും പ്രധാന സ്‌പോണ്‍സര്‍മാരും യുക്മ ഫെസ്റ്റിന്റെ വേദിയിയില്‍ നിറസാന്നിധ്യമായി. അശ്വിന്‍, റിയാ രഞ്ജിത്ത് എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. ഡോ. ദീപാ ജേക്കബ്, സിന്ധു ഉണ്ണി എന്നിവര്‍ പരിപാടികള്‍ ക്രമീകരിച്ചു.

ഡിജിറ്റല്‍ സാങ്കേതിവിദ്യയുടെ അകമ്പടിയോടെ നടന്ന പരിപാടി സ്‌റ്റെഫി സ്രാമ്പിക്കലും സംഘവും അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സോടുകൂടി ആരംഭിച്ചു. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെ വേദിയില്‍ അരങ്ങേറിയ പാട്ടും ശാസ്ത്രീയ നൃത്തവും ബോളിവുഡ് ഡാന്‍സും കോമഡിയും നാടകവും ഉള്‍പ്പെടുന്ന കലപരിപാടികളെല്ലാം ഉന്നത നിലവാരം പുലര്‍ത്തി.

മാഞ്ചസ്റ്റര്‍ മേളം രാധേഷ് നായരുടെ നേതൃത്വത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ കാണികള്‍ക്ക് മേളപ്പെരുമയൊരുക്കിയപ്പോള്‍, ഡോ. സിബി വേകത്താനത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ട്രാഫോര്‍ഡ് നാടക സമിതിയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച 'സിഗററ്റ് കൂട്' നാടകം പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി.

മോഹന്‍ലാലിന്റെ ശബ്ദം വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച് കൈയടി നേടിയ അശോക് ഗോവിന്ദ് നിരവധി കലാകാരന്‍മാരുടെ ശബ്ദവും അനുകരിച്ചു. രഞ്ജു ജോര്‍ജിന്റെ കീബോര്‍ഡിലെ പ്രകടനവും എംഎംസിഎ വനിതകള്‍ അവതരിപ്പിച്ച തിരുവാതിര തുടങ്ങിയ പരിപാടികളും മികച്ച നിലവാരം പുലര്‍ത്തി. കലാപരിപാടികളുടെ ഇടവേളകളില്‍ അവാര്‍ഡ് ദാന ചടങ്ങുകളും നടന്നു. 

പ്രവേശനം തികച്ചും സൗജന്യമായ പരിപാടി മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന നാഷണല്‍ കമ്മിറ്റിയുടെ അവസാന പരിപാടി കൂടിയായിരുന്നു. അവസാനത്തെ പരിപാടി ഗംഭീരമാക്കുവാന്‍ നടത്തിയ കഠിന പരിശ്രമം വിജയത്തിലെത്തിയതിന്റെ സംതൃപ്തിയിലാണ് മാമ്മന്‍ ഫിലിപ്പും സംഘവും. 

യുക്മ ഫാമിലി ഫെസ്റ്റിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാ കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും ദേശീയ, റീജണല്‍, അസോസിയേഷന്‍ ഭാരവാഹികള്‍ക്കും എല്ലാറ്റിനുമുപരിയായി ഫോറം ഹാളിലേക്ക് ഒഴുകിയെത്തിയ കാണികള്‍ക്കും യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി യുക്മ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അലക്‌സ് വര്‍ഗീസ്, യുക്മ നോര്‍ത്ത് വെസ്റ്റ് റീജണ്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഷീജോ വര്‍ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക