Image

രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലോ, മധ്യപ്രദേശിലോ മത്സരിച്ചേക്കും

Published on 22 January, 2019
രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലോ, മധ്യപ്രദേശിലോ മത്സരിച്ചേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലോ മധ്യപ്രദേശിലെ ചിന്ത്‌വാഡയിലോ കൂടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ അശോക് ചവാന്‍ നിലവില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണു നന്ദേഡ്. കനത്ത തിരിച്ചടിയുണ്ടായ 2014 ലും കോണ്‍ഗ്രസിനെ കൈവിടാത്ത 2 മണ്ഡലങ്ങളിലൊന്നും. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനം എന്നതാണ് മഹാരാഷ്ട്രയില്‍ നിന്നു രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയ്ക്കു കാരണം. രാഹുല്‍ മഹാരാഷ്ട്രയില്‍ മത്സരിച്ചാല്‍ സംസ്ഥാനത്തുടനീളം അതിന്റെ ഗുണഫലം ഉണ്ടാകാമെന്ന് ഈ ആവശ്യമുന്നയിക്കുന്നവര്‍ വാദിക്കുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഒഴിഞ്ഞ മണ്ഡലമായ ചിന്ത്‌വാഡയും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്.

2004 മുതല്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന അമേഠി ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ബിജെപി ജയിച്ചതു കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നു. എന്നാല്‍, ഒന്നിലധികം മണ്ഡലങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ്എന്‍സിപി സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് പ്രഥമപരിഗണന ലഭിക്കാന്‍ സാധ്യതയുള്ളയാളാണ് ചവാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക