Image

സോമര്‍സെറ്റ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

സെബാസ്റ്റ്യന്‍ ആന്റണി Published on 23 January, 2019
സോമര്‍സെറ്റ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു 

ഞായറാഴ്ച രാവിലെ 11:30ന് തിരുനാളിനു തുടക്കമായ തിരുക്കര്‍മ്മങ്ങല്‍ ആരംഭിച്ചു. തിരുസ്വരൂപം വെഞ്ചിരിക്കലിന് ശേഷം നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ.ഫാ.ജോബി തരനിയില്‍ (പാലക്കാട് രൂപത) സഹകാര്‍മ്മികനായി.
ദിവ്യബലി മദ്ധ്യേ ഫാ. ജോബി തിരുനാള്‍ സന്ദേശം നല്‍കി.
സ്നേഹത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് പ്രഘോഷിച്ച്, കാല്‍വരിയിലെ കുരിശില്‍ മനുഷ്യസ്നേഹത്തിന്റെ മഹോന്നത സാക്ഷ്യമായിത്തീര്‍ന്ന മനുഷ്യപുത്രന്റെ സ്നേഹസന്ദേശവുമായി വിശ്വാസസംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ കൂരമ്പുകളെ കുളിര്‍ മഴ പോലെ നെഞ്ചോടു ചേര്‍ത്ത ക്രിസ്തുവിന്റെ ധീര രക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്‍, ക്രിസ്തീയ ജീവിതം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്ന ത്യാഗങ്ങളില്‍ അഭിമാനിക്കാനുള്ള കൃപയ്ക്കായി, വിശ്വാസത്തിന്റെ നിര്‍മ്മലത കാത്ത് സൂക്ഷിക്കാന്‍ നാം ഏല്‍ക്കുന്ന സഹനങ്ങളെ രക്തസാക്ഷിത്വത്തിലേയ്ക്കുള്ള വഴികളായി കാണുന്നതിനുള്ള ഉള്‍ക്കാഴ്ച്ചക്കായി, നമുക്ക് ചുറ്റുമുള്ള തിന്മയുടെ അധികാരസ്വരങ്ങളെ രക്തം ചിന്തിയും തിരുത്താന്‍ വേണ്ട ആത്മശക്തിക്കായി വിശുദ്ധന്റെ ഈ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ തന്റെ സന്ദേശത്തില്‍ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു.

തുടര്‍ന്നു ആഘോഷമായ ലതീഞ്ഞും, വിശുദ്ധനോടുള്ള വണക്കത്തിന്റെ സൂചകമായ കഴുന്ന് എടുക്കല്‍ ശുസ്രൂഷയും, നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ദേവാലയത്തിലെ ഗായക സംഘം ശ്രുതിമധുരമായ ഗാനാലാപനത്താല്‍ ചടങ്ങുകള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

വിശുദ്ധന്റെ തിരുനാള്‍ ഈ വര്‍ഷവും മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ നാല്‍പ്പതിലധികം കുടുംബങ്ങള്‍ ചേര്‍ന്നാണ് നടത്തപ്പെട്ടത് എന്ന് തിരുനാള്‍ സംഘാടകനായ സെബാസ്റ്റ്യന്‍ തോട്ടത്തില്‍ പറഞ്ഞു.

വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദരപൂര്‍വ്വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ കുടുംബാംഗംങ്ങള്‍ക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവര്‍ക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും നന്ദി അറിയിച്ചു.

തിരുനാളില്‍ സംബന്ധിച്ചവര്‍ക്കെല്ലാം കൂട്ടായ്മയുടെ പ്രതീകമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക