Image

പ്രവാസി ഭാരതീയ ദിവസിന്‌ വാരാണസിയില്‍ തുടക്കമായി

Published on 22 January, 2019
പ്രവാസി ഭാരതീയ ദിവസിന്‌ വാരാണസിയില്‍ തുടക്കമായി
ലഖ്‌നൗ: പതിനഞ്ചാം പ്രവാസി ഭാരതീയ ദിവസിന്‌ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ തുടക്കമായി. യുവ പ്രവാസികള്‍ക്കായുള്ള സമ്മേളനമായിരുന്നു ആദ്യദിവസം. വാരാണസി ദീന്‍ദയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അധ്യക്ഷനായി. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ്‌ റാഥോഡ്‌, നോര്‍വേയിലെ എം.പി. ഹിമാന്‍ഷു ഗുലാത്തി, ന്യൂസീലന്‍ഡ്‌ പാര്‍ലമെന്റ്‌ അംഗം കന്‍വാല്‍ജിത്‌ സിങ്‌ ബക്ഷി, കേന്ദ്രമന്ത്രി ജനറല്‍ വി.കെ.സിങ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രവാസി ഭാരതീയ ദിവസിന്റെ ഔപചാരിക ഉദ്‌ഘാടനം രണ്ടാം ദിവസമായ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. മൗറീഷ്യസ്‌ പ്രധാനമന്ത്രി പ്രവീന്ദ്‌ കുമാര്‍ ജുഗ്‌നൗത ആണ്‌ ഇത്തവണ മുഖ്യാതിഥി. ഇന്ത്യന്‍വേരുകളുള്ള അദ്ദേഹം യു.പി.യിലെ ബല്ലിയയിലുള്ള കുടുംബഭവനം സന്ദര്‍ശിക്കും.

23-ന്‌ നടക്കുന്ന സമാപനസമ്മേളനം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഉദ്‌ഘാടനം ചെയ്യും. അയ്യായിരത്തോളം പ്രതിനിധികള്‍ വിവിധ രാജ്യങ്ങളില്‍നിന്നായി മൂന്നുദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്‌. 700 പേര്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളാണ്‌.

സമാപനത്തിനുശേഷം ബുധനാഴ്‌ച പ്രതിനിധികള്‍ പ്രയാഗ്‌ രാജില്‍ നടക്കുന്ന കുംഭമേള സന്ദര്‍ശിക്കും. 'നവ ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്‌' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്‌ ഇത്തവണ പ്രവാസി ഭാരതീയ ദിവസ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.

പ്രയാഗ്‌ രാജ്‌ കുംഭമേളയിലും റിപ്പബ്ലിക്‌ ദിന പരേഡിലും പ്രവാസികള്‍ക്കും മറ്റ്‌ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും പങ്കെടുക്കാനാകുന്ന തരത്തിലാണ്‌ സംഘാടനം ഒരുക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക