Image

അര്‍ജ്ജുന്റെ ജീവന്‍ കാത്തത് മലയാളിയുടെ ഒത്തൊരുമ; മുനവറലി തങ്ങളുടെ ഇടപെടലില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപെട്ട് തമിഴ്‌നാട് സ്വദേശി

Published on 23 January, 2019
അര്‍ജ്ജുന്റെ ജീവന്‍ കാത്തത് മലയാളിയുടെ ഒത്തൊരുമ; മുനവറലി തങ്ങളുടെ ഇടപെടലില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപെട്ട് തമിഴ്‌നാട് സ്വദേശി

കുവൈറ്റ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധിച്ച തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ഇളവുചെയ്തുകൊണ്ട് ഉത്തരവ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെത്തുടര്‍ന്നാണ് വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച അറിപ്പ് ഇന്ത്യന്‍ എംബസ്സിയില്‍ ലഭിച്ചു.

2013 സെപ്റ്റംബര്‍ 21നു മലപ്പുറം സ്വദേശിയായ അബ്ദുള്‍ വാജിദിനെ വധിച്ച കുറ്റത്തിനാണ് അര്‍ജുന് കോടതി വധശിക്ഷ വിധിച്ചത്. കുവൈറ്റിലെ ജലീബില്‍ ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുവൈറ്റ് നിയമം അനുസരിച്ച്‌ ഇരയുടെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കുകയും ബ്ലഡ് മണിയായി ഒരു നിശ്ചിത തുക കെട്ടിവയ്ക്കുകയും ചെയ്താല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കുകയൊള്ളു. ഇതേത്തുടര്‍ന്ന് അര്‍ജുന്‍ അത്തിമുത്തുവിന്റ ഭാര്യ മാലതി പലതവണ മലപ്പുറത്തെത്തി കുടുംബത്തെ കണ്ടിരുന്നു.

അബ്ദുള്‍ വജീദിന്റെ ഭാര്യയും മക്കളും മറ്റ് വരുമാനമൊന്നും ഇല്ലാത്തവരായതുകൊണ്ടുതന്നെ 30ലക്ഷം രൂപ നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന നിലപാടിലായിരുന്നു കുടുംബം. വീട്ടുജോലിക്കാരിയായ മാലതിയ്ക്ക് അത് സ്വരുക്കൂട്ടാനാവുന്നതിലും അധികമായിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ മുനവ്വറലി തങ്ങള്‍ മലാത്തിയെ സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. 30 ലക്ഷത്തില്‍ 25 ലക്ഷമാണ് ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ചത്. ബാക്കി അഞ്ച് ലക്ഷം മാലതിയും സ്വരുക്കൂട്ടി. അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ഇളവുചെയ്ത വാര്‍ത്ത തങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക