Image

ലക്‌നൗ, കൊല്‍ക്കട്ട വിളംബരങ്ങള്‍ നല്‍കുന്ന സന്ദേശം((ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 23 January, 2019
ലക്‌നൗ, കൊല്‍ക്കട്ട വിളംബരങ്ങള്‍ നല്‍കുന്ന സന്ദേശം((ഡല്‍ഹികത്ത് : പി.വി.തോമസ് )
പുതുവര്‍ഷത്തിന്റെ ആദ്യമാസത്തിലെ ആദ്യ ആഴ്ചകളില്‍ തന്നെ പ്രതിപക്ഷം 2019-ലെ ഏപ്രില്‍-മെയ് ലോകസഭ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി ശക്തമായ ഒരു സന്ദേശം രാഷ്ട്രത്തിനു നല്‍കി- ലക്‌നൗവില്‍ നിന്നും പിന്നീട് കൊല്‍ക്കട്ടയില്‍ നിന്നും.

ലക്‌നൗ സന്ദേശം രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയും(ബി.എസ്.പി.) സമാജ് വാദി പാര്‍ട്ടിയും(എസ്.പി.) തെരഞ്ഞെടുപ്പ് സഖ്യരൂപീകരണത്തിലൂടെ നല്‍കിയത് ആയിരുന്നു. മോഡിയെയും ബി.ജെ.പി.യെയും അധികാരത്തില്‍ നിന്നും തുടച്ച് മാറ്റുക എന്നതായിരുന്നു സഖ്യത്തിന്റെ വിളംബരം. അതില്‍ ദേശീയ പാര്‍ട്ടി ആയ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതിരുന്നത് ശ്രദ്ധിക്കപ്പെട്ടു. അതുപോലെ തന്നെ ഉത്തര്‍പ്രദേശിലെ ജാട്ട്പാര്‍ട്ടി ആയ അജിത് സിംങ്ങിന്റെ രാഷ്ട്രീയ ലോക്ദളും ആദ്യഗഡുവില്‍ കണ്ടില്ല.

അടുത്തത് കൊല്‍ക്കട്ട വിളംബരം ആണ്. ഇത് ആസൂത്രണം ചെയ്തത് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയും ആയ മമതബാനര്‍ജി ആണ്. അതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട 18 പാര്‍ട്ടികള്‍ ആണ് പങ്കെടുത്തത്, മിക്കവാറും പ്രാദേശിക രാഷ്ട്രീയ ശക്തികള്‍. വിളംബരത്തിന്റെ സാരാംശവും മറ്റൊന്നായിരുന്നില്ല. മോഡിയെ മാറ്റുക, ജനാധിപത്യം പുനസ്ഥാപിക്കുക.

ഈ രണ്ട് നീക്കങ്ങളും വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണ് വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍.

ഉത്തര്‍പ്രദേശിലെ എസ്.പി.-ബി.എസ്.പി. സഖ്യം വളരെ തന്ത്രപ്രധാനം ആണ്. ഹിന്ദിഹൃദയഭാഗത്തെ ഈ പശ്ു രാഷ്ട്രീയ മര്‍മ്മകേന്ദ്രം ആണ് ഇന്‍ഡ്യന്‍ രാ്ഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ലോകസഭയിലേക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളെ അയക്കുന്ന സംസ്ഥാനവും ഉത്തര്‍പ്രദേശ് ആണ്- 80. ഇന്‍ഡ്യക്ക് ഏററവും കൂടുതല്‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനവും ഉത്തര്‍പ്രദേശ് ആണ്. ജവഹര്‍ലാല്‍ നെഹ്‌റുവും ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും വി.പി.സിംങ്ങും, ചന്ദ്രശേഖറും, വാജ്‌പേയിയും എന്തിന് ഗുജറാത്തി ആയ നരേന്ദ്രമോഡി വരെയും (വാരണാസി) തെരഞ്ഞെടുക്കപ്പെട്ടത് ഉത്തര്‍ പ്രദേശില്‍ നിന്നും ആണ്. അതാണ് ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ പ്രാധാന്യം. അതുകൊണ്ടാണ് ഉത്തര്‍പ്രദേശിലെ ഈ പുതിയ രാഷ്ട്രീയ  സഖ്യം വളരെ പ്രധാനപ്പെട്ടത് ആണ് എന്ന് പറയുവാന്‍ കാരണം. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 80-ല്‍ 71 സീറ്റുകള്‍ ആണ് ബി.ജെ.പി. തൂത്തുവാരിയത്. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ അപ്പനാ ദള്‍ രണ്ട് സീറ്റും നേടി. അങ്ങനെ ബി.ജെ.പി. സഖ്യത്തിന്റെ മൊത്തം സീറ്റ് 73 ആയി. ഈ 73 സീറ്റുകളോടെ ബി.ജെ.പി. ഉത്തര്‍പ്രദേശില്‍ ചരിത്രവിജയം കൊയ്തു. ഇതിന്റെ പിന്‍ബലത്തോടെ ആണ് മോഡി ഡല്‍ഹി കീഴടക്കിയത്. എസ്.പി.ക്ക് 5 സീറ്റും കോണ്‍ഗ്രസിന് വെറും രണ്ട് സീറ്റും ലഭിച്ചു. മായാവതിയുടെ ബി.എസ്.പി.ക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. പക്ഷേ, മായാവതിയെ അങ്ങനെ എഴുതിതള്ളുവാന്‍ സാധിക്കുകയില്ല. അതാണ് ഈ സഖ്യത്തിന്റെ പ്രാധാന്യവും.

കാല്‍ നൂറ്റാണ്ട് കാലത്തെ ബദ്ധ വൈരത്തിന് ശേഷം ആണ് എസ്.പി.യും ബി.എസ്.പി.യും കൈകോര്‍ത്തത്. ഇത് 2019-ലെ ഗെയിം ചെയ്ഞ്ചര്‍ ആയേക്കാം. പരിശോധിക്കാം സൂക്ഷ്മമായി. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പിലും 2017-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി. തകര്‍പ്പന്‍ വിജയം നേടുവാന്‍ പ്രധാനകാരണം എസ്.പി.യും ബി.എസ്.പി.യും തനിച്ച് മത്സരിച്ചതാണ്. മോഡി മാജിക്കും കോണ്‍ഗ്രസിന്റെ പ്രതിഛായ തകര്‍ച്ചയും മറ്റൊന്ന്. 2014-ല്‍ 71 സീറ്റുകള്‍ നേടി ബി.ജെ.പി.യുടെ വോട്ടിംങ്ങ് ശതമാനം 42.63 ആയിരുന്നു. അഞ്ചു സീറ്റുകള്‍ നേടിയ എസ്.പി.യുടേത് 22.35 ശതമാനവും ഒറ്റവോട്ട് പോലും നേടാതിരുന്ന ബി.എസ്.പി. 19.77 ശതമാനം വോട്ട് നേടി. രണ്ട് സീറ്റ് നേടിയ കോണ്‍ഗ്രസ് (റായ്ബറേലി- സോണിയ ഗാന്ധി, അമേഠി-രാഹുല്‍ ഗാന്ധി) നേടിയത് . 7.53 ശതമാനം വോട്ട് ആയിരുന്നു. അതായത് ബി.ജെ.പി.യും സഖ്യകക്ഷി ആയ അപ്പനാദളും 43.63 ശതമാനം വോട്ട് നേടിയപ്പോള്‍  ഭിന്നിച്ചു നിന്ന എസ്.പി.യും ബി.എസ്.പി.യും നേടിയ വോട്ട് ശതമാനം കൂട്ടിനോക്കിയാല്‍ 42.12 ആണ്. ഇനി എസ്.പി.-ബി.എസ്.പി.ആര്‍.എല്‍.സി. സഖ്യത്തിന്റെ വോട്ട് ശതമാനം നോക്കിയാല്‍ 42.98. ഇതാണ് ഇപ്പോഴത്തെ സഖ്യം. കോണ്‍ഗ്രസും ഈ കൂടെ ഉണ്ടായിരുന്നെങ്കില്‍ അത് 50.51 ശതമാനം ആകുമായിരുന്നു. അപ്പോള്‍ ബി.ജെ.പി.-അപ്പന ദള്‍, എസ്.പി., ബി.എസ്.പി, കോണ്‍ഗ്രസ് ചതുഷ്‌കോണ മത്സരം ആണ് ബി.ജെ.പി.യെ 2014 ല്‍ സഹായിച്ചത് എന്ന് സാരം.

ഇനി 2017-ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് വരാം. അതും ബി.ജെ.പി. തൂത്തുവാരി. അതായത് 403 സീറ്റില്‍ 312 സീറ്റും ബി.ജെ.പി. വിജയിച്ചു. വോട്ട് വിഹിതം 39.67 ശതമാനം. രണ്ടാമത് എത്തിയ എസ്.പി. ആകട്ടെ 47 സീറ്റ് നേടി(21.82 ശതമാനം). മൂന്നാമത് എത്തിയ ബി.എസ്സ്.പി.ക്ക് 19 സീറ്റ് മാത്രമെ ലഭിച്ചുവുള്ളെങ്കിലും 22.23 ശതമാനം വോട്ട് വിഹിതം ഉണ്ടായി. അതായത് എസ്.പി.യും ബി.എസ്.പി.യും ഒരുമിച്ചാണ് മത്സരിച്ചിരുന്നതെങ്കില്‍ അവരുടെ വോട്ട് വിഹിതം 44.05 ശതമാനം ആകുമായിരുന്നു. അത് ബി.ജെ.പി.യുടെയും സഖ്യത്തിന്റെയുംകാള്‍ ഉപരിയാണ്. പക്ഷേ, ബി.ജെ.പി. ഗവണ്‍മെന്റ് രൂപീകരിച്ചു. അത് തകര്‍ക്കുവാനാണ് പുതിയ സഖ്യത്തിന്റെ നീക്കം. കണക്ക് ശരിയാണെങ്കില്‍ എസ്.പി. ബി.സ്.പി.-ആര്‍.എല്‍.സി. സഖ്യം വളരെ  മുമ്പില്‍ ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, തെരഞ്ഞെടുപ്പില്‍ രണ്ടും രണ്ടും നാല് അല്ല. അത് അങ്ങനെ ആയിരിക്കാം കണക്ക് പ്രകാരം. തെരഞ്ഞെടുപ്പിന് ഒരു രസതന്ത്രം ഉണ്ട്. അതും കണക്കും ഒത്തു വന്നാല്‍ മാത്രമെ ഫലം അനുകൂലം ആവുകയുള്ളൂ. അത് ഒത്തു വന്നാല്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ അറുപതിലേറെ സീറ്റുകള്‍, ഒരു പക്ഷേ അതിലേറെയും, എസ്.പി- ബി.എസ്.പി. സഖ്യം പിടിക്കും. അതിന് കൃത്യമായ, ആത്മര്‍ഥമായ വോട്ട്ട്രാന്‍സ്ഫര്‍ സഖ്യകക്ഷികള്‍ തമ്മില്‍ ഉണ്ടാകണം.

എസ്.പി.-ബി.എസ്.പി. സഖ്യം കോണ്‍ഗ്രസിനെ ഒഴിവാക്കുവാന്‍ പലകാരണങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഒരു ശക്തിയേ അല്ല. അതിന് കെട്ടുറപ്പുള്ള ഒരു സംഘടന ഇല്ല. ഉശിരുള്ള അണികള്‍ ഇല്ല. കോണ്‍ഗ്രസ് തനിച്ച് നിന്ന് മത്സരിച്ചാല്‍ ബി.ജെ.പി. യുടെ ഉപരിവര്‍ഗ്ഗ വോട്ട്, പ്രത്യേകിച്ചും ബ്രാഫ്ണരുടെ, അത് കട്ട് ചെയ്യുമെന്ന ഒരു കണക്ക് കൂട്ടലും ഉണ്ട്. പക്ഷേ,  അത് മുസ്ലീം വോട്ടിന്റെ കാര്യത്തിലും സംഭവിക്കാം. എങ്കില്‍ അത് എസ്.പി.-ബി.എസ്.പി. സഖ്യത്തെ ബാധിക്കും.

1993-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.പി.യും ബി.എസ്.പി.യും വിജയകരമായി ഒരുമിച്ച് മത്സരിച്ചു. അവര്‍ക്ക് പരസ്പരം വോട്ട് കൈമാറുവാന്‍ സാധിച്ചു. എന്നാല്‍ 1996-ല്‍ ബി.എസ്.പി.യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചെങ്കിലും ഫലം തൃപ്തികരമായിരുന്നില്ല. 2017-ല്‍ കോണ്‍ഗ്രസും എസ്.പി.യും സഖ്യം ചേര്‍ന്ന് മത്സരിച്ചുവെങ്കിലും ഫലം പരാജയം ആയിരുന്നു. അതിനാല്‍ കോണ്‍ഗ്രസ് ഇക്കുറിപുറത്ത്. തെരഞ്ഞെടുപ്പാനന്തരസഖ്യം തള്ളികളയുവാന്‍ സാധിക്കുകയില്ല. അതിന് വഴിവച്ചുകൊണ്ട് സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്‍ലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയില്ലെന്ന് സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്‍ക്കട്ടയില്‍ 18 പ്രതിപക്ഷകക്ഷികള്‍ പങ്കെടുത്ത ബ്രിഗേഡ് ഗ്രൗണ്ടിലെ റാലി ചരിത്രപരം ആയിരുന്നു. മോഡി അതിനെ അഴിമതിക്കാരുടെയും നെഗറ്റീവ് രാഷ്ട്രീയത്തിന്റെയും അസ്ഥിരതയുടെയും അവസരവാദികളുടെയും റാലി എന്ന് മുദ്രകുത്തി എങ്കിലും അത് അദ്ദേഹത്തിന് വലിയ ഒരു വെല്ലുവളി ആണ്. പക്ഷേ, അതിന് മോഡിയെ മാറ്റുക എന്നതല്ലാതെ ഒരു പൊതു സാമ്പത്തീക-രാഷ്ട്രീയ-വിദേശ പരിപാടി ഇല്ല. ഒരു നേതാവും ഇല്ല. ഉള്ളവര്‍ എല്ലാ പ്രധാനമന്ത്രി പദമോഹികള്‍ ആണ്. പക്ഷേ, ഒരു നല്ല തുടക്കം ആണ് അവര്‍ കുറിച്ചത്. ഇനി അഭിപ്രായഭിന്നതകള്‍ മറികടക്കണം. 2019-ലെ തെരഞ്ഞെടുപ്പ് ഇങ്ങനെ പോയാല്‍ മോഡി വേഴ്‌സസ് അരക്ഷിതാവസ്ഥ ആയിരിക്കും എന്ന് ബി.ജെ.പി. ആക്ഷേപിക്കുന്നതിനെ തരണം ചെയ്തു ശക്തമായ ഒരു ഭരണകൂടത്തെ പ്രദാനം ചെയ്യുവാന്‍ സാധിക്കുമെന്ന് ഇവര്‍ക്ക് സാധിക്കണം. അല്ലെങ്കില്‍ കാര്യമില്ല. രാജ്യത്തെ സാമ്പത്തീക സാമൂഹ്യ രാഷ്ട്രീയ, മനുഷ്യാവകാശ മതനൂനപക്ഷ സാഹചര്യങ്ങള്‍ പ്രതിപക്ഷത്തിന് അനുകൂലം ആണ്. ഭരണവിരുദ്ധ-ഭരണാധികാരി വിരുദ്ധ വികാരവും രാജ്യത്ത് ഉടനീളം അലയടിക്കുന്നുണ്ട്.

ഈ സഖ്യത്തിലുള്ള ത്രിണമൂല്‍ കോണ്‍ഗ്രസിനും, ആം ആദ്മി പാര്‍ട്ടിക്കും, കോണ്‍ഗ്രസിനും, എസ്.പി.ക്കും ബി.എസ്.പി.ക്കും ഒന്നായി മുന്നേറുവാന്‍ സാധിക്കുമോ? പരസ്പര വൈരുദ്ധ്യം ആണ് ഇവരുടെ ജന്മവാസന. അതുകൊണ്ടല്ലേ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ എസ്.പി.യും ബി.സ്.പി.യും  പുറത്താക്കിയത് കൊല്‍ക്കട്ടയില്‍ ഇടതുപക്ഷം ഉണ്ടായിരുന്നേയില്ല. എന്താണ്ത്. ഇവരുടെ  സ്വീകാര്യത, വിശ്വാസ്യത ആദര്‍ശ രാഷ്ട്രീയത്തിന്റെയും നയപരിപാടിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. ഒത്തൊരുമയും. അതിന് സാധിച്ചാല്‍ 2019 മഹാഭാരതയുദ്ധം മോഡി- ഷാ കമ്പനിക്ക് ഒരു വാട്ടര്‍ ലൂ ആയി പരിണമിക്കും എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല. മറിച്ചെങ്കില്‍ പ്രതിപക്ഷത്തിനും.


ലക്‌നൗ, കൊല്‍ക്കട്ട വിളംബരങ്ങള്‍ നല്‍കുന്ന സന്ദേശം((ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക