Image

കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹക്കേസ്; നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Published on 24 January, 2019
കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹക്കേസ്; നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹക്കേസ് പുതിയ വിവാദത്തിലേക്ക്. ദില്ലി നിയമമന്ത്രിയെ കാണിക്കാതെ പ്രോസിക്യൂഷന്‍ സംബന്ധിച്ച ഫയല്‍ നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് വിവാദത്തിനിടയാക്കിയത്. ഇതിനെതിരെ നിയമമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫയല്‍ തിരിച്ചു വിളിക്കാനും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ 14 നാണ് ദില്ലി പൊലീസ് കനയ്യകുമാറടക്കം 10 പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്കിയത്. എന്നാല്‍ പ്രോസിക്യൂഷന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് വിമര്‍ശിച്ച്‌ കോടതി കുറ്റപത്രം തള്ളിയതോടെ പൊലീസ് വെട്ടിലായി. പത്ത് ദിവസത്തിനകം അനുമതി വാങ്ങാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അന്ന് വൈകീട്ട് അനുമതി തേടി പൊലീസ് ദില്ലി സര്‍ക്കാരിന് അപേക്ഷയും നല്‍കി. ഇക്കാര്യത്തില്‍ ദില്ലി സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് പുതിയ വിവാദം. പ്രോസിക്യൂഷന്‍ അനുമതി നല്കുന്നതില്‍ തെറ്റില്ലെന്ന് കുറിപ്പെഴുതി, നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആഭ്യന്തരവകുപ്പിന് ഫയല്‍ കൈമാറിയിരുന്നു.

എന്നാല്‍ തന്നെ മറികടന്നാണ് ഈ നടപടിയെന്ന് കാട്ടി നിയമമന്ത്രി കൈലാഷ് ഗോലോട്ട് , സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ബിസിനസ് ചട്ടങ്ങളിലെ 13ാം വകുപ്പ് പ്രകാരം മന്ത്രിയുടെ അംഗീകാരം ഇല്ലാതെ സെക്രട്ടറിക്ക് തീരുമാനം എടുക്കാന്‍ അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതിക്ക് മന്ത്രി റിപ്പോര്‍ട്ടും നല്കി. ഫയല്‍ തിരിച്ചുവിളിക്കാനും നിര്ദ്ദേശിച്ചു. ഇതോടെ പത്ത് ദിവസത്തിനകം പ്രോസിക്യൂഷന്‍ അനുമതി തേടാമെന്ന ദില്ലി പൊലീസ് നല്കിയ ഉറപ്പും പാലിക്കാന്‍ കഴിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള കേസിന് ദില്ലി സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ലെങ്കില്‍ അത് വീണ്ടും നിയമപ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കും. അങ്ങിനെ വന്നാല്‍ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി ദില്ലി പൊലീസിന് പുതിയ കുറ്റപത്രം നല്‍കേണ്ടി വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക